Connect with us

kerala

തിരുവനന്തപുരത്ത് ട്രാഫിക് സിഗ്‌നലില്‍ ഹോണടിച്ചെന്ന് ആരോപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദിച്ച പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു

പരാതി കിട്ടിയിട്ടും കേസ് എടുക്കാതിരുന്ന എഎസ്‌ഐ മനോജിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു

Published

on

തിരുവനന്തപുരത്ത് നിറമണ്‍കരയില്‍ നടുറോഡില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദിച്ച പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ മര്‍ദിച്ച സഹോദരങ്ങളായ അഷ്‌കര്‍, അനീഷ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. സംഭവത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐയ്ക്കും എഎസ്‌ഐയ്ക്കുമെതിരെ ഇന്നലെ നടപടി എടുത്തിരുന്നു. ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ചാണ് കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ ബൈക്ക് യാത്രക്കാരായ അഷ്‌കറും അനീഷും ചൊവ്വാഴ്ച മര്‍ദ്ദിച്ചത്. ഇന്നലെ രാത്രിയാണ് പ്രദീപിനെ മര്‍ദിച്ച അഷ്‌കറിനെയും സഹോദരന്‍ അനീഷിനെയും കരമന പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തു.

വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പ്രതികളെ പിടികൂടിയതോടെ പൊലീസ് തെളിവെടുപ്പിന്റെ ഭാഗമായി പ്രദീപിനെ കരമന പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പ്രദീപ് തന്നെ മര്‍ദിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു.സംഭവത്തില്‍ വീഴ്ച വരുത്തിയ കരമന എസ്‌ഐ സന്തുവിനെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരാതി കിട്ടിയിട്ടും കേസ് എടുക്കാതിരുന്ന എഎസ്‌ഐ മനോജിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. നെയ്യാറ്റിന്‍കര സ്വദേശിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രദീപിനെ ചൊവ്വാഴ്ചയാണ് നടുറോഡില്‍ മര്‍ദിച്ചത്.

മര്‍ദനത്തില്‍ പരിക്കേറ്റ മുഖവുമായി കരമന സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ചികിത്സാരേഖകളുമായി എത്തണമെന്ന് പറഞ്ഞ് പൊലീസുകാര്‍ മടക്കി അയക്കുകയായിരുന്നു. ചികിത്സാരേഖകളും മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കിയിട്ടും മൊഴി എടുക്കാതെ തിരിച്ചയച്ചു. മര്‍ദന ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയായതോടെയാണ് പൊലീസ് വിഷയത്തില്‍ ഇടപെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡ്രസ്സ് കോഡിന് പണം നല്‍കിയില്ല; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട എട്ടു വാഹനങ്ങള്‍ തല്ലി തകര്‍ത്തു

600 രൂപ നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം

Published

on

പാലക്കാട്: സുഹൃത്തിന്റെ വിവാഹത്തിന് ഡ്രസ്സ് കോഡിന് പണം നല്‍കാത്തതിന് വീട്ടില്‍ അതിക്രമിച്ച് കയറി വീട്ട് മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന എട്ട് വാഹനങ്ങളും തകര്‍ത്തു. പാലക്കാട് കോട്ടയില്‍ കീഴത്തൂര്‍ കരിയാട്ടു പറമ്പ് വീട്ടില്‍ മന്‍സൂറിന്റെ വീട്ടിലായിരുന്നു ആക്രമണം.

600 രൂപ നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. ഇന്നലെ അര്‍ധരാത്രി വീട്ടിലെത്തിയ സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന എട്ടു വാഹനങ്ങളും തല്ലി തകര്‍ക്കുകയായിരുന്നു. ഡ്രസ്സ് കോഡ് എടുക്കുന്നതിന് പണം നല്‍കാത്തതുമായി ബന്ധപ്പെട്ട് മന്‍സൂറും സുഹൃത്തുക്കളും തമ്മില്‍ നേരത്തെ വാക്ക് തര്‍ക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വീട്ടില്‍ കയറി ആക്രമിച്ചതിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. മാരക ആയുധങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്നും മന്‍സൂര്‍ പറഞ്ഞു.

Continue Reading

kerala

കട്ടപ്പനയിലെ നിക്ഷേപകന്‍റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല; സഹകരണ മേഖല തകരുന്നതിന്‍റെ ഉത്തരവാദിത്തം സി.പി.എമ്മിന് മാത്രമെന്ന് പ്രതിപക്ഷ നേതാവ്‌

നിക്ഷേപകന്‍ പണം മടക്കി ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നു എന്നത് സി.പി.എം എത്രത്തോളം അധപതിച്ചു എന്നതിന്‍റെ ഉദാഹരണമാണ്.

Published

on

നിക്ഷേപം മടക്കി ലഭിക്കാത്തതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ സാബു ആത്മഹത്യ ചെയ്തത് എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. പല ബാങ്കുകളും പ്രതിസന്ധിയിലാണ്. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. നിക്ഷേപിച്ച പണം നല്‍കിയില്ലെന്നു മാത്രമല്ല, സി.പി.എം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഫോണില്‍ വിളിച്ച് സാബുവിനെ ഭീഷണിപ്പെടുത്തി. നിക്ഷേപകന്‍ പണം മടക്കി ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നു എന്നത് സി.പി.എം എത്രത്തോളം അധപതിച്ചു എന്നതിന്‍റെ ഉദാഹരണമാണ്.

സഹകരണ മേഖലയില്‍ ഐക്യം വേണമെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെടുമ്പോഴാണ് പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് യു.ഡി.എഫ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നത്. അത്തരത്തില്‍ കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്ത സ്ഥാപനമാണ് കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി. ഇത്തരത്തില്‍ പിടിച്ചെടുത്ത പല ബാങ്കുകളും തകര്‍ച്ചയെ നേരിടുകയാണ്. 21 ബാങ്കുകളാണ് പത്തനംതിട്ട ജില്ലയില്‍ മാത്രം സി.പി.എം പിടിച്ചെടുത്തത്. അതില്‍ പല ബാങ്കുകളും പ്രതിസന്ധിയിലാണ്. ഞങ്ങളുമായി ബന്ധപ്പെട്ടവരുടെ നിക്ഷേപമാണ് ഈ ബാങ്കുകളില്‍ ഏറ്റവും കൂടുതലുള്ളത്.

ആ നിക്ഷേപമാണ് ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുക്കുന്നത്. ഞങ്ങള്‍ ഒരു നിര്‍ദ്ദേശം നല്‍കിയാല്‍ 24 മണിക്കൂറിനുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടും. പിന്നെ ബാങ്ക് ഉണ്ടാകുമോ? അങ്ങനെ ചെയ്താല്‍ കേരളത്തിലെ സഹകരണ മേഖലയുടെ ഗതി എന്താകും? പക്ഷെ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമായാണ് ഞങ്ങള്‍ പെരുമാറിയത്. എന്നാല്‍ സര്‍ക്കാര്‍ നിസാര കാര്യങ്ങള്‍ക്ക് പോലും യു.ഡി.എഫ് ഭരിക്കുന്ന ബാങ്കുകള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു.

സി.പി.എം തന്നെയാണ് സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍ തകര്‍ക്കുന്നതിന് നേതൃത്വം നല്‍കുന്നത്. ഈ നടപടിയുമായി മുന്നോട്ട് പോയാല്‍ കേരളത്തിലെ സഹകരണ മേഖല തകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും സഹകരണ മന്ത്രി വി.എന്‍ വാസവനെയും സി.പി.എമ്മിനെയും ഓര്‍മ്മപ്പെടുത്തുന്നു. സഹകരണ മേഖല തകരുന്നതിന്‍റെ ഉത്തരവാദിത്തം നിങ്ങള്‍ക്കു മാത്രമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. കട്ടപ്പനയിലേത് ഒറ്റപ്പെട്ട സംഭവമല്ല. അത് സംസ്ഥാനം മുഴുവന്‍ ആവര്‍ത്തിക്കപ്പെടുകയാണ്. അപകടകരമായ നിലയിലേക്കാണ് സഹകരണരംഗം പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ചെങ്കല്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നേഹയ്ക്കാണ് പാമ്പ് കടിയേറ്റത്

Published

on

തിരുവനന്തപുരം: സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്നും വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. വിഷയത്തില്‍ ഡി.ഇ.ജി, ഡി.പി.ഇ എന്നിവരില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നേഹയ്ക്കാണ് പാമ്പ് കടിയേറ്റത്. ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയായിരുന്നു സംഭവം. നേഹയുടെ വലത് കാല്‍ പാദത്തിലാണ് പാമ്പ് കടിയേറ്റത്. കുട്ടി പാമ്പിനെ അറിയാതെ ചവിട്ടുകയായിരുന്നു.

കടിയേറ്റയുടനെ കുട്ടി കുതറിമാറുകയും പിന്നാലെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ് വിദ്യാര്‍ത്ഥിയെ പ്രവേശിപ്പിച്ചത്. പിന്നാലെ വിദഗ്ധ ചികിത്സക്കായി കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

പാമ്പ് കടിയേറ്റ സമയത്ത് ക്ലാസ് മുറിയില്‍ മറ്റു കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.

Continue Reading

Trending