ന്യൂഡല്‍ഹി; എട്ട് എംപിമാരുടെ സസ്‌പെഷന്‍ഷന് ഇടയാക്കിയ നാടകീയ സംഭവങ്ങള്‍ക്കു പിന്നാലെ പ്രതിഷേധം ശക്തമാവുന്നതിനിടയിലും മൂന്നാമത്തെ കാര്‍ഷിക ബില്ലും രാജ്യസഭയില്‍ പാസാക്കി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ പാസായ ബില്ലുകളില്‍ രാജ്യത്ത് കര്‍ഷകരും സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ സഭക്ക് പുറത്ത് പ്രതിഷേധവുമായി നില്‍ക്കെയാണ് മൂന്നാമത്തെ കാര്‍ഷിക ബില്ലും മോദി സര്‍ക്കാര്‍ പാസാക്കിയെടുത്തത്.
അവശ്യ സാധന (ഭേദഗതി) ഓര്‍ഡിനന്‍സ് 2020 ബില്ലാണ് ഇന്ന് രാജ്യസഭയില്‍ പാസാക്കിയെടുത്തത്. ഇതുള്‍പ്പെടെ മൂന്ന് ബില്ലുകളും കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയിട്ടുള്ളതിനാല്‍ രാജ്യസഭയില്‍ കൂടി പാസാകുന്നതോടെ ഇനി രാഷ്ട്രപതി കൂടി ഒപ്പു വച്ചാല്‍ ബില്‍ നിയമമാകും. ബില്ലുകല്‍ പാസാക്കുന്നതില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് വീണ്ടും സമാന രീതിയില്‍ മോദി സര്‍ക്കാര്‍ ബില്‍ പാസാക്കിയെടുത്തത്.
അതേസമയം, കാർഷിക ബില്ലിനെതിരെ പ്രതികരിച്ച എംപിമാരെ സസ്പെൻഡ് ചെയ്തതിൽ രാജ്യസഭയിൽ ഇന്നും പ്രതിഷേധം നടന്നു. സഭ വിട്ടിറങ്ങിയ പ്രതിപക്ഷ എംപിമാർ രാജ്യസഭയ്ക്ക് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. സർക്കാർ ഏകപക്ഷീയമായാണ് മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
അതിനിടെ, തങ്ങളുടെ മൂന്ന് ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ പാര്‍ലമെന്റ് ബഹിഷ്‌കരിക്കുകയാണെന്ന് ഇന്നു രാവിലെ ഉപരിസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് അറിയിച്ചു.
എംപിമാര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിക്കുന്നതായാണ് കോണ്‍ഗ്രസ് നേതാവ് പ്രഖ്യാപിച്ചത്. കുറഞ്ഞ താങ്ങുവിലയില്‍ താഴെ ഒരു സ്വകാര്യ കമ്പനിയ്ക്കും വിളകള്‍ വാങ്ങാന്‍ കഴിയില്ലെന്ന പുതിയൊരു ബില്‍ കൊണ്ടുവരുക. സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാശ ചെയ്ത ഫോര്‍മുലയില്‍ മിനിമം താങ്ങുവില നടപ്പാക്കുക. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളും മിനിമം താങ്ങുവിലയില്‍ താഴെ വിളകള്‍ വാങ്ങരുത്, എന്നീ ആവശ്യങ്ങളും പ്രതിപക്ഷം ഉന്നയിച്ചു