Connect with us

More

നാല്‍പ്പതിന്റെ വാതിലിലും ആത്മവിശ്വാസത്തിന്റെ പ്രതിരൂപം: കമാല്‍ വരദൂര്‍

Published

on

തേര്‍ഡ് ഐ

കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലെ (2014) ഏറ്റവും നിറമുള്ള മല്‍സരങ്ങളിലൊന്നായിരുന്നു ഇറ്റലിയും ഇംഗ്ലണ്ടും തമ്മില്‍ ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ തന്നെ നടന്നത്. യൂറോപ്പിലെ രണ്ട് പരമ്പരാഗത ഫുട്‌ബോള്‍ ശക്തികള്‍. ആമസോണിലെ മനൗസിലായിരുന്നു മല്‍സരം. ഞാന്‍ താമസിച്ച സാവോപോളോയില്‍ നിന്നും 3000 കീലോമീറ്ററാണ് മനൗസിലേക്കുള്ള ദൂരം. ദീര്‍ഘയാത്ര നടത്തിയാല്‍ മറ്റ് മല്‍സരങ്ങള്‍ നഷ്ടമാവുമെന്നിരിക്കെ മനൗസിലേക്ക് പോയില്ല. ആവേശം കത്തിയ മല്‍സരത്തില്‍ ഇറ്റലി 2-1ന് വിജയിച്ചപ്പോല്‍ വാര്‍ത്താതലക്കെട്ടുകളില്‍ നിറഞ്ഞത് അസൂരികളുടെ ഗോള്‍ സ്‌ക്കോര്‍ ചെയ്ത മര്‍ച്ചിസിയോ, മരിയോ ബലട്ടേലിയോ ആയിരുന്നില്ല-ഇംഗ്ലീഷ് മുന്‍നിരക്കാരുടെ കുതിപ്പിന് തടയിട്ട ഗോള്‍ക്കീപ്പറും ക്യാപ്റ്റനുമായ ജിയാന്‍ ലുക്കാ ബഫണായിരുന്നു. പ്രായത്തെ തോല്‍പ്പിക്കുന്ന അതുല്യ പ്രകടനങ്ങള്‍ നടത്താറുള്ള ആ ഗോള്‍ക്കീപ്പറുടെ പ്രകടനം നിശ്ചയമായും കാണണമെന്ന് കരുതിയാണ് ഇറ്റലിയുടെ രണ്ടാം മല്‍സര വേദിയായ റസിഫെയില്‍ എത്തിയത്. മധ്യ അമേരിക്കന്‍ സംഘമായ കോസ്റ്റാറിക്കക്കാരായിരുന്നു ഗ്രൂപ്പ് ഡിയിലെ പ്രതിയോഗികള്‍ എന്നതിനാല്‍ അനായാസം ഇറ്റലി ജയിക്കുമെന്നാണ് കരുതിയത്. പക്ഷേ ബ്രയന്‍ റൂയിസ് എന്ന അധികമാരുമറിയപ്പെടാത്ത താരം ബഫണ്‍ കാത്ത വലയില്‍ ഒന്നാം പകുതിയുടെ അവസാനത്തില്‍ പന്ത് എത്തിച്ചപ്പോള്‍ ഞങ്ങളെല്ലാം ഞെട്ടി. ആദ്യ മല്‍സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ സാക്ഷാല്‍ ലൂയിസ് സുവാരസിന്റെ ഉറുഗ്വേയെ മറിച്ചിട്ടായിരുന്നു കോസ്റ്റാറിക്കക്കാര്‍ വന്നത്. എങ്കിലും നാല് തവണ ലോകപ്പട്ടം സ്വന്തമാക്കിയിട്ടുളള പ്രതിരോധ മികവുള്ള ഇറ്റലിക്കാരെ വീഴ്ത്താന്‍ മാത്രം കരുത്ത് അവര്‍ക്കുണ്ടെന്ന് കരുതിയില്ല. രണ്ടാം പകുതിയില്‍ ബലട്ടോലിയും സംഘവും സര്‍വം മറന്ന് ആക്രമിച്ചെങ്കിലും കോസ്റ്റാറിക്കന്‍ വല കാത്ത കൈലര്‍ നവാസ് (ഇപ്പോഴത്തെ റയല്‍ മാഡ്രിഡ് ഗോള്‍ക്കീപ്പര്‍) വഴങ്ങിയില്ല. ഒരു ഗോളിന്റെ തോല്‍വിയില്‍ അന്ന് തല താഴ്ത്തിയ ബഫണിനെ ഒരിക്കല്‍ കൂടി കാണാന്‍ ഗ്രൂപ്പിലെ അവസാന മല്‍സര വേദിയായ നതാലിലെത്തി. ജയം നിര്‍ബന്ധമായ മല്‍സരത്തില്‍ ബഫണിന്റെ വലയില്‍ ഡിയാഗോ ഗോഡ്‌വിന്‍ എന്ന താരം പന്തെത്തിച്ചപ്പോള്‍ ഒരിക്കല്‍ കൂടി ലോകം ഞെട്ടി. അന്ന് കളം നിറഞ്ഞത് മാന്‍ ഓഫ് ദ മാച്ച് പട്ടം സ്വന്തമാക്കിയ ബഫണായിരുന്നു. ആ മല്‍സരം പക്ഷേ വലിയ വിവാദമായി. ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ചെലീനിയെ (ഇപ്പോഴത്തെ യുവന്തസ് താരം) സുവാരസ് ചെവിക്ക് കടിച്ചതും ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് സുവാരസ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതും വലിയ വാര്‍ത്തയായി മാറി.
ഈ ലോകകപ്പ് അനുഭവങ്ങള്‍ പറയാന്‍ കാരണം നാളെ നടക്കാന്‍ പോവുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനെതിരെ യുവന്തസിന്റെ വല കാക്കുുന്ന അവരുടെ നായകന്‍ ബഫണിനെക്കുറിച്ച് പറയാന്‍ തന്നെയാണ്. 78 ല്‍ ജനിച്ച ബഫണ്‍ പതിമൂന്നാം വയസ് മുതല്‍ ഗോള്‍ക്കീപ്പറുടെ ഗ്ലൗസ് അണിയുന്നു. ഇപ്പോള്‍ പ്രായം 39 ല്‍ നിന്നും നാല്‍പ്പതിലേക്ക് പോവുമ്പോഴും ആ ഗ്ലൗസുകള്‍ക്ക് വിശ്രമമില്ല- യുവന്തസിനായും ഇറ്റാലിയന്‍ ദേശീയ ടീമിനായും വിശ്രമമില്ലാതെ ബഫണ്‍ കളിച്ച് കൊണ്ടിരിക്കയാണ്. നാളെ കാര്‍ഡിഫിലെ മിലേനിയം സ്‌റ്റേഡിയത്തില്‍ റയല്‍ മാഡ്രിഡും അവരുടെ ലോകോത്തര പരിശീലകന്‍ സൈനുദ്ദീന്‍ സിദാനും ആരെയെങ്കിലും ഭയപ്പെടുന്നുവെങ്കില്‍ അത് ബഫണിനെയാണ്. സിദാന്‍ യുവന്തസിനായി കളിച്ച കാലത്ത് അദ്ദേഹത്തോടൊപ്പം ടീമിലുണ്ടായിരുന്നു ബഫണ്‍. സിസു കളി നിര്‍ത്തി പരിശീലക കാലം ആസ്വദിക്കുമ്പോള്‍ ചോരാത്ത കൈകളുമായി ടീമിന്റെ നട്ടെല്ലായി പ്രായത്തിന്റെ അസ്വസ്ഥകളില്ലാതെ കളി തുടരുകയാണ് ബഫണ്‍. നാളെ ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നതോടെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്ന രണ്ടാമത്തെ പ്രായം ചെന്ന താരമെന്ന ബഹുമതി അദ്ദേഹത്തിന് സ്വന്തമാവും. ഡച്ചുകാരന്‍ വാന്‍ഡര്‍സര്‍ 41 ലും ഫൈനല്‍ കളിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തില്‍ ബഫണ്‍ പറയുന്നത് തന്റെ കാലം കഴിഞ്ഞിട്ടില്ല എന്നാണ്.
ബഫണ്‍ കളം നിറയുന്നത് ആത്മവിശ്വാസത്തിലാണ്. ഈ സീസണില്‍ യുവന്തസ് ചാമ്പ്യന്‍സ് ലീഗില്‍ ഇത് വരെ രണ്ടേ രണ്ട് ഗോളുകള്‍ മാത്രമാണ് വഴങ്ങിയതെന്നോര്‍ക്കണം. ക്വാര്‍ട്ടറില്‍ മെസിയും നെയ്മറും സുവാരസുമെല്ലാമടങ്ങുന്ന ബാര്‍സാപ്പടയുടെ തേരോട്ടത്തെ അചഞ്ചലനായി അദ്ദേഹം ചെറുത്തത് ആത്മവിശ്വാസത്തില്‍ മാത്രമായിരുന്നു. ചെലിനിയും ഡാനി ആല്‍വസും ബനുച്ചിയുമെല്ലാം കാക്കുന്ന പിന്‍നിരക്കാര്‍ ബഫണിന് തുണയായി നില്‍ക്കുമ്പോള്‍ ഏത് മുന്‍നിരക്കാരനും കാര്യങ്ങള്‍ എളുപ്പമാവില്ല. റയലിന്റെ മുന്‍നിരയില്‍ മൂന്ന് ചാട്ടൂളികളുണ്ട്. ഗോള്‍വീരനായ കൃസ്റ്റിയാനോയും അവസരവാദിയായ കരീം ബെന്‍സേമയും സ്വന്തം മൈതാനത്ത് കളിക്കുന്ന ജെറാത്ത് ബെയിലും. അവര്‍ക്ക് യുവന്തസ് പിന്‍നിരയെ കീഴ്‌പ്പെടുത്താനായാലും കോട്ട പോലെ ബഫണ്‍ ഉണ്ടാവും.
ലോക ഫുട്‌ബോള്‍ വീരഗാഥകളില്‍ എത്രയോ ഗോള്‍ക്കീപ്പര്‍മാരെ കാണാം. ലെവ് യാഷിനും പീറ്റര്‍ ഷില്‍ട്ടണും ദിനോസോഫും വാന്‍ഡര്‍സറും ഒലിവര്‍കാനുമെല്ലാം. പ്രായം ഇവര്‍ക്ക് മുന്നില്‍ തോറ്റിട്ടേയുളളു. ആ പട്ടികയില്‍ ബഫണ്‍ അംഗമാവുന്നതിന്റെ തെളിവായി ഇറ്റാലിയന്‍ ദേശീയ ടീമിന്റെ കുതിപ്പും യുവന്തസിന്റെ നേട്ടങ്ങളുമുണ്ട്. യുവെ ഈ സീസണില്‍ ഇതിനകം രണ്ട് കിരീടങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നു. സിരിയ എ കിരീടവും ഇറ്റാലിയന്‍ കപ്പും. രണ്ട് ചാമ്പ്യന്‍ഷിപ്പുകളിലും ടീമിനെ നയിച്ചത് മറ്റാരുമായിരുന്നില്ല. നാളെ മൂന്നാം കിരീടത്തിലൂടെ മറ്റൊരു ചരിതം രചിക്കാന്‍ ബഫണ്‍ ഇറങ്ങുമ്പോള്‍ ഇറ്റലിക്കാര്‍ മാത്രമല്ല അദ്ദേഹത്തിനൊപ്പമുള്ളത്-ആത്മവിശ്വാസത്തിന്റെ ഫുട്‌ബോള്‍ മൈതാനത്തില്‍ പ്രായമല്ല പ്രകടനമാണ് ഒന്നാമന്‍ എന്ന് വിശ്വസിക്കുന്ന എല്ലാവരുമുണ്ടാവും. മറ്റൊരു സവിശേഷത കഴിഞ്ഞ ലോകകപ്പ് തന്നെ. അന്ന് ഇറ്റലിയും കോസ്റ്റാറിക്കയും ഏറ്റുമുട്ടിയപ്പോള്‍ അസൂരികളെ ചെറുത്തത്് കോസ്റ്റാറിക്കന്‍ കാവല്‍ക്കാരന്‍ കൈലര്‍ നവാസാണ്. ഇപ്പോള്‍ റയലിന്റെ ഗോള്‍ക്കീപ്പറാണ് നവാസ്. യുവന്തസ് സംഘത്തില്‍ കളിക്കുന്നതാവട്ടെ മിക്കവാറും ഇറ്റലിക്കാരും. ബഫണ് നവാസിനോട് കണക്ക് തീര്‍ക്കാനുണ്ട്.

india

അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ 12കാരന് രണ്ടു കോടി നഷ്ടപരിഹാരം;തുക ഉയര്‍ത്തി ഹൈക്കോടതി

4.87 ലക്ഷം രൂപയും 9% പലിശയും നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി

Published

on

കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി കിടപ്പിലായ കുട്ടിക്ക് 84.87 ലക്ഷം രൂപയും 9 ശതമാനം പലിശയും നഷ്ടപരിഹാരമായി നല്‍കാന്‍ ഹൈക്കോടതി വിധി. 85 മാസത്തെ പലിശ ഉള്‍പ്പെടെ ഇത് രണ്ട് കോടി രൂപയോളം വരും. പരിക്കേറ്റ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്.

എംഎസിടി കോടതി വിധിച്ച 44.94 ലക്ഷം രൂപ നഷ്ടപരിഹാര തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.തുടര്‍ന്ന് നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന കുടുംബത്തിന്റെ അപ്പീല്‍ ഭാഗികമായി അനുവദിച്ചു. ജ്യോതിസ് രാജിന് വേണ്ടി പിതാവ് രാജേഷ് കുമാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് എസ് ഈശ്വരനാണ് പരിഗണിച്ചത്. തുക 30 ദിവസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്. മൂവാറ്റുപുഴ എംഎസിടി കോടതി 2020ല്‍ 44.94 ലക്ഷം രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്.

2016 ഡിസംബര്‍ 3ന് രാത്രിയാണ് മേക്കടമ്പ് പഞ്ചായത്തിന് സമീപം അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി ആനകുത്തിയില്‍ രാധ(60), രജിത(30), നിവേദിത(6) എന്നിവര്‍ മരിച്ചിരുന്നു. നവമി, രാധയുടെ മകള്‍ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ്, ശ്രേയ എന്നിവര്‍ക്കു ഗുരുതരമായി പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നാല് വയസായിരുന്നു. കുട്ടിക്ക് 77% വൈകല്യം സംഭവിച്ചതായി കണക്കാക്കിയാണ് എംഎസിടി കോടതി നഷ്ടപരിഹാരം വിധിച്ചത്. എന്നാല്‍ കുട്ടിക്ക് 100% വൈകല്യം സംഭവിച്ചതായി കണക്കിലെടുത്താണ് ഹൈക്കോടതി നഷ്ടപരിഹാരം വര്‍ധിപ്പിച്ചത്.

 

Continue Reading

india

രണ്ടാം വിവാഹത്തിന് കുട്ടി തടസ്സമായി; അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തി അമ്മ

കുട്ടിയുടെ കഴുത്തിലെ പാടുകള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു

Published

on

ന്യൂഡല്‍ഹി: രണ്ടാം വിവാഹത്തിന് കുട്ടി തടസ്സമാണെന്ന് കരുതി അഞ്ചു വയസ്സുള്ള മകളെ അമ്മ കൊലപ്പെടുത്തി. ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം.സ്ത്രീയുടെ ആദ്യ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചതായിരുന്നു. പിന്നീട് യുവതി ഇന്‍സ്റ്റഗ്രാം വഴി രാഹുല്‍ എന്ന വ്യക്തിയുമായി അടുപ്പത്തിലാവുകയായിരുന്നു.എന്നാല്‍ രാഹുലും കുടുംബവും കുട്ടിയെ സ്വീകരിക്കാന്‍ വിസമ്മതിച്ചു.ഇതിന്റെ നിരാശയിലാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.

അസുഖമാണെന്നു പറഞ്ഞ് യുവതി തന്നെയാണ് കുട്ടിയെ ദീപ്ചന്ദ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ കഴുത്തിലെ പാടുകള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയുമായി ബന്ധപ്പെട്ട എല്ലാവരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കുട്ടിയുടെ അമ്മ കുറ്റസമ്മതം നടത്തിയത്.

 

 

 

 

 

 

 

 

Continue Reading

india

അദാനി കുടുങ്ങുമ്പോള്‍ ആപ്പിലാകുന്നത് മോദി

Published

on

സൗരോര്‍ജ്ജ വിതരണ കരാറുകള്‍ക്കായി 2029 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത സംഭവത്തില്‍ യു.എസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ അദാനി ഗ്രൂപ്പും ഗൗതം അദാനിയും ആപ്പിലായിരിക്കുകയാണ്. യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് യു.എസ് സെക്യൂരിറ്റിസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മിഷന്റെ കുറ്റാരോപണം. അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യൂട്ടീവുകള്‍, അസൂര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനയ്ക്കുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. നരേന്ദ്രമോദിയുടെ ഉറ്റചങ്ങാതിയായ അദാനിക്കെതിരായ കേസ് മോദിക്കും കേന്ദ്രസര്‍ക്കാറിനും രാജ്യാന്തര തലത്തിലുണ്ടായ കനത്ത തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല. കേസ് അമേരിക്കയിലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നതിനാല്‍ വിശേഷിച്ചും. ഈ തിരച്ചടി മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് സംഭവത്തില്‍ ഒരക്ഷരം ഉരിയാടാന്‍ പ്രധാനമന്ത്രിയോ കേന്ദ്രസര്‍ക്കാറോ തയാറാകാത്തത്. രാജ്യത്തുമാത്രമല്ല രാജ്യാന്തര തലത്തിലുമുള്ള അദാനിയുടെ വളര്‍ച്ച സംശയാസ്പദമാണെന്നത് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ അകമഴിഞ്ഞ സഹായമാണ് ഇതിനുപിന്നിലെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. അദാനിക്കുപുറമെ അംബാനിയുള്‍പ്പെടെയുള്ള കുത്തകകളുടെ പരിലാളനയിലായിരുന്നു തുടക്കകാലത്ത് മോദിയുടെ പ്രയാണമെങ്കില്‍ പിന്നീട് ഇവരെപ്പോലും കൈയ്യൊഴിഞ്ഞ് അദാനിയെന്ന ഒറ്റപ്പേരിലേക്ക് മോദി ചുരുങ്ങുന്നതാണ് രാജ്യത്തിന് ദര്‍ശിക്കാന്‍ കഴിഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പേരെടുത്താല്‍ ആദ്യ സ്ഥാനത്ത് മുകേഷ് അംബാനിയും ഗൗതം അദാനിയും മാറി മാറി വരുന്ന പതിവാണ് ഇന്ന് നിലവിലുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷം മുന്‍പ് സമ്പന്നതയില്‍ നാലാം സ്ഥാനം മാത്രമായിരുന്നു ഗൗതം അദാനിയുടേത്. ഇവിടെ നിന്നാണ് അദാനി അഞ്ചു വര്‍ഷം കൊണ്ട് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. ഈ അഞ്ചു വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വര്‍ധന 10 ലക്ഷം കോടിക്ക് മുകളിലാണ്. മോദി ഓരോ രാഷ്ട്ര സന്ദര്‍ശനം കഴിഞ്ഞുവരുമ്പോഴും അവിടങ്ങളില്‍ അദാനിക്ക് കോടികളുടെ കരാര്‍ ലഭ്യമാകുന്നത് യാദൃശ്ചികമല്ലെന്ന് ചുരുക്കം. ഗൗതം അദാനി സംശയത്തിന്റെ നിഴലില്‍ അകപ്പെടുന്നത് ഇത് ആദ്യമൊന്നുമല്ല. നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് തുറന്നുവിട്ട ഭൂതം അദാനിയെ വിഴുങ്ങുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ഇന്ത്യയിലും ലോകത്തെ വിവിധ രാജ്യങ്ങളിലും ആഴത്തില്‍ വേരുന്നിയ അദാനിയുടെ വ്യവസായ സാമ്രാജ്യത്തെ വീഴ്ത്താന്‍ ഷോര്‍ട്ട് സെല്സെല്ലറായ ഹിന്‍ഡന്‍ ബര്‍ഗിന് സാധിച്ചില്ലെന്ന് മാത്രമല്ല, പ്രതിസന്ധിയില്‍ നിന്നും അവര്‍ കരകയറുകയും ചെയ്തു. എന്നാല്‍ ഇത്തവണ കേസ് ഇന്ത്യക്ക് പുറത്താണെന്നത് അദാനിയുടെ തിരിച്ചടിയുടെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്. കേസ് വിവരം പുറത്തുവന്നയുടന്‍ തന്നെ കെനിയയെ പോലുള്ള രാജ്യങ്ങള്‍ കരാറുകളില്‍ നിന്നും പിന്മാറിയത് ഇതിന്റെ തെളിവാണ്. അതോടൊപ്പം ഉറ്റചങ്ങാതിയായ നരേന്ദ്രമോദി പിന്തുണയുമായി രംഗത്തെത്താത്തതും സംഭവത്തിന്റെ കിടപ്പുവശം ബോധ്യമുള്ളതുകൊണ്ട് തന്നെയാണ്. ആരോപണ വിധേയനൊപ്പം പരസ്യമായി നിലയുറപ്പിക്കുന്നത് ലോക രാജ്യങ്ങള്‍ക്കുമുന്നില്‍ കെട്ടിപ്പൊക്കിയ പ്രതിഛായയെ ചിട്ടുകൊട്ടാരംപോലെ തകര്‍ത്തുകളയുമെന്ന് മോദിക്കം നന്നായറിയാം. പ്രത്യേകിച്ച് നയങ്ങളിലും നിലപാടുകളിലും അദ്ദേഹം ചേര്‍ന്നുനില്‍ക്കുന്ന അമേരിക്കയാണ് മറുഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ മോദിയുടെ സ്വന്തക്കാരനായ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്താല്‍ കേസിന്റെ ഭാവി എന്തായിരിക്കുമെന്നത് കണ്ടറിയേണ്ടതു തന്നെയാണ്.

ഏതായാലും ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍, പ്രത്യേകിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിരന്തരമായി അദാനി – മോദി കൂട്ടുകെട്ടിനെതിരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണ ശരങ്ങള്‍ക്കാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ അടിവരയിടപ്പെട്ടിരിക്കുന്നത്. അദാനിക്കെതിരെ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് ഒരുവര്‍ഷം മുമ്പുതന്നെ കോണ്‍ഗ്രസ് രംഗത്തുണ്ട്. ‘ഹം അദാനി കെ ഹേ’ എന്ന പരമ്പരയിലൂടെ അദാനിയും പ്രധാനമന്ത്രിയും തമ്മിലുള്ള അടുപ്പം തുറന്നുകാണിക്കുന്ന നൂറോളം ചോദ്യങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിക്കുകയുണ്ടായി. പുതിയ കേസിനു പിന്നാലെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഏതായാലും അദാനിക്കെതിരായ ഈ കുറ്റപത്രം അദ്ദേഹത്തിനുമാത്രമല്ല, പ്രധാനമന്ത്രിക്കും അന്താരാഷ്ട്ര തലത്തില്‍ കനത്തതിരിച്ചടി സമ്മാനിക്കുമ്പോള്‍ എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിച്ച് മോദി – അദാനി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ തുറന്ന യുദ്ധംപ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിക്കും ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിനും നല്‍കുന്നത് വലിയ അംഗീകാരമാണ്.

 

 

 

 

Continue Reading

Trending