കമാല്‍ വരദൂര്‍
ഈ കീഴ്‌വഴക്കം അപകടകരമാണ്. ക്യാപ്റ്റന്‍ പറഞ്ഞിട്ട് കോച്ചിനെ മാറ്റുക എന്ന് പറയുമ്പോള്‍ അത് നല്‍കുന്ന സന്ദേശമെന്താണ്…? നാളെ ടീമിന്റെ പുതിയ പരിശീലകനായി വീരേന്ദര്‍ സേവാഗ് വരുന്നു എന്ന് കരുതുക-അദ്ദേഹത്തിന്റെ ശൈലിയോട് വിരാത് കോലി വിയോജിപ്പ് പ്രകടിപ്പിക്കുമ്പോള്‍ സേവാഗിനെയും മാറ്റേണ്ടി വരില്ലേ…. ടീം മാനേജ്‌മെന്റ് എന്ന വിശാല ഗ്രൂപ്പിന് ഒരു പ്രസക്തിയുമില്ലാതെ വരുമ്പോള്‍ എവിടെയാണ് ചര്‍ച്ചയും ജനാധിപത്യവുമെല്ലാം വരുക..?
ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടിയപ്പോള്‍ ആരോടും ചോദിക്കാതെയാണ് വിരാത് കോലി പാക്കിസ്താനെ ബാറ്റിംഗിന് അയച്ചത്. അശ്വിനെ ആദ്യ ഇലവനില്‍ കളിപ്പിച്ചതും നായകന്‍ തന്നെ. ക്യാപ്റ്റന്‍ തന്നെ എല്ലാം തീരുമാനിക്കുമ്പോള്‍ പിന്നെ ഹെഡ് കോച്ചും സഹ പരിശീലകരും കോച്ചിംഗ് സ്റ്റാഫും ഇവരെല്ലാം ഉള്‍പ്പെടുന്ന ടീം മാനേജ്‌മെന്റും എന്തിനാണ്…?
കോലി എന്ന ബാറ്റ്‌സ്മാന്റെ കഴിവും കരുത്തും ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ ആ കരുത്തിന് ഊര്‍ജ്ജവും പ്രേരണയുമെല്ലാം നല്‍കുന്നത് പരിശീലകരും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ക്രിക്കറ്റ് പ്രേമികളും സീനിയര്‍ ക്രിക്കറ്റര്‍മാരുമെല്ലാമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ മഹാനായ ഒരു താരം മൂന്ന് പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സേവിച്ചു. അദ്ദേഹം പല പരിശീലകരുമായും ഇടപഴകി. ഗ്രെഗ് ചാപ്പലിനെ പോലുള്ള പിടിവാശികാര്‍ക്കൊപ്പം നിന്നു-പക്ഷേ ആരുമായും ഒരു പ്രശ്‌നത്തിനും അദ്ദേഹം മുതിര്‍ന്നില്ല. രാജ്യം കണ്ട മികച്ച നായകരില്‍ ഒരാളായ സൗരവ് ഗാംഗുലി നായക-നയതന്ത്ര ഗുണങ്ങള്‍ ഉളള ക്രിക്കറ്ററായിരുന്നു. അദ്ദേഹവും പരസ്യമായി ആരുമായും വഴക്കിന് പോയില്ല. അനില്‍ കുംബ്ലെ എന്ന ക്രിക്കറ്റര്‍ ദീര്‍ഘകാലം ഇന്ത്യക്കായി കളിച്ച താരമാണ് . ലോകത്തെ ഏറ്റവും മികച്ച ലെഗ് സ്പിന്നറായിരുന്നു. അനുഭവസമ്പത്തിലും രാജ്യാന്തര ഇടപെടലുകളിലും അദ്ദേഹത്തോളം സീനിയോരിറ്റിയുള്ളവര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറവാണ്. അദ്ദേഹം ഹെഡ് കോച്ച് എന്ന രീതിയില്‍ നടത്തുന്ന ഇടപെടലുകളെ ക്യാപ്റ്റന് അദ്ദേഹത്തിന്റെ ദിശാകോണില്‍ കാണാം.
പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂന്നാമന്റെ സാന്നിദ്ധ്യത്തില്‍ പറഞ്ഞ് പരിഹരിക്കാം. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഒത്തുതീര്‍പ്പിന്റെ വഴിയിലേക്ക് ക്ഷണിച്ചിട്ടും എന്നെ അതിന് കിട്ടില്ല എന്ന തരത്തില്‍ കോലി പെരുമാറുമ്പോള്‍ ആരെയെല്ലാമാണ് അദ്ദേഹം അനാദരിക്കുന്നത്…? ക്രിക്കറ്റ് ബോര്‍ഡും ഉപദേശക സമിതിയും എന്തിന് ഈ വിധം കോലിക്ക് വഴങ്ങി കൊടുത്തു….?
ഇവിടെയാണ് പ്രശ്‌നങ്ങളുടെ ഭാവിയും ഗൗരവവും മനസ്സിലാക്കേണ്ടത്…? കോലിയും സീനിയര്‍ താരങ്ങളും ചൂണ്ടിക്കാട്ടുന്നത് രവിശാസ്ത്രിയെയാണ്…. ശാസ്ത്രി പരിശീലകനായ സമയത്ത് അദ്ദേഹം താരങ്ങളില്‍ ഒരാളായി മാറിയെന്നും അത്തരത്തിലുള്ള ഫ്രീ കോച്ചിനെയാണ് ആവശ്യമെന്നും കോലി പറയുമ്പോള്‍ എല്ലാവര്‍ക്കും അവരവരുടെ ശൈലിയില്ലേ എന്ന ചോദ്യമുണ്ട്. കൃഷ്ണമാചാരി ശ്രീകാന്ത് ഇന്ത്യന്‍ ക്യാപ്റ്റനായപ്പോള്‍ അദ്ദേഹം സംസാരപ്രിയനായി എല്ലാവരുമായും ഇടപഴകി. എന്നാല്‍ പെട്ടെന്ന് അദ്ദേഹത്തെ മാറ്റി ക്രിക്കറ്റ് ബോര്‍ഡ് മുഹമ്മദ് അസ്ഹറുദ്ദീനെ നായകനാക്കി. അസ്ഹര്‍ അധികമാരോടും സംസാരിക്കാത്ത വ്യക്തിയായിരുന്നു. അതിന് മുമ്പ് നാകനായ അനുഭവസമ്പത്തുമില്ല. പക്ഷേ ജൂനിയറായിട്ടും കപില്‍ദേവിനെ പോലുളളവരെ എല്ലാ ബഹുമാനവും നല്‍കി നയിക്കാന്‍ അസ്ഹറിനായി. കുംബ്ലെയിലെ കോച്ച് സീനിയറാണ്- ആ സിനിയോരിറ്റിയെ ബഹുമാനിക്കുന്നതില്‍ എന്താണ് തെറ്റ്…?
ക്രിക്കറ്റിന്റെ മഹിതമായ പാരമ്പര്യമെന്നത് അച്ചടക്കമാണ്-മാന്യന്മാരുടെ ഗെയിം എന്ന പേര് ക്രിക്കറ്റിനെ വരാന്‍ തന്നെ കാരണം കളിക്കാരുടെ മാന്യതയാണ്. കോലിക്ക് എത്രയെത്ര മഹാരഥന്മാരായ മുന്‍ഗാമികളുണ്ട്. അവര്‍ ആരും സ്വന്തം കോച്ചിനെ തള്ളി പറഞ്ഞിട്ടില്ല. അസ്ഹര്‍ നായകനായ സമയത്ത് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ ബിഷന്‍സിംഗ് ബേദി എന്ന സീനിയര്‍ സ്പിന്നറായിരുന്നു. ടീമിന്റെ ന്യൂസിലാന്‍ഡ് പര്യടനം വന്‍ പരാജയമായപ്പോള്‍ ബേദി ക്ഷുഭിതനായി പറഞ്ഞത് ഈ ടീമിനെ അറ്റ്‌ലാന്റിക്കില്‍ എറിയണമെന്നാണ്… പക്ഷേ അസ്ഹറോ മറ്റ് സീനിയര്‍ താരങ്ങളോ പ്രതികരിച്ചില്ല. സച്ചിന്‍ നായകനായപ്പോള്‍ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളെയും അന്നത്തെ പരിശീലകര്‍ ചോദ്യം ചെയ്തിരുന്നു-പക്ഷേ ആരെയും സച്ചിന്‍ തള്ളി പറഞ്ഞില്ല. കോച്ചിനെ മാറ്റണമെന്ന് പറയാതെ അദ്ദേഹം സ്വയം നായകസ്ഥാനം ഒഴിയുകയായിരുന്നു. ഇന്ത്യക്ക് ടി 20, ഏകദിന ലോകകപ്പുകള്‍ സമ്മാനിച്ച നായകനാണ് എം.എസ് ധോണി-അദ്ദേഹത്തിന്റെ ശൈലിയെന്നാല്‍ കോച്ചിനെ ബഹുമാനിച്ച് തന്നെ സ്വന്തം രീതി നടപ്പിലാക്കുക എന്നതാണ്. 2011 ലെ ലോകകപ്പ് ഫൈനല്‍ കണ്ടില്ലേ-ഗാരി കിര്‍സ്റ്റണ്‍ എന്ന ദക്ഷിണാഫ്രിക്കന്‍ കോച്ചിനെ അംഗീകരിച്ച് കൊണ്ട് തന്നെ ടീമിന്റെ നിര്‍ണായക തീരുമാനങ്ങളെല്ലാം എടുത്തത് മഹിയായിരുന്നു.
ഇവിടെയാണ് നയതന്ത്രം വേണ്ടത്….. അത് കോലിക്കില്ല. അതാണ് അദ്ദേഹത്തിന്റെ പരാജയവും. ഐ.പി.എല്‍ മൈതാനത്ത് ഗൗതം ഗാംഭിറിനോട് കയര്‍ക്കുന്ന കോലിയെ നമ്മള്‍ കണ്ടിട്ടുണ്ട്. പൊട്ടിത്തെറിക്കുന്ന കോലിയെ കണ്ടിട്ടുണ്ട്- ഒരു നായകന്‍-അതും ക്രിക്കറ്റില്‍ ഇത്ര ആവേശഭരിതനാവുന്നതിനോട് പല അഭിപ്രായങ്ങളുമുണ്ട്. ഇപ്പോള്‍ കോലി വെറുതെ വലിയ സമ്മര്‍ദ്ദം ചുമലിലേറ്റുന്നു. കോച്ചിനെ പടിക്ക് പുറത്താക്കിയ നായകന്‍ എന്നത് എന്ത് വന്നാലും സല്‍പ്പേരല്ല. ടീമിന് ഇനി പരാജയങ്ങളുണ്ടായാല്‍ അത് പൂര്‍ണമായും കോലിയുടെ ഉത്തരവാദിത്ത്വമാവും. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ വന്‍ പരാജയത്തിന്റെ ഉത്തരവാദി ആരാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. ഇങ്ങനെ പരാജയം ചോദിച്ചു വാങ്ങുകയും എല്ലാവരെയും വെറുപ്പിക്കുകയും ചെയ്യുമ്പോള്‍ എപ്പോഴും എല്ലാവരും കൂടെയുണ്ടാവുമെന്ന് ക്യാപ്റ്റന്‍ കരുതരുത്.