വഖഫ് ബില്ലിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ചെറുത്തുനില്‍പ്പിനെ പ്രശംസിച്ച് മുസ്‌ലീം ലീഗ് നേതാവ് കെ എം ഷാജി. നിരാശയും നിസ്സഹായതയും കൊണ്ട് വിറങ്ങലിച്ച് നില്‍ക്കുമായിരുന്ന ഒരു സമുദായത്തെ രാജ്യം ചേര്‍ത്തുപിടിക്കുന്ന കാഴ്ച കണ്ണു നനയിച്ചുവെന്ന് കെ എം ഷാജി ഫേസ് ബുക്കില്‍ കുറിച്ചു. ഫാഷിസ്റ്റുകളുടെ ഭീഷണി കള്‍ക്ക് വഴിപ്പെടാന്‍ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ഇന്ത്യയെ കിട്ടില്ലെന്ന് ബോധ്യപ്പെട്ട ദിവസമായിരുന്നു അത്. ഞാനും നിങ്ങളുമെന്ന് അല്ല നമ്മള്‍ എന്ന് വാക്കാണ് ഉചിതമെന്ന് പറഞ്ഞ ദിനമാണ് കടന്നുപോയതെന്നും എന്നാല്‍ ഈ ദിനത്തില്‍ പോലും വെള്ളാപ്പള്ളിയെ പോലെയുള്ള ചിലരുടെ പ്രസ്താവനകള്‍ അസ്വസ്ഥകള്‍ ഉണ്ടാകുന്നുണ്ടെന്നും കെ എം ഷാജി പറയുന്നു.
‘അധികാരത്തിന്റെ തിണ്ണ മിടുക്കും പണക്കൊഴുപ്പും കൊണ്ട് ഒരു രാജ്യത്തെ തന്നെ വിറ്റു തുലക്കുന്ന ഫാഷിസ്റ്റുകളെ ഇരു സഭകളിലും മറികടക്കാന്‍ ഇനി ഏറെ ദൂരമില്ലെന്ന് ബോധ്യപ്പെട്ട ദിവസം. ഇന്ത്യയുടെ പാര്‍ലമെന്റില്‍ ഒരു ഫാഷിസ്റ്റ് ഗവണ്‍മെന്റ് മുസ്ലിങ്ങളെ ആകമാനം ബാധിക്കുന്ന അപകടകരമായ ഒരു വര്‍ഗീയ ബില്ല് അവതരിപ്പിക്കുമ്പോള്‍ അതിനാല്‍ പ്രയാസപ്പെടുന്ന സമുദായത്തോട് ഒരു ചര്‍ച്ച പോലും നടത്താതെ ഫാഷിസത്തോട് ഒട്ടി നില്‍ക്കാന്‍ കെസിബിസി കാണിച്ച താല്പര്യം നിരാശ പടര്‍ത്തിക്കുന്നുണ്ട്.’ കെ എം ഷാജി കുറിച്ചു.
മുനമ്പത്തെ മനുഷ്യര്‍ നിസ്സഹായരായി നിന്നപ്പോള്‍ പ്രശ്‌നം വഖഫാണെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തപ്പോള്‍ ആ സമൂഹത്തിനുവേണ്ടി നിലകൊണ്ടവരാണ് കേരളത്തിലെ മുസ്ലിം സംഘടനകള്‍, അത് ഔദാര്യമായിട്ടല്ല ആരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടരുത് എന്ന നീതി ബോധത്തോടെയാണെന്നും കെ എം ഷാജിയുടെ കുറിപ്പില്‍ പറയുന്നു. പോസ്റ്റില്‍ രാഹുല്‍ ഗാന്ധിയെയും കെ എം ഷാജി പ്രശംസിച്ചെഴുതിയിട്ടുണ്ട്.
കെ എം ഷാജിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം;
ഇന്ത്യയുടെ മതേതര മനസ്സുകളെ ത്രസിപ്പിച്ച മണിക്കൂറുകളാണ് കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ കഴിഞ്ഞുപോയത്. നിരാശയും നിസ്സഹായതയും കൊണ്ട് വിറങ്ങലിച്ച് നില്‍ക്കുമായിരുന്ന ഒരു സമുദായത്തെ രാജ്യം പിന്നെയും പിന്നെയും ചേര്‍ത്തുപിടിക്കുന്ന കാഴ്ച നമ്മുടെ കണ്ണ് നനയിച്ചു.
കുറഞ്ഞ അക്കങ്ങള്‍ക്ക് മാത്രം പിറകിലേക്ക് പോയ മതേതരശക്തി ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്നുണ്ടെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്തിയ ദിവസമായിരുന്നു അത്.
അധികാരത്തിന്റെ തിണ്ണ മിടുക്കും പണക്കൊഴുപ്പും കൊണ്ട് ഒരു രാജ്യത്തെ തന്നെ വിറ്റു തുലക്കുന്ന ഫാഷിസ്റ്റുകളെ ഇരു സഭകളിലും മറികടക്കാന്‍ ഇനി ഏറെ ദൂരമില്ലെന്ന് ബോധ്യപ്പെട്ട ദിവസം.
ഫാഷിസ്റ്റുകളുടെ ഭീഷണി കള്‍ക്ക് വഴിപ്പെടാന്‍ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ഇന്ത്യയെ കിട്ടില്ലെന്ന് ബോധ്യപ്പെട്ട ദിവസം.
പ്രതികാര രാഷ്ട്രീയത്തിന്റെ ആയുധങ്ങള്‍ കൊണ്ട് തകര്‍ക്കാനും വിലക്കെടുക്കാനും ആവാത്തവിധം ശക്തമാണ് ഈ രാജ്യത്തിലെ മതേതര രാഷ്ട്രീയ മുന്നേറ്റം എന്നുകൂടി തെളിയിച്ച ദിവസം.
‘ഞാനും നിങ്ങളും’ അല്ല, ‘നമ്മള്‍’ എന്ന വാക്കാണ് ഉചിതമെന്ന് രാജ്യം പറഞ്ഞുറപ്പിച്ച ദിവസം.
ഭയലേശമന്യേ അവര്‍ വിളിച്ചു പറഞ്ഞത് ‘ഞങ്ങളുണ്ട്
മര്‍ദ്ദിതരായ ഈ സമൂഹങ്ങള്‍ക്കൊപ്പം’ എന്നാണ്.
ഇന്നത് മുസ്ലിങ്ങള്‍ക്ക് നേരെയാണെങ്കിലും,
നാളെ അതേത് മതന്യൂനപക്ഷങ്ങള്‍ക്കെതിരായാലും ഇതുപോലെ പാറപോലെ ഉറച്ചുനില്‍ക്കും ഞങ്ങള്‍ ഈ അകത്തളത്തില്‍ എന്നാണ്.
ഭയം കൊണ്ടും, പണം കണ്ടും കുനിഞ്ഞു കീഴ്‌പ്പെടുന്നൊരു കാലത്ത് കേള്‍ക്കുന്ന ഈ ഉറപ്പ് ഒരു ചെറിയ ആശ്വാസമല്ല നല്‍കുന്നത്.
അതിനിടയില്‍ കേരളത്തിലെ ചില കോണുകളില്‍ നിന്ന് കേള്‍ക്കുന്ന വര്‍ഗീയ വായാടിത്തങ്ങള്‍ നമ്മില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്.
തൊണ്ണൂറും കഴിഞ്ഞു എന്ന് സ്വയം പ്രഖ്യാപിച്ച വെള്ളാപ്പള്ളിയുടെ ‘അത്തും പിത്തുമല്ല’ആ വര്‍ത്തമാനമാനം എന്നും നൂറു കടന്ന ആര്‍എസ്എസിന്റെ നാവാട്ടമാണ് കേള്‍ക്കുന്നത് എന്ന സത്യം തിരിച്ചറിയണം.
പറയുന്നത് വെള്ളാപ്പള്ളി ആണെന്ന തരത്തില്‍ നമ്മളതിനെ നിസാരമാക്കിയാല്‍ നാളെ പുതിയ വെള്ളാപ്പള്ളിമാര്‍ തെരുവിലിറങ്ങും.
വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ച് നിലപാടെടുത്ത KCBC യുടെ ആഹ്വാനവും അത്രക്ക് നിസ്സാരമല്ല.
മുനമ്പത്തെ ഒരുപറ്റം മനുഷ്യര്‍ നിസ്സഹായരായി നിന്നപ്പോള്‍,
പ്രശ്‌നം വഖഫാണെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തപ്പോള്‍,
ആ സമൂഹത്തിനുവേണ്ടി നിലകൊണ്ടവരാണ് കേരളത്തിലെ മുസ്ലിം സംഘടനകള്‍.
അതൊരു ഔദാര്യമാ യിട്ടല്ല,ആരുടെയും അവകാശങ്ങള്‍
ഹനിക്കപ്പെടരുത് എന്ന നീതി ബോധമാണ്.
ഞങ്ങള്‍ അവരുടെ ആ കൂടെയാണെന്ന് പ്രഖ്യാപനം! !
ഇനി വഖഫ് ഭൂമിയാണെങ്കില്‍ തന്നെ സര്‍ക്കാറിന് അത് പരിഹരിച്ചു നല്‍കാനുള്ള അവകാശമുണ്ടെന്നും ഞങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും നല്‍കുമെന്ന പ്രഖ്യാപനം.
ആരുംകുടിയൊഴിപ്പിക്കപ്പെടില്ലെന്ന ഉറപ്പ്.
ഒരു മുനമ്പത്തെയല്ല, ഇന്ത്യയുടെ പാര്‍ലമെന്റില്‍ ഒരു ഫാഷിസ്റ്റ് ഗവണ്‍മെന്റ് മുസ്ലിങ്ങളെ ആകമാനം ബാധിക്കുന്ന അപകടകരമായ ഒരു വര്‍ഗീയ ബില്ല് അവതരിപ്പിക്കുമ്പോള്‍ അതിനാല്‍ പ്രയാസപ്പെടുന്ന സമുദായത്തോട് ഒരു ചര്‍ച്ച പോലും നടത്താതെ ഫാഷിസത്തോട് ഒട്ടി നില്‍ക്കാന്‍ കെസിബിസി കാണിച്ച താല്പര്യം നിരാശ പടര്‍ത്തിക്കുന്നുണ്ട്.
ഈ ബില്ലില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന് ഒരു നേട്ടവും ഇല്ലാത്തിരുന്നിട്ട് കൂടി അവര്‍ സംഘപരിവാരത്തിനൊപ്പം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നു.
എന്നാല്‍ കേരളത്തിലെ യഥാര്‍ത്ഥ ക്രിസ്തു മതവിശ്വാസികള്‍ അധികാരത്തിനു മുമ്പില്‍ മുട്ടിലിഴയുന്നവര്‍ക്കൊപ്പമല്ല എന്നതാണ് ആശ്വാസം.
അവരുടെ പ്രതിനിധികള്‍ പാര്‍ലമെന്റില്‍ പറഞ്ഞത് നാം കേട്ടതാണല്ലോ.
ഇതല്ല ഇന്ത്യ എന്ന് നമ്മള്‍ കണ്ട ദിവസങ്ങളാണ് കഴിഞ്ഞുപോയത്.
താത്കാലിക ലാഭ കൊയ്ത്തുകാരുടെയും ഞരമ്പ് രോഗികളായ വര്‍ഗീയവാദികളുടെയും മുകളില്‍ നില്‍ക്കാന്‍ കഴിയുന്ന കരുത്ത് ഈ നാടിനുണ്ട്.
അപക്വമായ നിലപാടുകള്‍ എടുത്തവരാണ് നാളെ അപകടപ്പെട്ട് നില്‍ക്കുന്നതെങ്കില്‍ അവരെയും ഒരുമിച്ചു ചേര്‍ന്ന് ചേര്‍ത്തുപിടിച്ചു നില്‍ക്കാന്‍ കഴിയുന്ന ഒരുമയുടെ നാടാണ് നമ്മുടെ നാട്.
എല്ലാത്തിനും മുന്നില്‍ നമുക്ക് ബലമായി കരുത്തായി..
ധൈര്യമായി… നേതാവായി… അയാളുണ്ട്
രാഹുല്‍.
രാഹുല്‍ എന്ന് കേള്‍ക്കുമ്പോള്‍ ഉള്ളറിഞ്ഞു ”ഗാന്ധി ‘ എന്നുകൂടി ചേര്‍ത്തുവിളിക്കാന്‍ തോന്നിക്കുന്ന ഒരാള്‍.ഒരു ഗാന്ധിയെ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്.