കോഴിക്കോട് നഗരത്തിൽ പാർക്ക് ചെയ്ത കാറിന്റെ ഗ്ലാസ് താഴ്ത്തിയും തകർത്തും മോഷണം നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. സംഘത്തിലെ മറ്റു രണ്ടു പേർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി സുന്ദറിനെ (49)യാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ് അറസ്റ്റ് ചെയ്തത്.
ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 3 കാറുകളിലാണ് ഇത്തരത്തിൽ മോഷണം നടന്നത്. ബേബി മെമ്മോറിയൽ ആശുപത്രി പാർക്കിങ് സ്ഥലം, അരയിടത്തുപാലത്തിന് അടിയിലെ പാർക്കിങ്, ബ്ലു ഡയമണ്ട് മാളിനു സമീപം എന്നിവിടങ്ങളിൽ നിർത്തിയിട്ടു കാറുകളിലാണ് മൂന്നംഗ സംഘം മോഷണം നടത്തിയത്. കാറുകളിൽ നിന്നു ബാഗും മറ്റു വസ്തുക്കളും മോഷണം പോയി. നടക്കാവ് പൊലീസ് രാത്രി തന്നെ തിരച്ചിൽ ഊർജിതമാക്കി. കാറുകളുടെ ചില്ലു തകർത്തിട്ടുണ്ട്. മോഷണ സംഘത്തെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
നഗരത്തിൽ മുൻപും ഇത്തരത്തിലുള്ള മോഷണം വ്യാപകമായിരുന്നു. മാനാഞ്ചിറ കോംട്രസ്റ്റിനു സമീപം നിർത്തിയിടുന്ന കാറുകളിൽ നിന്നു ഗ്ലാസ് തകർത്തും താഴ്ത്തിയും മോഷണം പതിവായിരുന്നു. മിഠായിത്തെരുവിലേക്കു പോകുന്ന ആളുകൾ നിർത്തിയിടുന്ന കാറുകളിലാണു മോഷണം നടന്നിരുന്നത്. പലരും കടകളിലേക്കു പോകുമ്പോൾ വിലപിടിപ്പുള്ള സാധനങ്ങൾ കാറിൽ വയ്ക്കും. അതു മനസ്സിലാക്കിയാണു മോഷണം. ഇരുട്ടുള്ള സ്ഥലത്തു നിർത്തിയിടുന്ന കാറുകളാണു മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. പൊലീസ് നടപടി ശക്തമായതോടെയാണു മോഷണം നിലച്ചത്. ഇപ്പോൾ വീണ്ടും തുടങ്ങിയിരിക്കുകയാണ്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
■ കാറുകൾ നിർത്തി പോകുമ്പോൾ ബാഗും മറ്റും കാറിൽ വയ്ക്കരുത്. സൺ ഫിലിം ഇല്ലാത്തതുകൊണ്ടു അകത്തുള്ള വസ്തുക്കൾ പുറത്തു നിന്നു കാണാൻ കഴിയും.
■ ബാഗ്, പഴ്സ് തുടങ്ങിയവ സീറ്റിൽ കിടക്കുന്നതു കണ്ടാൽ മോഷ്ടാക്കൾ നോട്ടമിടും.
■ സംഘത്തിലെ ഒരാൾ കല്ല്, ചെറിയ ഭാരമുള്ള ഇരുമ്പു ദണ്ഡ് തുടങ്ങിയവ ഉപയോഗിച്ചു ഗ്ലാസ് തുറക്കും. പിന്നീട് വാതിൽ തുറന്നോ, ഗ്ലാസ് തകർന്ന ഭാഗം വഴിയോ ബാഗും പഴ്സും പുറത്തെടുത്തു സ്ഥലം വിടും.
■ പണം, ആഭരണം തുടങ്ങിയവ ബാഗിലും പഴ്സിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു മോഷണം നടത്തുന്നത്. പണമോ ആഭരണമോ ഇല്ലാത്ത ബാഗും പഴ്സും വച്ചാലും മോഷ്ടാക്കൾ എന്തെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കാറിന്റെ ഗ്ലാസ് തകർക്കും. അതിനാൽ ബാഗും മറ്റും പുറത്തു നിന്നു കാണും വിധം വയ്ക്കാതിരിക്കുന്നതാണ് ഉചിതം.
■ അതു പോലെ രാത്രി കാർ പാർക്ക് ചെയ്യുമ്പോൾ കഴിയുന്നതും വെളിച്ചമുള്ളിടത്തു നിർത്തുക. പകലും ആളുകൾ കാണുന്നിടത്തു പാർക്ക് ചെയ്യുന്നതാണു നല്ലത്.