ഭുവനേശ്വര്‍: ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് കാരണം കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ പിഴവെന്ന് കണ്ടെത്തല്‍. ഷാലിമാര്‍ -ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രാക്ക് തെറ്റിച്ചതായാണ് അപകടസ്ഥലത്ത് എത്തിയ റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. 130 കിലോ മീറ്റര്‍ വേഗത്തിലെത്തിയ കോറമണ്ഡല്‍ എക്‌സ്പ്രസ് ചരക്ക് വണ്ടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മെയിന്‍ ട്രാക്കിലൂടെ പോകേണ്ട കോറമണ്ഡല്‍ എക്‌സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടി. നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനില്‍ ആദ്യം ഇടിച്ചത് കോറമണ്ഡല്‍ എക്‌സ്പ്രസാണ്. മാനുഷികമായ പിഴവാകാം ഈ ട്രാക്ക് മാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 130 കിലോ മീറ്റര്‍ വേഗതയില്‍ കോറമണ്ഡല്‍ എക്‌സ്പ്രസ് ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചുകയറി. ഈ കൂട്ടിയിടിയില്‍ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 22 ബോഗികളും പാളം തെറ്റി. ഇതില്‍ മൂന്ന് ബോഗികള്‍ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന യശ്വന്ത്പുര്‍-ഹൗറ എക്‌സ്പ്രസിലേക്ക് വീണു. ഇതോടെ, കൃത്യമായ പാതയിലൂടെ പോവുകയായിരുന്ന ഹൗറ എക്‌സ്പ്രസിന്റെ നാല് ബോഗികളുടെ പാളം തെറ്റിയെന്നുമാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. അതേ സമയം ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം സംബന്ധിച്ച് പല കാര്യങ്ങളിലും അവ്യക്തതകള്‍ നിലനില്‍ക്കുകയാണ്. ലോക്കോ പൈലറ്റിനോ, സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കോ വീഴ്ച സംഭവിച്ചോ അതോ, സാങ്കേതികമായ മറ്റെന്തെങ്കിലും പിഴവ് സംഭവിച്ചോ എന്നതും വ്യക്തമല്ല. ഏതെങ്കിലും രീതിയില്‍ തീവണ്ടി പാളം തെറ്റിയ വിവരം കൈമാറാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൂട്ടിയിടി ഒഴിവാക്കാന്‍ സാധിച്ചേനെയെന്നാണ് കണക്ക് കൂട്ടല്‍.
സാധാരണ രീതിയില്‍ ഇത്തരം അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ സന്ദേശം കൈമാറുകയാണ് ലോക്കോ പൈലറ്റുമാരും ഗാര്‍ഡുമാരും ചെയ്യുക, എന്നാല്‍ ഇക്കാര്യത്തില്‍ ഇവിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തതയില്ല. പ്രദേശത്ത് റെയ്ഞ്ചില്ലെങ്കില്‍ അതും കാരണമാകാം. എന്നാല്‍, ഇത്തരം അവസരങ്ങളിലും എങ്ങിനെ പ്രവര്‍ത്തിക്കണം എന്നതിന് റെയില്‍വേയില്‍ കൃത്യമായ രീതികളുണ്ട്. ഇത്തരം അപകട സാഹചര്യങ്ങള്‍ നേരിടാന്‍ ലോക്കോ പൈലറ്റുമാര്‍ക്ക് റെയില്‍വേ ഡിറ്റണേറ്റേഴ്‌സ് നല്‍കിയിട്ടുണ്ട്. തൊട്ടടുത്ത റെയില്‍വേ ലൈന്‍ സംരക്ഷിക്കാനാണ് ഈ നടപടി. എന്നാല്‍, ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ ലോക്കോ പൈലറ്റുമാര്‍ക്ക് ഈ രീതിയില്‍ പ്രവര്‍ത്തിക്കാനാകുന്ന സാഹചര്യമുണ്ടായോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. തുടക്കത്തില്‍ തന്നെ എന്‍ജിന്‍ പാളം തെറ്റുന്ന സാഹചര്യമുണ്ടായാല്‍ ലോക്കോ പൈലറ്റുമാര്‍ എന്‍ജിനിടയില്‍ അമര്‍ന്നു പോകാനുള്ള സാധ്യതയുണ്ട്. സാധാരണ രീതിയില്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ അപകടവിവരം അറിഞ്ഞിരുന്നെങ്കില്‍ രണ്ടാമതൊരു അപകടം ഉണ്ടാകുന്നത് തടയാമായിരുന്നു. എന്നാല്‍ ഇവിടെ അവര്‍ കാര്യം അറിഞ്ഞിട്ടില്ലെന്ന് വേണം കരുതാന്‍. ട്രെയിന്‍ അപകടത്തില്‍ ഒരു ചരക്കുതീവണ്ടിയുടെ സാന്നിധ്യവുമുണ്ട്. ഇരു ട്രെയിനുകളിലേയും ക്രൂവിനും ഒന്നും ചെയ്യാനായില്ലെന്നതാണ് വ്യക്തമാകുന്ന വസ്തുത. ഏതെങ്കിലും രീതിയില്‍ സന്ദേശം കൈമാറാന്‍ സാധിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ അപകടം തടയാമായിരുന്നു. ആദ്യത്തെ അപകടം കഴിഞ്ഞ് എത്ര സമയത്തിന് ശേഷമാണ് കൂട്ടിയിടി ഉണ്ടായതെന്നതിലും റെയില്‍വേ കൃത്യമായ മറുപടി നല്‍കുന്നില്ല. മണിക്കൂറില്‍ 130 കി.മീ അധികം വേഗത്തില്‍ സഞ്ചരിക്കുന്ന തീവണ്ടികളുള്ള റൂട്ടുകളില്‍ ഓട്ടോമേറ്റഡ് സിഗ്‌നലിങ് സംവിധാനം ആവശ്യമാണ്. ഇത്തരത്തിലുള്ള സംവിധാനം നിലവിലുണ്ടെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. അപകടസാഹചര്യങ്ങളില്‍ റെയില്‍വേ ലൈന്‍ തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായാല്‍ ഉടന്‍ തന്നെ സിഗ്‌നല്‍ ഡൗണ്‍ ആകും. ഇതോടെ ലോക്കോ പൈലറ്റുമാര്‍ക്ക് മുന്നോട്ടുള്ള പാതയില്‍ തടസ്സമുണ്ടെന്ന് തിരിച്ചറിയാനാകും. ഒരേ പാതയില്‍ പാഞ്ഞെത്തുന്ന രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടി ഒഴിവാക്കുന്ന സുരക്ഷാ സംവിധാനമാണ് ‘കവച്’. എന്നാല്‍ അപകടം സംഭവിച്ച ട്രെയിനുകളില്‍ ഈ സംവിധാനം നിലവിലില്ലായിരുന്നുവെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.