X

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ ഉടന്‍ തുറന്ന് പരിശോധിക്കും; പ്രദേശത്ത് കനത്ത സുരക്ഷ

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ ഉടന്‍ തുറന്ന് പരിശോധിക്കും. പ്രദേശത്ത് പൊലീസ് കനത്ത് സുരക്ഷ ഏര്‍പ്പെടുത്തി. അതിരാവിലെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കല്ലറ പൊളിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. അതേസമയം സ്ഥലത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ 200 മീറ്റര്‍ അകലെ നില്‍ക്കണമെന്നാണ് പോലിസ് നിര്‍ദേശം. സ്ഥലത്ത് 150ലധികം പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.

ഉന്നത ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും എത്തിച്ചേരുന്നതോടെ കല്ലറ പൊളിക്കല്‍ ആരംഭിക്കും. ഉച്ചയ്ക്ക് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ആളുകളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കുടുംബത്തെ കരുതല്‍ തടങ്കലില്‍ വെക്കാനും ചര്‍ച്ചയില്‍ ധാരണയായി.

കല്ലറ പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതി അത് തള്ളി. ഈ സാഹചര്യത്തിലാണ് കല്ലറ പൊളിക്കാന്‍ തീരുമാനമായത്.

സമാധിയായെന്ന് കുടുംബം അവകാശപ്പെടുന്ന ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് കോടതി ആവശ്യപ്പെട്ടിരുന്നു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

 

webdesk17: