X

വേനൽമഴ ആശ്വാസമായി; പുഴകൾ പിന്നെയും ഒഴുകിത്തുടങ്ങി; മലയോരവാസികൾക്കിത്‌ ആശ്വാസം

കടുത്ത വരൾച്ചയിലേക്കു നീങ്ങിയിരുന്ന മലയോരത്തിന് വേനൽമഴ ആശ്വാസമായി. കാളികാവ് മേഖലയിൽ രണ്ടുദിവസത്തെ മഴയിൽ ചെറുതും വലുതുമായ പുഴകളിലെല്ലാം നീരൊഴുക്ക് തുടങ്ങി. നാട്ടിൽ പെയ്തതിലേറെ ശക്തമായ മഴ വൃഷ്ടിപ്രദേശമായ മലവാരത്തു ലഭിച്ചതാണ് പുഴകളിലെ നീരൊഴുക്കിനു കാരണമായത്. കാളികാവിലെ കെട്ടുങ്ങൽ ചിറ, ചാഴിയോട് ചിറ തുടങ്ങിയവയെല്ലാം നിറഞ്ഞൊഴുകി.

മലയോരത്ത് പൂർണമായും വറ്റിയ കരുവാരക്കുണ്ടിലെ ഒലിപ്പുഴ, ചാലിയാറിന്റെ പ്രധാന കൈവഴിയായ ചോക്കാട് കോട്ടപ്പുഴ, കാളികാവ് പുഴ തുടങ്ങിയവയിലെല്ലാം ജലനിരപ്പ് കൂടി. പുഴകളിൽ നീരൊഴുക്ക് തുടങ്ങിയതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പും ഉയർന്നു.

അടയ്ക്കാക്കുണ്ട് മലവാരത്തുണ്ടായ ശക്തമായ മഴയാണ് കാളികാവ് പുഴയിൽ നീരൊഴുക്ക് ശക്തമാക്കിയത്. കൽക്കുണ്ട് മലവാരത്തിലും കോഴിപ്ര മലവാരത്തുനിന്ന് ഉദ്‌ഭവിക്കുന്ന കാട്ടുചോലകളിലും വെള്ളമായി. വരൾച്ചയെത്തുടർന്ന് വീട് ഒഴിയേണ്ട അവസ്ഥയിലായിരുന്ന മലയോരവാസികൾക്കിത്‌ ആശ്വാസമായി.

webdesk13: