Connect with us

Education

പാമ്പ്; അറിയാത്ത രഹസ്യങ്ങള്‍ പരിചയപ്പെടാം

.കുഴല്‍ രൂപത്തിലുള്ളതാണ് പാമ്പിന്റെ ആന്തരിക ഘടന

Published

on

പാമ്പ് അടിസ്ഥാന കാര്യങ്ങള്‍

കടല്‍ ജീവികളായ മിസോ സോറുകളാണ് പാമ്പുകളുടെ പൂര്‍വ്വീകര്‍ എന്ന് വിശ്വസിക്കുന്നു.കാലുള്ള ജീവികളില്‍ നിന്നും പരിണാമം സംഭവിച്ചുണ്ടായവയാണ് പാമ്പുകളെന്നാണ് ഗവേഷകരുടെ വാദം.പാമ്പുകളുടെ ശരീരത്തില്‍ കാണപ്പെടുന്ന അവശിഷ്ട പാദങ്ങള്‍ ഈ വാദത്തെ അംഗീകരിക്കുന്നു.കുഴല്‍ രൂപത്തിലുള്ളതാണ് പാമ്പിന്റെ ആന്തരിക ഘടന.ഇലാസ്തികതയുള്ള ലിഗ്മെന്റുകള്‍ ചേര്‍ന്ന പാമ്പുകളുടെ താടിയെല്ലുകളുടെ പിന്‍ഭാഗം എത്ര വലിയ ഇരയേയും ഭക്ഷിക്കാന്‍ പാമ്പിനെ സഹായിക്കുന്നു.ഇടതും വലതുമായി രണ്ട് ശ്വാസകോശങ്ങളാണ് പാമ്പിനുള്ളത്.ഇടത് ശ്വാസകോശം ചെറുതാണെങ്കില്‍ വലത് ശ്വാസ കോശം ശരീരത്തിന്റെ മൂന്നിലൊന്ന് നീളമുണ്ടാകും.ഇരയെ വിഴുമ്പോല്‍ ശ്വാസ തടസ്സം നേരിടാതിരിക്കാന്‍ നാവിന്റെ അടിഭാഗത്തായി കാണപ്പെടുന്ന ശ്വാസ കോശത്തിന്റെ മുകളറ്റം(ഗ്ലോട്ടിസ്) സഹായിക്കും.

പാമ്പിന്റെ ചലനങ്ങള്‍

ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് ആകൃതിയിലും (സര്‍പ്പിളാകൃതി) നേര്‍രേഖയിലുമാണ് കൂടുതല്‍ പാമ്പുകളും സഞ്ചരിക്കുന്നത്.വശങ്ങളിലേക്ക് ചലിക്കുന്നവയും വില്ലുന്നിയെ പോലെ തലഭാഗം ഒരിടത്ത് ഉറപ്പിച്ച് ശേഷം മറ്റു ഭാഗം അവിടേക്ക് നീക്കുന്ന കണ്‍സേര്‍ട്ടിന മോഷനില്‍ സഞ്ചരിക്കുന്ന പാമ്പുകളും ഉണ്ട്.

പാമ്പിനും ഒരു ദിനം

ജൂലായ് 16 ആണ് പാമ്പ് ദിനമായി ആചരിക്കുന്നത്.

പാമ്പിന്റെ കണ്ണ്-ചെവി-
മൂക്ക്-നാക്ക്

പാമ്പിന് കണ്ണുകളുണ്ടെങ്കിലും കണ്‍പോളകളില്ല.പകരം ബ്രില്‍ എന്ന സുതാര്യമായ ഒരാവരണമുണ്ട്.കണ്ണുകളില്‍ പൊടിപടലങ്ങള്‍ കയറാതിരിക്കാന്‍ ഇവ സഹായിക്കുന്നു.പാമ്പുകള്‍ക്ക് ബാഹ്യകര്‍ണ്ണം ഇല്ല.ഇതിനാല്‍ തന്നെ വായുവിലൂടെയുള്ള ശബ്ദവീചികളെ പിടിച്ചെടുക്കാനാകില്ല.പകരം പ്രതലങ്ങളിലൂടെ സഞ്ചരിക്കുന്ന ശബ്ദതരംഗങ്ങള്‍ ആന്തരിക കര്‍ണ്ണത്തിനടുത്തുള്ള കൊലുമെല്ല ഓരിസ് എന്ന ഭാഗവും കീഴ്ത്താടി എല്ലുകളും ചേര്‍ന്ന് പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്.മേല്‍താടിയെല്ലില്‍ മൂക്ക് പോലെ രണ്ട് സുഷിരങ്ങള്‍ പാമ്പിനുണ്ടെങ്കിലും നാക്ക് ഉപയോഗിച്ചാണ് പാമ്പ് മണം പിടിക്കുന്നത്.

പാമ്പിന്റെ ഭക്ഷണം

പാമ്പുകള്‍ മാസഭുക്കുകളാണ്.തവള,പല്ലി,പക്ഷി തുടങ്ങിയവയാണ് പല പാമ്പുകളുടേയും ആഹാരം.എന്നാല്‍ രാജവെമ്പാലയെ പോലുള്ള പാമ്പുകള്‍ പാമ്പുകളെ തന്നെ ആഹാരമാക്കാറുണ്ട്.

പാമ്പും അന്ധവിശ്വാസങ്ങളും

പാമ്പുമായി ബന്ധപ്പെട്ട അനേകം അന്ധവിശ്വാസങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്.അവയില്‍ ചിലത് വായിക്കാം.

വെള്ളത്തില്‍ വെച്ച്
പാമ്പ് കടിച്ചാല്‍

വെള്ളത്തില്‍ വെച്ച് പാമ്പ് കടിച്ചാല്‍ വിഷമേല്‍ക്കില്ല എന്ന വിശ്വാസം ശരിയല്ല.വിഷം എവിടെ വെച്ചും ശരീരത്തില്‍ ഏല്‍ക്കും. വിഷപ്പാമ്പുകള്‍ എവിടെയും ഉപദ്രവകാരികള്‍ തന്നെ

പാമ്പ് കുടിച്ച് തീര്‍ത്ത
പാല്‍ക്കുടങ്ങള്‍

പാമ്പുകള്‍ പാല്‍ കുടിച്ച കഥകള്‍ പലര്‍ക്കും പറയാനുണ്ട്. വിശന്ന് വലഞ്ഞ പാമ്പുകള്‍ ചിലപ്പോള്‍ അല്‍പ്പം പാല്‍ കുടിച്ചെന്ന് വരാം. എന്നാല്‍ പാമ്പിന്റെ പ്രകൃത്യാലുള്ള ഭക്ഷണമല്ല പാല്‍. നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ച പാമ്പുകള്‍ക്ക് പലതരത്തിലുള്ള അസുഖം ബാധിക്കാന്‍ സാധ്യത കൂടുതലാണത്രേ.

പാമ്പിന്റെ അപാരമായ മെമ്മറി

തന്നെ ഉപദ്രവിച്ചവരെ പാമ്പുകള്‍ ഓര്‍ത്തുവെക്കും എന്ന കാര്യം ശരിയല്ല .പാമ്പിന്റെ മസ്തിഷ്‌കം വളരെ കുറച്ച് മാത്രമേ വികസിച്ചിട്ടുള്ളൂ എന്നതിനാല്‍ തന്നെ ഓര്‍മ്മശക്തിയില്‍ പിന്നാക്കക്കാരാണ് പാമ്പുകള്‍.പാമ്പ് ഇന്ന് വരെ ആരേയും ഓര്‍ത്തുവെച്ച് കടിച്ചിട്ടില്ല.എന്നാല്‍ ഉപദ്രവങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനിടയില്‍ ദ്രോഹിക്കാത്ത പലര്‍ക്കും കടിയേല്‍ക്കാന്‍ സാധ്യതയുണ്ട്.

പാമ്പിന്‍ വിഷം കൂടാതിരിക്കാന്‍

പാമ്പ് കടിച്ചാല്‍ കടിവായ വലുതാക്കിയോ പൊള്ളിച്ചോ വിഷബാധ കുറയ്ക്കാമെന്ന വിശ്വാസത്തില്‍ കഴമ്പില്ല. ഇത് വിഷവ്യാപനം കൂടാനാണ് സാധ്യത.

തിരികെ കടിച്ചാല്‍
പാമ്പിന്റെ വിഷം ഇറങ്ങുമോ

ഇങ്ങനെയൊരു വിശ്വാസം പലര്‍ക്കുമുണ്ട്. ചില ഗ്രന്ഥങ്ങളില്‍ പാമ്പിനെ തിരിച്ച് കടിക്കാന്‍ കിട്ടിയില്ലെങ്കില്‍ കല്ലോ കമ്പോ പാമ്പായി സങ്കല്‍പ്പിച്ച് കടിക്കാനും ആഹ്വാനം ചെയ്തു കാണുന്നുണ്ട്.എന്നാല്‍ പാമ്പിനെ തിരികെ കടിക്കാനൊരുങ്ങുന്നത് വലിയ അപകടമുണ്ടാക്കും.വിഷമിറങ്ങാന്‍ പാമ്പിനെ തിരികെ കടിച്ച വിരുതന്മാര്‍ക്ക് ഒന്നിന് പകരം പല തവണ പാമ്പിന്‍ കടി കിട്ടിയ അനുഭവങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പാമ്പ് കടിയേറ്റയാള്‍
ഉറങ്ങരുത്

ഇത്തരമൊരു വിശ്വാസവും പൊതു സമൂഹത്തിലുണ്ട്.എന്നാല്‍ ഇത് ശരിയല്ല.വെള്ളിക്കെട്ടന്‍ പോലെയുള്ള പാമ്പുകളുടെ കടിയേറ്റയാള്‍ ഉറങ്ങുന്നത് ചികിത്സയില്‍ വളരെയേറെ ഗുണം ചെയ്യാറുണ്ട്.

വിഷമേറ്റയാള്‍ക്ക് എരിവ്
മനസ്സിലാകില്ല

പാമ്പ് കടിച്ചാല്‍ വിഷത്തിന്റെ തോത് മനസ്സിലാക്കാന്‍ നാട്ടിന്‍ പുറങ്ങളില്‍ ചെയ്തിരുന്ന സൂത്രമായിരുന്നു കടിയേറ്റയാള്‍ക്ക് കുരുമുളക് പോലെയുള്ള ഭക്ഷ്യവസ്തുക്കള്‍ നല്‍കുക എന്നത്.എത്ര തോതില്‍ വിഷമേറ്റാലും ഒരു ഘട്ടം വരെ രോഗിക്ക് എരിവ് തിരിച്ചറിയാന്‍ സാധിക്കും.എന്നാല്‍ വിഷവ്യാപനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ദര്‍ശന സ്പര്‍ശന രുചികള്‍ തിരിച്ചറിയാന്‍ സാധിക്കാറില്ല.

പാമ്പിന്റെ ഇണചേരല്‍

വ്യത്യസ്ഥ വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പുകള്‍ തമ്മില്‍ ഇണചേരില്ല എന്നാണ് ഗവേഷകരുടെ വാദം.മൂര്‍ഖനും ചേരയും തമ്മില്‍ ഇണ ചേര്‍ന്ന് പുതിയൊരു ഇനം പാമ്പും ഉണ്ടാകില്ല.എന്നാല്‍ കാഴ്്ച ബംഗ്ലാവുകളില്‍ അപൂര്‍വ്വമായി വ്യത്യസ്ഥ ഇനങ്ങള്‍ ഇണ ചേര്‍ന്നേക്കാം.

കടിച്ച പാമ്പിനെക്കൊണ്ട്
വിഷമിറക്കാനാകുമോ

നമ്മുടെ സമൂഹത്തില്‍ പടര്‍ന്നു പന്തലിച്ച അന്ധവിശ്വാസങ്ങളിലൊന്നാണിത്.ചില വിഷ വൈദ്യന്മാര്‍ അറ്റകൈപ്രയോഗമായി ഇങ്ങനെ ചെയ്യാറുണ്ടെന്നും അതോടെ സ്വായത്തമാക്കിയ സിദ്ധികള്‍ അന്യം നിന്നുപോയി വൈദ്യ കുടുംബം തന്നെ ഇല്ലാതാകുമെന്നും പല കഥകളിലും കേള്‍ക്കാറുണ്ട്..എന്നാല്‍ ശാസ്ത്രീയമായി ഒരു പാമ്പിനും നമ്മുടെ ശരീരത്തില്‍ നിന്നും വിഷം തിരിച്ചെടുക്കാനുള്ള കഴിവില്ല.ഇങ്ങനെ ഡയാലിസിസ് നടത്തി ഒരാളുടെ രക്തം പോലും ഒരു പാമ്പും ശുദ്ധീകരിച്ചിട്ടില്ല.

മാരക വിഷമേറ്റാല്‍
മൂത്രം പോവില്ല

ഇത്തരമൊരു അന്ധവിശ്വാസവും സമൂഹത്തിലുണ്ട്.എന്നാല്‍ ഭയന്നോ മാനസികമായ പ്രശ്‌നങ്ങള്‍ മൂലമോ മൂത്രം പോകാതിരിക്കാം എന്നല്ലാതെ പാമ്പ് കടിയുമായി ഇതിനൊരു ബന്ധവുമില്ല.

പച്ചില്ലപ്പാമ്പ് കണ്ണ്
കൊത്തിപ്പൊട്ടിക്കുമോ

പലരുടേയും വിശ്വാസം പച്ചിലപ്പാമ്പ് കണ്ണ് കൊത്തിപ്പൊട്ടിക്കുമെന്നാണ്.ഇത് ശരിയല്ല.മരം കയറുന്ന പാമ്പുകളില്‍(കൊളുബ്രിഡ് ഫാമിലി) പലതിനും വിഷമില്ലെന്നതാണ് സത്യം.തമിഴില്‍ കണ്‍ കൊത്തിപ്പാമ്പ് എന്നറിയപ്പെടുന്നത് കൊണ്ടാവാം ഇത്തരമൊരു അന്ധവിശ്വാസം വ്യാപകമായത്. പച്ചിലപ്പാമ്പ്് ഉപദ്രവിച്ചയാളുടെ മരണം നടക്കും വരെ മരക്കൊമ്പില്‍ തൂങ്ങിക്കിടക്കുമെന്ന വിശ്വാസവും ശരിയല്ല.

പാമ്പ് സംഗീതാസ്വാദകനല്ല

പാമ്പ് നന്നായി സംഗീതം ആസ്വദിക്കും എന്ന കാര്യം പച്ചക്കള്ളമാണ്.ബാഹ്യകര്‍ണ്ണമില്ലാത്ത ഇവയ്ക്ക് സംഗീതം നേരിട്ട് കേള്‍ക്കാനാവില്ല.പാമ്പാട്ടികളുടെ മകുടിയുടെ ചലനം കണ്ട് ഭയന്ന് പാമ്പുകള്‍ ഫണം വിടര്‍ത്തി ആടുന്നത് കണ്ടിട്ടാവണം ഇത്തരം പ്രചാരണങ്ങളുണ്ടായതെന്ന് കരുതാം.

വാല്‍ കൊണ്ട്
പാമ്പ് കുത്തുമോ

പാമ്പ് വാല് കൊണ്ട് കുത്തി വിഷമേല്‍പ്പിക്കും എന്ന വിശ്വാസം പലര്‍ക്കുമുണ്ട്.വാലില്‍ വിഷമുള്ള ഒരു പാമ്പിനേയും ഇന്ന് വരെ കണ്ടെത്തിയിട്ടില്ല.

പാമ്പിന്‍ വിഷം

എല്ലാ പാമ്പുകള്‍ക്കും വിഷമുണ്ട്.വിഷ വീര്യം കൂടിയവയെ മാത്രമാണ് നാം വിഷമുള്ള പാമ്പ് എന്ന് വിളിക്കുന്നത്.പാമ്പിന്‍ വിഷം പല രോഗങ്ങള്‍ക്കുമുള്ള ഔഷധങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.വിഷ ഗ്രന്ഥികളില്‍ നിന്നും പല്ലുകള്‍ വഴിയാണ് പാമ്പിന്‍ വിഷം പുറത്ത് വരുന്നത്.പാമ്പിന്‍ വിഷം വളരെ നേര്‍പ്പിച്ച് കുതിര പോലുള്ള ഇതര ജീവികളില്‍ കുത്തിവെച്ചാണ് വിഷത്തിനുള്ള മറുമരുന്ന് തയ്യാറാക്കുന്നത്.ഒരു തരത്തില്‍ പറഞ്ഞാല്‍ വിഷത്തിന് മരുന്ന് വിഷം തന്നെയാണ്.
പല്ലുകളിലേക്ക് വിഷം എത്തുന്ന രീതിക്കനുസരിച്ച് വിഷപ്പല്ല് ഇല്ലാത്തവ,മുന്നില്‍ വിഷപ്പല്ല് ഉള്ളവ,പിന്നില്‍ വിഷപ്പല്ല് ഉള്ളവ,മടക്കി വെക്കാവുന്ന വിഷപ്പല്ലുകള്‍ ഉള്ളവ എന്നിങ്ങനെ പാമ്പുകളെ തരം തിരിച്ചിട്ടുണ്ട്. പാമ്പിന്റെ വിഷപ്പല്ലുകള്‍ പിഴുത് വായ തുന്നിക്കെട്ടിയാണ് പല പാമ്പാട്ടികളും പാമ്പിനെ കൊണ്ട് നടക്കുന്നത്. ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ ഇത്തരം പാമ്പുകള്‍ വേഗത്തില്‍ ചത്ത് പോകും.

പാമ്പ് കടിയേറ്റാല്‍

കടിവായ കീറാനോ പൊള്ളിക്കാനോ പാടില്ല.എന്നാല്‍ കടിവായയിലെ രക്തം ഞെക്കികളയാം.കടിയേറ്റയാളിന് ധൈര്യം നല്‍കാനും ഏറ്റവും വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനും കൂടെയുള്ളവര്‍ തയ്യാറാകണം.രോഗിയുടെ ശരീരം ഇളകാതെയും പരമാവധി നടത്താതെയും ആശുപത്രിയില്‍ എത്തിക്കുന്നതാണ് ഉചിതം. കടിയേറ്റ ഭാഗത്തിന് മുകളില്‍ തുണിയോ ചരടോ കെട്ടാറുണ്ട് (ടൂര്‍ണിക്കെ). ഇത് കൊണ്ട് പ്രത്യേകിച്ച്് കാര്യമൊന്നും ഇല്ല.എന്നാല്‍ അങ്ങനെ ചെയ്താല്‍ വിഷവ്യാപനം ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്ന രോഗിക്ക് ടൂര്‍ണിക്കെ വലിയ ആശ്വാസം പകരും.എന്നാല്‍ ഈ കെട്ട് മുറുകാതിരിക്കാനും ഒരു മണിക്കൂറിനുള്ളില്‍ അഴിക്കാനും ശ്രദ്ധിക്കണം. .കാരണം കെട്ട് മുറുകിയാല്‍ ഗുണത്തേക്കാളധികം ദോഷമാണുണ്ടാകുക.ചിലപ്പോള്‍ അവയവം തന്നെ മുറിച്ചു മാറ്റേണ്ടി വന്നേക്കാം.കടിയേറ്റയാള്‍ക്ക് ശുദ്ധ ജലം നല്‍കാം. എന്നാല്‍ മധുര പാനീയം,ആല്‍ക്കഹോള്‍ എന്നിവ നല്‍കരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

IIM പ്രവേശനത്തിന് CAT 2024; രജിസ്ട്രേഷൻ സെപ്റ്റംബർ 20 വരെ

Published

on

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് പോസ്റ്റ് ഗ്രാജുവേറ്റ്, ഫെലോ / ഡോക്ടർ തല മാനേജ്മെൻറ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ് ) 2024, നവംബർ 24ന് മൂന്ന് സെഷനുകളിലായി നടത്തും.

. മാനേജ്മെന്റ്റ് കോഴ്സുകളുടെ അഡ്‌മിഷന് വേണ്ടിയുള്ള പ്രവേശന പരീക്ഷയായ കോമൺ അഡ്‌മിഷൻ ടെസ്റ്റ് നടത്തുന്നത് കൊൽക്കത്ത ഐഐഎമ്മാണ്. നവംബർ 5ന് അഡ്‌മിറ്റ് കാർഡ് ലഭ്യമാവും.

. 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. സംവരണ വിഭാഗങ്ങൾക്ക് 45 ശതമാനംമതി. 2500 രൂപയാണ് ജനറൽ വിഭാഗത്തിന്റെ അപേക്ഷഫീസ്. സംവരണവിഭാഗങ്ങൾക്ക് 1250 രൂപയാണ് ഫീസ്. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.

. മോക്ക് ടെസ്റ്റ് കാറ്റ് വെബ്സൈറ്റിൽ ഒക്ടോബർ അവസാനം ലഭ്യമാകും.

. അപേക്ഷ സെപ്റ്റംബർ 20ന് വൈകിട്ട് 5 വരെ https://iimcat.ac.in വഴി നൽകാം.

. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും വരെ അപേക്ഷാർത്ഥി സാധുവായ ഈ-മെയിൽ വിലാസവും മൊബൈൽ നമ്പറും നിലനിർത്തണം. ഫലം ജനുവരി രണ്ടാം വാരം.

. പരീക്ഷ നവംബർ 24 ന്

കൂടുതൽ വിവരങ്ങൾക്ക്
https://iimcat.ac.in

Continue Reading

Education

ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെമുതല്‍

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികള്‍ക്ക്‌ ഓണപ്പരീക്ഷയില്ല

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഇന്ന് ആരംഭിക്കും. ഹൈസ്‌കൂള്‍ വിഭാഗം പരീക്ഷകളാണ്‌ ഇന്ന് നടക്കുക. യുപി പരീക്ഷകള്‍ ബുധനാഴ്‌ച തുടങ്ങും. പ്ലസ്‌ടു പരീക്ഷയും ആരംഭിക്കും. എല്‍പി വിഭാഗത്തിന്‌ വെള്ളിയാഴ്‌ചയാണ്‌ ആരംഭിക്കുക.

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികള്‍ക്ക്‌ ഓണപ്പരീക്ഷയില്ല. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 10.15 വരെയും പകല്‍ 1.30 മുതല്‍ 1.45 വരെയും കൂള്‍ ഓഫ്‌ ടൈം അനുവദിക്കും. വെള്ളിയാഴ്ച ഉച്ചയ്‌ക്കുള്ള പരീക്ഷ രണ്ട്‌ മുതല്‍ 4.15 വരെയായിരിക്കും. ഒന്ന്‌, രണ്ട്‌ ക്ലാസുകളില്‍ സമയദൈർഘ്യമില്ല. പ്രവർത്തനങ്ങള്‍ പൂർത്തിയാകുന്ന മുറയ്‌ക്ക്‌ പരീക്ഷ അവസാനിപ്പിക്കാം. 12ന്‌ പരീക്ഷകള്‍ അവസാനിക്കും. ഓണാവധിക്കായി 13ന്‌ സ്‌കൂള്‍ അടയ്‌ക്കും.

Continue Reading

Education

പത്താംതരം തുല്യതാപരീക്ഷ: സെപ്റ്റംബര്‍ 11 വരെ ഫീസ് അടക്കാം

അപേക്ഷകൻ നേരിട്ട് ഓണ്‍ലൈനായി രജിസ്‌ട്രേഷനും കണ്‍ഫർമേഷനും നടത്തണം.

Published

on

ഒക്ടോബർ 21 മുതല്‍ 30 വരെ നടക്കുന്ന പത്താംതരം തുല്യതാപരീക്ഷയ്ക്ക് സെപ്റ്റംബർ 11 വരെ ഫീസടയ്ക്കാം. പിഴയോടുകൂടി സെപ്റ്റംബർ 13-ാം തീയതിക്കകം ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെ ഫീസ് അടയ്ക്കാവുന്നതാണ്.അപേക്ഷകൻ നേരിട്ട് ഓണ്‍ലൈനായി രജിസ്‌ട്രേഷനും കണ്‍ഫർമേഷനും നടത്തണം.

കണ്‍ഫർമേഷൻ നല്‍കിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധരേഖകള്‍ ഉള്‍പ്പെടെ അതത് പരീക്ഷാകേന്ദ്രങ്ങളിലാണ് ഫീസ് ഒടുക്കേണ്ടത്. ഗ്രേഡിംഗ് സംവിധാനത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർക്കും ഇത് ബാധകമാണ്. വിശദവിവരങ്ങള്‍ക്ക്: https://pareekshabhavan.kerala.gov.in.

Continue Reading

Trending