രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം 2023 ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയിൽ നടത്താൻ കോൺഗ്രസ് നീക്കം. കാൽനടയായും വാഹനങ്ങളിലുമായി ഹൈബ്രിഡായാണ് രണ്ടാം ഭാരത് ജോഡോ യാത്ര നടത്തുന്നത്.
ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം 2022 സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് ആരംഭിച്ചത്. ഏകദേശം 4,080 കിലോമീറ്റർ പിന്നിട്ട യാത്ര 2023 ജനുവരിയിൽ ജമ്മു കശ്മീരിലെ ശ്രീനഗറിൽ സമാപിച്ചു. 126 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോയത്.
ആദ്യ യാത്ര തെക്കുനിന്ന് വടക്കോട്ടായതിനാൽ, കിഴക്കുനിന്നു പടിഞ്ഞാറോട്ട് മറ്റൊരു ഭാരത് ജോഡോ യാത്ര നടത്തണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഒന്നാം ഭാരത് ജോഡോ യാത്ര കോൺഗ്രസിന് ഇന്ത്യയിലുടനീളം മികച്ച മുന്നേറ്റമാണ് സമ്മാനിച്ചത്. കർണാടകയിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് ഭാരജ് ജോഡോ യാത്ര കളമൊരുക്കിയെന്നാണ് പാർട്ടി വിലയിരുത്തൽ.