പാര്‍ട്ടിക്കെതിരേ ശബ്ദിച്ചതിന് ടിപി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയില്‍ ഇനിയും ആരെയെങ്കിലും സിപിഐഎം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
മുഖ്യമന്ത്രിയും, പാര്‍ട്ടിയും നല്കുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിന്‍ബലം. പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ടിപി ചന്ദ്രശേഖരന്‍ മാതൃകയില്‍ തീര്‍ത്തുകളയാം എന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് സുധാകരന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊന്ന കേസിലെ പ്രതി ആകാശ് തില്ലങ്കേരി വീണ്ടും വധഭീഷണി മുഴക്കി രംഗത്തുവന്നത് സിപിഎം സമുന്നത നേതാക്കളുടെ അറിവോടെയാണ്. ടിപി ചന്ദ്രശേഖരനെ കൊല്ലുന്നതിനു മുമ്പും സമാനമായ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. അന്നു കുലംകുത്തിയെന്ന് വിളിച്ച് ഭീഷണി മുഴക്കിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്. ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികളായ ടികെ രജീഷ്, ഷാഫി, സിജിത്ത്, ട്രൗസര്‍ മനോജ് എന്നിവര്‍ക്ക് ശിക്ഷായിളവു നല്കാന്‍ നടത്തിയ നീക്കത്തിനൊടുവില്‍ ഇരകളായത് മൂന്ന് ജയിലുദ്യോഗസ്ഥരാണ്. എന്നാല്‍, ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് ഇത്തരമൊരു നീക്കം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒടുങ്ങാത്ത പകയാണ് ഇതിനു പിന്നിലെന്നും സുധാകരന്‍ പറഞ്ഞു.