X

പ്രതികളെ കുറിച്ച് ഒരുതുമ്പു പോലും കിട്ടാതെ വട്ടം കറങ്ങി പൊലീസ്; സഹായം തേടി നോട്ടീസ്‌

ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ സഹായം തേടി പൊലീസ് വാഹനം തിരിച്ചറിയാൻ പൊതുജന സഹായം തേടി പൊലീസ് നോട്ടിസ് ഇറക്കി. KL 04 AF 3239 എന്ന നമ്പർപ്ലേറ്റ് നിർമിച്ചവർ പൊലീസിനെ അറിയിക്കണം. 94979 80211 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നാണ് കൊല്ലം റൂറൽ പൊലീസിന്റെ അറിയിപ്പ്.

കൊല്ലം തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും പ്രതികൾ സഞ്ചരിച്ച വാഹനം പോലും കാണാമറയത്താണ്. കുഞ്ഞിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് പ്രതികളെ കണ്ടെത്താനാണ് പൊലീസ് നീക്കം.

രണ്ടുരാത്രിയും പകലും പിന്നിടുമ്പോഴും പ്രതികളെക്കുറിച്ച് ഒരുതുമ്പു പോലും ലഭിക്കാതെ പൊലീസ് വട്ടംകറങ്ങുകയാണ്. കൊല്ലം ജില്ലക്കാരായ പ്രതികൾ കല്ലുവാതുക്കൽ, വർക്കല കേന്ദ്രീകരിച്ചാണ് തങ്ങിയതെന്നാണ് സൂചന. കുഞ്ഞ് നൽകിയ വിവരം പ്രകാരം ഒരു ഒറ്റനില വലിയ വീട്ടിലായിരുന്നു കുഞ്ഞിനെ താമസിപ്പിച്ചിരുന്നത്.

തട്ടിക്കൊണ്ടുപോയപ്പോൾ സഞ്ചരിച്ച കാർ, പിന്നീട് പ്രതികൾ പാരിപ്പളളിയിൽ എത്തിയ ഓട്ടോറിക്ഷ ഇതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വീടുമായി അടുപ്പമുണ്ടായിരുന്നവർ ആസൂത്രണം ചെയ്താണോ തട്ടിക്കൊണ്ടുപോകലെന്നും പൊലീസ് അന്വേഷിക്കുന്നു.

കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പോയ യുവതി പിന്നീട് ആശ്രമം ഭാഗത്തു നിന്ന് എത് വാഹനത്തിൽ എവിടേക്കാണ് കടന്നുകളഞ്ഞതെന്ന് വ്യക്തമല്ല. മുപ്പതിലധികം സ്ത്രീകളുടെ ചിത്രം ഇതിനോടകം കുഞ്ഞിനെ കാണിച്ചെങ്കിലും കുഞ്ഞ് ആരെയും തിരിച്ചറിഞ്ഞിട്ടുമില്ല.

തട്ടിക്കൊണ്ടുപോകൽ ശ്രമത്തിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷിക്കുന്ന കേസിൽ സ്ത്രീയുടെ രേഖാചിത്രം പൊലീസ് തയാറാക്കി. നെടുമ്പന പഞ്ചായത്തിലെ നല്ലില പനയ്ക്കൽ ജംക്‌ഷന് സമീപം താമസിക്കുന്ന ചിത്രയുടെ വീടിന് മുന്നിലാണ് തിങ്കൾ രാവിലെ എട്ടരയ്ക്ക് സ്‌കൂട്ടറിൽ സ്ത്രീയും പുരുഷനും എത്തിയത്. ഇതേ സ്ത്രീ തന്നെയാണോ ഓയൂരിലും ഉണ്ടായിരുന്നതെന്ന് പൊലീസ് അന്വേഷിക്കുന്നു

webdesk13: