X

അന്ന് അത്ഭുതത്തോടെ നോക്കിയിരുന്ന സ്ഥലം; പാണക്കാട് സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍

ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിന്റെ കൈപിടിച്ചതിന് പിന്നാലെ പാണക്കാടെത്തി സന്ദീപ് വാര്യര്‍. സാദിഖലി ശിഹാബ്‌ തങ്ങളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുളള ലീഗ് നേതാക്കളും പാണക്കാട്ടുണ്ട്. മലപ്പുറവുമായി പൊക്കിൾക്കൊടി ബന്ധമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യർ പറഞ്ഞു. മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. ആ സംസ്കാരം മലപ്പുറത്തിന് കിട്ടാൻ കാരണം കൊടപ്പനക്കൽ തറവാടും പാണക്കാട്ടെ കുടുംബവുമാണെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

‘ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോഴൊക്കെ അത്ഭുതത്തോടെയാണ് ഞാൻ ഈ വീടിനെ കണ്ടിട്ടുള്ളത്. ഏത് സമയത്തും ആർക്കും സഹായം ചോദിച്ച് കടന്നുവരാം. ബിജെപിയുടെ രാഷ്ട്രീയം സംസാരിക്കുന്ന സമയത്ത് ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഹൃദയവേദനയുണ്ടായിട്ടുള്ളവർക്ക് എന്റെ ഈ വരവ് തെറ്റിദ്ധാരണകൾ മാറ്റാൻ സഹായമാകും.

യൂത്ത് ലീഗിന്റെ പ്രവർത്തകർ എന്നെ എത്രത്തോളം സ്നേഹത്തോടെയാണ് സ്വീകരിച്ചത്. താനിരിക്കുന്ന കസേരയുടെ മഹത്വമറിയാത്തവരാണ് സന്ദീപിന് വലിയ കസേര കിട്ടട്ടെയെന്നൊക്കെ പറഞ്ഞത്. കൊടപ്പനക്കൽ തറവാട്ടിൽ വന്ന് തങ്ങളുടെ കൂടെയിരിക്കാൻ ഒരു കസേര കിട്ടിയിട്ടുണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണ്’- സന്ദീപ് വാര്യർ പറഞ്ഞു.

സന്ദീപ് വാര്യരുടെ കടന്നുവരവ് സന്തോഷത്തോടെയാണ് നോക്കിക്കാണുന്നതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. കഴിഞ്ഞകാലങ്ങളിലെ നിലപാടുകൾ മാറ്റി മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും രാഷ്ട്രീയ ഭൂമിയിലേക്ക് സന്ദീപ് കടന്നുവന്നിരിക്കുകയാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

ബിജെപിയാണ് അവസാന അഭയകേന്ദ്രം എന്ന ചിന്താഗതിക്കാണ് സന്ദീപ് വാര്യർ കോണ്‍ഗ്രസിൽ ചേർന്നതോടുകൂടി മാറ്റം വരുന്നതെന്നും ഇനി ഇന്ത്യ മുന്നണിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കാലമാണ് വരാൻ പോകുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

webdesk13: