ഷംസീര്‍ കേളോത്ത്
ഏക സിവില്‍ കോഡ് എന്ന ഭൂതം പെട്ടിയില്‍നിന്ന് വീണ്ടും പുറത്ത് ചാടിയിരിക്കുന്നു. സംഘ്പരിവാര്‍ ബോധപൂര്‍വം അതിനെ തുറന്നുവിട്ടിരിക്കുന്നു എന്ന് പറയുന്നതാവും ശരി. എണ്‍പതുകളുടെ മധ്യേ അതുയര്‍ത്തിയ പ്രശ്‌നങ്ങള്‍ ചെറുതായിരുന്നില്ല. ഇന്ന് വീണ്ടും ഭരണപക്ഷ മാധ്യമങ്ങളും അവരുടെതന്നെ നിരീക്ഷകരും സര്‍ക്കാര്‍ പ്രീതി കാംക്ഷിക്കുന്ന ഭാഗ്യാന്വേഷികളും വിദ്വേഷ പ്രസംഗങ്ങളില്‍ ഗവേഷണം നടത്തുന്നവരുമടങ്ങുന്ന സംഘ്പരിവാര്‍ ഇക്കോസിസ്റ്റം ആക്ടിവേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. രാജ്യസഭയില്‍ രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി അംഗംസ്വകാര്യ ബില്ലായി അവതരണാനുമതി തേടുകയും ചര്‍ച്ച നടക്കട്ടേ എന്ന ആമുഖത്തോടെ ഏക സിവില്‍ കോഡിന്‍മേലുള്ള ചര്‍ച്ചക്ക് ഭരണകക്ഷി സമ്മതം മൂളുകയും ചെയ്തു. സംഘ്പരിവാറിന്റെ കണ്ണ് എങ്ങോട്ടാണെന്ന് മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞന്റെ ബുദ്ധിയോ തത്വചിന്തകന്റെ ധിഷണയോ ആവശ്യമില്ല. രാജ്യമിന്ന്എത്തിനില്‍ക്കുന്ന രാഷ്ട്രീയ സാമൂഹ്യാവസ്ഥകളെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും വിശദീകരണമാവശ്യമില്ലാത്തവിധം അത് തിരിച്ചറിയാനാവും. ഹിന്ദുരാഷ്ട്ര നിര്‍ മിതിയിലേക്കുള്ള പദ്ധതികളുടെ ഭാഗമാണ് സംഘ്പരിവാറിന്റെ ഏകസിവില്‍ കോഡ്. അതുകൊണ്ടുതന്നെ അവര്‍ കൊണ്ടുവരാനാഗ്രഹിക്കുന്ന ഏകസിവില്‍ കോഡ് മുസ്‌ലിം വിരുദ്ധവും വര്‍ഗീതയവുമാണ്.
ദേശീയ ഐക്യമെന്നാല്‍ ഏകസ്വരതയല്ല
രണ്ട് പ്രധാന വാദങ്ങളാണ് ഏക സിവില്‍ കോഡിനനുകൂലമായി പൊതുവെ ഉയര്‍ത്തപ്പെടാറുള്ളത്. അതിലൊന്ന് ലിംഗ സമത്വവും മറ്റൊന്ന് ദേശീയ ഐക്യവുമാണ്. ഏക സിവില്‍കോഡ് കൊണ്ട് ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയില്ല എന്ന് മാത്രമല്ല ഫലത്തില്‍ നേര്‍ വിപരീതമാണ് നടക്കാന്‍ സാധ്യതകളേറേയുള്ളത്. ദേശീയ ഐക്യവും ലിംഗസമത്വവും പുലര്‍ന്നു കാണാനുള്ള താല്‍പര്യമല്ല മറിച്ച് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിം മത സ്വത്വമുള്‍െപ്പയടെ അപര മത സംസ്‌കാരങ്ങളെ തകര്‍ക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഐക്യം അതിന്റെ ബഹുസ്വരതയിലാണെന്ന് രാജ്യം സ്വാതന്ത്ര്യത്തിന് മുമ്പേ തിരിച്ചറിഞ്ഞതാണ്. നവ സ്വാതന്ത്ര്യ രാഷ്ട്ര നിര്‍മിതിയില്‍ ന്യൂനപക്ഷാവകാശങ്ങള്‍ക്കുള്ള പങ്ക് ദേശീയ സ്വാതന്ത്ര്യ സമര കാലത്തെ എല്ലാ പ്രഖ്യാപനങ്ങളിലും കാണാവുന്നതാണ്. അവിടെയൊന്നും ഏക സിവില്‍ കോഡിനെ പറ്റി പരാമര്‍ശങ്ങളില്ല. 1947 മാര്‍ച്ച് 26ന് ചേര്‍ന്ന ഭരണഘടനാനിര്‍മാണ സഭയിലെ മൗലികാവാകശങ്ങളുടെ സബ് കമ്മിറ്റിയിലാണ് ഒരംഗം ഈയൊരു നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നത്. അങ്ങനെയാണ് മാര്‍ഗനിര്‍ദ്ദേശ തത്വങ്ങളുടെ കൂട്ടത്തില്‍ ഏകസിവില്‍ കോഡിനായുള്ള നിര്‍ദ്ദേശം കടന്നുകൂടിയത് (അനുച്ഛേദം 44). ദേശീയ ഐക്യം സാധ്യമാക്കേണ്ടത് ബഹുസ്വരതയെ ഇല്ലാതാക്കി ഏകസ്വരതയെ സൃഷ്ടിച്ചല്ല. ഒരിടത്തും അങ്ങനെയൊരു ഐക്യം സാധ്യമായിട്ടില്ല. യൂറോപ്യന്‍ ദേശീയതയുടെയും ആധുനികതയുടെയും ഉത്പന്നമാണ് ഏകമത/ഭാഷാ/വംശ പൗരസമൂഹങ്ങള്‍. ഏകസ്വരതയില്‍നിന്ന് സമൂഹങ്ങള്‍ പിന്നീട് എത്രത്തോളം ബഹുസ്വരമായി എന്നത് നമുക്ക് മുമ്പാകെയുണ്ട്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ടീമിന്റെ വൈവിധ്യം മാത്രമൊന്ന് പരിശോധിച്ചാല്‍ മതി. ചരിത്രാതീത കാലം തൊട്ടേ പൗരസ്ത്യര്‍ ബഹുസ്വരതെയെ ഉള്‍ക്കൊള്ളുന്നവരായിരുന്നു. ഗാന്ധിയുടെ മതമൂല്യങ്ങളെ പറ്റിയുള്ള സങ്കല്‍പ്പങ്ങള്‍ ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്നതിനുള്ള തെളിവാണ്. ഇന്ത്യയിലെ വിവിധ വിശ്വാസ ധാരകളെ, വിശുദ്ധ ഗ്രന്ഥങ്ങളെ ആകെ പൊതുരാഷ്ട്രീയ സമസ്യകളിലേക്ക് ഉള്‍ച്ചേര്‍ത്താണ് അദ്ദേഹം ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്. ദേശീയ നിര്‍മിതിക്കായി എല്ലാത്തിനെയും പരിത്യജിച്ച് പുതിയതൊന്ന് പൊതുവായി ഉണ്ടാക്കിയല്ല. ‘പൊതു’ എന്നതില്‍ പലതും അധീശത്വ ഭൂരിപക്ഷ സ്വാധീനമുള്ളവയായിരിക്കുമെന്നത് പലപഠനങ്ങളില്‍നിന്നും നിരീക്ഷണങ്ങളില്‍ നിന്നും വ്യക്തവുമാണ്. ഏക സിവില്‍ കോഡ് നടപ്പാക്കിയ സ്ഥലമായി പറയപ്പെടാറുള്ള ഗോവയുടെ കാര്യം തന്നെയെടുക്കാം. പോര്‍ച്ചുഗീസ് കുടുംബ പിന്തുടര്‍ച്ചാനിയമമാണ് അവിടെ പ്രാബല്യത്തിലുള്ളത്. പ്രമുഖ നിയമ പണ്ഡിതന്‍ ഫൈസാന്‍ മുസ്തഫ ഗോവയിലെ സിവില്‍ നിയമത്തെ പറ്റി എഴുതിയിട്ടുണ്ട്. അദ്ദേഹം പറയുന്നത് പോര്‍ച്ചുഗീസ് സിവില്‍ നിയമവും ഒപ്പം ഹിന്ദു മതശാസ്ത്രങ്ങളെ മുന്‍നിര്‍ത്തിയുള്ള നിയമുവാണ് അവിടെ ഉള്ളത് എന്നാണ്. പരിഷ്‌കരണത്തിന് വിധേയമായ ഹിന്ദു നിയമങ്ങള്‍ മറ്റ് പ്രദേശങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ ഗോവയില്‍ പൂര്‍ണമായും മതശാസ്ത്രങ്ങളെ മുന്‍നിര്‍ത്തിയുള്ള ഹിന്ദുമത ശാസനകളാണ് നിലകൊള്ളുന്നത്. ഈ രണ്ട് നിയമങ്ങളാണ് മുസ്‌ലിംകളടക്കമുള്ള മറ്റു വിഭാഗങ്ങള്‍ക്ക് ഗോവയില്‍ ബാധകമാക്കിയിരിക്കുന്നതെന്നും കാണാം. അപ്പോള്‍ ഏകസിവില്‍ കോഡ് ഫലത്തില്‍ എന്തായിരിക്കും എന്നത് ഊഹിക്കാമല്ലോ. മതം വ്യക്തി ജീവിതത്തില്‍ ഒതുങ്ങണമെന്നും പൊതുരാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ലെന്നുമുള്ള യൂറോപ്യന്‍ ആധുനികതാ യുക്തിയെ തള്ളി മതമൂല്യങ്ങള്‍ രാഷ്ട്രീയ സാമൂഹ്യ ബന്ധങ്ങളുടെ ആണിക്കല്ലാണെന്ന് പ്രഖ്യാപിച്ച ഗാന്ധിയുടെ മണ്ണാണ് ഇന്ത്യ. അവിടെയാണ് പൗരന്റെ വ്യക്തിമൂല്യങ്ങളെ നിര്‍ണയിക്കുന്ന വ്യത്യസ്ത മതശാസനകളെല്ലാം ത്യജിച്ച് പൊതുവായൊന്ന് സ്വീകരിക്കണമെന്ന് ഭരണകൂടം പറയുന്നത്. ആഷിശ് നന്ദിയെ പോലുള്ളവര്‍ നിരീക്ഷിച്ചത് പോലെ ആധുനികതയിലൂന്നിയ ഇത്തരം കടുംപിടുത്തങ്ങള്‍ ഫലത്തില്‍ പ്രതിലോമാശയങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുക മാത്രമേ ചെയ്യൂ.
ഏക സിവില്‍ കോഡ്
ലിംഗ നീതിയുമല്ല
പ്രമുഖ സ്ത്രീപക്ഷ ചിന്തകയും ആക്ടിവിസ്റ്റുമായ പ്രൊഫ. നിവേദിത മേനോന്‍ 2014ല്‍ എഴുതിയ ലേഖനത്തില്‍ ഏകസിവില്‍ കോഡിനായുള്ള സ്ത്രീപക്ഷ വാദങ്ങളിലെ പരിണാമത്തെ വരച്ചുകാട്ടുന്നുണ്ട്. ഏക സിവില്‍ കോഡ് എന്ന ആവശ്യത്തില്‍നിന്ന് 1995 ആവുമ്പോഴേക്ക് അത് വ്യക്തിനിയമങ്ങളിലെ കാലാനുസൃത പരിഷ്‌കരണം എന്ന വാദത്തിലേക്ക് സ്ത്രീപക്ഷ സംഘടനകള്‍ എത്തിയിട്ടുണ്ട്. ഇത് കാണിക്കുന്നത് ഏക സിവില്‍ കോഡ് വഴി ലിംഗനീതി നടപ്പാക്കപ്പെടില്ല എന്നും ഫലത്തില്‍ വൈവിധ്യങ്ങളെ ഇല്ലാതാക്കാന്‍ ഫാഷിസ്റ്റുകള്‍ക്ക് വടി കൊടുക്കുക മാത്രമാണുണ്ടാവുകയെന്നും അവര്‍ ശരിയാംവണ്ണം തിരിച്ചറിഞ്ഞു എന്നതാണ്. മുസ്‌ലിം ശരീഅത്ത് നിയമങ്ങളില്‍ സ്ത്രീക്ക് കല്യാണ വേളയില്‍ നിര്‍ബന്ധ അവകാശമായ മഹറ് നല്‍കല്‍ പോലുള്ള ആചാരങ്ങള്‍ പൊതു ഏകീകൃത നിയമങ്ങളില്‍ ഇടംപിടിക്കാതെ വരുമ്പോള്‍ ഫലത്തില്‍ അത് ലിംഗ നീതിയുടെ നിഷേധമാവുമെന്നും നിവേദിത മേനോനെ പോലുള്ളവര്‍ വിലയിരുത്തുന്നുണ്ട്. അതേസമയം 2019ലെ ബി.ജെ.പി തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാതെ ലിംഗസമത്വം സാധ്യമാവില്ലെന്നാണ് പറയുന്നത്. ബല്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ശിക്ഷാകാലവധി തീരുന്നതിന് മുന്‍പ് മോചിപ്പിച്ചവരാണ് ഇത് പറയുന്നതെന്ന് ഓര്‍ക്കണം. സ്ത്രീപക്ഷ സംഘടനകള്‍ കാലാനുസൃത തിരുത്തിന് തയ്യാറാവുമ്പോള്‍ നേരത്തെ ഹിന്ദു കോഡ് ബില്ലിനെയും മറ്റും എതിര്‍ത്ത ബി.ജെ.പി ഏക സിവില്‍കോഡിന് വേണ്ടി വാദിക്കുന്നതിന് പിന്നിലെ വൈരുധ്യം തന്നെയാണ് അവരുടെ രാഷ്ട്രീയം.
ഫാഷിസ്റ്റ് യുക്തി
വിധ്വസംകവും പ്രതിലോമകരവുമായ പരിപാടികളില്‍ നാടിന്റെ വിപ്ലവാത്മകമായ മാറ്റത്തിന്റെ തോന്നിപ്പിക്കലുകള്‍ സന്നിവേശിപ്പിക്കും എന്നത് ഫാഷിസത്തി ന്റെ പ്രയോഗവത്കരണത്തിലെ പ്രത്യേകതകളിലൊന്നാണ്. നാടിനെയും ജനങ്ങളെയും അപകടപ്പെടുത്തുന്ന പദ്ധതികളാ ണെങ്കില്‍കൂടി ദേശീയ മുന്നേറ്റത്തെയും ഐക്യത്തെയും മുന്‍നിര്‍ത്തിയാണ് തങ്ങളിത് ചെയ്യുന്നതെന്ന വാദം അവരുയര്‍ത്തും. നാസി ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ നടപ്പാക്കിയ ന്യൂറംബര്‍ഗ് നിയമങ്ങളടക്കം ഇത്തരത്തിലുള്ളതായിരുന്നു. ശുദ്ധ ജര്‍മനിയുടെ നിര്‍മിതിക്കായുള്ള നീതിയുക്തമായ നീക്കങ്ങളായാണ് ജൂതരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും നിലനില്‍പ്പിനെ അപകടത്തിലാക്കുന്ന നിയമങ്ങളെ അവര്‍ വിശേഷിപ്പിച്ചത്. എഴുത്തുകാരനും ചിന്തകനുമായ ബി. രാജീവന്‍ നിരീക്ഷിക്കുന്നത് പോലെ ജനാധിപത്യ ശക്തികളെ ഒരു നിഷേധാത്മക ശക്തിയായി തലകീഴ് മറിക്കുന്നതിലൂടെ ജനങ്ങളെ ഒരു മിഥ്യാവിമോചന വിപ്ലവത്തിന്റെ ഉന്മാദത്തിലേക്ക് തള്ളിയിടാന്‍ ഫാഷിസത്തിന് കെല്‍പ്പുണ്ട്. എണ്ണത്തില്‍ കുറഞ്ഞവരെ അപരവത്കരിക്കുന്ന, മുഖ്യധാരയില്‍നിന്ന് പുറംതള്ളുന്നതിന് ആക്കംകൂട്ടുന്ന യാതൊരു തത്വദീക്ഷയുമില്ലാത്ത അജണ്ടകളാണ് നടപ്പാക്കുകയെങ്കിലും ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ അതിനെ അവതരിപ്പിക്കുക നാടിന്റെ മുന്നേറ്റമായാണ്. അങ്ങനെയാണവര്‍ ഭൂരിപക്ഷത്തിന്റെ സാധുത തങ്ങളുടെ അജണ്ടകള്‍ക്ക് നേടിയെടുക്കുന്നത്. ലിംഗ സമത്വത്തിന്റെയും ദേശീയ ഐക്യത്തിന്റെയും മേലങ്കി ചാര്‍ത്തി സംഘ്പരിവാര്‍ സര്‍ക്കാര്‍ ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നതും അത്തരമൊരു ശ്രമമായാണ് മതേതര ഇന്ത്യ മനസ്സിലാക്കുന്നത്.
എതിര്‍പ്പ്, പോരാട്ടം
മത ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക നിലനില്‍പ്പിനെ അപകടത്തിലാക്കാന്‍ ഏകസിവില്‍ കോഡ് എന്ന സങ്കല്‍പ്പത്തിന് കെല്‍പ്പുണ്ടെന്ന് സാമുദായിക രാഷ്ട്രീയ സംഘശക്തി തുടക്കത്തില്‍തന്നെ തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍തന്നെ ഏകസിവില്‍ കോഡിനെതിരെയുള്ള മുസ്‌ലിംലീഗിന്റെ പോരാട്ടത്തിന് ഏഴര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. അനുച്ഛേദം 44 ന്റെ അപകടത്തെപറ്റി ഭരണഘടനാനിര്‍മാണസമതിയില്‍തന്നെ ഖാഇദെ മില്ലത്തിനെ പോലുള്ളവര്‍ മുന്നറിയിപ്പ് നല്‍കി. അനുച്ഛേദം 44 ന്യൂനപക്ഷ സാംസ്‌കാരിക നിലിനല്‍പ്പിന്‌മേല്‍ തൂങ്ങിയാടുന്ന വാളാണെന്ന് അവര്‍ അന്നേ തിരിച്ചറിഞ്ഞു. വ്യക്തിനിയമം അനുസരിച്ച് ജീവിക്കാനുള്ള അവകാശം മൗലികാവകാശങ്ങളില്‍ പെടുത്തി സംരക്ഷണം നല്‍കണമെന്നവര്‍ വാദിച്ചു. ഭരണഘടനാനിര്‍മാണ സമിതിയില്‍ ഖാഇദെ മില്ലത്ത് ഭേദഗതി അവതരിപ്പിച്ചു. അനുച്ഛേദം 13 ന്റെ പരിധിയില്‍ കൊണ്ടുവന്ന് അവയ്ക്ക് പരിരക്ഷ വേണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ട് വച്ചത്. പക്ഷേ, അവരുടെ മുന്നറിയിപ്പുകള്‍ വിഭജനം തീര്‍ത്ത പ്രത്യേക സാഹചര്യത്തില്‍ പലരും കേള്‍ക്കാന്‍ തയ്യാറായില്ല. മൗലികാവകാശങ്ങളില്‍ (അനുച്ഛേദം 25, 26, 29) മതഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ഭയപ്പെടാന്‍ ഒന്നുമില്ലെന്നുമായിരുന്നു അവര്‍ക്ക് ലഭിച്ച മറുപടി. പക്ഷേ ആ ഉറപ്പില്‍ അവര്‍ തൃപ്തരായിരുന്നില്ല. പിന്നീടും ജനാധിപത്യ വേദികളില്‍ അനുച്ഛേദം 44ന്റെ പ്രശ്‌നങ്ങള്‍ തുടരെ തുടരെ അവര്‍ തുറന്നുകാട്ടി. അനുച്ഛേദം 44 പിന്‍വലിക്കാന്‍ ഗുലാം മഹ്മൂദ് ബനാത് വാല 1985 മാര്‍ച്ച് 29ന് ഭരണഘടന പരിഷ്‌കരണ ബില്ല് കൊണ്ടുവന്നു. പാസ്സാക്കപെട്ടില്ലെങ്കിലും രാജ്യത്തിന്റെ പൊതുമനസ്സാക്ഷിക്ക് മുന്‍പാകെ ഏകസിവില്‍ കോഡിന്റെ പ്രശ്‌നങ്ങള്‍ വൃത്തിയായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. ഷാബാനു കേസിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ സമുദായം ഒറ്റക്കെട്ടായി ഏകസിവില്‍ കോഡ് നീക്കത്തെ ചെറുത്തു. അവസാനം സര്‍ക്കാറിന് പിന്തിരിയേണ്ടിയും വന്നു.
ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യസഭയില്‍ ബില്ല് വന്നപ്പോള്‍ നിതാന്ത ജാഗ്രതയോടെ അബ്ദുല്‍ വഹാബ് എം.പി അതിനെ ചോദ്യം ചെയ്തതും ഖാഇദെ മില്ലത്തില്‍ നിന്നാരംഭിച്ച ശരീഅത്ത് സംരക്ഷണ രാഷ്ട്രീയ ജാഗ്രതയുടെ തുടര്‍ച്ചയായാണ്. സംഘ്പരിവാര്‍ സര്‍ക്കാര്‍ അവരുടെ വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. അതിനെ ചെറുത്ത്‌തോല്‍പ്പിക്കാനുള്ള ജനാധിപത്യ മുന്നേറ്റങ്ങള്‍ സാധ്യമാക്കാന്‍ ഇനിയും കഴിയണം.