മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരി അടങ്ങുന്ന ഭക്ഷ്യക്കിറ്റും ഉപയോഗിക്കാന്‍ കഴിയാത്ത വസ്ത്രങ്ങളും നല്‍കിയ സംഭവത്തില്‍ പരാതിയില്‍ പ്രതികരണവുമായി ടി സിദ്ദിഖ് എംഎല്‍എ. പരിമിതികള്‍ ഉണ്ടായിട്ടും ദുരന്ത നിവാരണ പ്രവര്‍ത്തനത്തില്‍ ഏറ്റവും നന്നായി ഇടപെടലുകള്‍ നടത്തിയ പഞ്ചായത്തുകളില്‍ ഒന്നായിരുന്നു മേപ്പാടി പഞ്ചായത്ത്. റവന്യൂ വകുപ്പ് കൊടുത്തിരിക്കുന്ന അരിയിലാണ് പുഴുവരിച്ചിരിക്കുന്നത് എന്നാണ് പ്രാഥമികാന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. പഞ്ചായത്തിന് തെറ്റ് പറ്റിയിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഇന്നലെ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിലാണ് പുഴുവരിച്ച അരി കണ്ടെത്തിയത്. വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതര്‍ ആരോപിച്ചിരുന്നു.
അരിയില്‍ പുഴുവരിക്കുന്ന ദൃശ്യങ്ങളും വിതരണം ചെയ്ത റവയില്‍ പ്രാണികള്‍ വീണുകിടക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പഴകിയ വസ്ത്രങ്ങളാണ് വിതരണം ചെയ്തതെന്നും ദുരന്തബാധിതര്‍ പറഞ്ഞു.