സി.പി.എം ബി.ജെ.പി അന്തര്‍ധാരയുടെ ഭീകരമുഖമാണ് കഴിഞ്ഞ ദിവസം പാലക്കാട്ട് നടന്ന പാതിരാ റെയ്ഡ്. കോണ്‍ഗ്രസിന്റെതുള്‍പ്പെടെയുള്ള വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ നടന്ന റെയ്ഡിന്റെ സന്ദര്‍ഭവും സാഹചര്യങ്ങളും സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്നൊരുക്കിയ തിരക്കഥ ക്യത്യമായ പ്രകടമാക്കുന്നുണ്ട്. റെയ്ഡ് നടക്കുന്നതിനു മുമ്പേ തന്നെ ഇരുപാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയതും കൈരളി ചാനലിന്റെ വാര്‍ ത്താ സംഘം ഹോട്ടലിനുമുന്നില്‍ നേരത്തെ തന്നെ നിലയുറപ്പിച്ചതും ഒത്തുകളിക്കുള്ള പ്രഥമാ ദൃഷ്ട്യായുള്ള തെളിവുകളാണ്. ഹോട്ടലില്‍ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നേതാക്കളുമുണ്ടായിരുന്നിട്ടും കോണ്‍ഗ്രസ് നേതാക്കളുടെ മുറികള്‍തന്നെ തിരഞ്ഞുപിടിച്ച് തിരച്ചില്‍ നടത്തിയതും തെളിയിക്കുന്നത് മറ്റൊന്നല്ല. സി.പി.എം ബി.ജെ.പി ഉന്നത നേതാക്കള്‍ നേരിട്ടിടപെട്ട് തയാറാക്കിയ റെയ്ഡ് നാടകം ദയനീയമായി പൊളിഞ്ഞതോടെ ഇരുകൂട്ടരും പാലക്കാട്ടെ ജനങ്ങള്‍ക്കുമുന്നില്‍ പരിഹാസ്യമായി ത്തിര്‍ന്നിരിക്കുകയാണ്.
കൊടകര കുഴല്‍പണക്കേസിലൂടെ നാണംകെട്ടുനില്‍ക്കുന്ന ബി.ജെ.പിക്കും സംഘ്പരിവാര്‍ ബാന്ധവത്തിന്റെ തെളിവുകള്‍ ഒന്നിനുപിറകെ ഒന്നായി അനാവരണം ചെയ്യപ്പെട്ടതോടെ മുഖം വികൃതമാക്കപ്പെട്ട സി.പി.എമ്മിനും തങ്ങളകപ്പെട്ടുനില്‍ക്കുന്ന പ്രതിസന്ധിയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടല്‍ അനിവാര്യമായ ഘട്ടത്തിലാണ് ഇങ്ങനെയൊരു പാതിരാ നാടകം അരങ്ങേറുന്നത്. കൊടകരക്കേസില്‍ ബി.ജെ.പി നേത്യത്വത്തിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന എല്ലാ തെളിവുകളുമുണ്ടായിട്ടും സംസ്ഥാന പൊലീസ് അവര്‍ക്കെതിരെ ഒരുനടപടിയിലേക്കും നീങ്ങിയില്ലെന്നുമാത്രമല്ല ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിവരം പുറത്തുപറയുക പോലും ചെയ്തില്ലെന്ന യാഥാര്‍ത്ഥ്യം കേരളം ഞെട്ടലോടെയാണ് ശ്രവിച്ചത്.
ലാവലിന്‍ കേസിനു പുറമെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രികരിച്ചുനടന്ന കള്ളക്കടത്തുകളിലും സി.ബി.ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ച അതേ നിസംഗ സമീപനമാണ് കൊടകരക്കേസില്‍ പിണറായിയുടെ പൊലീസും സ്വീകരിച്ചത്. എ.ഡി.ജി.പിയുടെ ആര്‍.എസ്.എസ് നേത്യത്വവുമായുള്ള കൂടിക്കാഴ്ച്ച. തൃശൂര്‍ പൂരംകലക്കിയ വിഷയത്തില്‍ ഘടക കക്ഷികളെ പോലും തള്ളിക്കൊണ്ട് ആര്‍.എസ്.എസിന് അ നുകൂലമായുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണം, പാലക്കാട്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോ ചിഹ്നമോയില്ലാതെ ബി.ജെ.പി യെ സഹായിക്കാനുള്ള നീക്കം ഇതെല്ലാം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രധാന ചര്‍ച്ചാവിഷയമായിത്തീരുകയും ഇരുകൂട്ടരും ഉത്തരംമുട്ടി നില്‍ക്കുകയുമാണ്. ഈ ഘട്ടത്തില്‍ നടന്നിട്ടുള്ള അതിദുരൂഹമായ റെയ്ഡ് നാടകത്തിന്റെ എല്ലാ മുനകളും നീങ്ങുന്നത് സ്വാഭാവികമായും ഇരുവരിലേക്കും തന്നെയാണ്. റെയ്ഡിനോടുള്ള നേതാക്കളുടെ പ്രതികരണവും അണികളുടെ സമീപനവും ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അടിവരയിടുന്നു.
സകല മര്യാദകളും കാറ്റില്‍പ്പറത്തി നടത്തിയിട്ടുള്ള ദുരൂഹ നടപടിയെ, നേതാക്കളുടെ മുറിയില്‍ റെയ്ഡ് നടത്തിയാല്‍ എന്താണ് കുഴപ്പം എന്നുചോദിച്ച് നിസാരവല്‍ക്കരിച്ച മന്ത്രി എം.ബി രാജേഷിന്റെ അതേ സമീപനം തന്നെയാണ് ബി.ജെ.പി നേതാക്കള്‍ക്കുമുള്ളത്. സി.പി.എം നേതാക്കളായ ടി.വി രാജേഷ്, എ.എ റഹിം എന്നിവര്‍ക്കൊപ്പമാണ് യുവമാര്‍ച്ച പ്രസിഡന്റ് പ്രഫുല്‍കൃഷ്ണ ഉല്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് തമ്പടിച്ചുനിന്നത്. റെയ്ഡിന്റെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് നേതാക്കളെ ഹോട്ടലിനു മുന്നില്‍ തടഞ്ഞുനിര്‍ത്തുന്നതിലും രണ്ടുകൂട്ടരും ഒരുമെയ്യായാണ് പ്രവര്‍ത്തിച്ചത്. എ.ഡി.ജി.പിയുടെ ആര്‍.എ സ്.എസ് നേത്യത്വവുമായുള്ള കൂടിക്കാഴ്ച്ച വ്യഥാവിലായിരുന്നില്ലെന്നതിന്റെ തെളിവാണ് പൊലീസ് സ്വീകരിച്ച നെറി കെട്ട സമീപനം.
പി.പി ദിവ്യ കേസില്‍ നാണംകെട്ട പൊലീസ് യജമാനഭക്തിയാല്‍ നിലം വിട്ട് പെരുമാറുമ്പോള്‍ ബി.ജെ.പി സി.പി.എം നേതാക്കള്‍ക്ക് ഒരു പോറലുപോലു മേല്‍ക്കാതിരിക്കാന്‍ അവര്‍ ബദ്ധശ്രദ്ധയിലായിരുന്നു. മുന്‍ എം.എല്‍.എയും പരിണിതപ്രജ്ഞരായ പൊതുപ്രവര്‍ത്തകരുമൊക്കെയായ വനിതാ നേതാക്കളെ അപമാനത്തിന്റെ പരമാവധിയിലേക്ക് എത്തിച്ചുകൊണ്ടാണ് പൊലീസ് റെയ്ഡ് പൂര്‍ത്തിയാക്കിയത്. പാതിരാത്രിയില്‍ വനിതാ പൊലീസിന്റെ സാന്നിധ്യംപോലുമില്ലാതെ കിടപ്പുമുറിയിലേക്ക് ഇരച്ചുകയറുകയും ഭീതിജനകമായ സാഹചര്യങ്ങള്‍ സ്യഷ്ടിക്കുകയും ചെയ്ത അവര്‍ ബി.ജെ.പി സി.പി.എം നേതാക്കളുടെ മുന്നില്‍ വിനീത ദാസന്‍മാരായി മാറുകയായിരുന്നു. ബി.ജെ.പി നേതാക്കളുടെ റൂമിന് മുട്ടിയപ്പോള്‍ അവരുടെ രോഷപ്രകടനംകണ്ട് ഓടിരക്ഷപ്പെടുകയാണ് പിണറായി പൊലീസ് ചെയ്തിരിക്കുന്നത്. അവസാനം വെറുംകൈയ്യോടെ മടങ്ങേണ്ടി വന്നുവെങ്കിലും ഹോട്ടലിലെ ദൃശ്യങ്ങള്‍ ശേഖരിക്കലും മറ്റുമായി നാണക്കേട് മറക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സി.പി.എമ്മും ബി.ജെ.പിയുമാകട്ടെ പെരുംനു ണകളമായി വീണിടം വിഷ്ണുലോകമാക്കുന്ന തിരക്കിലുമാണ്. ഏതായാലും പൊലീസിനെ ഉപയോഗിച്ച് ഇരുകൂട്ടരും ചേര്‍ന്ന നടത്തിയിട്ടുള്ള ഈ നിപ്രവൃത്തിക്കുള്ള മറുപടി വോട്ടിംഗിലൂടെ പാലക്കാട്ടെ ജനത നല്‍കുമെന്നുറപ്പാണ്