X

നിയമസഭ തല്ലിപ്പൊളിച്ച സംഭവം കുറ്റസമ്മതം നടത്തി കെ.ടി ജലീല്‍

മലപ്പുറം: നിയമസഭ തല്ലിപൊളിച്ച സംഭവത്തില്‍ കുറ്റസമ്മതം നടത്തി കേസിലെ പ്രതിയായ കെ.ടി ജലീല്‍ എംഎല്‍എ. അതൊരു അബദ്ധമായിപോയി എന്നും കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നെന്നുമാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് വന്ന കമ്മന്റിന് മറുപടിയായി കെ.ടി ജലീല്‍ പറഞ്ഞിരിക്കുന്നത്. സിപിഎം പാര്‍ട്ടി നേതൃത്വവും കെസില്‍ പ്രതികളായ എംഎല്‍എമാരും ഇടതു സര്‍ക്കാറുമെല്ലാം അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന് വെരുത്തി തീര്‍ക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് കെ.ടി ജലീലിന്റെ ഖേദപ്രകടനം.

അധ്യാപക ദിനാശംസകള്‍ പങ്കുവെച്ച് ഇന്ന് കെ.ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഈ പോസ്റ്റിന് താഴെ ഫസല്‍ ഷുക്കൂര്‍ എന്നയാള്‍ നല്‍കിയ കമന്റിനായിരുന്നു കെ.ടി ജലീലിന്റെ മറുപടി. അസംബ്ലിയില്‍ ഇ.ടി ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ ചെയര്‍ വലിച്ചിട്ടത് ശരിയായില്ല. താങ്കള്‍ അസംബ്ലിയില്‍ പോയിരുന്നില്ലെങ്കില്‍ പി.എസ്.എം.ഒ കോളെജില്‍ പ്രിന്‍സിപ്പള്‍ ആകേണ്ട ആളായിരുന്നു. കോളെജില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോള്‍ താങ്കള്‍ വരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ താങ്കളുടെ ചെയര്‍ വലിച്ചെറിഞ്ഞാല്‍ എന്തായിരിക്കും താങ്കളുടെ നിലപാട്. ഇതായിരുന്നു ഫസല്‍ ഷുക്കൂറിന്റെ കമന്റ്. ഇതിനാണ് കെ.ടി ജലീല്‍ സംഭവത്തില്‍ കുറ്റസമ്മതം നടത്തിയുള്ള മറുപടി നല്‍കിയത്.

”ഞാന്‍ കസേരയില്‍ തൊടന്‍ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലെ, വികാരത്തള്ളിച്ചയില്‍ സംഭവിച്ച കൈപ്പിഴ”. ഇതായിരുന്നു കെ.ടി ജലീല്‍ ഇതിന് കൊടുത്ത മറുപടി. കേരളത്തില്‍ ഏറെ കോളിളടക്കം സൃഷ്ടിച്ച സംഭവമായിരുന്നു 2015 മാര്‍ച്ച് 13ന് നിയസമഭയില്‍ അരങ്ങേറിയത്. ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ നിയമസഭക്കുള്ളില്‍ ആക്രമം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പോലീസ് കേസ്. കെ.ടി ജലീലിന് പുറമെ മന്ത്രി വി.ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍ എന്നിവരാണ് പ്രതികള്‍. രാജ്യത്തിന് മുന്നില്‍ കേരളത്തിന് മൊത്തം നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.

സംസ്‌കാര സമ്പന്നര്‍ എന്നറിയപ്പെടുന്ന കേരളത്തില്‍ നിന്നും നിയമസഭക്ക് ഉള്ളില്‍ നിന്നും ഇത്തരമൊരു സംഭവമുണ്ടായത് രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ സിപിഎം പാര്‍ട്ടിയും സൈബര്‍ പോരാളികളും ഇതിനെ ന്യായീകരിക്കുന്നതാണ് കണ്ടത്. കോടതിയിലടക്കം ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്ന രീതിയിലായിരുന്നു ഇടതുസര്‍ക്കാര്‍ സമീപനം. കേസ് അട്ടിമറിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് ഇടതുസര്‍ക്കാര്‍. ഇതിനിടയിലാണ് ഇതില്‍ മുഖ്യപ്രതിയായിട്ടുള്ള കെ.ടി ജലീല്‍ കുറ്റസമ്മതവുമായി രംഗത്തുവന്നിരിക്കുന്നത്.

webdesk14: