Connect with us

kerala

ഉമാ തോമസിന് പരിക്കേറ്റ സംഭവം; സംഘാടകര്‍ക്കെതിരേ കേസെടുത്ത് പൊലീസ്‌

സ്‌റ്റേജ് നിര്‍മിച്ചവര്‍ക്കെതിരേയും മൃദംഗമിഷനെതിരെയുമാണ് കേസ്

Published

on

കലൂരിലെ നൃത്തപരിപാടിക്കിടെ സ്‌റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എ അപകടത്തിലപ്പെട്ട സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പാലാവരിവട്ടം പൊലീസ് കേസെടുത്തു. സ്‌റ്റേജ് നിര്‍മിച്ചവര്‍ക്കെതിരേയും മൃദംഗമിഷനെതിരെയുമാണ് കേസ്. ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്‌റ്റേജ് നിര്‍മിച്ചതിലും പൊതുസുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയതിനുമാണ് കേസ്.

ഉമാ തോമസ് എം.എല്‍.എ പതിനാലടിയോളം ഉയരത്തില്‍ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റെന്നും സ്‌റ്റേജ് നിര്‍മാണത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. സ്‌റ്റേജിന്റെ മുന്‍ വശത്തോടുകൂടി ഒരാള്‍ക്ക് കടന്നുപോകാനുള്ള സ്ഥലമുണ്ടായിരുന്നില്ല, സുരക്ഷാവേലിയില്ല തുടങ്ങിയവയാണ് അപകടത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ റിബണ്‍ കണ്ടപ്പോള്‍ ബലമുള്ളതാണെന്ന് തെറ്റിദ്ധരിച്ച് പിടിച്ചതാകാമെന്നാണ് സംഘാടകര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

പ്രതിച്ചേര്‍ക്കപ്പെട്ടവരുടെ ആരുടേയും പേരുവുവിവരങ്ങള്‍ എഫ്.ഐ.ആര്‍ല്‍ ഇല്ല. ഇന്ന് പുലര്‍ച്ചെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് വിശദമായ അന്വേഷണത്തിന് ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മെഗാ ഭരതനാട്യം തുടങ്ങുന്നതിനു മുന്‍പ് വൈകീട്ട് ആറരയോടെയാണ് അപകടം. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് ഉമാ തോമസ് എം.എല്‍.എ വീണത്. ഉടന്‍തന്നെ ആംബുലന്‍സില്‍ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രി സജി ചെറിയാന്‍, സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ, എ.ഡി.ജി.പി. എസ്. ശ്രീജിത്ത് എന്നിവരുള്‍പ്പെടെയുള്ള അതിഥികള്‍ അപകടം നടക്കുമ്പോള്‍ വേദിയിലുണ്ടായിരുന്നു.

വേദിയിലെത്തി ഒരു കസേരയിലിരുന്ന ശേഷം പരിചയമുള്ള ഒരാളെ കണ്ട് എഴുന്നേറ്റ് കൈകാട്ടി മുന്നോട്ടു നടക്കുകയായിരുന്നു ഉമാ തോമസ്. വേദിയുടെ അരികിലെ താത്കാലിക റെയിലിലെ റിബ്ബണില്‍ പിടിച്ചപ്പോള്‍ നിലതെറ്റി വീഴുകയായിരുന്നു. വേദിയുടെ താഴെ നിന്നിരുന്നവരാണ് നിലവിളി കേട്ട് ഓടിയെത്തി എം.എല്‍.എ.യെ ആംബുലന്‍സിലെത്തിച്ചത്.

kerala

അതിജീവനത്തിന്റെ ചുവടുകളുമായി കലോത്സവവേദിയില്‍ വെള്ളാര്‍മലയുടെ കുട്ടികള്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മേപ്പാടി പഞ്ചായത്തിലെ വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളായ ഏഴംഗസംഘമാണ് നാടിന്റെ നടുക്കത്തിന്റെയും അതിജീവനത്തിന്റെയും കഥയുമായി സംസ്ഥാന കലോത്സവവേദിയുടെ ഉദ്ഘാടനവേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ കണ്ണീരിലും കരഘോഷത്തിലുമാക്കിയത്.

Published

on

ഉരുളെടുത്ത നാടിന്റെ അതിജീവനകഥയുടെ നൃത്താവിഷ്‌കാരവുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വികാരനിര്‍ഭരമായ തുടക്കമേകി വെള്ളാര്‍മലയുടെ കുട്ടികള്‍. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മേപ്പാടി പഞ്ചായത്തിലെ വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളായ ഏഴംഗസംഘമാണ് നാടിന്റെ നടുക്കത്തിന്റെയും അതിജീവനത്തിന്റെയും കഥയുമായി സംസ്ഥാന കലോത്സവവേദിയുടെ ഉദ്ഘാടനവേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ കണ്ണീരിലും കരഘോഷത്തിലുമാക്കിയത്.

ഉദ്ഘാടന പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ച നൃത്തത്തില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ ആഘാതവും അവിടത്തെ മനുഷ്യരുടെ അതിജീവന കഥയുമായിരുന്നു പ്രമേയം. വെള്ളാര്‍മല സ്‌കൂളിലെ പ്രധാനധ്യാപകനായിരുന്ന ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് നൃത്താവിഷ്‌കാരം അരങ്ങിലെത്തിച്ചത്.
മനോഹരമായ ചൂരല്‍മല ഗ്രാമവും സ്‌കൂള്‍ ജീവിതവും അവതരിപ്പിച്ചുകൊണ്ട് തുടങ്ങിയ നൃത്തം, ദുരന്തത്തെ പറ്റി വിവരിച്ചു തുടങ്ങിയപ്പോള്‍ പലരും വികാര നിര്‍ഭരരായി.

വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു ചൂരല്‍മലയിലെ വലിയ ഉരുള്‍പൊട്ടലിനെതിരായ മതിലായത്. ആ ഇരുനിലക്കെട്ടിടമില്ലായിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ ആഘാതം പലമടങ്ങാകുമായിരുന്നു. നൃത്താവിഷ്‌കാരത്തിനുശേഷം മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ആന്റണി രാജു എം.എല്‍.എ. എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി ആദരിച്ചു.

Continue Reading

kerala

‘വാക്കും പ്രവര്‍ത്തിയും ബന്ധമില്ല’, ലീഗിനെതിരെ സാമ്പാര്‍ വിളമ്പിയത് എല്‍ഡിഎഫ്; പി.കെ കുഞ്ഞാലിക്കുട്ടി

ലീഗിനെതിരെ താനൂരില്‍ പിണറായി നടത്തിയ ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Published

on

മുഖ്യമന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ലീഗിനെ തോല്‍പിക്കാന്‍ എല്ലാ തീവ്രവാദ കക്ഷികളെയും കൂട്ടി സാമ്പാര്‍ മുന്നണിയുണ്ടാക്കിയ ചരിത്രം സി.പി.എമ്മിനാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനെതിരെ താനൂരില്‍ പിണറായി നടത്തിയ ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരെയും കൂട്ടി സാമ്പാര്‍ വിളമ്പിയ താനൂരില്‍വെച്ച് തന്നെ ഇത് പറയണം. ഒരിക്കലും തീവ്രവാദത്തോട് സന്ധി ചെയ്യാതെ നില്‍ക്കുന്ന ലീഗിനോടാണ് എല്ലാ തീവ്രവാദികളെയും ഒന്നിപ്പിച്ച സി.പി.എം ഇത് പറയുന്നത്. എല്‍.ഡി.എഫിന്റെ പരാജയമെന്ന ദുരന്തം മുന്നില്‍ക്കണ്ടാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

അരങ്ങുണര്‍ന്നപ്പോള്‍ തീരാനോവായ്…..

സംസ്ഥാനത്ത് നടന്ന റണ്ട് അപകടങ്ങളില്‍ പൊലിഞ്ഞത് രണ്ട് കലാകാരികളായിരുന്നു

Published

on

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് അനന്തപുരിയില്‍ തുടക്കംകുറിച്ചപ്പോള്‍ രണ്ട് വിദ്യാര്‍ഥികളെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് നടന്ന റണ്ട് അപകടങ്ങളില്‍ പൊലിഞ്ഞത് രണ്ട് കലാകാരികളായിരുന്നു. ഡിസംബര്‍ 12ന് മണ്ണാര്‍ക്കാട് പനയമ്പാടത്തുണ്ടായ അപകടത്തില്‍ കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാല് എട്ടാംക്ലാസ് വിദ്യാര്‍ഥിനികള്‍ മരിച്ചിരുന്നു. ഇവരില്‍ ആയിഷ (13) ഒപ്പന മത്സരങ്ങളിലെ സ്ഥിരം മണവാട്ടിയായിരുന്നു.

രണ്ടാം ക്ലാസ് മുതല്‍ നവംബറില്‍ ശ്രീകൃഷ്ണപുരത്ത് നടന്ന ജില്ലാ കലോത്സവത്തില്‍ വരെയും ഏത് ഒപ്പന സംഘത്തിലും ആയിഷയായിരുന്നു മണവാട്ടി. അത്തിക്കല്‍ ഷറഫുദ്ദീന്റെയും സജ്‌നയുടെയും മകളാണ് മരിച്ച ആയിഷ.

ഡിസംബര്‍ 30ന് കാഞ്ഞങ്ങാട് പടന്നക്കാട് ഐങ്ങോത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ച ലഹക്ക് സൈനബ (12)യും സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പന സംഘത്തിലെ അംഗമായിരുന്നു. നീലേശ്വരം രാജാസ് ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ചാണ് ലഹക്കും സംഘവും പങ്കെടുത്തത്. ജില്ല തലത്തില്‍ ഇവരുടെ ടീമിനായിരുന്നു ഒന്നാംസ്ഥാനം. കണിച്ചിറ കല്ലായി ലത്തീഫിന്റെയും സുഹറയുടെയും മകളാണ് ലഹക്ക്.

Continue Reading

Trending