അടുത്ത വര്‍ഷം തുടക്കത്തില്‍ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കടുത്ത ഹിന്ദുത്വവാദികളും, തീവ്ര വലതുപക്ഷ നിലപാടുള്ള സന്നദ്ധ പ്രവര്‍ത്തകരും, ഹിന്ദുത്വ സംഘടനകളും ഡിസംബര്‍ 17 നും 19 നുമിടയില്‍ ഒരു ‘ധര്‍മ്മ സംസദ്’ അഥവാ ‘മത പാര്‍ലമെന്റ്’ സംഘടിപ്പിക്കുകയുണ്ടായി. ഈ യോഗത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം തന്നെ തീര്‍ത്തും ദുരൂഹമായിരുന്നു. ‘ഇസ്‌ലാമിക ഇന്ത്യയില്‍ ധര്‍മത്തിന്റെ ഭാവി: പ്രശ്‌നങ്ങളും പരിഹാരങ്ങളും’ എന്നതായിരുന്നു ഈ കൂടിച്ചേരലിന് തിരഞ്ഞെടുത്ത വിഷയം.
ആ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഉത്തരാഖണ്ഡിലെ ഒരു വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാ സേനയുടെ അധ്യക്ഷനായ സ്വാമി പ്രഭോദാനന്ദ ഗിരി പറഞ്ഞു: ‘നമുക്ക് തയാറെടുപ്പുകള്‍ നടത്തണം. ആ തായറെടുപ്പുകള്‍ എന്താണെന്ന് ഞാന്‍ നിങ്ങളോട് പറയാം, ഞാന്‍ വ്യക്തമായി പറയാം, ഇതാണ് പരിഹാരം, നിങ്ങള്‍ ഈ പരിഹാരത്തിനായി ശ്രമിച്ചാല്‍, പാത നിങ്ങള്‍ക്കായി തയ്യാറാക്കപ്പെട്ടതായിരിക്കും… മ്യാന്മറില്‍ ഹിന്ദുക്കളെ ഓടിക്കുകയാണ്. രാഷ്ട്രീയക്കാരും സര്‍ക്കാരും, പൊലീസും നോക്കിനില്‍ക്കുകയാണ്, അവര്‍ കഴുത്തറുത്തുകൊണ്ടാണ് കൊലപാതകം ആരംഭിച്ചത്. ഇതുമാത്രമല്ല, അവര്‍ അവരെ, തെരുവുകളില്‍ വെച്ച് കഷ്ണങ്ങളായി മുറിച്ച് തിന്നാന്‍ തുടങ്ങി. കണ്ട് നിന്ന ജനം മരിക്കാന്‍ പോകുകയാണെന്ന് കരുതി, ജീവിക്കില്ല എന്ന് കരുതി’. അയാള്‍ പിന്നീട് ഇപ്രകാരം തുടര്‍ന്നു: ‘ഇത് ഇപ്പോള്‍ നമ്മുടെ രാജ്യമാണ്. ദില്ലിയുടെ അതിര്‍ത്തിയില്‍, അവര്‍ ഹിന്ദുക്കളെ കൊന്ന് കെട്ടിത്തൂക്കിയത് നിങ്ങള്‍ കണ്ടു. സമയം ഒട്ടും ബാക്കിയില്ല, ഒന്നുകില്‍ മരിക്കാന്‍ തയ്യാറാവുക, അല്ലെങ്കില്‍ കൊല്ലാന്‍ തയാറാവുക. വേറെ വഴിയൊന്നുമില്ല. അതുകൊണ്ട്, മ്യാന്‍ന്മറില്‍ എന്നപോലെ, ഇവിടത്തെ പൊലീസും രാഷ്ട്രീയക്കാരും, പട്ടാളവും ഓരോ ഹിന്ദുവും ആയുധമെടുക്കണം, ആയുധമെടുത്ത് ഈ ശുദ്ധീകരണ പ്രവര്‍ത്തനം (സഫൈ അഭിയാന്‍) നടത്തണം. ഇതല്ലാതെ വേറൊരു പരിഹാരമില്ല’.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് സ്വാമി പ്രഭോദാനന്ദ ഗിരി. ഈ യോഗത്തില്‍ വെച്ച് സാധ്വി അന്നപൂര്‍ണ ഇപ്രകാരം പറഞ്ഞു: ‘ആയുധങ്ങള്‍ ഇല്ലാതെ ഒന്നും നടക്കില്ല. അവരുടെ ജനസംഖ്യയെ നിങ്ങള്‍ക്ക് ഇല്ലാതാക്കണം എങ്കില്‍, അവരെ കൊല്ലുക. കൊല നടത്താനും ജയിലില്‍ പോകാനും തയാറെടുത്തിരിക്കുക. നമ്മള്‍ 100 പേര്‍ 20 ലക്ഷം വരുന്ന അവരെ (മുസ്‌ലിംകള്‍) കൊല്ലാന്‍ തയാറാണ് എങ്കില്‍, നമ്മള്‍ വിജശ്രീലാളിതരായിരിക്കും, എന്നിട്ട് ജയിലിലേക്ക് പോകു… നാഥുറാം ഗോദ്‌സെയെ പോലെ, മോശക്കാരിയാകാന്‍ ഞാന്‍ തയാറാണ്, പക്ഷേ എന്റെ മതത്തിന് ഭീഷണിയാകുന്ന ഏതൊരു രാക്ഷസനില്‍ നിന്നും ഹിന്ദുത്വത്തെ പ്രതിരോധിക്കാന്‍ ആയുധമെടുക്കാന്‍ ഞാന്‍ തയാറാണ്’.
എത്ര ഭീകരവും അതിഭയാനകവുമാണ് സ്ഥിതിയെന്ന് നോക്കു. തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ഉത്തരാഖണ്ഡില്‍ അതിതീവ്ര ഹിന്ദുത്വ സംഘടനകള്‍ നടത്തിയ, അത്യഭൂതപൂര്‍വമായ വിദ്വേഷ പ്രസംഗങ്ങളുടേയും മുസ്‌ലിം സമുദായത്തിനെതിരായ ആക്രമണാഹ്വാനങ്ങളുടെയും ചില ഉദാഹരണങ്ങള്‍ മാത്രമാണ് മുകളില്‍ ഉദ്ധരിച്ചത്. ഇത് ഇന്ത്യയിലെ 20 കോടിയോളം വരുന്ന മുസ്‌ലിം സമുദായത്തെയും, മറ്റ് ന്യൂനപക്ഷ സമുദായങ്ങളെയും വംശീയ ശുദ്ധീകരണം (ലവേിശര രഹലമിശെിഴ) നടത്തുന്നതിനുള്ള പച്ചപരസ്യമായ ആഹ്വാനം അല്ലെങ്കില്‍, മറ്റെന്താണ്? തീവ്ര അതി തീവ്ര ഹിന്ദുത്വവാദികളുടെ, ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ വളരെ പ്രകടമായ ഒരു മാറ്റം ഉണ്ടായിരിക്കുന്നു എന്നതാണ് ഹരിദ്വാറില്‍ നടന്ന യോഗത്തിലെ, ആഹ്വാനങ്ങളില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്. മതന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്‌ലിം മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നത്, മോദി ഭരണത്തിന്‍കീഴില്‍ ഒരു പുതിയ സംഭവമേ ആയിരുന്നില്ല. പക്ഷേ, അതില്‍നിന്നൊക്കെ വിഭിന്നമായി, ആയുധമെടുത്ത് പോരാടണമെന്നും, മുസ്‌ലിം സമുദായത്തെയാകെ കൊന്ന് ഇല്ലാതാക്കണമെന്നും, അതിലൂടെ വംശീയ ശുദ്ധീകരണം നടത്തണമെന്നും, തീവ്ര അതി തീവ്ര ഹിന്ദുത്വ സംഘടനകള്‍ യാതൊരു മറയുമില്ലാതെ പറയാന്‍ തുടങ്ങിയിരിക്കുന്നു എന്നത് ഏറെ ഭയാനകമായ അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത് എന്ന് പാറയാതെ വയ്യ.
നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടപ്പ് അടുത്തുവരുന്ന സാചര്യത്തില്‍ ഹിന്ദുത്വ തീവ്രവാദികള്‍ രാജ്യത്ത് സൃഷ്ടിക്കാന്‍ പോകുന്നത് വംശീയ ഉന്മൂലനം എന്ന ഭീഷണിയാണ് എന്നാണ്, ഇതില്‍നിന്ന് നാം മനസിലാക്കേണ്ടത്.
മതേരത്വം ഭരണഘടനയില്‍ ആലേഖനം ചെയ്ത ഭരണഘടനക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. അങ്ങനെയുള്ള ഒരു രാജ്യത്താണ്, ഏറ്റവും പ്രബലമായ മത ന്യൂനപക്ഷത്തെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കണം എന്ന് യാതൊരു ഉളുപ്പുമില്ലാതെ ഹിന്ദുത്വ തീവ്രവാദികള്‍ ആക്രോശിക്കുന്നത്! എവിടെ നിന്നാണ് അവര്‍ക്ക് ഇതിനുള്ള ധൈര്യം കിട്ടുന്നത് എന്ന് വ്യക്തം. മോദി-അമിത് ഷാ എന്നിവര്‍ നേതൃത്വം നല്‍ക്കുന്ന കേന്ദ്ര ഭരണകൂടത്തില്‍ നിന്നാണ് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് ഇതിനുള്ള ധൈര്യം ലഭിക്കുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവാണ്, ഹരിദ്വാറില്‍ നടന്ന വംശീയ ഉന്മൂലന ആഹ്വാനം നടത്തിയ ഒരോറ്റ പ്രതിയെ പോലും, സംഭവം നടന്ന് 12 ദിവസം കഴിഞ്ഞിട്ടും ഇന്ന് ഈ നിമിഷം വരെ അറസ്റ്റ് ചെയ്യാത്തത്!
ഈ നഗ്‌നമായ വംശീയ ശുദ്ധീകരണ ആഹ്വാനത്തിനെതിരെ, കേന്ദ്ര ഭരണകൂടം ‘ക’മാന്ന് ഒരക്ഷരം മിണ്ടില്ല എന്ന് പൂര്‍ണബോധ്യം ഉള്ളത്‌കൊണ്ടാണ്, സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന 76 മുതിര്‍ന്ന അഭിഭാഷകര്‍, ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് ഡിസംബര്‍ 27ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണക്ക് കത്തെഴുതിയത്. ഹരിദ്വാറിലും ഡല്‍ഹിയിലും നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ മുസ്‌ലിംകളെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കണം എന്നാവശ്യപ്പെട്ട് നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സ്വമേധയാ ഇടപെടണം എന്നാവശ്യപ്പെട്ടാണ്, 76 മുതിര്‍ന്ന അഭിഭാഷകര്‍, ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്.
ഹരിദ്വാറിലും, ഡല്‍ഹിയിലും വലതുപക്ഷ ഹിന്ദുത്വ വാദികളുടെ നേതൃത്വത്തില്‍ നടന്നത് വിദ്വേഷ പ്രസംഗങ്ങളല്ല, മറിച്ച് ഒരു സമൂഹത്തെ മുഴുവന്‍ കൊന്നൊടുക്കണം എന്ന ആഹ്വാനമായിരുന്നു എന്ന് 76 അഭിഭാഷകര്‍ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ‘ഈ പ്രസംഗങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതക്കും, ഐക്യത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് മാത്രമല്ല, അത് ഇന്ത്യയിലെ ലക്ഷക്കണക്കിന് മുസ്‌ലിം പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കുന്നു’ കത്തില്‍ പറയുന്നു. ഈ സംഭവങ്ങളുടെ ഗൗരവത്തിന്റെ പശ്ചാത്തലത്തില്‍ ഈ സംഭവങ്ങളില്‍ സ്വമേധയാ ഇടപെടണം എന്നും, കുറ്റക്കാരായവര്‍ക്കെതിരെ ഐ. പി.സിയിലെ 120 ബി, 121 എ, 153 എ, 153 ബി, 295 എ, 298 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണം എന്നും കത്തില്‍ വ്യക്തമാക്കുന്നു.
‘മുന്‍കാലങ്ങളില്‍ രാജ്യത്ത് എമ്പാടും ഉണ്ടായിട്ടുള്ള സമാന സ്വഭാവത്തിലുള്ള പ്രസംഗങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്നിട്ടുള്ള പ്രസംഗങ്ങളും. മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളില്‍ ഒന്നും ഐ.പി.സിയിലെ 153, 153 എ, 153 ബി, 295 എ, 504, 506, 120 ബി, 34 വകുപ്പുകള്‍ പ്രകാരം കേസെടുക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഇത്തരം സംഭവങ്ങള്‍ സ്ഥിരം സംഭവങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, അടിയന്തരമായ ജുഡീഷ്യല്‍ ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമേ, ഇത്തരം സംഭവങ്ങള്‍ തടയാനാകൂ’, കത്തില്‍ അഭിഭാഷകര്‍ വ്യക്തമാക്കി. ‘ഭരണത്തിലെ ജുഡീഷ്യല്‍ വിഭാഗത്തിന്റെ തലവന്‍ എന്ന നിലയില്‍ അങ്ങില്‍നിന്ന് യുക്തമായ നടപടി പ്രതീക്ഷിച്ചുകൊണ്ടും, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംബന്ധിച്ചും, ബഹുസ്വരതയില്‍ അധിഷ്ഠിതമായ നമ്മുടെ രാജ്യത്തിന്റെ നടത്തിപ്പിന് അനിവാര്യമായ ഭരണഘടനാ മൂല്യങ്ങളോട് അങ്ങേയ്ക്കുള്ള പ്രതിബദ്ധതയില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ടുമാണ് ഞങ്ങള്‍ അങ്ങേയ്ക്ക് ഈ കത്തെഴുതുന്നത്’ എന്നു വ്യക്തമാക്കിക്കൊണ്ടാണ് 76 മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് ഉപസംഹരിക്കുന്നത്.
ഈ വിഷയത്തില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ഇടപെടല്‍ പരമപ്രധാനമാണ്. ഇത്തരം ഒരു ഇടപെടലിലൂടെ മാത്രമേ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കാനാവു.