കോഴിക്കോട്: വേടൻ എന്ന പേര് തന്നെ വ്യാജമാണെന്നും അവൻ്റെ പിന്നിൽ ജിഹാദികളാണെന്നും ആർഎസ്എസ് മുഖമാസികയായ കേസരിയുടെ മുഖ്യപത്രാധിപർ എന്‍.ആര്‍ മധു. അദ്ദേഹത്തിന്റെ പാട്ടുകള്‍ തന്നെയാണ് ഇതിനൊക്കെ തെളിവെന്നും വേടന്റെ പാട്ടുകൾ പരിശോധിച്ചാൽ അയാളൊരിക്കലും ഇവിടുത്തെ ദളിത്-പിന്നോക്കക്കാരന്റെ വക്താവ് അല്ലെന്നും എന്‍.ആര്‍ മധു ആരോപിക്കുന്നു. ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
”കേരളത്തിൽ ഹിന്ദുവായി ജീവിക്കുന്നത് എത്രത്തോളം അപകടമാണെന്ന് തെളിയിക്കുന്നതാണ് വേടനെതിരായ പരാമർശത്തിലെ തനിക്കെതിരായ കേസ്. വേടനെന്ന പേര് തന്നെ വ്യാജമാണ്. വേടൻ സമുദായം മഹത്തായ പാരമ്പര്യമുള്ളവരാണ്. അയാൾ വേടൻ സമുദായത്തിൽപെട്ടയാളല്ല. വേടനെന്ന പേര് ഇവിടെ ദുരുപയോഗം ചെയ്യുകയാണ്. മയക്കുമുരുന്ന് ഉപയോഗിക്കുന്ന അച്ചടക്കമില്ലാത്ത വ്യക്തി വേടൻ എന്ന ഗോത്രസമൂഹത്തെ അപമാനിക്കുകയാണ്. ഇത്തരം ആളുകളെ ഭരണകൂടം തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്.
വേടനെന്ന കലാകാരന് ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ഈ ആവിഷ്‌കാര സ്വാതന്ത്ര്യം ഈ നാടിന്റെ സംസ്‌കാരത്തിനും ദേശീയ സുരക്ഷിതത്വത്തിനും അനുഗുണമാകണം. വേടന്റെ പാട്ടുകൾ പരിശോധിച്ചാൽ അയാളൊരിക്കലും ഇവിടുത്തെ ദളിത്-പിന്നോക്കക്കാരന്റെ വക്താവ് അല്ല.
ലോകത്തുള്ള അടിച്ചമർത്തപ്പെട്ടവരുടെ പാട്ടുകളൊക്കെ വേടൻ പാടുന്നുണ്ട്. ‘സിറിയ നിൻ മാറിലെ മുറിവ്, കൊറിയ നിൻ മീതെ കഴുകന്മാർ, ലങ്കയിൽ ദാഹം മാറാത്ത പുലികൾ അലയുന്നു’- ഇങ്ങനെയൊക്കെയാണ് വരികൾ. വേടന്റെ ഒർജിൻ ശ്രീലങ്കൻ വനിതയാണ്. വേടന്‍ പാടുന്ന ഈ പുലികൾ എൽടിടിഇക്കാരാണ്. അവരെ മഹത്വവ്തകരിക്കുകയാണ്. അവരുടെ ദാഹം മാറിയിട്ടില്ല എന്ന് പറഞ്ഞാൽ പരോക്ഷമായി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കലാണ്. ആളു കൂടുന്നു എന്നത് കൊണ്ട് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.
മറ്റൊന്ന് സോമാലിയൻ ബാല്യങ്ങൾ കുടിനീര് തേടി അലയുന്ന് എന്നാണ്. എന്തിന് സോമാലിയ വരെ പോകണം. ദളിതന്റെയും പിന്നോക്കക്കാരന്റെയും ദുര്യോഗം അറിയണമെങ്കിൽ വയനാട്ടിലേക്ക് പോയാൽ മതി. അവർക്ക് കുടനീരില്ല. അതൊന്നും പാടുന്നില്ല.വേടന്റെ പട്ടിക്കിട്ടിരിക്കുന്ന പേര് ബുദ്ധൻ എന്നാണ്. നമ്മുടെ നാട്ടിലെ ചിലർക്ക് പട്ടി ഹറാമാണ്. ആ പട്ടിക്ക് ബുദ്ധന്റെ പേര് ഇടുന്നതിലൂടെ ഈ ഹറാം വാദികളുടെ പ്രീതി പിടിച്ചുപറ്റാനാണ് വേടൻ ശ്രമിക്കുന്നത്
ദളിത് പശ്ചാത്തലം ഉപയോഗിച്ചുകൊണ്ട് വേടൻ നടത്തുന്ന പരിശ്രമങ്ങൾ ഹിന്ദു സമൂഹത്തിലുണ്ടാകുന്ന ജാതി അതീതമായ ഐക്യത്തെ അട്ടിമറിക്കാനാണ്. ഇവിടെ ബോധപൂർവമായ മുസ്‌ലിം-ദളിത് ഐക്യവാദം ഉയർത്തുന്നുണ്ട്. ഇത് രാജ്യത്തെ ശിഥിലീകരിക്കാൻ വേണ്ടി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങളെ മുസ്‌ലിം വിഭാഗങ്ങളിലേക്ക് ചേർക്കാനാണ്. അതിന്റെ വക്താവാണ് വേടൻ എന്ന് സംശയിക്കുന്നു.
വേടൻ എന്ന കലാകാരൻ ഉയർത്തുന്ന സാഹിത്യവും അയാളുടെ ശരീരഭാഷ മുഴുവനും ഇവിടുത്തെ ദളിതർക്ക് വേണ്ടിയല്ല. ആരുടേയൊ കയ്യിലെ ചട്ടുകമാണ്. അത് ജിഹാദികളാണ്”- ഇങ്ങനെ പോകുന്നു എന്‍.ആര്‍ മധുവിന്റെ ആരോപണങ്ങള്‍.