Connect with us

Books

വടക്കന്‍ ഗ്രാമീണരുടെ ആത്മവിചാരങ്ങള്‍ അഥവാ പ്രകൃതിയെക്കുറിച്ചുള്ള വേദനകള്‍  

ചുരുക്കത്തില്‍  അനുദിനം നഷ്ടമാവുന്ന നമ്മുടെ പ്രകൃതി സമ്പത്തും ഗന്ധങ്ങളും പുഴയും കിണറും  നാട്ടിടവഴികളും  ചോരുന്ന സര്‍ഗ്ഗാത്മകയുമെല്ലാം കാസര്‍ക്കാടന്‍ നാട്ടുമൊഴിയില്‍ നമ്മുടെ തോളില്‍ കൈയ്യിട്ട്  പറയുന്ന കഥകളുടെ പേരാണ് കിതാബ് മഹല്‍.

Published

on

വായന/അശ്‌റഫ് തൂണേരി

”രേഖപ്പെടുത്തപ്പെട്ടില്ലെങ്കില്‍ വിസ്മൃതമായേക്കാവുന്ന ഗ്രാമീണ ജീവിതങ്ങളും സമുദായിക സ്വഭാവങ്ങളും എഴുതി പരിപാലിക്കുകയാണ് എഴുത്തുകാരന്റെ മുഖ്യഉത്തരവാദിത്വം..”

കിതാബ് മഹല്‍ എന്ന എം.എ റഹ്മാന്റെ കഥാ സമാഹാരത്തെ എഴുത്തുകാരന്‍ അജയ് പി മങ്ങാട്ട് ഇങ്ങിനെ വിലയിരുത്തിയിട്ടുണ്ട്. തന്റെ ജീവിതം മുഴുക്കെ പ്രകൃതിക്കു വേണ്ടിയുള്ള സമരമായി രൂപപ്പെടുത്തിയ റഹ്മാന്‍ മാസ്റ്റര്‍ കാസര്‍ക്കോടന്‍ നാട്ടിടവഴികളിലൂടെ നടക്കുകയാണ് കിതാബ് മഹലിലൂടെ. താളുകള്‍ മറിക്കുമ്പോള്‍ ഗള്‍ഫ് കുടിയേറ്റവും പുഴയധിഷ്ഠിതമായ ജീവിതവും തെയ്യവും സൂഫിസവും വിപ്ലവവും സമ്മിശ്രമായ ഗ്രാമീണാവിഷ്‌കാരം പല കൈവഴികളിലേക്കിറങ്ങുന്നുണ്ട്.  

13 കഥകളാണ് കിതാബ് മഹലില്‍ കാസര്‍ക്കാടന്‍ ഗ്രാമ്യഭാഷയില്‍ അടുക്കിവെച്ചിരിക്കുന്നത്. പുളിമുറിച്ച വളപ്പില്‍ സൂപ്പിഹാജി മകന്‍ ജനാബ് പള്ളിക്കുഞ്ഞി എം എ (ആന്ത്രപ്പോളജി) എന്ന കൗതുകകരമായ തലക്കെട്ടുള്ള കഥയില്‍ തുടങ്ങി കിതാബ് മഹല്‍ എന്ന രചനയില്‍ അവസാനിക്കുകയാണ് ഈ സമാഹാരം. ജനാബ് പള്ളിക്കുഞ്ഞി ഒരു വിചാരണ, ഉമ്മ, ശേഖുപ്പാപ്പയുടെ കിണര്‍, കഞ്ചു, മീശക്കാരന്‍ എളയ, പോയ്‌സണ്‍, കള്ളന്‍, പൗരാവകാശം, പ്രിയപ്പെട്ട മോഷ്ടാവ്, മായാപ്പദവ്, ചുവന്ന ഉറുമാല്‍ എന്നീ കഥകളും ഡി.സി പ്രസിദ്ധീകരിച്ച 125 പുറങ്ങള്‍ മാത്രമുള്ള ഈ പുസ്തകത്തിലുണ്ട്.

ഗള്‍ഫ് പ്രവാസം അടങ്ങാത്ത ആവേശമായി കൊണ്ടുനടന്നിരുന്ന എഴുപതുകളുടെ സാമൂഹിക വിചാരങ്ങള്‍, ആശങ്കകള്‍ എല്ലാം പുളിമുറിച്ച വളപ്പില്‍ സൂപ്പിഹാജി മകന്‍ ജനാബ് പള്ളിക്കുഞ്ഞി എം എ (ആന്ത്രപ്പോളജി) പറയുന്നുണ്ട്.   ജനബ് പള്ളിക്കുഞ്ഞി ഒരു വിചാരണ എന്ന കഥ എഴുത്തുകാരന്‍ സ്വയം വിചാരണ ചെയ്യുന്നതായി നമുക്കനുഭവപ്പെടും. സര്‍ഗ്ഗാത്മക ജീവിതം കൊണ്ടെന്തുകാര്യമെന്ന ചോദ്യം ചോദിക്കുന്ന ഈ കഥ ജൈവികമായ ചര്യകളേയും ഇടപാടുകളേയും പോലും  തീവ്രവാദം ചാര്‍ത്തിയും വ്യാജ കേസെടുത്തും ഭരണകൂടം ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നതും സൂക്ഷ്മമായി എടുത്തുകാട്ടുന്നുണ്ട്. കഥയെഴുത്തു കൊണ്ട് ഒരു കാര്യവുമില്ലെന്ന് പള്ളിക്കുഞ്ഞിയുടെ സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നുണ്ട്. കഥയെഴുത്ത് ഒരു ക്രൂരതയാണെന്നാണ് ലോട്ടറി വില്‍പ്പനക്കാരനായ സഹദേവന്റെ വാദം. ”ബി.എ പാസ്സായിട്ടും ഞാന്‍ തെങ്ങില്‍ കേറിയും ചുമടെടുത്തും  ചെങ്കല്ല് കൊത്തിയും ജീവിതത്തെ നേരിട്ടു. മൂത്തുനരച്ച് ആവതില്ലാതെ വന്നപ്പോഴാണ് ഭാഗ്യക്കുറി ടിക്കറ്റുമായി തെരുവിലേക്കിറങ്ങിയത്. നീ വളരെ ക്രൂരനാണ്. ഇമ്മാതിരി കഥാപാത്രങ്ങളെ ഉണ്ടാക്കി, ലോകത്തിന്റെ ഭാരം മുഴുവന്‍ ചുമപ്പിക്കും.” പള്ളിക്കുഞ്ഞി എന്ന കഥാപാത്രത്തെ ഉണ്ടാക്കിയതിനെതിരേയുള്ള സഹദേവന്റെ പ്രതിഷേധമായിരുന്നു അത്.

ഏറെ ധര്‍മ്മ സങ്കടങ്ങള്‍ പേറുന്ന ഈ ആന്ത്രപ്പോളജി എം.എക്കാരന്‍ പള്ളിക്കുഞ്ഞി എഴുത്തുകാരന്‍ തന്നെയാണ് എന്ന് നമുക്ക് ഇരുകഥകളുടേയും വായന വെളിപ്പെടുത്തിത്തരുന്നുമുണ്ട്. നാട്ടിന്‍പുറത്തെ സ്‌കൂളിലെ കഞ്ഞിവെപ്പുകാരിയാണ് ഉമ്മ എന്ന കഥയില്‍ പ്രത്യക്ഷപ്പെടുന്നത്. കുട്ടികളുടെ സ്‌നേഹനിധിയായി മാറുന്ന നിരക്ഷരയായ, കുട്ടികളോടൊപ്പം രഹസ്യമായി അക്ഷരം പഠിക്കുന്ന ആ ഉമ്മയെ ഹൃദ്യമായി വരച്ചുകാണിക്കുകയാണ്.  മായാപ്പദവ് എന്ന കഥ വൃക്ഷങ്ങളുടേയും പൂക്കുളുടേയും പൂമ്പാറ്റകളുടേയും ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ദവ എന്ന പെണ്‍കുട്ടിയിലൂടെ ആശിക്കുന്നത് കാണാം. കഥാകൃത്ത് പറയുന്നത് നോക്കുക: ”ഇത്രയും കാലം ഉറങ്ങിപ്പോയ ഈ വൃക്ഷങ്ങളുടെ റിപ്പബ്ലിക്കിലെ ഓരോ വൃക്ഷവും ജീവന്‍ വീണ്ടെടുത്തിരിക്കുന്നു. കരിമരുതും കരിനൊച്ചിയും കാഞ്ഞിരവും അലനെല്ലിയും മഹാഗണിയും ചന്ദനവും മരുതും ചെറുമരുതും വെള്ളമരുതും വെണ്‍തേക്കും ഇരുമുള്ളും മുള്ളന്‍പ്ലാവും ആലവും വെയിലില്‍ വെട്ടിത്തിളങ്ങുന്ന തളിരിലകള്‍ ചൂടി ജ്വലിച്ചുനില്‍ക്കുന്നു…”

 ഈ കഥയിലെ ഗാളിമുഖം എന്‍ഡോസള്‍ഫാന്‍ ഇരകളായ കുഞ്ഞുങ്ങളുടെ ‘മരണമുഖ’ മായി വായനക്കാരനെ ദു:ഖത്തിലാഴ്ത്തുന്നുണ്ട്.
ഉസ്താദിന്റേയും അദ്ദേഹത്തെ ആശ്രയിച്ചുനില്‍ക്കുന്നവരുടേയും ജീവിതക്ലേശം പത്തുകിതാബിന്റെ താളുകളിലൂടെ അറിയുകയാണ് കിതാബ് മഹല്‍ എന്ന കഥ. ശേഖുപ്പാപ്പയുടെ കിണര്‍ എന്ന കഥ ഗ്രാമത്തിലെ ജലസംഭരണി ഇല്ലാതാവുന്ന വേദന പങ്കുവെക്കുമ്പോള്‍ വിദ്യാലയ മുറ്റത്തെ കരയുന്ന കുഞ്ഞുങ്ങളുടേയും അയല്‍സംസ്ഥാനത്തെ തൊഴിലാളികളുടേയും വൈകാരിക അനുഭവങ്ങളെ പല അടരുകളിലായി അത് രേഖപ്പെടുത്തുന്നുണ്ട്. ഇസ്ലാമിലെ വനിതാവിമോചക പ്രവര്‍ത്തകയും ഒറ്റത്തടിയായി  ആരേയും കൂസാതെ ജീവിക്കുന്ന  നാട്ടിന്‍പുറത്തുകാരിയുമാണ്  ‘കഞ്ചു’  എന്ന കഥയിലെ നായിക. സിങ്കപ്പൂര്‍ക്കാരന്റെ അതിശയം മീശക്കാരന്‍ എളയ പങ്കുവെക്കുമ്പോള്‍ വ്യവസ്ഥിതി മനുഷ്യനെ മാത്രമല്ല പ്രകൃതിയേയും എങ്ങിനെ കൊന്നുകളയുമെന്ന് പൗരാവകാശം എന്ന കഥ പറയുന്നു.

ചുരുക്കത്തില്‍  അനുദിനം നഷ്ടമാവുന്ന നമ്മുടെ പ്രകൃതി സമ്പത്തും ഗന്ധങ്ങളും പുഴയും കിണറും  നാട്ടിടവഴികളും  ചോരുന്ന സര്‍ഗ്ഗാത്മകയുമെല്ലാം കാസര്‍ക്കാടന്‍ നാട്ടുമൊഴിയില്‍ നമ്മുടെ തോളില്‍ കൈയ്യിട്ട്  പറയുന്ന കഥകളുടെ പേരാണ് കിതാബ് മഹല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Books

ജമീലത്തു സുഹ്റ: പുസ്തക പ്രകാശനം ഡിസംബർ 5-ന്; ലാൽ ജോസ് സംബന്ധിക്കും

2024 ഡിസംബർ 5-ന് വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് അൽ ഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിലാണ് പരിപാടി.

Published

on

ദമ്മാം: എഴുത്തുകാരി ഷബ്ന നജീബിന്റെ പ്രഥമ പുസ്തകം ‘ജമീലത്തു സുഹ്റ’ അടുത്തമാസം അഞ്ചിന് പ്രകാശനം ചെയ്യുമെന്ന് പ്രസാധകസമിതി വാർത്താകുറിപ്പിൽ അറിയിച്ചു.
പ്രമുഖ സിനിമാസംവിധായകൻ ലാൽ ജോസ് പ്രകാശനം നിർവ്വഹിക്കും. 2024 ഡിസംബർ 5-ന് വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് അൽ ഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിലാണ് പരിപാടി.
സഊദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിനായി മേഖലയിലെ കലാ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി നിലവിൽ വന്നു. കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ്‌ മുഹമ്മദ് കുട്ടി കോഡൂർ, സാജിദ് ആറാട്ടുപ്പുഴ(രക്ഷാധികാരി) ആലിക്കുട്ടി ഒളവട്ടൂർ (ചെയർമാൻ) നജീബ് അരഞ്ഞിക്കൽ, ഉമ്മർ ഓമശ്ശേരി, ഒ.പി. ഹബീബ്, നജ്മുസ്സമാൻ(വൈസ് ചെയർമാൻ) മാലിക്ക്‌ മഖ്ബൂൽ (ജനറൽ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.

അൽഖോബാർ കെഎംസിസി വനിത വിംഗ് പ്രസിഡന്റും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായ ഷബ്ന നജീബിന്റെ പ്രഥമ നോവലാണ് ജമീലത്തു സുഹ്റ.
സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും സമകാലികങ്ങളിൽ ലേഖികയുമായ ഷബ്ന നജീബ് രചനാരംഗത്ത് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.ഡെസ്റ്റിനി ബുക്‌സ് ആണ് പുസ്തകത്തിൻറെ പ്രസാധകർ.

Continue Reading

award

അശോകന്‍ ചരുവിലിന് വയലാര്‍ അവാര്‍ഡ്

കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.

Published

on

48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. സമീപകാലത്ത് ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍കടവ് നോവല്‍. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് ജൂറി വിലയിരുത്തി.

ബെന്യാമിന്‍, കെഎസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്. ഇതില്‍ നിന്നും ഒരേ പോയിന്റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്‍ പുരസ്‌കാര നിര്‍ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്.

1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന്‍ ചരുവിലിന്റെ ജനനം. രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അശോകന്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അംഗമായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

 

 

Continue Reading

Books

വായന ദിന സന്ദേശവുമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വായനയുടെ നേട്ടങ്ങളും വായന സംസ്‌കാരം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.

Published

on

വായന ദിനത്തില്‍ സമൂഹമാധ്യമത്തില്‍ വായന സന്ദേശം പങ്കുവെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വായനയുടെ നേട്ടങ്ങളും വായന സംസ്‌കാരം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.

വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചവരുമായ വ്യക്തികള്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകളെന്ന് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജീവിത യാത്രയില്‍ ഇരുട്ടകറ്റാന്‍ നമ്മെ സഹായിക്കുന്ന ഊന്നുവടികളാണ് പുസ്തകങ്ങള്‍. ലോകത്തിന്റെ ചിന്താഗതികള്‍ മാറ്റിമറിച്ചതില്‍ പുസ്തകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും കര്‍മോത്സകരാകാനുമുള്ള കരുത്തും ഉത്തമഗ്രന്ഥങ്ങള്‍ക്കുണ്ട്.

മണ്‍മറഞ്ഞ എഴുത്തുകാരും ദാര്‍ശനികരുമായ മഹാപ്രതിഭകളുടെ ചിന്തകളും സ്വപ്നങ്ങളും എന്താണെന്നറിയാന്‍ വായന മാത്രമാണ് കരണീയം.

മരണ ശേഷം ഒരാളെ ഓര്‍ക്കാന്‍ ഒന്നുകില്‍ പുസ്തകം രചിക്കണം, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എഴുതാന്‍ പാകത്തില്‍ ജീവിക്കണം എന്ന സന്ദേശവും കൂടിയാണ് ഗ്രന്ഥങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നത്.

വായനശാലകള്‍ സര്‍വകലാശാലകള്‍ക്ക് തുല്യം എന്നാണ് തോമസ് കാര്‍ലൈന്‍ അഭിപ്രായപെട്ടത്. ലോകത്ത് വായനശാലകളുടെ കണക്കെടുപ്പില്‍ കേരളം ഏറെ മുന്‍പന്തിയിലാണ്. നാടാകെ ഗ്രന്ഥശാലകള്‍ സ്ഥാപിക്കാനും വായനയുടെ സംസ്‌കാരം പകരാനും ഓടി നടന്ന പി.എന്‍. പണിക്കരുടെ സേവനങ്ങള്‍ അവിസ്മരണീയമാണ്.

വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചവരുമായ വ്യക്തികള്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകള്‍.

ശ്വാസം നിലച്ചുപോകാതെ വയനാശാലകളെ പരിപോഷിപ്പിക്കേണ്ടത് പൊതു അജണ്ടയായി മാറണം. ലൈബ്രേറിയന്മാരുടെ തസ്തിക നികത്താന്‍ കഴിയാത്തതിനാല്‍ സ്‌കൂളുകളിലെ പുസ്തകങ്ങളില്‍ പൊടിപിടിക്കുമോ എന്ന ആശങ്ക നിലവിലുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗൗരവതരമാണ്.

വായന മരിക്കുന്നില്ല മറിച്ച് കടം കൊടുക്കേണ്ടി വരുമോയെന്നും മോഷണം പോകുമോ എന്നുമുള്ള ആശങ്കകള്‍ ഇല്ലാതെയും ഭാരം ചുമക്കേണ്ടതില്ല എന്ന സൗകര്യം ഉള്ളതിനാലും ഇ ബുക്കുകളിലേക്കുള്ള ഗതിമാറ്റമാണ് നടക്കുന്നത്.

അണയാ വിളക്കുകളായ പുസ്തകങ്ങളെ

ഉറ്റ ചങ്ങാതിമാരാക്കി മാറ്റാം.

 

Continue Reading

Trending