ഗഫൂര്‍ കോല്‍കളത്തില്‍
മലയാള മാസപിറവി ദിനമായ ഇന്ന് (ചിങ്ങം 1) കേരളത്തില്‍ കര്‍ഷക ദിനമായി ആചരിക്കുകയാണ്. മികച്ച കര്‍ഷകരെ കണ്ടെത്തി ആദരിച്ചും കാര്‍ഷിക മേഖലയെയും കര്‍ഷകരെയും സംബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചും കേരളം കര്‍ഷകദിനം സമുചിതമായി ആചരിക്കുകയാണ്. സംസ്ഥാന കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംഘടനകളും ഓരോ വര്‍ഷവും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്. ഇത് കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനുമൊക്കെ ഏറെ ഉപകാരപ്രദമാണ്. കര്‍ഷകരെ കുറിച്ച് ഓര്‍മിക്കുന്നതും അവരെപറ്റി സംസാരിക്കാനും ഈ ദിനം മാത്രമായി ചുരുങ്ങുന്നുണ്ടോ എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. മനുഷ്യ ജീവിതത്തിന്റെ നെട്ടല്ലായ കാര്‍ഷിക മേഖലയും കര്‍ഷകരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും കാര്യമായ ചര്‍ച്ചകള്‍ക്കോ പരിഹാരങ്ങളിലേക്കോ എത്തിപ്പെടുന്നില്ലെന്നത് വസ്തുതയാണ്. കാലത്തിനൊത്ത് സമൂഹം നേടിയ നേട്ടങ്ങള്‍ ഒട്ടേറെ അവകാശപ്പെടുന്നുണ്ടെങ്കിലും കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ചക്കും കര്‍ഷകരുടെ നിലനില്‍പ്പിനും പുരോഗതിക്കും എത്രത്തോളം നയപരമായ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വിലയിരുത്താന്‍ ആരും തയ്യാറാകുന്നില്ല. നാടിനെ പോറ്റുന്ന കര്‍ഷകര്‍ നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് പറയുമ്പോഴും ഈ നട്ടെല്ല് ഇന്ന് ഒടിഞ്ഞിരിക്കുന്നു എന്ന് അധികൃതര്‍ അറിയാതെ പോവുകയാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും തീറ്റിപ്പോറ്റാന്‍ ആവശ്യമായ ഭക്ഷ്യവസ്തുക്കളും കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ പ്രധാനം ചെയ്യുന്ന വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും ഉത്പാദിപ്പിക്കുകയും ചെയ്യുന്നത് കാര്‍ഷിക മേഖലയുടെ സംഭാവനയാണെന്നത് നാം മറന്നുപോവുന്നു. ഭക്ഷ്യ വസ്തുക്കളും അസംസ്‌കൃത വസ്തുക്കളും കയറ്റുമതി ചെയ്യുന്നതിലൂടെ സര്‍ക്കാരിന് ലഭിക്കുന്നത് കോടിക്കണക്കിന് രൂപയുടെ വരുമാനമാണ്. എന്നിട്ടും കര്‍ഷകരെയും കാര്‍ഷിക മേഖലയേയും വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാന്‍ സമൂഹത്തിനും സര്‍ക്കാരുകള്‍ക്കും സാധ്യമാവാതെ പോവുന്നത് എന്തുകൊണ്ടാണ്. നെല്ലുള്‍പ്പടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ സംഭരണം വിതരണം ന്യായവില തുടങ്ങിയവക്ക് ഇനിയും വ്യവസ്ഥാപിതമായ സാഹചര്യം ഉണ്ടായിട്ടില്ല. കര്‍ഷകര്‍ക്ക് ന്യായവിലക്കുള്ള നിശ്ചിത കമ്പോളം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഉത്പാദന വര്‍ധനവിനുള്ള സാഹചര്യവും ഇന്ന് ഇല്ലാതായിരിക്കുന്നു. കര്‍ഷകര്‍ക്കുള്ള വിത്തും വളവും വന്‍തോതില്‍ വെട്ടിക്കുറച്ചതും വളം, വൈദ്യുതി തുടങ്ങിയവക്ക് ഉണ്ടായിരുന്ന സബ്‌സിഡികള്‍ പിന്‍വലിച്ചതും കാര്‍ഷികരംഗത്ത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്വന്തം ഉത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കാന്‍ സാധിക്കാത്ത അവസ്ഥ യുള്ളത് ഇന്നും കര്‍ഷകനു മാത്രമാണുള്ളത്.
ഏറെ പ്രാധാന്യം നല്‍കുന്ന നെല്‍കൃഷിയുടെ ഇന്നത്തെ അവസ്ഥ ദുരിതപൂര്‍ണമാണ്. കുട്ടനാട് ഉള്‍പ്പെടെ നെല്ലുവിളയിക്കുന്ന പാടങ്ങളിലെ കര്‍ഷകരുടെ കണ്ണീരിനു അറുതിയില്ല. കൃഷി ചെയ്യുന്നതിനു വരുന്ന ചെലവും ഉത്പാദനത്തില്‍ നിന്നുലഭിക്കുന്ന വരവും കാര്യമായ വ്യത്യാസമില്ല. എങ്കിലും മറ്റു കൃഷികളില്‍നിന്നും വിഭിന്നമായി മെച്ചപ്പെട്ടത് നെല്‍കൃഷിയാണ്. എന്നാല്‍ പ്രകൃതി ക്ഷോഭം, കലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവക്കൊപ്പം നെല്ല് സംഭരണം, ന്യായ വില, സംഭരണം വൈകുമ്പോഴുണ്ടാകുന്ന സൂക്ഷിപ്പ് എന്നിവയും ഇന്ന് ഏറെ വിഷമങ്ങള്‍ കര്‍ഷകര്‍ക്കുണ്ടാക്കുന്നു. ഈ വര്‍ഷം തന്നെ കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം ഭീകരമായിരുന്നു.
കേരം നിങ്ങും കേരള നാട് എന്നു പറയാന്‍ സാധിക്കാത്തവിധം തെങ്ങ് കൃഷി നാടുനീങ്ങി. വിവിധ തരത്തിലുള്ള പ്രതിസന്ധികള്‍ ഈ മേഖലയില്‍നിന്നു കര്‍ഷകരെ പിന്തിരിപ്പിച്ചത് ചെറിയ കാര്യമല്ല. നാളികേര കൃഷിയിലും ഉത്പാദനത്തിലും കേരളത്തെ മറ്റു സംസ്ഥാനങ്ങള്‍ പിന്നിലാക്കിക്കൊണ്ടിരിക്കുകയാണ്. നാളികേര വികസന ബോര്‍ഡ് നടത്തിയ പഠനത്തില്‍ കേരളത്തിലെ വാര്‍ഷിക വിളവ് തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും വിളവിന് പിന്നിലാണെന്നാണ്. എന്നാല്‍ തേങ്ങക്കും വെളിച്ചെണ്ണക്കും വില കുതിച്ചുഉയരാറുണ്ട്. നഷ്ടങ്ങളുടെ കണക്കില്‍ നാണ്യവിളകളുടെ കാര്യവും ഒട്ടും മോശമല്ല. ഏലം, ഇഞ്ചി, റബ്ബര്‍ തുടങ്ങിയ കൃഷിയില്‍നിന്നും കര്‍ഷകര്‍ പിറകോട്ട് പോയതിനും മതിയായ കാരണങ്ങളുണ്ട്. മലയോര കര്‍ഷകര്‍ ഇനി കൃഷിയിലേക്ക് ഇല്ലെന്ന നിലപാട് സ്വീകരിക്കേണ്ടിവരികയാണ്. വന്യ മൃഗശല്യം അതിരൂക്ഷമായി തുടരുമ്പോഴും ഇനിയും പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടായിട്ടില്ല. ജീവന്‍ പണയപ്പെടുത്തിയാണ് മലയോര മേഖലയില്‍ കര്‍ഷകര്‍ ജീവിക്കുന്നതും കൃഷി ഇറക്കുന്നതും. നഷ്ടമാകുന്ന വിളകള്‍ക്ക് മാന്യമായ നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ല.
പ്രകൃതി ക്ഷോഭത്തില്‍ കൃഷി നശിച്ചാലും നഷ്ടപരിഹാരം ലഭിക്കുന്നതിനു ഒട്ടേറെ ഊരാകുടുക്കുകള്‍ ഏറെയാണ്. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്തു കാര്‍ഷിക വൃത്തിയില്‍ ജീവിച്ചുപോരുന്ന കര്‍ഷക സമൂഹത്തിന്റെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കപ്പെടണം. സര്‍ക്കാര്‍, പൊതു മേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷനേഴ്‌സിനും കാലാനുസൃതമായ ആനുകൂല്യങ്ങളും സാമൂഹിക സുരക്ഷാപദ്ധതികളുമുള്ള നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും അന്നം നല്‍കുന്ന കര്‍ഷകരുടെ നിലനില്‍പ്പിനും സുരക്ഷക്കും കാതലായ പദ്ധതികളും പരിഹാരങ്ങളും ഉണ്ടാവേണ്ടത് ഇനിയും വൈകിപ്പോവരുത്.