പറക്കുന്നതിനിടെ വിമാനത്തിന്റെ എന്‍ജിന്‍ ഓഫാക്കി പൈലറ്റ്. വാഷിംഗ്ടണില്‍ നിന്നും സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് പോയ അലാസ്‌ക എയര്‍ലൈന്‍സ് ഫ്‌ളൈറ്റില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ജോസഫ് ഡി. എമേഴ്‌സണ്‍(44) എന്നയാളാണ് എന്‍ജിന്‍ ഓഫ് ചെയ്തത്.
താന്‍ മാജിക് മഷ്‌റൂമടിച്ച് ഫിറ്റ് ആയിരുന്നുവെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിവരം. സംഭവം നടക്കുന്ന ദിവസം അവധിയിലായിരുന്നു ജോസഫ്. എന്നാല്‍ രാവിലെ തന്നെ ഡ്യൂട്ടിക്കെത്തിയ ഇയാള്‍ കോക്പിറ്റില്‍ എക്‌സ്ട്രാ പൈലറ്റുമാര്‍ക്കായുള്ള ജംപ് സീറ്റില്‍ കയറി ഇരിപ്പുറപ്പിച്ചു. ഡ്യൂട്ടിക്ക് ആളില്ലാത്തതിനാല്‍ ഇയാളെ അധികൃതര്‍ വിളിച്ചു വരുത്തിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്തായാലും വിമാനം മുകളിലെത്തിയതോടെ ഇയാളുടെ മട്ടു മാറി. വിമാനത്തിന്റെ എന്‍ജിനിലേക്കുള്ള ഹാന്‍ഡിലില്‍ ഇയാള്‍ പിടിമുറുക്കുകയും അത് വലിക്കുകയും ചെയ്തു. പിന്നീട് എന്‍ജിന്റെ ഫയര്‍ കണ്‍ട്രോളിലേക്ക് കയ്യെത്തിച്ചെങ്കിലും മറ്റു പൈലറ്റുമാര്‍ ഇത് കണ്ടതോടെ ഇയാളെ തടയുകയും വലിയ അപകടം ഒഴിവാകുകയും ചെയ്തു.
സ്വബോധമില്ലാത്ത അവസ്ഥ അറിഞ്ഞിരുന്നുവെന്നും എന്നാല്‍ സ്വപ്‌നം കാണുകയാവാം എന്നാണ് കരുതിയിരുന്നതെന്നും ഇയാള്‍ പറയുന്നു. സ്വപ്‌നത്തില്‍ നിന്ന് ഉണരാനാണത്രേ ഫയര്‍ ഹാന്‍ഡിലുകള്‍ വലിക്കാന്‍ ശ്രമിച്ചത്.
എന്തായാലും ജോസഫിനെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. വിമാനത്തിനുള്ളിലെ ഓരോ യാത്രക്കാരനെയും കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. താന്‍ മാജിക് മഷ്‌റൂം അടിച്ച് ലഹരിയിലായിരുന്നുവെന്നും രണ്ട് ദിവസം ഉറങ്ങിയില്ലെന്നുമാണ് ജോസഫ് കോടതിയില്‍ പറഞ്ഞത്. ഇയാളെ കൈകാലുകള്‍ ബന്ധിച്ച നിലയിലാണ് വിമാനം തിരികെ പോര്‍ട്ട്‌ലാന്‍ഡില്‍ അടിയന്തരമായി ഇറക്കിയത്.്