എല്ലാ വർഷവും ജെ. എൻ. യു ക്യാമ്പസിലെ മലയാളി വിദ്യാർഥികൾ ഒന്നിച്ചു സദ്യയും കലാപരിപാടികളുമായി വിപുലമായി സംഘടിപ്പിക്കാറുള്ള സാംസ്കാരികോത്സവത്തിന് ഈ വര്ഷം അനുമതി നിഷേധിച്ചിരിക്കുകയാണ്. സംഘപരിവാറിന്റെ കേരളവിരുദ്ധ അജണ്ട നടപ്പിലാക്കുന്ന സർവകലാശാലാ അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്ന് വി ശിവദാസൻ എംപി പറഞ്ഞു.
സാംസ്കാരിക പരിപാടി നടത്താൻ ബുക്ക് ചെയ്ത കൺവെൻഷൻ സെന്റർ, ഔദ്യോഗികമായി ഒരു കാരണവും നൽകാതെ ക്യാൻസൽ ചെയ്യുകയാണ് സർവകലാശാലാഭരണകൂടം ചെയ്തത്. സാംസ്കാരികമായ വൈവിധ്യത്തോടുള്ള സംഘ്പരിവാറിന്റെ അസഹിഷ്ണുതയാണ് ഇതിന്റെ പിന്നിൽ . ജെ എൻ യു വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റിന്റെ വർഗീയപ്രസ്താവനകൾ പല തവണ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.
കാമ്പസിലെ മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ തിരഞ്ഞെടുക്കപ്പെട്ട ഓണക്കമ്മറ്റിയാണ് വർഷങ്ങളായി ജെഎൻയു ഓണം നടത്തുന്നത്. ഈ ഫെസ്റ്റിവൽ സംഘടിപ്പിക്കരുതെന്ന് ഭീഷണിപ്പെടുത്താൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർ സംഘാടകരുടെ ഹോസ്റ്റൽ മുറിയിൽ എത്തിയിരുന്നുവെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.
ജെഎൻയു കാമ്പസിലുടനീളം മറ്റു സാംസ്ക്കാരിക പരിപാടികൾ നടത്താൻ ജെഎൻയു ഭരണകൂടം അനുമതി നൽകുമ്പോൾ , ഓണാഘോഷം തടയാനുള്ള ശ്രമങ്ങൾ സംഘപരിവാറിന്റെ ദക്ഷിണേന്ത്യ വിരുദ്ധ, കേരള വിരുദ്ധ അജണ്ടയുടെ തുടർച്ചയാണ് . ഇന്ത്യയുടെ ഐക്യത്തെയും ബഹുസ്വരതയെയും വെല്ലുവിളിക്കുന്ന സംഘപരിവാർ നടപടി ക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണം എന്ന് വി ശിവദാസൻ എംപി പറഞ്ഞു.