Connect with us

kerala

ജനക്കൂട്ടമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധനം: വി.ഡി സതീശന്‍

ഉമ്മന്‍ ചാണ്ടി, വക്കം പുരുഷോത്തമന്‍ എന്നിവരെ നിയമസഭയില്‍ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

ഉമ്മന്‍ ചാണ്ടി, വക്കം പുരുഷോത്തമന്‍ എന്നിവരെ നിയമസഭയില്‍ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജനക്കൂട്ടമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധനമെന്ന് അദ്ദേഹം പറഞ്ഞു. കല്ലുകളും മുള്ളുകളുമുള്ള പാതയിലൂടെ സഞ്ചരിച്ച് നിശ്ചയദാര്‍ഢ്യത്തോടെ സാധാരണക്കാരുടെ ഹൃദയത്തിലേക്ക് നടന്ന വ്യത്യസ്തനായ നേതാവായിരുന്നു അദ്ദേഹം. അതേസമയം വ്യത്യസ്തമായ ശൈലി കൊണ്ടും ഭരണരീതി കൊണ്ടും ശ്രദ്ധേയനായ ആളായിരുന്നു വക്കം പുരുഷോത്തമനെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

ഉമ്മന്‍ ചാണ്ടി, വക്കം പുരുഷോത്തമന്‍ എന്നിവരെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ പ്രസംഗം

ജനക്കൂട്ടമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധനം. കല്ലുകളും മുള്ളുകളുമുള്ള പാതയിലൂടെ സഞ്ചരിച്ച് നിശ്ചയദാര്‍ഢ്യത്തോടെ സാധാരണക്കാരുടെ ഹൃദയത്തിലേക്ക് നടന്ന വ്യത്യസ്തനായ നേതാവായിരുന്നു അദ്ദേഹം. മറ്റുള്ളവരോട് കാട്ടിയ സ്നേഹവും സഹതാപവും ചേര്‍ത്ത് നിര്‍ത്തലുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതകള്‍. ചെറിയ ചെറിയ സങ്കടങ്ങളുമായി വരുന്ന മനുഷ്യരെ പോലും നിരാശപ്പെടുത്താതെ അവരുടെ സങ്കടങ്ങളില്‍ പങ്കാളിയായി പ്രശ്നപരിഹാരമുണ്ടാക്കാനുള്ള തീഷ്ണമായ പ്രയത്നമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍. ശ്രദ്ധയില്‍പ്പെടുന്ന പ്രശ്നങ്ങള്‍ക്കൊക്കെ ശാശ്വത പരിഹാരമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ അദ്ദേഹം എന്നും നടത്തിയിരുന്നു. കേരളത്തില്‍ ഇത്രമാത്രം സംസ്ഥാനത്തുടനീളെ സഞ്ചരിച്ച മറ്റൊരു രാഷ്ട്രീയ നേതാവുണ്ടാകില്ല. രാഷ്ട്രീയ, പൊതു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷണം പോലും ഉപേക്ഷിച്ച നേതാവും വേറെയുണ്ടാകില്ല. ഭക്ഷണവും ഉറക്കവും മറന്ന് അദ്ദേഹം ആള്‍ക്കൂട്ടത്തിനിടയിലൂടെ സഞ്ചരിച്ചു. ആള്‍ക്കൂട്ടത്തില്‍ ലയിച്ച് ചേരാറുള്ള ഉമ്മന്‍ ചാണ്ടി മരണ ശേഷം ആള്‍ക്കൂട്ടത്തിന്റെ ഹൃദയത്തിലേക്കാണ് അലിഞ്ഞ് ചേര്‍ന്നത്. കേരളം അദ്ദേഹത്തെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നാണ് നാം കണ്ടത്. അദ്ദേഹം നല്‍കിയ സ്നേഹം നൂറിരട്ടിയായാണ് കേരളത്തിലെ ജനങ്ങള്‍ മടക്കി നല്‍കിയത്.

ഭരണാധികാരിയായി ഇരിക്കുമ്പോഴും ഏറ്റവും സാധാരണക്കാര്‍ക്കിടയില്‍ ജീവിക്കാന്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഭരണാധികാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിജയവും അതുതന്നെയായിരുന്നു. സാധാരണക്കാരെ മറക്കാതെ, അവര്‍ക്കൊപ്പം നടന്ന്, അവര്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍… ജനസമ്പര്‍ക്ക പരിപാടി കഴിഞ്ഞതിന് ശേഷം സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന നിരവധി സങ്കീര്‍ണങ്ങളായ പ്രശ്നങ്ങള്‍, നിയമപരമായ തടസങ്ങള്‍, എത്ര കാലം സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയാലും തീരാത്ത ദുരിതങ്ങള്‍ ഇതെല്ലാം മനസില്‍ കുറിച്ചുവച്ച അദ്ദേഹം മുഖ്യമന്ത്രിയെന്ന നിലയില്‍ പരിഹാരമുണ്ടാക്കാന്‍ നിരവധി ഉത്തരവുകളിറക്കി. ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ സഹായങ്ങളെക്കാള്‍ ഇതാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയതെന്നാണ് ഞാന്‍ കരുതുന്നത്.

ഏത് വിഷയത്തിലും അദ്ദേഹം ശ്രദ്ധയോടെ ഇടപെട്ടിരുന്നു. നാട്ടില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് രോഗികളാണെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് കാരുണ്യ പദ്ധതിയും കാരുണ്യ ഫാര്‍മസിയും കോക്ലിയാര്‍ ഇംപ്ലാന്റേഷനും ഹീമോഫീലിയ രോഗികള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യമായി മരുന്ന് നല്‍കാനുള്ള പദ്ധതിയും കൊണ്ടുവന്നത്. സാധാരണക്കാരനെ ബാധിക്കുന്ന ഏത് പ്രശ്നം തന്റെ മുന്നില്‍ വന്നാലും നിയമ തടസങ്ങള്‍ മറികടന്ന് തീരുമാനമെടുക്കുകയും നടപ്പാക്കുകയും ചെയ്തിരുന്നുവെന്നതാണ് ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.

കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഒരേ നിയമസഭാ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി 53 വര്‍ഷവും വിജയിച്ച് നിയമസഭയില്‍ ഇരിക്കാന്‍ കഴിഞ്ഞ നേതാവാണ് അദ്ദേഹം. പുതുപ്പള്ളിയിലെ ജനങ്ങളെ ഹൃദയത്തിലേറ്റ് കേരളം മുഴുവന്‍ സഞ്ചരിച്ച അദ്ദേഹം എല്ലാ ജനപ്രതിനിധികള്‍ക്കും മാതൃകയാണ്. ജനങ്ങളോട് എങ്ങനെ പെരുമാറണം, അവരെ എങ്ങനെ ചേര്‍ത്ത് നിര്‍ത്തണം, പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണം എന്നതിനൊക്കെ മാതൃകയാണ് അദ്ദേഹം.

അചഞ്ചലമായ ദൈവവിശ്വാസത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ് അദ്ദഹം ജീവിച്ചത്. സദ്പ്രവര്‍ത്തികള്‍ ചെയ്യുകയും സ്നേഹഭാഷണം നടത്തുകയും ചെയ്തിരുന്ന അദ്ദേഹം പീഡാനുഭവങ്ങളിലൂടെയും കടന്നു പോയി. ക്രിസ്തുവിനെ ക്രൂശിച്ച ശേഷം പടയാളികളുടെ ശതാധിപന്‍ ഇങ്ങനെ പറഞ്ഞു; Certainly this was a righteous man ; വാസ്തവത്തില്‍ അദ്ദേഹം ഒരു നീതിമാനായിരുന്നു… ആ നീതിമാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് ജനങ്ങളുടെ ഹൃദയത്തിലായിരിക്കുമെന്നാണ് ഈ കാലം നമ്മോട് പറയുന്നത്. ജനങ്ങളുടെ ഹൃദയത്തില്‍ ആര്‍ക്കും മായ്ച്ച് കളയാനാകാത്ത വിധം ഉമ്മന്‍ ചാണ്ടി എന്നും ജീവിച്ചിരിക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ ഊഷ്മളമായ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവ് അര്‍പ്പിക്കുന്നു.

—————————————————-

വ്യത്യസ്തമായ ശൈലി കൊണ്ടും ഭരണരീതി കൊണ്ടും ശ്രദ്ധേയനായ ആളായിരുന്നു വക്കം പുരുഷോത്തമന്‍. 2001-ല്‍ ആദ്യമായി ഞാന്‍ നിയമസഭയില്‍ എത്തുമ്പോള്‍ സ്പീക്കറായിരുന്നു അദ്ദേഹം. കാര്‍ക്കശ്യം നിറഞ്ഞ സ്പീക്കറായിരുന്നു. ഒന്നര മണിക്ക് നിയമസഭ അവസാനിപ്പിക്കുമെന്ന നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു സ്പീക്കറായിരുന്നു അദ്ദേഹം. ഏറ്റവും സീനിയറായ അംഗങ്ങളുടെ പ്രസംഗം പോലും സമയത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിച്ച സ്പീക്കറായിരുന്നു അദ്ദേഹം. ഏറ്റവും പിന്നിലുണ്ടായിരുന്ന ഞങ്ങള്‍ക്കൊക്കെ അദ്ദഹം ഒരുപാട് അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. സമയത്ത് അവസാനിപ്പിക്കുമ്പോഴും നന്നായി പ്രംഗിക്കുമ്പോഴും ചേംബറിലേക്ക് വിളിച്ചു വരുത്തി അദ്ദേഹം അഭിനന്ദിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാന്‍ ഞങ്ങളെയെല്ലാം ശീലിപ്പിച്ചത് അദ്ദേഹത്തിന്റെ കാര്‍ക്കശ്യം നിറഞ്ഞ നിലപാടായിരുന്നു.

5 തവണ എം.എല്‍.എയും 2 തവണ എം.പിയായും 2 തവണ ഗവര്‍ണറായും 2 തവണ സ്പീക്കറായും ജനപ്രതിനിധിയെന്ന നിലയില്‍ ലോങ് ഇന്നിങ്സ് പൂര്‍ത്തിയാക്കിയ വ്യക്തിയാണ്. കാര്യങ്ങള്‍ കൃത്യമായി പഠിക്കുകയും ഉദ്യോഗസ്ഥരോട് ആരോഗ്യകരമായ സംവാദങ്ങള്‍ നടത്തുകയും എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഏതറ്റം വരെയും പോകുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളില്‍ അദ്ദേഹം നിരവധി തീരുമാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന കാലത്താണ് അദ്ദേഹം ധനമന്ത്രിയായത്. ധന, ആരോഗ്യ, കൃഷി മന്ത്രിയെന്ന നിലകളില്‍ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ മികച്ച ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവ് അര്‍പ്പിക്കുന്നു.

 

 

india

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് എം.പി ഹാരിസ് ബീരാന്‍

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.

Published

on

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും സതേണ്‍ റയില്‍വെ തിരുവനതപുരം ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി അഡ്വ. ഹാരിസ് ബീരാന്‍ എം.പി. നഞ്ചന്‍കോട്ടെ 300 ഏക്കര്‍ ഭൂമി എല്ലാ കാലത്തും ചര്‍ച്ചയില്‍ വരിക എന്നല്ലാതെ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന അനാസ്ഥ പരിഹരിക്കണമെന്നും കേരളത്തില്‍ റയില്‍വെ വികസനം ഉറപ്പ് വരുത്തണമെന്നും ഹാരിസ് ബീരാന്‍ എം.പി ആവശ്യപ്പെട്ടു.

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. നെടുമ്പാശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍, പുതിയ ട്രെയിനുകളും കോച്ചുകളും, തലശ്ശേരി മൈസൂര്‍ പാത, ചെങ്ങന്നൂര്‍ പമ്പ (ശബരിമല) പാത തുടങ്ങിയ പുതിയ റയില്‍വെ പാതകളും, തിരൂര്‍ അടക്കം മലബാറിലെ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കാത്ത റെയില്‍വേ ബോര്‍ഡിനെതിരെയുള്ള ജന രോഷവും എം.പി ബോധ്യപ്പെടുത്തി.

എം.പി ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചു. പ്രശ്‌ന പരിഹാരത്തിന് സതേണ്‍ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷണല്‍ റയില്‍വെ മാനേജറുമായി കൂടിയാലോചിച്ച് ഉചിത നടപടി സ്വീകരിക്കും എന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി.

പിന്നീട് തിരുവനന്തപുരത്തെത്തിയ ഹാരിസ് ബീരാന്‍, തിരുവനന്തപുരം ഡി.ആര്‍.എം ഡോ. മനീഷ് തപ്ലയാനുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കൂടെനില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Continue Reading

kerala

കരുനാഗപ്പള്ളിയില്‍ ബസ് സ്‍കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു

ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. 

Published

on

കൊല്ലം മാരാരിത്തോട്ടത്ത് ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന യുവതിയാണ് മരണപ്പെട്ടത്. സുനീറ ബീവിയാണ് മരിച്ചത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

ഇന്ന് വൈകിട്ട് 6.15നാണ് അപകടം നടന്നത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകവേ എതിരെ വന്ന സ്വകര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് ബൈക്കിൽ ഇടിച്ച് സുനീറ ബീവി ബസിന് അടിയിൽപ്പെടുകയും തുടർന്ന് വാഹനം യുവതിയുടെ ദേഹത്തുകൂടെ കയറി ഇറങ്ങുകയുമായിരുന്നു.

യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കുകളോടെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നുവെന്ന പരാതിയെ തുടർന്ന് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

20 ശബരിമല തീർഥാടകർ വനത്തിൽ കുടുങ്ങി

ഫയർഫോഴ്‌സ്, എൻഡിആർഎഫ്, വനം വകുപ്പ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Published

on

പുല്ലുമേട് വഴി എത്തിയ ശബരിമല തീർഥാടകർ വനത്തിൽ കുടുങ്ങി. 20 അംഗ സംഘത്തിലെ രണ്ടുപേർക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനു പിന്നാലെയാണു തീർഥാടകർ വനത്തിൽ അകപ്പെട്ടത്. ഫയർഫോഴ്‌സ്, എൻഡിആർഎഫ്, വനം വകുപ്പ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ഇന്നു വൈകീട്ടാണ് തീർഥാടകർ വനത്തിൽ കുടുങ്ങിയത്. സന്നിധാനത്തുനിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിലാണു സംഭവം.

പുല്ലുമേടുനിന്ന് സന്നിധാനത്തേക്ക് ആറു കി.മീറ്റർ ദൂരമാണുള്ളത്. വനമേഖലയായതിനാൽ രാത്രി ഇതുവഴിയുള്ള യാത്രയ്ക്കു നിരോധനമുണ്ട്. തീർഥാടകരെ കാണാതായതിനെ തുടർന്ന് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിൽനിന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇവർ കുടുങ്ങിക്കിടക്കുന്നതു കണ്ടെത്തിയത്.

Continue Reading

Trending