Connect with us

Article

രാജ്യത്തെ തീറെഴുതി കൊടുക്കുകയാണ്

അദാനി ഗ്രൂപ്പും മോദിയും തമ്മിലുള്ള ബന്ധമെന്തെന്നു വ്യക്തമാക്കണം, അദാനി നേരിടുന്ന തകര്‍ച്ചയെക്കുറിച്ച് പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സംസാരിച്ച രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്കൊന്നും പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല

Published

on

ഡോ. പുത്തൂര്‍ റഹ്മാന്‍

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അദ്ദേഹം ലക്ഷ്യമിടുന്ന ഭാവി ഇന്ത്യയെപ്പറ്റി പറഞ്ഞത് രാജ്യം നിക്ഷേപകര്‍ക്കു പ്രിയപ്പെട്ട കമ്പോളമായി മാറുന്നതിനെക്കുറിച്ചാണ്. രാഷ്ട്രശില്‍പികള്‍ സ്വപ്‌നം കാണുകയും അതിനായി അവരെഴുതിയുണ്ടാക്കിയ ഭരണഘടനയിലെ മൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന പുതിയൊരു ഇന്ത്യയാണ് വിഭാവനം ചെയ്യപ്പെടുന്നത്. സ്വാശ്രയത്തമല്ല, കോര്‍പറേറ്റുകള്‍ക്കുള്ള വിധേയത്തമാണ് ആ ഇന്ത്യയുടെ നടപ്പുരീതി.

നരേന്ദ്രമോദിയുടെ അഭിലാഷങ്ങള്‍ സാധിച്ചുകൊടുക്കുന്ന വന്‍ കുത്തകകളുടെ ഇന്ത്യ രൂപപ്പെട്ടുകഴിഞ്ഞു. സ്വന്തം താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായി മോദി തിരഞ്ഞെടുത്ത ഏതാനും ഗ്രൂപ്പുകള്‍ക്ക് രാജ്യത്തെ തീറെഴുതിക്കൊടുക്കുന്നതിന്റെയും അതിന്റെ സ്വാഭാവിക പരിണതികളുടെയും ദുരന്തങ്ങള്‍കൂടി സംജാതമായിക്കഴിഞ്ഞു, ഇന്ത്യ ഒരു മോദി എന്റര്‍പ്രൈസായി മാറുന്നതിന്റെ ദൃഷ്ടാന്തങ്ങളാണിവയെല്ലാം.

അദാനി ഗ്രൂപ്പും മോദിയും തമ്മിലുള്ള ബന്ധമെന്തെന്നു വ്യക്തമാക്കണം, അദാനി നേരിടുന്ന തകര്‍ച്ചയെക്കുറിച്ച് പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സംസാരിച്ച രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്കൊന്നും പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല. പകരം നെഹ്‌റുവിനെയും കുടുംബത്തെയും കുറിച്ചു പറഞ്ഞും ഇന്ത്യയിലെ ജനകോടികള്‍ തനിക്കു സംരക്ഷണ കവചമൊരുക്കുമെന്നു വീരസ്യം പറഞ്ഞും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഒരധിക പ്രസംഗം മാത്രം കാഴ്ചവച്ചു. അക്കൂട്ടത്തില്‍ പ്രതിപക്ഷത്തെ താന്‍ ഒറ്റക്കു നേരിടുമെന്നൊരു പ്രഖ്യാപനവും നടത്തി.

നേരത്തെ പ്രതിപക്ഷത്തെ ഇല്ലാതാക്കുമെന്നും കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കുമെന്നും പറഞ്ഞ മോദി ഇപ്പോള്‍ പ്രതിപക്ഷത്തെ നേരിടാന്‍ താനൊറ്റക്കു മതിയെന്നു പറയുന്നു, അഥവാ ബി.ജെ.പി എന്ന സ്വന്തം പാര്‍ട്ടിയുടെ പോലും ആവശ്യമില്ല തനിക്കെന്നു പ്രഖ്യാപിക്കുന്നു. രാജ്യത്ത് ലക്ഷണമൊത്ത സ്വേച്ഛാധിപത്യം ആഗതമായിരിക്കുന്നു എന്നു തിരിച്ചറിയേണ്ട സന്ദര്‍ഭമാണിത്.

വാചാടോപം കൊണ്ട് പ്രതിച്ഛായ സംരക്ഷിക്കുകയും ജനാധിപത്യ മദ്യാദകള്‍ ലവലേശം പുലര്‍ത്താതെ, വാ തുറക്കേണ്ട സന്ദര്‍ഭങ്ങളില്‍ മൗനം പാലിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി, ഏകാധിപത്യം ഒരു ഭരണരീതിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. അദാനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍, അദാനിയുമായിതന്നെ ദീര്‍ഘകാല ബന്ധമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത് നാണക്കേടും അദാനിയുടെ കമ്പനികളില്‍ നിക്ഷേപിച്ചിട്ടുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും അപകടസാധ്യതയുമാണ്. പ്രശ്‌നങ്ങളുടെ കിടപ്പ് ഇങ്ങനെയായിട്ടും ഇതുവരേ കൃത്യമായ ഒരു പ്രതികരണവും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല.

2002ലെ ഗുജറാത്ത് വംശഹത്യ അന്നത്തെ മുഖ്യമന്ത്രിയായ മോദിയുടെ പ്രതിച്ഛായക്കു കോട്ടമുണ്ടാക്കുക മാത്രമല്ല, ഗുജറാത്തിലെ കലാപം കാരണമുണ്ടായ തീരാകളങ്കത്തെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രി വാജ്‌പെയ് അടക്കമുള്ള ബി.ജെ.പി നേതൃത്വമടക്കം രോഷാകുലരുമായി. ഇന്ത്യയിലെ പരമ്പരാഗത ബിസിനസ് ഗ്രൂപ്പുകളായ ബജാജിന്റെയും ഗോദ്‌റെജിന്റെയും ഉള്‍പ്പടെയുള്ള വ്യാപാര പ്രമുഖര്‍, 2003ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡ് അസോസിയേഷന്റെ യോഗത്തില്‍ മോദിയെ ക്രമസമാധാന പാലനത്തിന്റെ കാര്യത്തില്‍ കുറ്റപ്പെടുത്തി.

ഗുജറാത്തികളായ വ്യവസായികളുടെ കൂട്ടായ്മയാണ് അന്ന് മോദിയുടെ സഹായത്തിനെത്തിയത്. അദാനിയായിരുന്നു അന്നു മുന്നിലുണ്ടായിരുന്നത്. ഗുജറാത്തിലെ മോദി സര്‍ക്കാരുമായി ചേര്‍ന്ന് ‘വൈബ്രന്റ് ഗുജറാത്ത്’ എന്ന പേരില്‍ നിക്ഷേപക സമ്മേളനം നടത്താന്‍ സഹായിച്ചുകൊണ്ടായിരുന്നു ഇതിന്റെയെല്ലാം തുടക്കം. അദാനിയും മോദിയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ആര്‍ക്കും അറിയാത്ത കാര്യമല്ല. ഗുജറാത്തില്‍നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയാവാനുള്ള യാത്രയില്‍ മോദി സഞ്ചരിച്ച സ്വകാര്യ വിമാനം അദാനിയുടേതായിരുന്നു. ഇരുവരുടെയും സൗഹൃദം രണ്ടായിരാമാണ്ടു മുതല്‍ സജീവമാണ്. 2001ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതോടെ അദാനി അത്യപൂര്‍വമായ വളര്‍ച്ച കൈവരിക്കുന്നതാണ് വ്യാപാരലോകം കണ്ടത്.

2014ല്‍ നരേന്ദ്രമേദി ഡല്‍ഹിയിലേക്ക് വന്നതോടെ അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വളര്‍ച്ച, അംബാനി ഒഴിച്ചുള്ള മറ്റ് കോര്‍പറേറ്റുകള്‍ക്ക് സ്വപ്‌നത്തില്‍മാത്രം കാണാന്‍ കഴിയുന്നതായി. രാജ്യത്തും ലോകത്തുമുള്ള എത്രയേ കുത്തകകള്‍ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ അതൊന്നും ബാധിക്കാത്ത രണ്ടേ രണ്ട് കമ്പനി മാത്രമാണുള്ളത്. കഴിഞ്ഞ ആറേഴു വര്‍ഷങ്ങള്‍കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന കമ്പനികളിലൊന്നായി അദാനി മാറിയതെങ്ങനെ എന്നറിയാന്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം അദാനി വാങ്ങിക്കൂട്ടിയ കമ്പനികളുടെ പട്ടിക കണ്ടാല്‍ മാത്രം മതി.

മുംബൈ എയര്‍പോര്‍ട്ട് ജി.വി.കെ ഗ്രൂപ്പില്‍നിന്ന് ഏറ്റെടുക്കാന്‍ അദാനിയെ സഹായിച്ചത് ജി.വി.കെ ഗ്രൂപ്പിന്റെ കാര്യാലയങ്ങളില്‍ ആദായനികുതി കേസുകളടക്കം എടുത്ത് റെയ്ഡുകള്‍ നടത്തി സമ്മര്‍ദ്ദം ചെലുത്തിയായിരുന്നു. ഗുജറാത്തിലെ മുന്ദ്ര തുറമുഖ വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ 4200 കോടി മുടക്കി പണിത എല്‍. എന്‍.ജി ടെര്‍മിനല്‍ 750 കോടി രൂപക്ക് അദാനി വാങ്ങുന്നു. സ്വകാര്യതുറമുഖ മേഖല, കല്‍ക്കരി ഖനനം, ഇറക്കുമതി, ഊര്‍ജോത്പാദനം, നഗരങ്ങളിലെ ഗ്യാസ് വിതരണം, ഭക്ഷ്യ എണ്ണ ഇറക്കുമതി, വിതരണം തുടങ്ങിയ നിരവധി മേഖലകളില്‍ ഏറ്റവും വലിയ കമ്പനിയായി അദാനി മാറി.

റയില്‍വേ, വിമാനത്താവളം, അര്‍ബന്‍ വാട്ടര്‍ മാനേജ്‌മെന്റ്, ഊര്‍ജവിതരണം, ഡാറ്റ സെന്റര്‍, ഡിഫന്‍സ് തുടങ്ങി പുതിയ പല മേഖലകളിലും അദാനി ചുവടുറപ്പിച്ചു. എന്നാല്‍ രാജ്യത്തെ മറ്റൊരു കോര്‍പറേറ്റായ മുകേഷ് അംബാനി വ്യാപരിക്കുന്ന രംഗങ്ങളില്‍ അദാനി കൈവെക്കുന്നേയില്ല. രണ്ടു ഗുജറാത്തി പ്രഭുക്കളും പരസ്പര ധാരണയോടെയാണ് തങ്ങളുടെ സാമ്ര്യാജ്യം വികസിപ്പിക്കുന്നതെന്നു ചുരുക്കം. അംബാനി എണ്ണ ശുദ്ധീകരണം, വിതരണം, പ്രകൃതിവാതക പര്യവേക്ഷണം, ടെലി കമ്യൂണിക്കേഷന്‍, ചെറുകിട, ഓണ്‍ലൈന്‍ വ്യാപാരം, പ്രതിരോധം, മീഡിയ എന്റര്‍ടൈന്‍മെന്റ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ലോജിസ്റ്റിക് തുടങ്ങിയ നിരവധി മേഖലകളില്‍ വന്‍ കുത്തകയായി മാറുമ്പോള്‍ അദാനി ആ മേഖലയില്‍ കാലൂന്നുന്നേയില്ല, അഥവാ വ്യാപാരത്തിനുപുറത്തുള്ള ഏതോ ശക്തിയുടെ ആജ്ഞാനുവര്‍ത്തികള്‍ കൂടിയാണ് ഈ രണ്ടു ഗുജറാത്തി കുത്തകകളുമെന്ന് വാണിജ്യ രംഗത്തെ നിരീക്ഷകര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ ഇന്ത്യക്കെതിരായ ആക്രമണമെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ വിശേഷിപ്പിക്കുന്നത്. നരേന്ദ്രമോദി പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടുന്ന അതേ രീതിയാണത്. ആരോപണങ്ങളെ ദേശീയതയില്‍ പൊതിഞ്ഞ പ്രതികരണങ്ങള്‍ കൊണ്ട് പ്രതിരോധിക്കുക. സാധാരണ കമ്പനികള്‍ അവരുടെ പത്രസമ്മേളനങ്ങളില്‍ കമ്പനി ലോഗോയും പേരും പശ്ചാത്തലത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ അദാനി ഇന്ത്യന്‍ പതാകയാണ് പശ്ചാത്തലത്തില്‍ കാണിച്ചിരുന്നത്. ഇന്ത്യ സമം അദാനി എന്നു വരുത്താനുള്ള ശ്രമം മാത്രമല്ല, അത്തരമൊരു മനസ്ഥിതികൂടി ഈ കുത്തകകള്‍ക്ക് വന്നുതുടങ്ങി എന്നതാണതിന്റെ അര്‍ത്ഥം.

ഇന്ത്യയുടെ അഭിമാനം ഒരു വ്യവസായിയുടെ സമ്പത്തല്ല, ഇന്ത്യയുടെ അഭിമാനം അതിന്റെ സ്ഥാപനപരമായ ഘടനകളുടെ ദൃഢതയിലാണ്, രാജ്യത്തെ ദശലക്ഷക്കണക്കിന് റീട്ടെയില്‍ നിക്ഷേപകരെ ബാധിച്ചേക്കാവുന്ന വലിയ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണ് കണ്ടു തുടങ്ങുന്നത് എന്നിങ്ങനെയുള്ള തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയുടെ വാക്കുകള്‍ അതുകൊണ്ടുതന്നെ സുപ്രധാനമാണ്. ഏതാനും കുത്തകകള്‍ ഭരണകൂടവുമായി ചേര്‍ന്ന് അവിശുദ്ധമായ കൂട്ടുകെട്ട് സൃഷ്ടിക്കുന്നതോടെ ഏകാധിപത്യ, സമഗ്രാധിപത്യ പ്രവണതകള്‍ തലപൊക്കുന്നു.

രാഷ്ട്രീയ ഏകാധിപതിയുടെ ഭാഷയില്‍ പ്രധാനമന്ത്രി പെരുമാറുന്ന രാജ്യമായും, സാമ്പത്തിക ഏകാധിപത്യം ഏതാനും കമ്പനികള്‍ക്കു പതിച്ചുകിട്ടുന്ന ശക്തിയായും ഇന്ത്യ മാറുമ്പോള്‍ അത് പുതിയ വിഘടനവാദത്തിലേക്കും ശിഥിലീകരണത്തിലേക്കും നാശത്തിലേക്കുമാണ് രാജ്യത്തെ നയിക്കുക. രാഷ്ട്രീയത്തിലും സമ്പത്തിലും തങ്ങളുടെമാത്രം നിലനില്‍പ്പും വളര്‍ച്ചയും ലക്ഷ്യമിടുന്ന അച്ചുതണ്ടുശക്തികള്‍ വര്‍ഗീയതയും കപടദേശീയതയും കൂടി പ്രയോഗിക്കുന്ന സ്ഥിതിവിശേഷം കൂടിയായാല്‍ ഈ ദുരന്തം പൂര്‍ണമായി. ഇന്ത്യ അപകടകരമായ അത്തരമൊരു ദശാസന്ധിയിലേക്ക് നീങ്ങുന്നതിന്റെ പ്രത്യക്ഷലക്ഷണങ്ങളാണ് നാം കാണുന്നതു മുഴുവന്‍.

അനുബന്ധം: കഴിഞ്ഞ ദിവസം പത്രവായനക്കിടയില്‍ ടൈംസ് ഓഫ് ഒമാനില്‍ ഒരു വാര്‍ത്ത കണ്ടു. സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് (സി.പി.എ) ലോകത്തിലെ നൂറ്റിപ്പത്ത് രാജ്യങ്ങളിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന മതപരമായ ഉള്‍ക്കൊള്ളല്‍ വിഷയമാക്കി ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നു. റിപ്പോര്‍ട്ടിലെ പട്ടിക പ്രകാരം, മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്ന കാര്യത്തില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.

ടൈംസ് ഓഫ് ഒമാന്‍ ഈ റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള വാര്‍ത്ത നല്‍കിയിരിക്കുന്നത്, ദി ഓസ്‌ട്രേലിയ ടുഡേ എന്ന പത്രത്തെ ഉദ്ദരിച്ചാണ്. വാര്‍ത്തയില്‍ താല്‍പര്യം തോന്നി വായിച്ചു പോയപ്പോള്‍ സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് ബീഹാറിലെ പാറ്റ്‌ന ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ദുര്‍ഗ നന്ദ് ജാ എന്നു പേരുള്ള ‘മുന്‍ ജേണലിസ്റ്റും ഇപ്പോള്‍ പ്രഫഷണല്‍ എകോണമിസ്റ്റു’മായ ഒരാളുടെ ഒറ്റയാള്‍ പോരാട്ടമാണ് സി.പി.എയില്‍ നടക്കുന്നത്. അദ്ദേഹം പാറ്റ്‌നയിലിരുന്ന് സൂമിലും ഗൂഗിള്‍ മീറ്റിലും രാജ്യാന്തര കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുന്നു. പാറ്റ്‌നയില്‍ തന്നെയിരുന്നു ലോകരാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളുടെ സാമൂഹിക സാഹചര്യങ്ങള്‍ പഠിക്കുന്നു. ശേഷം ലോക രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളോടുള്ള അനുഭാവത്തില്‍ ഇന്ത്യയാണ് ഒന്നാമതെന്നു കണ്ടെത്തുന്നു, രാജ്യാന്തര റിപ്പോര്‍ട്ടുണ്ടാക്കുന്നു, ദക്ഷിണ കൊറിയ, ജപ്പാന്‍, പനാമ, യു.എസ് മാലിദ്വീപ്, അഫ്ഗാനിസ്ഥാന്‍, സൊമാലിയ എന്നീ രാജ്യങ്ങളെ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തേക്കു വെക്കുന്നു, യു. എ.ഇക്ക് അറുപത്തിനാലാം സ്ഥാനം കൊടുത്തേക്കാമെന്നു തീരുമാനിക്കുന്നു.

റിപ്പോര്‍ട്ട് ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ക്ക് അയക്കുന്നു. ഏതെങ്കിലും ഒരു മാധ്യമം റിപ്പോര്‍ട്ടിനെപ്പറ്റി വാര്‍ത്ത കൊടുത്താല്‍, ആ വാര്‍ത്തയെ ഉദ്ദരിച്ചായിരിക്കും പിന്നീടുള്ള വാര്‍ത്തയെഴുത്ത്. അങ്ങനെ ദുര്‍ഗ നന്ദ് ജാ ഇന്ത്യയെ ലോരാജ്യങ്ങളുടെ പട്ടികയില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വളരെ കഷ്ടപ്പെടുകയാണ്. ഇത്രയും ദേശഭക്തിയുള്ള മാധ്യമപ്രവര്‍ത്തകന്‍ ആര്‍ക്കുവേണ്ടിയാണ് ഇങ്ങനെ ഒറ്റത്തടിയായി കഷ്ടപ്പെടുന്നതെന്നറിയാന്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജ് കണ്ടാല്‍ മതിയാവും. നാളെ ഇന്ത്യയിലെ മാധ്യമങ്ങളെ മൊത്തം നിയന്ത്രിക്കുന്ന ശക്തികേന്ദ്രമായി അദ്ദേഹം മാറിയേക്കാം, സത്യവും ധര്‍മവും നീതിയുമല്ല, മുഖസ്തുതിയും പരസ്പര സഹായവും പുകഴ്ത്തുപാട്ടുകളുമാണ് ഇപ്പോഴത്തെ ഇന്ത്യയിലെ യോഗ്യതകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

ആശയറ്റവരും അര്‍മാനി ബാഗും

EDITORIAL

Published

on

ഓസ്‌കര്‍ പുരസ്‌കാരം സിനിമയില്‍ മാത്രം ഒതുങ്ങാതെ അത് രാഷ്ട്രീയ രംഗത്തേക്ക് കൂടി വരികയാണെങ്കില്‍ ആരായിരിക്കും മികച്ച നടി എന്ന കാര്യത്തില്‍ എന്തായാലും ഇനി തര്‍ക്കത്തിന് സ്ഥാനമില്ല, കേരള ആരോഗ്യ മന്ത്രി ഒന്നു മുതല്‍ അവസാന സ്ഥാനം വരെ സ്വന്തമാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അത്രമേല്‍ ഭീകര അഭിനയമാണ് മന്ത്രിയുടേത്. നേരത്തെ ഉണ്ടായിരുന്ന മന്ത്രി പി.ആര്‍ ബില്‍ഡ് ആയിരുന്നുവെങ്കില്‍ നിലവിലെ മന്ത്രി പി.ആറിന് പോലും പി.ആര്‍ വെക്കുന്നയാളാണ്. നാളുകളായി തലസ്ഥാനത്ത് വെയിലും മഴയും കൊണ്ട് മിനിമം കൂലി ജീവിക്കാനുള്ള വകയാക്കണമെന്നാവശ്യപ്പെട്ട് ആശ പ്രവര്‍ത്തകര്‍ സമരം ചെയ്യുമ്പോള്‍ ഉപദേശം മാത്രം ഇംഗ്ലീഷ് മരുന്ന് കഴിക്കും പോലെ ഒന്നു വീതം മൂന്നു നേരെ പുറപ്പെടുവിക്കലാണ് മന്ത്രിയുടെ പ്രധാന പണി.

പിന്നെ നിലപാടുകളുടെ രാജകുമാരി ആയതിനാല്‍ എന്തി നും ഏതിനും നിലപാടുള്ളയാളാണ്. അതിപ്പോള്‍ കാപ്പ കേസ് പ്രതിയെ മാലയിട്ടു സ്വീകരിക്കുന്നത് മുതല്‍ കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനെന്ന പേരില്‍ ക്യൂബന്‍ ഉപപ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വിരുന്നില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വരെ അങ്ങനെ തന്നെ. കേരളത്തിന് ഒരു കപ്പിത്താനുണ്ടെന്നും ഈ കപ്പല്‍ ആടിയുലയില്ലെന്നും അടിക്കടി പ്രസ്താവന ഇറക്കുന്ന മന്ത്രിയുടെ പ്രധാന പണി തന്നെ പ്രസ്താവന കളിറക്കുക എന്നതാണ്. പ്രസ്താവനാ വകുപ്പ് മന്ത്രി എന്നൊരു വകുപ്പ് തന്നെ ഭവതിക്ക് വെച്ച് നല്‍കാവുന്നതാണ്.

സഭയില്‍ കൈചൂണ്ടി സംസാരിച്ചാല്‍ പോലും അതിനെതിരെ ഉറഞ്ഞു തുള്ളുന്ന മന്ത്രി പക്ഷേ കേരളത്തില്‍ ആരോഗ്യ രംഗം ഐ.സി.യുവിലായിട്ട് ഒരു ചെറുവിരല്‍ പോലും അനക്കാറില്ല. എന്നും വരും മന്ത്രിയുടേതായി പ്രസ്താവനകള്‍. നടപടി എടുക്കും. കര്‍ശന നടപടി, ഉത്തരവാദികളായവരെ കണ്ടത്തും. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി എന്ന തരത്തില്‍ ദിവസവും പ്രസ്താവനകള്‍ വന്നു കൊണ്ടേ ഇരിക്കും. മാധ്യമങ്ങള്‍ക്ക് ആകെയുള്ള പണി മന്ത്രി പറഞ്ഞ സ്ഥലം മാത്രം മാറ്റുക എന്നതാണ്. ഉള്ളടക്കം എല്ലാം ഒന്ന് തന്നെ. പ്രസ്താവനയിലെ വാക്യങ്ങളും വാക്കുകളും ഒരേ കോപ്പി പേസ്റ്റ് സാധനങ്ങള്‍ തന്നെ. കേരളം എന്ന സംസ്ഥാനം രൂപികൃതമായ ശേഷം ഇത്രയും മോശം ആരോഗ്യ മന്ത്രി ഉണ്ടായിട്ടുണ്ടോ എന്നതിനെ കുറിച്ച് വേണമെങ്കില്‍ ഒരു ഗവേഷണ പ്രബന്ധം തന്നെ തയ്യാറാക്കാവുന്നതാണ്.

അത്രമേലുണ്ട് വകുപ്പിന്റെ വീഴ്ചകള്‍. 231 രൂപ എന്ന ദിവസ കൂലി കുട്ടിത്തരണമെന്ന് പറയുന്ന ആശപ്രവര്‍ത്തകരെ കൊഞ്ഞനം കുത്തി നടക്കുന്ന മന്ത്രിക്ക് പക്ഷേ ബംഗാളിലെ സി.പി.എം തകര്‍ന്നതിനെ കു റിച്ച് തെല്ലൊന്ന് ആലോചിക്കുന്നത് നന്നാവും. ആപ്പിള്‍വാച്ചും മോംബ്ലോ പേനയും ഉപയോഗിച്ചതിന് പണ്ട് സിപിഎമ്മിന്റെ ബംഗാളിലെ ചെന്താരകവും എം.പിയുമായിരുന്ന ഋതബ്രത ബാനര്‍ജിക് പണികിട്ടിയ കാര്യം ശരിക്കും ഓര്‍ക്കാവുന്നതാണ്. പാര്‍ട്ടി രീതിയോട് ചേര്‍ന്നുള്ള ജീവിത ശൈലിയല്ലെന്ന് ആരോപിച്ച് ടിയാനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കാലം മാറി ഋതബ്രത പിന്നീട് ദീദിക്കൊപ്പം ചേര്‍ന്നു. ന്യുയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ കസേരയിട്ട് മേല്‍ പോട്ട് നോക്കുകയും ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പോയി മുതലാളിത്തത്തിന് മണിയടിച്ച് നെതര്‍ലന്‍ഡ്‌സില്‍ നിന്നും റൂം ഫോര്‍ റിവറുമായി എത്തിയ സഖാവിന്റെ കുടെ ജോലി ചെയ്യുന്നതിനാല്‍ പട്ടിണി കിടക്കുന്ന ആശകളെ നോക്കുന്നതിനേക്കാളും തന്റെ എംപോറിയോ അര്‍മാനിയുടെ ബാഗ് പ്രദര്‍ശിപ്പിക്കുന്നതിലാണ് തിരക്ക്.

ഇറ്റാലിയന്‍ നിര്‍മിത അര്‍മാനി വിപണിയില്‍ വില്‍ക്കുന്നത് 162,000 രൂപയ്ക്കാണ്. തൊഴിലാളി ചൂഷണ നിര്‍മിതിയായ പൊങ്ങച്ച ബാഗ്തൂക്കി ലളിത ജീവിതം കാട്ടി നടക്കുമ്പോള്‍ 231 രൂപയേക്കാളും കൂടുതല്‍ ചോദിക്കുന്നവരെ പരമ പുച്ഛം തോന്നുക സ്വാഭാവികം. ഇനി ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ഡ്യൂപ്ലിക്കേറ്റ് ആയത് പോലെ ബാഗും വ്യാജനാണോ എന്നറിയില്ല.

സൈബര്‍ സഖാക്കള്‍ എന്തായാലും വീണ മന്ത്രിക്ക് വേണ്ടി സൈബറിടത്തില്‍ പടവെട്ടി മരിക്കുകയാണ്. നിപ സമയത്ത് പി.ആര്‍ പോരാത്തതിനാല്‍ പണ്ട് തന്റെ സഹപ്രവര്‍ത്തകയായിരുന്നയാളെ ഉപയോഗിച്ച് സമാന്തര പി.ആര്‍ പണി നടത്തിയ ആളായതിനാല്‍ ഇതൊക്കെ മന്ത്രിക്ക് എന്ത്. മാധ്യമ നിശ്പക്ഷതയെ കുറിച്ചൊക്കെ വാചാലയാവുന്ന മന്ത്രി മുമ്പ് പിണറായിക്ക് വേണ്ടി മാധ്യമ പ്രവര്‍ത്തകയായിരുന്ന സമയത്ത് ചെയ്തു കൊടുത്ത സഹായത്തിന്റെ ആകെത്തുകയാണ് ഇപ്പോഴത്തെ മന്ത്രിപ്പണിയും സംസ്ഥാന സമിതിയിലെ സ്ഥാനവുമെല്ലാം. അല്ലേലും എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് കൊട്ടിഘോഷിച്ചേ മന്ത്രി ചെയ്യൂ. ചുമ്മാതങ്ങ് ചെയ്യാനൊക്കുമോ.

വൈത്തിരി താലൂക്ക് ആ ശുപത്രിയിലെ കെട്ടിടോദ്ഘാടനത്തിന് മന്ത്രിക്ക് വെടിക്കെട്ടും ചെണ്ടമേളയുമായിരുന്നു വരവേല്‍പ്. രോഗികള്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് വെടിക്കെട്ട്. അതും സ്‌നേഹപ്രകടമാണെന്നാണ് മന്ത്രിയുടെ ഭാഷ്യം. ഇനി ഇവര്‍ക്ക് സി.പി.എമ്മില്‍ സീറ്റുകിട്ടിയത് എങ്ങിനെയാണെന്നത് പരിശോധിച്ചാല്‍ മതി അത്രമേല്‍ ഉണ്ട് ഇവരുടെ വീര സാഹസങ്ങള്‍. മുന്‍ മന്ത്രി ടി.എം ജേക്കബ് അന്തരിച്ച ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ദിവസം… പോളിംഗ് തുടങ്ങി ഏതാണ്ട് പത്തുമണിയോട് അടുക്കുന്നു… പെട്ടെന്ന്,സാധാരണ, വാര്‍ത്ത വായിക്കുക മാത്രം ചെയ്യാറുണ്ടായിരുന്ന ഇവര്‍, ചാനല്‍ മൈക്കുമായി നേരെ ഒരു ബ്രേക്കിംഗ് ന്യൂസ് നടത്തുകയാണ്…’ ഓര്‍ത്തഡോക്‌സ് യാക്കോബായ സംഘര്‍ഷം മൂലം അടച്ചിട്ടിട്ടുണ്ടായിരുന്ന കോലഞ്ചേരി പള്ളിയില്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെ ഒരു വിഭാഗം ആരാധന നടത്തുന്നു എന്നതായിരുന്നു ബ്രേക്കിംഗ്…. പിറവം നിയമസഭാ മണ്ഡലത്തിന്റെ സ്ട്രക്ചര്‍ വെച്ചിട്ട് ഒരു വിഭാഗം വോട്ടര്‍മാരെ സാമുദായികമായി അനൂപ് ജേക്കബിന് /യുഡിഎഫിന് എതിരാക്കുന്നതിന്, സംഘര്‍ഷമുണ്ടാക്കി ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടി നടത്തിയ യാതൊരു നാണവും മാനവും ഇല്ലാത്ത പ്രവര്‍ത്തിയാണ് അന്ന് വീണ ജോര്‍ജ് ചെയ്തത് സിപിഎം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പുള്ള, പി ണറായി വിജയനെ ആകര്‍ഷിച്ച ഇവരുടെ പെര്‍ഫോമന്‍സ് ഇതാണ് …എന്തും ചെയ്യും…. എന്തും പറയും എന്തും ന്യായീകരിക്കും സൈബര്‍ സഖാക്കള്‍ക്ക് പറ്റിയ കൂട്ടാണ്.

Continue Reading

Article

അമര സ്മരണകളുടെ മഹാദിനം

ഭരണകൂട ഭീകരതയുടെ ഇരകളായി ജീവാര്‍പ്പണം ചെയ്ത മൈലപ്പുറത്തെ അബുല്‍ മജീദ്, കാളികാവിലെ കുഞ്ഞിപ്പ, പൂത്തൂര്‍ പള്ളിക്കലെ ചിറക്കല്‍ അബ്ദുറഹ്‌മാന്‍ എന്നിവരെക്കുറിച്ചുള്ള ധീരസ്മൃതികളുണരുന്ന ദിനംകൂടിയാണ് റമസാന്‍ പതിനേഴ്

Published

on

വല്ലാഞ്ചിറ മുഹമ്മദാലി

ഇന്ത്യാ ചരിത്രത്തില്‍ ഒരു ഭാഷക്ക് വേണ്ടി സമരം ചെയ്തു രക്തസാക്ഷിയാവേണ്ടി വരികയും, ഭരണകൂടം അവരുടെ തിരുമാനങ്ങളില്‍ നിന്നും പിന്‍വലിയേണ്ടി വരികയും ചെയ്ത ആദര്‍ശ സമര വീഥിയിയിലെ സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ട സമരമാണ് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കിയ ഭാഷാസമരം. ഭരണകൂട ഭീകരതയുടെ ഇരകളായി ജീവാര്‍പ്പണം ചെയ്ത മൈലപ്പുറത്തെ അബുല്‍ മജീദ്, കാളികാവിലെ കുഞ്ഞിപ്പ, പൂത്തൂര്‍ പള്ളിക്കലെ ചിറക്കല്‍ അബ്ദുറഹ്‌മാന്‍ എന്നിവരെക്കുറിച്ചുള്ള ധീരസ്മൃതികളുണരുന്ന ദിനംകൂടിയാണ് റമസാന്‍ പതിനേഴ്.

1980 ല്‍ സംസ്ഥാനത്തിന്റെ പൊതു വിദ്യഭ്യാസ മേഖലയില്‍ നിന്ന് അറബി ഭാഷയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അറബി, ഉര്‍ദു, സംസ്‌കൃതം ഭാഷകള്‍ക്കെതിരെ സര്‍ക്കാര്‍ കരിനിയമങ്ങള്‍ കൊണ്ടു വന്നു. ഭരണഘടനാ ദത്തമായ ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്നതിനെതിരെ ഭാഷാ സ്‌നേഹികള്‍ പ്രക്ഷോഭ രംഗത്തിറങ്ങി. വ്യാപകമായി സംസ്ഥാനത്ത് കലക്ടറേറ്റുകള്‍ പിക്കറ്റ് ചെയ്യപ്പെട്ടു. 1980 ജൂലൈ 30 (റമസാന്‍ 17ന്) മലപ്പുറത്ത് സമരത്തിലേര്‍പ്പെട്ട ജനക്കൂട്ടത്തിന് നെരെ പൊലിസ് നിറയൊഴിച്ചു. മൂന്ന് യുവാക്കള്‍ രക്തസാക്ഷികളായി, അവകാശ സംരക്ഷണ പോരാട്ടത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ലക്ഷം പേരുടെ രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിക്കപ്പെട്ടു.

സമരം മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു. സമരത്തില്‍ പങ്കെടുത്ത എന്നെ പോലെയുള്ള എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് ജീവിത കാലം മുഴുവന്‍ ഹരിത പതാക നെഞ്ചിലേറ്റാനുള്ള ആവേശം പകര്‍ന്ന സമരമായിരുന്നു അന്ന് നടന്നത്. മഞ്ചേരി എന്‍.എസ്.എസ് കോളജില്‍ പ്രി ഡിഗ്രി വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് എനിക്ക് ഈ സമരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായത്. മുസ്ലിം ലീഗ് സമുദായത്തില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി ഇടതുപക്ഷം കൊണ്ടുവന്ന അജണ്ടയുടെ ഭാഗമായിരുന്നു കരി നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം. അജണ്ട തിരിച്ചറിഞ്ഞ മുസ്ലിം ലീഗ് നേതൃത്വം സര്‍ക്കാറിനെതിരെ ശക്തമായ നിലപാടെടുത്തു. 45 വര്‍ഷം മുമ്പ് നടന്ന ഈ സമര കാലഘട്ടത്തില്‍ ഇന്നത്തെ പോലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തി പെട്ടെന്ന് സമരം നടത്തുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ദീര്‍ഘകാലത്തെ രാഷ്ട്രീയപ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഓരോ സമരങ്ങളും സംഘടിപ്പിച്ചിരുന്നത്.

മര്‍ഹും അഹമ്മദലി മദനിയുടെയും കുളത്തുര്‍ മുഹമ്മദ് മൗലവിയുടെയും നേത്യത്വത്തില്‍ കെ.എ.ടി.എഫ് ആയിരുന്നു സമരത്തിന് തുടക്കം കുറിച്ചത്. സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.എച്ച് പ്രഖ്യാപിച്ചു ‘അറബി അധ്യാപകരെ നിങ്ങള്‍ വിദ്യാലയങ്ങളിലേക്ക് മടങ്ങി പോകുക, ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു’. സി.എച്ചിന്റെ ആഹ്വാനം കേട്ടുകൊണ്ടാണ് പി.കെ.കെ ബാവയുടെയും കെ.പി.എ മജിദിന്റെയും നേത്യ ത്വത്തില്‍ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ഉള്‍പ്പെടെയുള്ള എല്ലാ ജില്ലാ കലക്ടറേറ്റുകളിലേക്കും 1080 ജൂലൈ 30ന് മാര്‍ച്ച് പ്രഖ്യാപിച്ചത്. റമസാന്‍ 17ന് ബദര്‍ ദിനത്തില്‍ വ്രതം അനുഷ്ടിച്ചുകൊണ്ടാണ് പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ടി. രായിന്‍, പി.ഖാലിദ് മാസ്റ്റര്‍, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, സി.മുഹമ്മദ് മദനി എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ടറേറ്റിലേക്ക് യുവാക്കള്‍ സമരത്തില്‍ പങ്കെടുക്കാനായി ഒഴുകിയെത്തിയത്. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ആസൂത്രണം ചെയ്ത നായനാര്‍ സര്‍ക്കാര്‍ മലപ്പുറത്ത് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയായിരുന്ന വാസുദേവന്‍ മേനോനെ ഇറക്കി സമരക്കാര്‍ക്കു നേരെ മനപ്പൂര്‍വം പ്രകോപനം സൃഷ്ടിച്ചു. സമാധാനപരമായി നടന്ന സമരം വെടി വെപ്പില്‍ കലാശിച്ചപ്പോള്‍ മജീദിന്റെയും കുഞ്ഞിപ്പയുടെയും അബ്ദുറഹ്‌മാന്റെയും ജിവനുകളാണ് സമരത്തില്‍ സമര്‍പ്പിക്കേണ്ടി വന്നത്. നൂറ് കണക്കിന് ചെറുപ്പക്കാര്‍ വെടിയേറ്റ് ജീവച്ചവങ്ങളായി കഴിയേണ്ട സാഹചര്യമുണ്ടായി. നാലര പതിറ്റാണ്ടു പിന്നിടുമ്പോഴും ഇന്നും വെടിയുണ്ട ശരീരത്തില്‍ പേറി ജീവിക്കുന്നവരുണ്ട്.

മലപ്പുറത്ത് നടന്ന ഈ സമരത്തില്‍ സംഭവിച്ച പല കാര്യങ്ങളും പൊതുപ്രവര്‍ത്തകര്‍ക്ക് കേട്ടുകേള്‍വി മാത്രമുള്ളതായിരുന്നു. മുന്നറിയിപ്പ് നല്‍കാതെ ടിയര്‍ ഗ്യാസ് പൊട്ടിച്ചും വെടിവെച്ചും നടത്തിയ പൊലീസ് അതിക്രമം ഭീതിതമായ അന്തരീക്ഷം മലപ്പുറത്ത് ഉണ്ടാക്കി. മഞ്ചേരി ജില്ലാ ആശുപത്രിയില്‍ നൂറുകണക്കിന് ആളുകളെയാണ് വെടിവെപ്പില്‍ പരിക്കുമായി എത്തിച്ചത്. മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിക്കപ്പെ ട്ടതോടെ സമരത്തിന്റെ ഭാവം മാറി. സമരത്തില്‍ പങ്കെടുത്ത യുവാക്കളുടെ സമരവീര്യം എല്ലാവരിലും പ്രകടമായിരുന്നു. മൂന്ന് പേരുടെ രക്തസാക്ഷിത്വം മഞ്ചേരിയില്‍ അനൗണ്‍സ് ചെയ്യുമ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല. പരിക്കേറ്റ് ഒരാള്‍ മഞ്ചേരി ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി വീണ്ടും സമര രംഗത്തേക്ക് പോവുന്ന കാഴ്ചയും ഹൃദയഭേദകമായിരുന്നു. എല്ലാ പൊലീസുകാര്‍ക്കും സുഹൃത്തും വഴികാട്ടി യുമായിരുന്ന പാലായി അബൂബക്കര്‍ ആകുട്ടത്തിലുണ്ടായിരുന്നു. അന്നത്തെ എം.എ സ്.എഫ് നേതാവായിരുന്ന ഇബ്രാഹിം മുഹമ്മദിന്റെ അനൗണ്‍സ്‌മെന്റ് അരീക്കോട് പി.വി മുഹമ്മദിന്റെ മുദ്രാവാക്യം വിളികളും സമരത്തിന് ആവേശം പകര്‍ന്ന കാര്യങ്ങളായിരുന്നു. പി.വി മുഹമ്മദ് അന്ന് വിളിച്ചു കൊടുത്ത മുദ്രാവാക്യങ്ങള്‍ ഇന്നും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ട്. ‘അറബി നാട്ടില്‍ പണി വേണം, അറബി നാട്ടിലെ പണം വേണം, അറബി ഭാഷ പഠിക്കാന്‍ മാത്രം കേരളം നാട്ടില്‍ ഇടമില്ല.. മറുപടി പറയൂ സര്‍ക്കാറേ…

ഭാഷാസമരത്തില്‍ മഞ്ചേരിയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ ഇടപെടലും പ്രത്യേകം പറയേണ്ടതുണ്ട്. ഇസ്ഹാക്ക് കുരിക്കള്‍, അഡ്വ.യു.എ ലത്തിഫ്, അഡ്വ.ഹസന്‍ മഹമൂദ് കുരിക്കള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മഞ്ചേരിക്കാര്‍ സമരത്തില്‍ അണിനിരന്നത്. മഹ്‌മൂദ് കുരുക്കളുടെ നേതൃത്വത്തില്‍ മഞ്ചേരിയിലെ ലീഗ് പ്രവര്‍ത്തകര്‍ സമര സ്ഥലത്തുനിന്നും കാല്‍നടയായി മടങ്ങിയെത്തിയാണ് മഞ്ചേരിയിലെ ആശു പത്രിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

മുസ്ലിം ലിഗിന്റെ സംഘടനാ രംഗത്ത് ഭാഷാ സമരം വരുത്തിയ ഐക്യവും ആവേശവും വിവരണാതീതമാണ്. അന്ന്‌വരെ മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പില്ലാതെ അനുഭാവികള്‍ മാത്രമായിരുന്ന പലരും സമരവേശത്താല്‍ പൂര്‍ണ ലീഗുകാരായി മാറി. സംഘടനക്ക് വേണ്ടി സമര്‍പ്പിത യൗവനങ്ങളായിരുന്നു ഓരോ യൂത്ത് ലീഗ്കാരന്റെയും ജീവിതം. ഭാഷാ സമരത്തെ തുടര്‍ന്ന് ആത്മാര്‍ഥതയും, പരസ്പര സ്‌നേഹവും, ആദരവുക ളും വര്‍ധിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എന്ന കേരളത്തിലെ രാഷ്ട്രീയ നേതാവിനെ രൂപപ്പെടുത്തുന്നത് ഭാഷാ സമരത്തിന് വലിയ പങ്കുണ്ടായിരുന്നു. മുസ്ലിംലീഗിന്റെ പ്രവര്‍ത്തന ശൈലിയില്‍ തന്നെ ഏറെ മാറ്റത്തിനു തുടക്കം കുറിക്കുവാന്‍ ഭാഷാ സമരത്തിന് കഴിഞ്ഞു.

സമരത്തിന് ശേഷം നിയമസഭയെ കുലുക്കിയ സി.എച്ചിന്റെയും സിതി ഹാജിയുടെയും പ്രസംഗങ്ങള്‍ കാതുകളില്‍ തങ്ങിനില്‍ക്കുന്നു. ‘മലപ്പുറത്തുനിന്ന് കരിഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധം ഉയരുന്നു ‘ എന്ന് സി.എച്ചിന്റെ വാക്കുകളും ഭരണകൂടത്തെ വിറപ്പിക്കുന്ന ഹാജിയുടെ പ്രസംഗങ്ങളും ഓരോ മുസ്ലിം ലീഗുകാരെന്റെയും ആത്മാഭിമാനത്തെ ഉയര്‍ത്തുന്നവയായിരുന്നു.

Continue Reading

Article

അണിയറ നീക്കങ്ങളുടെ അലയൊലികള്‍

EDITORIAL

Published

on

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് സംസ്ഥാനം നീങ്ങാനിരിക്കെ 2021 നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായ സി.പി.എം- ബി.ജെ.പി ബാന്ധവത്തിന്റെ അലയൊലികള്‍ വിവിധ തലങ്ങളില്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രസ്താവനകളും പ്രസംഗങ്ങളും ഇരു നേതാക്കളും തരാതരം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഉന്നത നേതൃത്വങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളും സംഭാഷണങ്ങളും മറുഭാഗത്തും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനും ഡല്‍ഹിയില്‍ വെച്ച് നടത്തിയ അപ്രതീക്ഷിത കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങളെക്കുറിച്ച് ഇന്നലെ രമേശ് ചെന്നിത്തല നിയമസഭയില്‍ വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ കൃത്യമായ മറുപടി നല്‍കുന്നതിനുപകരം അടിയന്തരാവസ്ഥയിലും മറ്റും ചാരി പിണറായി വിജയന്‍ രക്ഷപ്പെടുകയായിരുന്നു. ‘കേരളത്തിന്റെ മുഖ്യമന്ത്രിമാര്‍ ഇതിന് മുമ്പും കേന്ദ്രമന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കാണാറുണ്ട്. അതെല്ലാം ഔദ്യോഗിക നടപടിയാണ്.

ഞങ്ങള്‍ അതിനനെയല്ല വിമര്‍ശിച്ചത്. എന്ത് അനൗദ്യോഗിക സന്ദര്‍ശനമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ധനകാര്യമന്ത്രിയോട് നടത്തിയതെന്ന് നമുക്കറിയണമെന്നും കേന്ദ്ര സര്‍ക്കാറിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ ഒരക്ഷരം പറഞ്ഞിട്ടുണ്ടോയെന്നും ആര്‍.എസ്.എ സും ബി.ജെ.പിയും ഫാസിസ്റ്റല്ല എന്ന കാരാട്ടിന്റെ വാദം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ലൈനായി മാറിയെന്നും’ ചെന്നിത്തല ആരോപിച്ചപ്പോള്‍ അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിച്ച് തടിയൂരുകയാണ് മുഖ്യമന്ത്രി ചെയ്തത്.

ആശയപരമായി ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിനെ ഫാസിസ്റ്റ് സര്‍ക്കാറെന്ന് വിളിക്കാന്‍ കഴിയില്ലെന്നാണ് മധുരയില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി തയാറാക്കിയ രാഷ്ട്രീയ രേഖയില്‍ പോളിറ്റ്ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരിക്കുന്നത്. കേരള സി.പി.എമ്മിന്റെ സ്വന്തമായി അറിയപ്പെടുന്ന പ്രകാശ് കാരാട്ടിന്റെ റിപ്പോര്‍ട്ട് പിണറായി വിജയന്റെ ആശീര്‍വാദത്തോട് കൂടിയുള്ളതായിരിക്കുമെന്നതില്‍ രണ്ടഭിപ്രായത്തിന് ഇടംപോലുമില്ല.

സംസ്ഥാനത്തെ അവഗണനയുടെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുകയും സാമ്പത്തികമായും രാഷ്ട്രീയമായും ഞെരുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തോട് ശക്തമായ ഭാഷയില്‍ പ്രതികരിക്കാന്‍ ഒരുഘട്ടത്തില്‍പോലും തയാറായിട്ടില്ലാത്ത പിണറായി വിജയന്‍ തന്റെ നാവ്‌കൊണ്ട് മോദിക്കും കൂട്ടര്‍ക്കും അബദ്ധത്തില്‍ പോലും മുറിവേല്‍ക്കാതിരിക്കാനുള്ള ജാഗ്രതയും കൃത്യമായി പുലര്‍ത്തിപ്പോരുന്നുണ്ട്. കേന്ദ്ര അവഗണനക്കെതിരെ സംസ്ഥാനത്ത് വെച്ച് വലിയ വായില്‍ സംസാരിക്കുന്ന അദ്ദേഹത്തോട്, രാഷ്ട്രീയ നെറികേടിനും ഭരണഘടനാ വിരുദ്ധ സമീപനങ്ങള്‍ക്കുമെതിരെ ഡല്‍ഹിയിലെത്തി ശക്തമായ സമരത്തിന് നേതൃത്വം നല്‍കാന്‍ പ്രതിപക്ഷം പലവുരു ആവശ്യപ്പെട്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു.

ഗത്യന്തരമില്ലാതെ പേരിനുമാത്രമായി നടത്തിയ പ്രതിഷേധത്തിലാകട്ടേ മോദി സര്‍ക്കാറിനെതിരെ കാര്യമായ വിമര്‍ശനങ്ങളുമൊന്നുമുയര്‍ത്താതെ സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ ചോദിച്ചുവാങ്ങുന്നതിന് പകരം യാചനാ സ്വരത്തിലായിരുന്നു പിണറായിയുടെ സംസാരമത്രയും. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇതേ വേദിയില്‍വെച്ചുതന്നെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍ എയ്തുവിടുമ്പോഴായിരുന്നു കേരള മുഖ്യമന്ത്രിയുടെ ഈ തണുപ്പന്‍ പ്രതികരണമെന്നോര്‍ക്കണം.

മുസ്ലിം ന്യൂനപക്ഷങ്ങളെ ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി ഫാസിസ്റ്റ് ശക്തികളെ സന്തോഷിപ്പിക്കുന്ന ഏര്‍പ്പാടിലേക്ക് ഇപ്പോള്‍ സി.പി.എമ്മും അവരുടെ ദല്ലാളുകളും നീങ്ങിയിരിക്കുകയാണ്. സി.പി.എമ്മിന്റെ എല്ലാ വഴിവിട്ട നീക്കങ്ങള്‍ക്കും ഇടംവലം നോക്കാതെ തലവെച്ചുകൊടുക്കേണ്ട ഉത്തരവാദിത്തമുള്ള കെ.ടി ജലീല്‍ തന്നെയാണ് ഈ ദൗത്യത്തിനും തുടക്കം കുറിച്ചിരിക്കുന്നത്.

മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എം.ഡി.എം.എ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്ന നിരീക്ഷണമാണ് അദ്ദേഹത്തിന്റെതായി വന്നിരിക്കുന്നത്. സംസ്ഥാനത്തെ ലഹരി മാഫിയയുടെ കൈയ്യിലേക്ക് വലിച്ചെറിഞ്ഞുകൊടുത്ത സര്‍ക്കാര്‍ സമീപനത്തെ മറച്ചുവെക്കാന്‍ വേണ്ടിയുള്ള ജലീലിന്റെ ചെപ്പടി വിദ്യയാണ് ആരോപണത്തിന് പിന്നിലെങ്കിലും അതിന് ഒരു സമുദായത്തെ ഒന്നടങ്കം കുറ്റപ്പെടുത്തുമ്പോള്‍ ഒരു നിമിഷം പോലും പാഴാക്കാതെ പി.സി ജോര്‍ജിനെപോലെയുള്ള വര്‍ഗീയതയുടെ തണലില്‍ ജീവിക്കുന്നവര്‍ അതേറ്റെടുക്കുകയാണ്.

ഒരു ഇടതു സഹയാത്രികന്റെറെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് സംഘ്പരിവാര്‍ സഹയാത്രികന് കുടപിടിച്ചു കൊടുക്കാന്‍ ഒരു തടസ്സവുമില്ലാത്ത ഈ സാഹചര്യം തന്നെയാണ് സി.ജെ.പിയുടെ പുതിയ പരീക്ഷണങ്ങളുടെ ഏറ്റവും മികച്ച തെളിവ്. അപകടകരമായ ഈ പ്രസ്താവനകളെ ചോട്ടാ നേതാക്കളും വ്യാപകമായി ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങളെല്ലാം സുവ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

Continue Reading

Trending