പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.
ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.