ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറില്‍ റീല്‍സ് ചെയ്ത് വധു; 6000 രൂപ പൊലീസ് പിഴ ചുമത്തി

ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ റീൽസ് ചെയ്ത വധുവിന് പിഴ ചുമത്തി ഡൽഹി പൊലീസ്. ‘സജ്‌നാ ജി വാരി വാരി’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ റീൽ നിമിഷം നേരം കൊണ്ട് തന്നെ വൈറലായിരുന്നു. വിവാഹ വേഷത്തിൽ സ്‌കൂട്ടറോടിച്ചുകൊണ്ടായിരുന്നു യുവതിയുടെ പ്രകടനം.

ഹെൽമെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് ആയിരം രൂപയും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതിന് 5,000 രൂപയും പൊലീസ് പിഴ ചുമത്തി. ഇത്തരം ബുദ്ധിമോശം കാണിക്കരുതെന്ന താക്കീതോടെ യുവതിയുടെ അഭ്യാസവും പിന്നാലെ പിഴ രസീതിന്റെ ചിത്രവുമടങ്ങുന്ന വിഡിയോ ഡൽഹി പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തിൽ ഡൽഹി പൊലീസിനെ അനുമോദിച്ച് വലിയ പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ട്വിറ്റർ ഉപയോക്താക്കൾ. ജീവനെടുക്കുന്ന ഇത്തരം സാഹസിക പ്രകടനങ്ങൾക്കെതിരെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടി മാതൃകാപരവും സ്വാഗതാർഹവുമാണെന്ന് ട്വിറ്റർ ഒന്നടങ്കം പറയുന്നു.

webdesk13:
whatsapp
line