Connect with us

kerala

മദ്യനിർമാണശാല കർഷകരിൽ ആശങ്ക ഉണ്ടാക്കി; സർക്കാരിനെ വിമർശിച്ച് സിപിഐ മുഖപത്രം

ബ്രൂവറി പ്ലാന്‍റ് കൃഷിക്കാരിലും കർഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയെന്ന് വിമർശനം.

Published

on

പാലക്കാട് മദ്യ നിർമാണ കമ്പനി സ്ഥാപിക്കുന്നതിൽ എതിർപ്പ് പരസ്യമാക്കി സിപിഐ മുഖപത്രത്തിൽ ലേഖനം. ബ്രൂവറി പ്ലാന്‍റ് കൃഷിക്കാരിലും കർഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയെന്ന് വിമർശനം. വെള്ളം മദ്യനിർമാണ കമ്പനിക്ക് വിട്ടു നൽകിയാൽ നെൽകൃഷി ഇല്ലാതാവും .

സംസ്ഥാന താൽപര്യത്തിന് നിരക്കാത്ത പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ലേഖനത്തിൽ പറയുന്നു. പാർട്ടി ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരിയുടേതാണ് ലേഖനം. ബ്രൂവറി വിവാദത്തിൽ ജനതാദൾ എസിലും കടുത്ത പ്രതിഷേധം.

മന്ത്രിസഭാ യോഗത്തിൽ എതിർപ്പറിയിക്കാത്ത കെ. കൃഷ്ണൻകുട്ടിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്‍റുമാർ സംസ്ഥാന പ്രസിഡന്‍റിന് കത്ത് നൽകി. മന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് .

സമീപകാലത്ത് കേരളത്തില്‍ ചര്‍ച്ചാവിഷയമായ പാലക്കാട്ടെ ബ്രൂവറി പ്ലാന്റ് കൃഷിക്കാരിലും കര്‍ഷകത്തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന സ്ഥലമാണ് പാലക്കാട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് പാലക്കാട് താലൂക്ക്.

പാലക്കാട്ടെ നെല്‍കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനായി രൂപം നല്‍കിയതാണ് മലമ്പുഴ ഡാം. നെല്‍കൃഷി ചെയ്യുന്നതിന് ആവശ്യമായ ജലം ലഭ്യമാക്കുകയെന്നത് മലമ്പുഴ ഡാമിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മലമ്പുഴ ഡാമിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞുവരികയാണ്. ഇപ്പോഴുണ്ടാകുന്ന വെള്ളം പൂര്‍ണമായും കൃഷിക്ക് ലഭിക്കാത്ത സാഹചര്യവും വന്നുചേര്‍ന്നിട്ടുണ്ട്. വെ ള്ളം മറ്റുപല ആവശ്യങ്ങള്‍ക്കും വിട്ടുനല്‍കുന്ന പ്രവണത വര്‍ധിച്ചുവരുന്നതിന്‍റെ ഫലമായി കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാത്ത സന്ദര്‍ഭങ്ങള്‍ പല ഘട്ടങ്ങളിലും ഉണ്ടാകുന്നു. ആവശ്യമായ ഘട്ടത്തില്‍ കൃഷിക്ക് വെള്ളം ലഭിക്കാത്തതിനാല്‍ നെല്‍ക്കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകര്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുമുണ്ട്.

മദ്യവ്യവസായത്തിന് എവിടെ നിന്നാണ് ജലം ലഭിക്കുക? നിലവിലുള്ള കൃഷി സംരക്ഷിക്കലല്ലേ പ്രധാനം എന്ന ചോദ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. മദ്യ കമ്പനി വെള്ളം ചൂഷണം ചെയ്യുന്നതോടെ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കില്ല. അതിലൂടെ കാര്‍ഷികമേഖലയാകെത്തന്നെ സ്തംഭനത്തില്‍ ആകുന്ന ഗുരുതരമായ സാഹചര്യമാണ് ഉണ്ടാവുക. എലപ്പുള്ളി പ്രദേശം ചിറ്റൂര്‍ മേഖലയിലാണ്. സംസ്ഥാനത്ത് ഭൂഗര്‍ഭ ജലം ഏറ്റവും കുറഞ്ഞ മേഖലയാണ് ഇത് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മലമ്പുഴ ഡാമില്‍ നിന്നും കൃഷിക്ക് ലഭിക്കേണ്ടുന്ന വെള്ളം മദ്യനിര്‍മ്മാണ കമ്പനിക്ക് വിട്ടുനല്‍കിയാല്‍ നെല്‍കൃഷി മേഖല ആകെ ഇല്ലാതാകും.

ലക്ഷക്കണക്കിന് കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ജീവിതമേഖലയാണ് കൃഷി. ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയും കൃഷിയെ തടസപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്‍റെ താല്‍പര്യത്തിന് നിരക്കുന്നതല്ല. ..ലേഖനത്തില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജി സുരേഷ് കുമാറിന് എതിരായ വിമര്‍ശനം; ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍

നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു

Published

on

കോഴിക്കോട്: സിനിമ മേഖലയിലെ തർക്കത്തിൽ അവസാനം പ്രതികരണവുമായി താരസംഘടനയായ ‘അമ്മ’യുടെ മുൻ പ്രസിഡന്‍റും നടനുമായ മോഹൻലാൽ. നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

നിർമാതാവ് ജി. സുരേഷ് കുമാറിന്‍റെ പരാമർശത്തിനുള്ള മറുപടിയായ നിർമാതാവും നടനുമായ ആന്‍റണി പെരുമ്പാവൂരിന്‍റെ എഫ്.ബി പോസ്റ്റ് പങ്കുവെച്ചാണ് നിർമാതാക്കളും താരങ്ങളും തമ്മിലുള്ള തർക്കത്തിൽ മോഹൻലാൽ നിലപാട് വ്യക്തമാക്കിയത്.

നിർമാതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ‘അമ്മ’ മുൻ ഭാരവാഹി ജയൻ ചേർത്തലയും നടൻ വിനായകനും നിർമാതാവ് ആന്‍റണി പെരുമ്പാവൂരും സംവിധായകൻ വിനയനും രംഗത്ത് വന്നിരുന്നു. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപ്പറ്റിയിട്ട് താരസംഘടനയെയും താരങ്ങളെയും നിർമാതാക്കൾ അധിക്ഷേപിക്കുകയാണെന്ന് ജയൻ ചേർത്തല കുറ്റപ്പെടുത്തി.

അഭിനേതാക്കൾ പണിക്കാരെ പോലെ ഒതുങ്ങി നിൽക്കണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോയിയേഷൻ നിലപാട്. എന്തും ചെയ്യാമെന്ന ധാരണ നിർമാതാക്കൾക്ക് വേണ്ട. തീയറ്ററിൽ ആൾ കയറണമെങ്കിൽ താരങ്ങൾ വേണം. താരങ്ങളുടെ കച്ചവട മൂല്യങ്ങൾ ഉപയോഗിക്കുമ്പോൾ അവർ അർഹിക്കുന്ന പണം നൽകണം.

മാസങ്ങളോളം അഭിനയിച്ചിട്ടും പ്രതിഫലം കിട്ടാത്ത അഭിനേതാക്കൾ നിരവധിയുണ്ട്. കടം കയറിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സാമ്പത്തിക സഹായം നൽകിയത് ‘അമ്മ’ ആണ്. അമ്മ’ കടമായി നൽകിയ ഒരു കോടി രൂപയിൽ 40 ലക്ഷം നിർമാതാക്കളുടെ സംഘടന മടക്കി തരാനുണ്ടെന്നും ജയൻ ചേർത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.

അഭിനേതാക്കൾ സിനിമ നിർമിക്കേണ്ടയെന്ന് ഭാര്യയോടും മകളോടും പറഞ്ഞാൽ മതിയെന്നാണ് സുരേഷ് കുമാറിന് വിനായകൻ മറുപടി നൽകിയത്. താൻ സിനിമ നിർമിക്കുകയും ഡയറക്ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുമെന്നും വിനായകൻ വ്യക്തമാക്കി.

മലയാളത്തിലെ സിനിമ നിർമാതാക്കൾ കടുത്ത പ്രതിസന്ധി​യെ അഭിമുഖീകരിക്കുകയാണെന്നും ഏറ്റവും വലിയ പ്രശ്‌നം നടീനടന്‍മാരുടെ പ്രതിഫലമാണെന്നുമാണ് നിർമാതാവ് സുരേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്. 200 സിനിമകൾ ഇറങ്ങിയതിൽ 24 എണ്ണം മാത്രമാണ് ഓടിയത്. 176 ചിത്രങ്ങൾ ബോക്സോഫീസിൽ പരാജയപ്പെടുകയായിരുന്നു. 650 – 700 കോടിക്കിടയിലാണ് സിനിമ രംഗത്ത് കഴിഞ്ഞ വര്‍ഷം നിര്‍മാതാക്കള്‍ക്ക് സംഭവിച്ച നഷ്ടം.

പല നിര്‍മാതാക്കളും നാടുവിട്ടു പോകേണ്ട ഗതികേടിലാണ്. ഒരു രീതിയിലും ഒരു നിര്‍മാതാവിന് സിനിമയെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ മലയാള സിനിമ. ആർടിസ്റ്റുകൾ എന്നാണ് പടം നിർമിക്കാൻ തുടങ്ങിയത്. കോവിഡിനു മുമ്പ് ദിലീപും മോഹൻലാലും മാത്രമാണ് ഇവിടെ സിനിമ നിർമിച്ചിരുന്നത്. ബാക്കിയുള്ളവരെല്ലാം കോവിഡിനു ശേഷം ഒ.ടി.ടി പ്രചാരത്തിൽ വന്നതോടെയാണ് പ്രൊഡക്‌ഷൻ തുടങ്ങിയത്. എല്ലാം എനിക്ക് പോരട്ടെയെന്ന വിചാരമാണ് ഇതിന് പിന്നിലെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.

സുരേഷ് കുമാറിന്‍റെ പരാമർശത്തോട് രൂക്ഷ ഭാഷയിലാണ് ആന്‍റണി പെരുമ്പാർ പ്രതികരിച്ചത്. നിർമാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ ജി. സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയതെന്നാണ് ആന്‍റണി പെരുമ്പാവൂർ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്.

ആന്‍റണി പെരുമ്പാവൂരിന്‍റെ കുറിപ്പ്:

എനിക്ക് പറയാനുള്ളത്…? കഴിഞ്ഞ മാസത്തെ മലയാള സിനിമയെ വിലയിരുത്തി മലയാള സിനിമാവ്യവസായത്തെപ്പറ്റി മുതിര്‍ന്ന നിര്‍മ്മാതാവും നടനുമൊക്കെയായ ശ്രീ സുരേഷ്‌കുമാര്‍ മാധ്യമങ്ങളോടു നടത്തിയ തുറന്നുപറച്ചിലിനെപ്പറ്റി ചിലതു പറയണമെന്നുള്ളതുകൊണ്ടാണ് ഈ കുറിപ്പ്. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമദ്ദേഹത്തിനുണ്ട്. എന്നാല്‍, ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും സാധിക്കൂ. സംഘടനയില്‍ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങള്‍ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാന്‍ അദ്ദേഹം തയാറായതുകൊണ്ടുമാത്രം, അതേ സ്വാതന്ത്ര്യം എടുത്തുകൊണ്ട്, ഞാനും ചിലതു ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയുകയാണ്.

ജൂണ്‍ ഒന്ന് മുതല്‍ നിര്‍മ്മാതാക്കള്‍ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തില്‍ ശ്രീ സുരേഷ്‌കുമാര്‍ പറഞ്ഞതു ഞാനും കണ്ടു. മറ്റു ചില സംഘടനകളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാവണം അദ്ദേഹം അങ്ങനെ പറയാന്‍ തയാറായത് എന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരത്തിലൊരു സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്നു ഞാന്‍ കരുതുന്നില്ല. കാരണം നൂറുകണക്കിനാളുകളെ, അതുവഴി ആയിരക്കണക്കിനു കുടുംബങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒന്നാണത്. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുമുണ്ട്.കൂട്ടത്തിലുള്ളവരെപ്പറ്റിയും സിനിമയിലെ മറ്റു മേഖലകളിലുള്ളവരെയും പുത്തന്‍തലമുറയെപ്പറ്റി കടുത്തഭാഷയില്‍ വിമര്‍ശിച്ചാല്‍ അദ്ദേഹത്തോടൊപ്പം സംഘടനയിലെ മറ്റുള്ളവര്‍ നിശബ്ദമായി പിന്തുണയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ ധാരണയെന്നും അതു കേട്ടപ്പോള്‍ എനിക്കു തോന്നി. എതെങ്കിലും നിക്ഷിപ്ത താല്‍പര്യക്കാരുടെ വാക്കുകളില്‍ അദ്ദേഹം പെട്ടുപോയതാണോ എന്നും സംശയം തോന്നി. നൂറു കോടി ക്‌ളബില്‍ കയറിയ മലയാള സിനിമകളെ പരിഹസിച്ചും വെല്ലുവിളിച്ചും അദ്ദേഹം സംസാരിച്ചതും കേട്ടു. സിനിമ 50 കോടി, 100 കോടി, 200 കോടി 500 കോടി ക്‌ളബുകളില്‍ കയറുക എന്നത് ഇന്ത്യയിലെവിടെയുമുള്ള ഫിലിം ഇന്‍ഡസ്ട്രകളില്‍ നിലവിലെ രീതിയനുസരിച്ച് എന്റെ അറിവില്‍ മൊത്തം കളക്ഷനെ അഥവാ ഗ്രോസ് കളക്ഷനെ അടിസ്ഥാനമാക്കിക്കന്നെയാണ്. തീയറ്ററില്‍ നിന്നു മൊത്തം വരുന്ന കളക്ഷനും ആ സിനിമയ്ക്ക് വിവിധ രീതികളില്‍ നിന്ന് വന്നുചേരുന്ന മറ്റുവരുമാനങ്ങളും കൂടി ചേരുന്നതാണത്. നിര്‍മ്മാതാവിനുള്ള അറ്റാദായത്തെ വച്ചിട്ടല്ല അങ്ങനെയുള്ള വിലയിരുത്തലും വിശേഷണങ്ങളും. അത് ബോളിവുഡ്ഡിലും തമിഴിലും തെലുങ്കിലുമെല്ലാം അങ്ങനെതന്നെയാണുതാനും. അതിനെ നിര്‍മ്മാതാവിനു മാത്രം കിട്ടിയതായുള്ള അവകാശവാദമായി ചിത്രീകരിച്ചു വിമര്‍ശിക്കുന്നതിന്റെ പൊരുള്‍ ദുരൂഹമാണ്. പിന്നെ, അദ്ദേഹം പ്രതിനിധീകരിക്കുന്ന സംഘടനയിലുള്ളവരില്‍പ്പെട്ടവര്‍ തന്നെയാണല്ലോ ഇങ്ങനെ നൂറുകോടി ക്‌ളബിലും 200 കോടി ക്‌ളബിലും ഇടം നേടിയ വിശേഷണങ്ങള്‍ പ്രചരിപ്പിക്കുന്നതും. മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ക്ക് ചുരുങ്ങിയ നാള്‍ കൊണ്ട് അത്രയ്ക്കു കളക്ഷന്‍ കിട്ടു, അവ മറ്റുനാടുകളിലെ അതിലും വലിയ സിനിമകള്‍ക്കൊപ്പമെത്തുകയും ചെയ്യുന്നതില്‍ സന്തോഷിക്കുകയും ആ സന്തോഷം പങ്കിടുകയും ചെയ്യുന്നതില്‍ അപാകതയില്ലെന്നാണ് എന്റെ അഭിപ്രായം. അതിനെയൊക്കെ ചോദ്യം ചെയ്തും അധിക്ഷേപിച്ചും അപരാധമെന്നോണം വ്യാഖ്യാനിച്ചും ശ്രീ സുരേഷ് കുമാര്‍ സംസാരിച്ചതിന്റെ ചേതോവികാരവും അവ്യക്തമാണ്.

സംഘടനയുടെ പ്രസിഡന്റായിരിക്കെ ശ്‌ളാഘനീയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ കഴിവുറ്റ ഒരാളാണ് ശ്രീ സുരേഷ്‌കുമാര്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, സുഹൃത്തും നിര്‍മ്മാതാവുമായ ശ്രീ ആന്റോ ജോസഫ് പ്രസിഡന്റായിരിക്കെ, ശ്രീ സുരേഷ്‌കുമാര്‍ ഇങ്ങനെ സഹജീവികള്‍ക്കെതിരേയും സ്വന്തം വ്യവസായത്തിനെതിരേയുമുള്ള ആരോപണങ്ങളുമായി മുന്നോട്ടുവന്നതെന്തുകൊണ്ട്, എങ്ങനെ എന്നു മനസിലാവുന്നില്ല. അവരൊന്നും ഇതേപ്പറ്റി യാതൊന്നും പറഞ്ഞതായി കേട്ടില്ല. ശ്രീ സുരേഷ്‌കുമാറിന്റേത് സംഘടനയുടെ ഭാഷ്യമാണെങ്കില്‍ ശ്രീ ആന്റോ ജോസഫിനെപ്പോലുള്ളവരും അദ്ദേഹത്തെ പിന്തുണച്ചു രംഗത്തുവരേണ്ടതായിരുന്നില്ലേ എന്നാരെങ്കിലും സംശയിച്ചു പോയാല്‍ തെറ്റില്ല. സംഘടനയിലെ ആഭ്യന്തരകാര്യങ്ങളെപ്പറ്റി പറയാന്‍ ഞാനളല്ല. പക്ഷേ ശ്രീ ആന്റോയെ പോലുള്ളവരുടെ മൗനത്തില്‍ നിന്ന് ഞാന്‍ മനസിലാക്കുന്നത് അവര്‍ക്കും ശ്രീ സുരേഷ്‌കുമാര്‍ പറഞ്ഞ കാര്യങ്ങളോടും രീതിയോടും അഭിപ്രായവ്യത്യാസമുണ്ടായിരിക്കുമെന്നാണ്. ഇതൊക്കെ സംഘടനയുടെ തീരുമാനങ്ങളാണെങ്കില്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ദീര്‍ഘകാല അംഗമായ ഞാനടക്കമുള്ളവര്‍ അത്തരം നിര്‍ണായകമായ തീരുമാനങ്ങളെപ്പറ്റി അറിയേണ്ടതാണ്. കാലാകാലങ്ങളില്‍ പിന്തുടരുന്ന സംഘടാനതല കീഴ് വഴക്കമതാണ്. അത്തരത്തില്‍ ചര്‍ച്ചചെയ്ത് ഭിന്നസ്വരങ്ങള്‍ കൂടി കണക്കിലെടുത്തും അഭിപ്രായസമന്വയമുണ്ടാക്കിയും മുന്നോട്ടു പോവുക എന്നതാണ് ഏതൊരു ജനാധിപത്യസംവിധാനത്തിന്റെയും കാതല്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഒരു നടന്‍ ഒരു സിനിമ നിര്‍മ്മിച്ചാല്‍ ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്നൊക്കെ ശ്രീ സുരേഷ് കുമാര്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കാന്‍ പോകുന്ന കാര്യമാണെന്ന വിശ്വാസവുമെനിക്കില്ല. കാരണം, ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടത്തിനും വിശ്വാസത്തിനുമനുസരിച്ചു നിയമവിധേയമായി ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ളൊരു രാജ്യമാണിത്. ഇവിടെ സിനിമ പോലൊരു വ്യവസായം ഇങ്ങനെ അദ്ദേഹത്തിന് ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന മട്ടിലൊക്കെ പറഞ്ഞാല്‍ ആരാണ് പിന്തുണയ്‌ക്കെത്തുക? അതൊന്നുമോര്‍ക്കാതെ അദ്ദേഹം ഇവ്വിധം ആരോപണങ്ങളുയര്‍ത്താന്‍ തയാറായതെന്തുകൊണ്ട് എന്നാണറിയാത്തത്. ഞാനൊക്കെ ഏറെ ആദരിക്കുന്ന, ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന നിര്‍മ്മാതാവാണ് ശ്രീ സുരേഷ്‌കുമാര്‍. അദ്ദേഹത്തെപ്പോലൊരാള്‍ ഇത്തരത്തില്‍ ബാലിശമായി പെരുമാറുമ്പോള്‍, അദ്ദേഹത്തിന് എന്തു പറ്റി എന്നാണ് മനസിലാക്കാനാവാത്തത്. ഭാവിയിലെങ്കിലും ഇത്തരം അനാവശ്യമായ ആരോപണങ്ങളുമായി മുന്നോട്ടുവരുമ്പോള്‍ അദ്ദേഹം ഒരുവട്ടം കൂടി ഒന്നാലോചിക്കണമെന്നു മാത്രമാണ് എനിക്കപേക്ഷിക്കാനുള്ളത്.

ഇത്രയും സംഘടനാപരമായിട്ടുള്ളത്. ഇനി വ്യക്തിപരമായ ചിലതു കൂടി. ആശിര്‍വാദ് സിനിമാസിന്റെ എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാന്‍ പരസ്യമായി സംസാരിച്ചിട്ടില്ല; എന്റെ ബിസിനസുകളെക്കുറിച്ചും. ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്‌ളിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാന്‍ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്നുും സത്യസന്ധമായി പറഞ്ഞാല്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല.

എംപുരാനെപ്പറ്റി പറയുകയാണെങ്കില്‍, വന്‍ മുടക്കുമതലില്‍ നിര്‍മ്മിക്കപ്പെട്ട കെ ജി എഫ് പോലൊരു സിനിമ ദേശഭാഷാതിരുകള്‍ക്കപ്പുറം മഹാവിജയം നേടിയതിയതോടെ കന്നഡ ഭാഷാസിനിമയ്ക്കു തന്നെ അഖിലേന്ത്യാതലത്തില്‍ കൈവന്ന പ്രാമാണ്യത്തെപ്പറ്റി നമുക്കെല്ലാമറിയാം. അത്തരത്തിലൊരു വിജയം ഇന്നേവരെ ഒരു മലയാള ചിത്രത്തിനും സാധ്യമായിട്ടില്ല. അത്തരത്തിലൊരു ബഹുഭാഷാ വിജയം സ്വപ്‌നം കണ്ടുകൊണ്ടാണ് ആശിര്‍വാദിന്റെ പരിശ്രമം എന്നതില്‍ അഭിമാനിക്കുന്നയാളാണ് ഞാന്‍. അതു ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി അത്രമേല്‍ അര്‍പണബോധത്തോടെ പ്രവര്‍ത്തിക്കുകയാണ് അതിന്റെ സംവിധായകനടക്കമുള്ള പിന്നണിപ്രവര്‍ത്തകര്‍. ലാല്‍സാറിനെപ്പോലൊരു മഹാനടനും ഇക്കാലമത്രയും അതുമായി സഹകരിച്ചുപോരുന്നുണ്ട്.ലൈക പോലൊരു വന്‍ നിര്‍മ്മാണസ്ഥാപനവുമായി സഹകരിച്ചാണ് ഞങ്ങളീ സ്വപ്‌നം മുന്നോട്ടു കൊണ്ടുപോകുന്നത്. പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്താണ് ആര്‍ട്ടിസ്റ്റുകളും സാങ്കേതികവിദഗ്ധരുമടക്കമുള്ള ഒരു വലിയസംഘം അതിനു പിന്നില്‍ അഹോരാത്രം പണിയെടുക്കുന്നത്. നമ്മുടെ ഭാഷയില്‍ നിന്ന് ബഹുഭാഷാ വിജയം കൈയാളുന്ന വന്‍ ക്യാന്‍വാസിലുളെളാരു ചിത്രമാക്കി ഇതിനെ മാറ്റുക എന്ന ഒറ്റലക്ഷ്യത്തിനുവേണ്ടിയാണിതെല്ലാം. അത്തരം ഒരു സംരംഭത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അകമഴിഞ്ഞു പിന്തുണയ്‌ക്കേണ്ടതിനു പകരം, അതിന്റെ ഉദ്ദേശ്യശുദ്ധി തിരിച്ചറിയാതെ പ്രവര്‍ത്തിക്കുന്നു എന്നത് വളരെ നിരാശയും സങ്കടവും നല്‍കുന്ന കാര്യമാണ്. അതിന്റെ ചെലവെത്രയെന്ന് അറിഞ്ഞൂകൂടാത്ത ശ്രീ സുരേഷ് കുമാര്‍ സാറിന് ഇത്ര ആധികാരികമായി അതേപ്പറ്റിയൊക്കെ എങ്ങനെ പറയാനായി എന്ന് എത്രയാലോചിച്ചിട്ടും എനിക്കു മനസിലാവുന്നില്ല. നിര്‍മ്മാണപൂര്‍വ പ്രവര്‍ത്തനങ്ങളുടെ അവസാനഘട്ടത്തിലുള്ള ഒരു സിനിമയാണതെന്നു കൂടി ഓര്‍ക്കണം.

ജനുവരിയിലെ കണക്കു മാത്രം വച്ചുകൊണ്ടാണ് ശ്രീ സുരേഷ് കുമാര്‍ സ്വന്തം ഭാഷാ സിനിമകളെപ്പറ്റി രൂക്ഷമായഭാഷയില്‍ അനഭിലഷണീയമായ ശൈലിയില്‍ വിമര്‍ശിച്ചത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ലോകാസമ്പത്തികമാധ്യമങ്ങള്‍ വരെ ആഘോഷിച്ചതാണ് മലയാള സിനിമ നേടിയ വിജയത്തിന്റെ കണക്കുകള്‍. മികച്ച ഉള്ളടക്കത്തിന്റെ പേരില്‍ അന്യഭാഷാ സിനിമാക്കാരും പ്രേക്ഷകരും വരെ നമ്മുടെ സിനിമയെ ഉറ്റുനോക്കുകയും നമ്മുടെ തീയറ്ററുകളെല്ലാം പരീക്ഷാക്കാലത്തും വ്രതക്കാലത്തുമൊക്കെ നിറഞ്ഞുകവിഞ്ഞതും കഴിഞ്ഞവര്‍ഷം നാം നേരിലറിഞ്ഞതാണ്. ഉയര്‍ച്ചതാഴ്ചകളും വിജയപരാജയങ്ങളും സിനിമയുണ്ടായ കാലം മുതല്‍ സംഭവിക്കുന്നതാണ്. പുതുവര്‍ഷം പിറന്ന് ഒരു മാസമാവുന്നതിനു മുമ്പ് ആ മാസത്തെ വരവിനെ മാത്രം ഉയര്‍ത്തിക്കാണിച്ചുകൊണ്ട് സിനിമാമേഖലയെ ഒട്ടാകെ വിമര്‍ശിക്കാന്‍ ഒരുമ്പെട്ടത് തീര്‍ച്ചയായും ആരോഗ്യകരമായ, പക്വമായ ഒരിടപെടലായി എനിക്കനുഭവപ്പെടുന്നില്ല, അതും അദ്ദേഹത്തേപ്പോലെ ലബ്ധപ്രതിഷ്ഠനായൊരു നിര്‍മ്മാതാവില്‍ നിന്ന്. സിനിമയില്‍ എല്ലാവര്‍ക്കും വിജയിക്കാനായിട്ടില്ല. പലര്‍ക്കും അതില്‍ നിന്ന് തിരിച്ചടികളുണ്ടായിട്ടുണ്ട്. അതൊക്കെ പരമാര്‍ത്ഥങ്ങളാണ്. അവ അവതരിപ്പിക്കപ്പെടേണ്ടതും അഭിസംബോധനചെയ്യപ്പെടേണ്ടതും തന്നെയാണെന്നതിലും തര്‍ക്കമില്ല. പക്ഷേ അപ്പോഴും ആ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കുറേക്കൂടി പക്വവും നിഷ്പക്ഷവുമായൊരു ശൈലി സ്വീകരിക്കണമായിരുന്നു എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഇത് എന്റെ മാത്രം അഭിപ്രായമാണ്.

തീയറ്ററുകള്‍ അടച്ചിടുകയും സിനിമകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികള്‍ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനില്‍ക്കുന്നത്. അത് സംഘടനയില്‍ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ്. അതല്ല, മറ്റേതെങ്കിലും സംഘനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കില്‍ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആര്‍ജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാള്‍ കാണിക്കേണ്ടതുണ്ട് എന്നു മാത്രം പറയട്ടെ. സംഘടനയിലും പുറത്തും തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാവുന്നതാണ്. എന്നാല്‍ ആ തെറ്റുകള്‍ തിരുത്തിക്കാനുള്ള ജനാധിപത്യ ഉത്തരവാദിത്തം സംഘടനാഭാരവാഹികള്‍ക്കുണ്ട് എന്നു ഞാന്‍ കരുതുന്നു.അത്തരത്തിലൊരു ശ്രമം ശ്രീ ആന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളില്‍ നിന്നുണ്ടാവുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

Continue Reading

kerala

ഉത്സവത്തിന്റെ ആന ഇടഞ്ഞ സംഭവത്തിൽ ചട്ടലംഘനം നടന്നെന്ന് അന്വേഷണ റിപ്പോർട്ട്; നാട്ടാന പരിപാലന നിയമം ലംഘിച്ചു

സംഭവത്തിൽ ഇടപെട്ട ഹൈക്കോടതി ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥനോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്

Published

on

കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ചതിൽ ചട്ടലംഘനം നടന്നെന്ന് അന്വേഷണ റിപ്പോർട്ട്. നാട്ടാന പരിപാലന നിയമം ലംഘിച്ചു. നടപടിക്ക് ശിപാർശ ചെയ്തെന്ന് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ. കീർത്തി വനം മന്ത്രിക്ക് റിപ്പോർട്ട് നൽകിയ ശേഷം പറഞ്ഞു. സംഭവത്തിൽ ഇടപെട്ട ഹൈക്കോടതി ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥനോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

ഇന്നലെയാണ് കോഴിക്കോട് കൊയിലാണ്ടി ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞത്. അപകടത്തിൽ 32 പേർക്ക് ആണ് പരിക്കേറ്റത്. ഇതിൽ മൂന്ന് പേർ മരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി സാരമായി പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന രണ്ട് പേർക്ക് ഗുരുതര പരിക്കുണ്ട്. വെടിക്കെട്ട് നടക്കുന്ന സമയത്ത് ഗോകുൽ എന്ന ആന മുന്നോട്ട് വന്ന് മുന്നിലുള്ള പീതാംബരൻ എന്ന ആനയെ കുത്തുകയായിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് മൂന്ന് ഡിഗ്രി വരെ ചൂട് കൂടും; ഇന്നും നാളെയും താപനില ഉയരാൻ സാധ്യത

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചൂടുകൂടുന്നു. ഇന്നും നാളെയും കേന്ദ്രകാലാവസ്ഥാ വകുപ്പ് താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് ഡിഗ്രി മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11  മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം  തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Continue Reading

Trending