ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
എന്റെ വാക്കുകള്‍ കുറിച്ച്‌വെച്ചോളു, കര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവും എന്ന് കഴിഞ്ഞ ജനുവരി 14ന് പ്രക്ഷോഭമധ്യെ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അന്ന് അതിനെ പുഛിച്ചുതള്ളിയവര്‍, പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ എതിര്‍പ്പിനെ കയ്യൂക്ക്‌കൊണ്ട് മറികടന്ന് നിയമ നിര്‍മാണവുമായി മുന്നോട്ടുപോയവര്‍ തെറ്റുതിരുത്തിയത് സന്തോഷം. പക്ഷേ, രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക്‌വേണ്ടി കര്‍ഷകര്‍ നടത്തിയ ഉജ്വല സമരത്തെ അപവാദംകൊണ്ട് എതിരിട്ടവര്‍ ഉത്തരം പറയേണ്ട ഒരുപിടി ചോദ്യങ്ങളുണ്ട്. പോരാട്ടഭൂമിയില്‍ രക്തസാക്ഷിത്വം വരിച്ച 676 കര്‍ഷകരുടെ ചോരക്കും തെരുവില്‍ അന്തിയുറങ്ങി ചെറുത്തുനിന്ന ലക്ഷോപലക്ഷം സമരഭടന്മാര്‍ക്കും എന്തു പ്രായശ്ചിത്തമാണവര്‍ ചെയ്യുക; ആ ചുടുചോര മോദിയെ വേട്ടയാടില്ലെന്നാണോ.
2020 സെപ്തംബര്‍ 17ന് ലോക്‌സഭയില്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ ആക്ട് 2020 കൊണ്ടുവന്നപ്പോള്‍തന്നെ അതു തള്ളണമെന്നു പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ഏതാനും എം.പിമാരെ ഉള്‍പ്പെടെ സസ്‌പെന്റ്‌ചെയ്ത് ഒതുക്കാന്‍ ശ്രമിച്ചിട്ടും പിന്നോട്ടുപോയില്ല. പാര്‍ലമെന്റിനുമുമ്പിലെ ഗാന്ധി പ്രതിമക്കുമുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷം വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, നേരിയ ഭൂരിപക്ഷം മാത്രമുള്ള രാജ്യസഭയിലും 2020 സെപ്തംബര്‍ 20ന് ബില്ല് പാസാക്കി.
കോണ്‍ഗ്രസും മുസ്‌ലിംലീഗും ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ജനവിരുദ്ധ കര്‍ഷകബില്ല് പാടെ തള്ളണമെന്ന് പറഞ്ഞപ്പോള്‍ ഇതിനോട് യോജിക്കാതെ സി.പി. എം ഉള്‍പ്പെടെ ചില കക്ഷികള്‍ ഏതാനും ഭേദഗതികള്‍ കൊണ്ടുവന്ന് ബി.ജെ.പിക്കെതിരായ നീക്കത്തെ തണുപ്പിക്കാനാണ് ശ്രമിച്ചത്. 2020 സെപ്തംബര്‍ 27ന് രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് ഒപ്പിട്ടതോടെ നിയമമായപ്പോള്‍ തെരുവിലിറങ്ങിയ പ്രതിപക്ഷവും കര്‍ഷകരും പ്രക്ഷോഭം ശക്തമാക്കിയതിനുപുറമെ കഴിഞ്ഞ ജനുവരി 12ന് സുപ്രീംകോടതിയില്‍നിന്ന് സ്റ്റേ കൂടി നേടിയാണ് ബി.ജെ.പി സര്‍ക്കാറിന്റെ തിട്ടൂരത്തെ കടിഞ്ഞാണിട്ടത്.
യാഥാര്‍ഥത്തില്‍ വേണ്ടത്ര ചര്‍ച്ച പോലും കൂടാതെയാണ് മൂന്നു നിയമങ്ങളും ഒറ്റയടിക്ക് പാര്‍ലെമന്റില്‍ ചുട്ടെടുത്തത്. ഇന്ത്യയുടെ വമ്പന്‍ ഭക്ഷ്യധാന്യ വിപണി കൈക്കലാക്കാനുള്ള കാണാചരടാണ് കാര്‍ഷികനിയമം 2020. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് മിനിമം വില ഉറപ്പാക്കുന്ന കര്‍ഷക മാര്‍ക്കറ്റുകള്‍ ഇല്ലാതാക്കുന്നതാണ്, ഒന്നാമത്തെ നിര്‍ദേശം. ആര്‍ക്കും എവിടെയും വില നിയന്ത്രണങ്ങള്‍ ഇല്ലാതെ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും കഴിയുമെന്ന അവസ്ഥവന്നു. താങ്ങുവില ഉറപ്പുനല്‍കി ഉത്പന്നങ്ങള്‍ സംഭരിക്കുന്ന നിലപാടില്‍നിന്നും സര്‍ക്കാര്‍ ഉറപ്പൊന്നും നല്‍കാതെ, യഥേഷ്ടം സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയുന്ന തരത്തിലേക്ക് നിയമങ്ങള്‍ മാറ്റിയതോടെ സ്വകാര്യ കുത്തകകള്‍ കാര്‍ഷിക മേഖല കൈപിടിയിലൊതുക്കുന്ന അവസ്ഥയാണ് സംജാതമായത്.
അവശ്യ സാധന നിയന്ത്രണ നിയമം എടുത്തുകളയുന്നതായിരുന്നു രണ്ടാം നിയമം. മൂന്നാമതായി, കോണ്‍ട്രാക്ട് ഫാമിങ് അംഗീകരിക്കലും. വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെ കരാര്‍ കൃഷിക്കാരായി ഇതോടെ കര്‍ഷകര്‍ മാറുന്ന അവസ്ഥ വന്നു. അവര്‍ പറയുന്ന വിലക്ക് ഭക്ഷ്യസാധനങ്ങള്‍ ഉത്പാദിപ്പിച്ച്‌കൊടുക്കാന്‍ കര്‍ഷകര്‍ ബാധ്യസ്ഥരാവുമെന്ന ദുരന്തമാണ് വരുത്തിവെച്ചത്. ലക്ഷക്കണക്കിന് കര്‍ഷകരുടെ കാര്‍ഷിക വൃത്തിക്കും ഉത്പന്നങ്ങളുടെ വില നിര്‍ണയിക്കാനുമുള്ള അധികാരം അദാനി-അംബാനി തുടങ്ങിയ വന്‍ കോര്‍പറേറ്റ് കുത്തകകള്‍ക്ക് തീറെഴുതി. വിവിധ സംസ്ഥാനങ്ങള്‍ക്ക് കര്‍ഷകരില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നതിന് വിവിധ ചട്ടങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. സംസ്ഥാനങ്ങളില്‍നിന്ന് നിയന്ത്രണാധികാരം ഏറ്റെടുത്ത് രാജ്യം മുഴുവന്‍ ബാധകമായ ഒറ്റ കാര്‍ഷിക നിയമം നടപ്പിലാക്കിയതോടെ പ്രത്യക്ഷത്തില്‍ വലിയ മാര്‍ക്കറ്റ് എന്നു തോന്നിച്ചപ്പോള്‍ വന്‍കിടക്കാര്‍ക്കേ അതിന്റെ മൊത്തം പ്രയോജനം ലഭിക്കുകയുള്ളൂവെന്ന സ്ഥിതി വന്നു. വന്‍ കുത്തകകള്‍ ധാന്യവിളകള്‍ വാങ്ങി ശേഖരിക്കാനും പൂഴ്ത്തിവെച്ച് വിലയില്‍ ഇടപെടാനുമുള്ള സാധ്യത ഇല്ലാതാക്കുന്ന, അവശ്യവസ്തു നിയമ പ്രകാരം ദീര്‍ഘകാലം ധാന്യവിളകള്‍ സൂക്ഷിച്ചുവെക്കുന്നത് നിയന്ത്രിക്കുന്ന നിയമത്തിലും വെള്ളംചേര്‍ത്തു. ഭക്ഷ്യവിളകളെ അവശ്യവസ്തുനിയമത്തില്‍ നിന്ന് ഒഴിവാക്കിയതോടെ കൃഷിക്കാരില്‍നിന്ന് ചെറിയ വിലക്ക് ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് പൂഴ്ത്തിവെച്ച് കൃത്രിമ ക്ഷാമമുണ്ടാക്കി വിലക്കയറ്റം സൃഷ്ടിക്കാന്‍ സാഹചര്യം ഒരുങ്ങിയെന്നു മാത്രമല്ല, ക്രമേണ കര്‍ഷകരെ അടിമകളാക്കുന്ന പരുവത്തിലുമെത്തിച്ചു. ഏതുതരം ഭക്ഷ്യവിളകളാണ് കര്‍ഷകര്‍ കൃഷി ചെയ്യേണ്ടത് എന്ന് കോര്‍പറേറ്റുകള്‍ക്ക് തീരുമാനിക്കാമെന്ന നിബന്ധനയെ കുറിച്ച് ചോദിച്ചവരോട് കരാര്‍ ലംഘിച്ചാല്‍ കര്‍ഷകര്‍ക്ക് കോടതിയില്‍ പോകാമെന്നും അപ്പോള്‍ കോര്‍പറേറ്റുകള്‍ക്ക് ബുദ്ധിമുട്ടാവില്ലേയെന്നുമുള്ള പരിഹാസമായിരുന്നു മറുപടി. നേരിട്ട് കോടതിയില്‍ പോകാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന കര്‍ഷകര്‍ക്ക്, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അല്ലെങ്കില്‍ ജില്ലാകലക്ടറുടെ മുമ്പാകെ പരാതി ബോധിപ്പിക്കുകയെന്നതാണ് പുതിയ രീതി. ഉത്തരം മുട്ടിയിട്ടും 12 തവണ നടന്ന ചര്‍ച്ചയിലും ഒരു വിട്ടുവീഴ്ചക്കും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. തണുപ്പും ചൂടും വെയിലും മഴയുമെല്ലാം സഹിച്ച്, ഭരണകൂടത്തിന്റെയും സംഘ്പരിവാറിന്റെയും കോര്‍പറേറ്റ് ഭീമന്മാരുടെയും ക്രൂര ആക്രമണങ്ങളെ നേരിട്ടാണ് സമരം ഇടതടവില്ലാതെ മഹാമാരിക്കാലമാണെന്ന പ്രതികൂല സാഹചര്യംപോലും വകഞ്ഞുമാറ്റി മുന്നോട്ടുപോയത്. സമരക്കാരെ വണ്ടി കയറ്റിയും വെടിവെച്ചും കൊന്നും കൊല്ലാക്കൊല ചെയ്തും നിഷ്ഠൂരമായാണ് കേന്ദ്ര ഭരണകൂടം നേരിട്ടത്. പക്ഷേ, ഈ മാസം ആദ്യം ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബി.ജെ.പിക്ക് ലഭിച്ച പ്രഹരം കനത്തതായിരുന്നു. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ ഹിമാചല്‍പ്രദേശില്‍ മൂന്ന് സിറ്റിങ് നിയമസഭാസീറ്റുകളും മുഖ്യമന്ത്രി ജയറാം ഠാക്കൂറിന്റെ ജില്ലയായ മാണ്ഡിയിലെ ലോക്‌സഭാസീറ്റുമാണ് ബി.ജെ.പിക്ക് നഷ്ടപ്പെട്ടത്. ഇതോടെ, കടുംപിടുത്തം തല്‍ക്കാലം ഉറയിലിടുകയാണെന്ന് മാത്രം.
കാലിനടിയിലെ മണ്ണൊലിച്ചുപോകുന്നുവെന്ന് തിരിച്ചറിഞ്ഞതിനപ്പുറം കര്‍ഷകരോടോ രാജ്യത്തോടോ മോദി സര്‍ക്കാരിനോ സംഘ്പരിവാറിനോ ആത്മാര്‍ത്ഥതയില്ലെന്ന് കരിനിയമങ്ങള്‍ നിര്‍മിച്ചപ്പോഴും ബലപ്രയോഗത്തിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴും ബി.ജെ.പി ഉയര്‍ത്തിയ ഞൊടു ന്യായങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മോദി സര്‍ക്കാറിന് കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന്മുന്നില്‍ ഒടുവില്‍ കീഴടങ്ങേണ്ടിവന്നത് ആത്മാര്‍ഥമായ തിരിച്ചറിവല്ലെന്നും ഉപതിരഞ്ഞെടുപ്പുകളില്‍ ഏറ്റ കനത്ത തിരിച്ചടികളും, വരാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പുമെല്ലാം ലക്ഷ്യംവെച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ കീഴടങ്ങല്‍ എന്ന് മനസ്സിലാക്കാന്‍ ഇന്ത്യയിലെ ഓരോ സാധാരണക്കാരനും സാധിക്കും. പാടത്ത് പണിയെടുക്കുന്ന അന്നദാതാക്കളുടെയും അവര്‍ക്ക്പിന്നില്‍ ഐക്യദാര്‍ഢ്യവുമായി പാറപോലെ ഉറച്ചുനിന്നവരുടെയും ഈ വിജയം വരാനിരിക്കുന്ന ഒട്ടേറെ പോരാട്ടങ്ങളിലേക്കുള്ള ഊര്‍ജം കൂടിയാവണം.