X

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിയമവിരുദ്ധമെന്നാരോപിച്ച് ദര്‍ഗ പൊളിച്ച് നീക്കി ബി.ജെ.പി അധികാരികള്‍

ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ അനധികൃതമായി നിര്‍മിച്ചതെന്ന് ആരോപിച്ച് ദര്‍ഗ പൊളിച്ച് നീക്കി ജില്ലാ അധികാരികള്‍. മിര്‍പൂര്‍ ഋഷികേശ് ജലസേചന വകുപ്പിന്റെ തെഹ്‌രി അണക്കെട്ട് പുനരധിവാസ പദ്ധതിയുടെ ഭൂമി കൈയേറി നടത്തിയതാണ് ഈ നിര്‍മാണം എന്നാണ് അധികൃതര്‍ ആരോപിക്കുന്നത്.

മിര്‍പൂര്‍ ഗ്രാമത്തിലെ മസര്‍ 15നും 20നും വര്‍ഷങ്ങള്‍ക്കിടയില്‍ നിര്‍മിച്ചതാണെന്നും മാര്‍ച്ചില്‍ പൊളിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ‘ആദ്യം ഒരു നോട്ടീസ് നല്‍കിയപ്പോള്‍, അവര്‍ (മസര്‍ മാനേജ്‌മെന്റ്) മസ്ജിദ് സ്വയം നീക്കം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു എന്നാല്‍ അത് അവര്‍ പാലിച്ചില്ല . തുടര്‍ന്ന് ഞങ്ങള്‍ക്ക് അത് പൊളിച്ച് മാറ്റേണ്ടി വന്നു,’ ജില്ലാ മജിസ്‌ട്രേറ്റ് കര്‍മേന്ദ്ര സിങ് പറഞ്ഞു.

2023 മെയ്ഓഗസ്റ്റ് മാസങ്ങളില്‍, മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയായും അദ്ദേഹത്തിന്റെ ബി.ജെ.പി സര്‍ക്കാറും കയ്യേറ്റം ആരോപിച്ച് ഉത്തരാഖണ്ഡില്‍ 465 മസാറുകളും 45 ക്ഷേത്രങ്ങളും ഇത് വരെ പൊളിച്ചതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. ചില പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് ശനിയാഴ്ച മസര്‍ പൊളിച്ചുനീക്കിയതെന്ന് മിര്‍പൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മേധാവി റാവു സുബൈര്‍ പറഞ്ഞു.

പരാതികളുടെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുകയും ജലസേചന വകുപ്പ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പാട്ടത്തിന് നല്‍കിയ സര്‍ക്കാര്‍ ഭൂമിയിലാണ് കെട്ടിടം നിലകൊള്ളുന്നതെന്ന് കണ്ടെത്തിയതായും അധികൃതര്‍ ആരോപിച്ചു. സര്‍ക്കാര്‍ ഭൂമിയിലെയും പൊതു ഇടങ്ങളിലെയും കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതായി ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നൈനിറ്റാള്‍ ജില്ലയിലെ ഹല്‍ദ്വാനി നഗരത്തിലെ ബന്‍ഭൂല്‍പുരയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് അവകാശപ്പെട്ട് ഫെബ്രുവരി എട്ടിന് ഭരണകൂടം ഒരു മുസ്‌ലിം പള്ളിയും മദ്രസയും തകര്‍ത്തിരുന്നു. വിഷയം ഉത്തരാഖണ്ഡ് ഹൈക്കോടതി കൈകാര്യം ചെയ്യുമ്പോഴാണ് പൊളിക്കല്‍ നടന്നത് എന്നത് മറ്റൊരു വസ്തുത.

തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ 6 പേര്‍ കൊല്ലപ്പെടുകയും മുസ്‌ലിം നിവാസികളെ പൊലീസ് അടിച്ചമര്‍ത്തുകയും നിരവധി ആളുകളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

webdesk13: