Connect with us

Video Stories

രാഷ്ട്രീയം മാനവികതക്ക് മുകളിലല്ല; ഒരുമിച്ചു നില്‍ക്കുക എന്നതു തന്നെയാണ് പ്രധാനം:- പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വൈകാരികതകള്‍ക്കപ്പുറം യുക്തിഭദ്രവും സാമാന്യബോധവും ഇഴചേര്‍ത്ത് ദുരന്തങ്ങളെ പ്രതിരോധിക്കാനും അതിജയിക്കാനുമുള്ള പദ്ധതികളുണ്ടാവണം. ദുരന്തമുഖത്ത് മുസ്‌ലിം ലീഗ് പാര്‍ട്ടി സ്വീകരിച്ച ഒരു നിലപാടുണ്ട്. ദുരന്തത്തെ അതിജയിക്കാന്‍ ഒരുമിച്ചു നില്‍ക്കുക എന്നതു തന്നെയാണ് പ്രധാനം.

Published

on

ലേഖനം

‘ഇവരാണ് മലയാളികളുടെ ആവേശം. രക്ഷാപ്രവര്‍ത്തനം ക്യത്യമായി നടന്നു. നിരവധി നാട്ടുകാരാണ് ആരേയും കാത്തു നില്‍ക്കാതെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മുഴുവന്‍ പ്രദേശവാസികളേയും പ്രത്യേകം അഭിനന്ദിക്കുന്നു’. കേരള ഹൈക്കോടതിയുടെ അഭിപ്രായമാണിത്. ഇതാണ് യഥാര്‍ത്ഥ കേരള സ്പിരിറ്റ് എന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പ്രത്യേക പരാമര്‍ശം ശ്രദ്ധേയമാണ്. യന്ത്രങ്ങളും സാങ്കേതിക വിദ്യകളുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റെ ലോകത്തു വിരാജിക്കുന്ന മനുഷ്യനിലെ സാഹോദര്യ ബോധവും മാനവികതയും നീങ്ങി പ്പോകാതിരിക്കട്ടേ എന്ന പ്രാര്‍ത്ഥനകള്‍ ഹൃദയമന്ത്രങ്ങളായി പെയ്തിറങ്ങുന്ന കാലത്ത് ദുരന്തമുഖത്ത് മനുഷ്യര്‍ കൈകോര്‍ത്തു പിടിക്കുന്ന ഇത്തരം കാഴ്ച്ചകളും നീതിപീഠത്തിന്റെ പരാമര്‍ഷങ്ങളും ഏറെ കുളിര്‍മ നല്‍കുന്നുണ്ട്. ദുരന്ത വാര്‍ത്ത അറിഞ്ഞപ്പോഴേ അന്നത്തെ പരിപാടികള്‍ എല്ലാം റദ്ദാക്കി താനൂരിലേക്ക് യാത്ര തിരിച്ചു. മുസ്‌ലിം ലീഗ് എം.പിമാര്‍ എം.എല്‍.എ മാര്‍ അടക്കം ജനപ്രതിനിധികളോട് അവിടേക്ക് എത്താന്‍ നിര്‍ദ്ദേശവും നല്‍കി. അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച്ചകള്‍ ദയനീയമായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഇരുപത്തിരണ്ട് പേരുടെ ജീവന്‍ കവര്‍ന്ന താനൂര്‍ ബോട്ട് അപകടത്തില്‍ മരണമടഞ്ഞവരുടെ മുഖങ്ങള്‍ ഇപ്പോഴും മനസില്‍ നിന്നും മായുന്നില്ല. ദു:ഖാര്‍ത്തരായ കുടുംബങ്ങളുടെ സങ്കടങ്ങള്‍ ഇനി എന്നു തീരുമെന്നുമറിയില്ല. കൂടപ്പിറപ്പുകള്‍ അകപ്പെട്ട അപകടത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ കഴിയാതെ നിസഹായരായി നില്‍ക്കേണ്ടി വന്ന സഹയാത്രികരുടെ വേദനകള്‍ അവരുടെ വാക്കുകളും കണ്ണുകളും പറയാതെ പറയുന്നുണ്ട്. കൈകളില്‍ നിന്നും വഴുതിപ്പോയ സഹോദരങ്ങളെ ഓര്‍ത്തുള്ള കണ്ണീര്‍ ഇനി എന്നാണ് വറ്റിത്തീരുക. ദുരന്തത്തിന്റെ ദു:ഖങ്ങള്‍ക്കിടയിലും മനസിനെ തണുപ്പിക്കുന്ന ചില കാഴ്ച്ചകള്‍ കാണാമായിരുന്നു. അതാണ് കോടതി പ്രത്യേകം പരാമര്‍ശിച്ചത്. ദുരന്തങ്ങള്‍ക്കു നടുവില്‍ മാനവികതയുടെ പ്രതിരൂപമായി മാറുന്നവനാണ് മലയാളി. കരിപ്പൂരില്‍ വിമാനാപകടസമയത്തും കടലുണ്ടി തീവണ്ടി അപകട സമയത്തും പ്രളയം വന്നപ്പോഴും സ്വയം രക്ഷാപ്രവര്‍ത്തകരായി മാറിയ മലയാളി. കോവിഡ് മഹാമാരി വന്നപ്പോഴും പരസ്പരം താങ്ങായി മാറി. പരീക്ഷണങ്ങളില്‍ കൂടെയുണ്ടെന്ന് പരസ്പരം ബോധ്യമാകുന്ന ചിത്രങ്ങള്‍. പ്രത്യേകിച്ച് കടലോര മേഖലയിലെ പച്ചയായ മനുഷ്യര്‍. പ്രതിസന്ധികളിലെല്ലാം തണലായി മാറുന്നവരാണവര്‍. അനീതിയോടുള്ള അരിശമാണെങ്കിലും സഹജീവികളോടുള്ള പിരിശമാണെങ്കിലും അവരുടെ പ്രതികരണത്തിന് മൂര്‍ച്ച കൂടും. സ്‌നേഹത്തിന്റെ നിറകുടങ്ങളാണവര്‍. സങ്കടമാണെങ്കിലും സന്തോഷമാണെങ്കിലും ഉള്ളിലെ വികാരങ്ങള്‍ അടക്കിപ്പിടിക്കാതെ പ്രകടിപ്പിക്കും.

കോടതി പരാമര്‍ശിച്ച മറ്റു ചിലതു കൂടിയുണ്ട്. ദുരന്തത്തിന്റെ കാരണങ്ങളെ കണ്ടെത്താനും ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഒരുക്കണമെന്നു പറയുക മാത്രമല്ല, നിലവിലെ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണത്തിന്നായി കേസെടുക്കുകയും ചെയ്തു. ദുരന്ത സാഹചര്യങ്ങള്‍, അതിനു വഴിയൊരുക്കിയ കാരണങ്ങള്‍. എല്ലാം സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്. നീതീകരിക്കാനാവാത്ത തെറ്റുകള്‍ പ്രാഥമിക നിഗമനങ്ങളില്‍ തന്നെ ബോധ്യമാവുന്നുണ്ട്. നാട്ടുകാര്‍ക്കത് മുമ്പേ ബോധ്യപ്പെട്ടതും പരാതിപ്പെട്ടതുമാണ്. ജല ഗതാഗത വാഹനങ്ങളുടെ ഗുണനിലവാരം, രക്ഷാമാര്‍ഗങ്ങളുടെ വിവരങ്ങള്‍, അമിതമായ ലോഡ് തുടങ്ങിയവയെ കുറിച്ച് സാധാരണക്കാരും ജന പ്രതിനിധികളും നിരന്തരം പരാതി ബോധിപ്പിച്ചിട്ടും പ്രതികരിക്കേണ്ടവരുടെ നിരുത്തരവാദിത്വത്തെ മാധ്യമങ്ങള്‍ വ്യക്തതയോടെ വിളിച്ചു പറഞ്ഞിട്ടുമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ രണ്ടു കാര്യങ്ങളില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കേണ്ടതുണ്ട്. ഒന്ന് സമഗ്രാന്വേഷണം നടത്തണം. രണ്ട് ഇതുപോലെ അപകടം പതിയിരിക്കുന്ന മറ്റു മേഖലകളില്‍ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കണം. ഇതില്‍ അലംഭാവം വന്നാല്‍ ഇത്തരം അപകടങ്ങള്‍ തുടര്‍ക്കഥകളാവും. ദേശ്യമുള്ളപ്പോള്‍ മറുപടി എഴുതരുത് എന്നൊരു ഭാഷാ പ്രയോഗമുണ്ട് മലയാളത്തില്‍. മനുഷ്യനില്‍ ഉയര്‍ന്നു നില്‍ക്കുന്ന വൈകാരികതകള്‍ക്കനുസരിച്ച് അഭിപ്രായങ്ങളും തീരുമാനങ്ങളുമെടുത്താല്‍ പിന്നീട് നികത്താനാവാത്ത പ്രയാസങ്ങളുണ്ടാവുമെന്നയാഥാര്‍ത്ഥ്യമാണ് അത് ചൂണ്ടുന്നത്. അതുപോലെ തന്നെയാണ് ദുരന്തം നടന്ന ഉടനെയുള്ള അധികാരികളുടെ അഭിപ്രായങ്ങളും.

നിലനില്‍ക്കുന്ന ജനവികാരങ്ങളെ കെടുത്തിക്കളയാന്‍ വേണ്ടി മാത്രം വലിയ പ്രസ്താവനകളും തീരുമാനങ്ങളുമെടുക്കും. മറ്റൊരു വാര്‍ത്ത വന്നെത്തുന്നതോടെ നിലനില്‍ക്കുന്ന ദുരന്തവാര്‍ത്തകളുടെ തലക്കെട്ടുകള്‍ മാധ്യമങ്ങളില്‍ നിന്നും അപ്രത്യക്ഷമാവും. അതോടെ പറഞ്ഞതെല്ലാം അധികാരികള്‍ മറക്കും. കാര്യങ്ങളൊക്കെ പഴയ പടിയാവും. പറഞ്ഞ പ്രസ്താവനകളും തീരുമാനങ്ങളും ഓര്‍ക്കാന്‍ പിന്നീട് മറ്റൊരു ദുരന്തത്തെ കാത്തിരിക്കേണ്ടി വരും. അതു കൊണ്ട് വൈകാരികതകള്‍ക്കപ്പുറം യുക്തിഭദ്രവും സാമാന്യബോധവും ഇഴചേര്‍ത്ത് ദുരന്തങ്ങളെ പ്രതിരോധിക്കാനും അതിജയിക്കാനുമുള്ള പദ്ധതികളുണ്ടാവണം. ദുരന്തമുഖത്ത് മുസ്‌ലിം ലീഗ് പാര്‍ട്ടി സ്വീകരിച്ച ഒരു നിലപാടുണ്ട്. ദുരന്തത്തെ അതിജയിക്കാന്‍ ഒരുമിച്ചു നില്‍ക്കുക എന്നതു തന്നെയാണ് പ്രധാനം. അത്തരം സന്ദര്‍ഭങ്ങളെ കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കുള്ള അവസരങ്ങളാക്കി മാറ്റുന്ന പ്രവണത മുസ്‌ലിം ലീഗ് പാര്‍ട്ടി സ്വീകരിക്കാറില്ല. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലും മുസ്‌ലിം ലീഗ് സ്വീകരിച്ച നിലപാട് അതാണ്.

ദുരന്തബാധിതരായ സഹോദരങ്ങളെ ആശ്വസിപ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും സാഹചര്യങ്ങള്‍ക്കനുയോജ്യമായി സഹായിക്കുകയും ചെയ്യുകയാണ് മറ്റൊന്ന്. ഈ സമീപനവും മുസ്‌ലിം ലീഗ് താനൂരില്‍ സ്വീകരിച്ചിട്ടുണ്ട്. എവിടേയും സ്വീകരിക്കാറുമുണ്ട്. അതോടൊപ്പം താനൂര്‍ സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയടക്കം അധികാരികള്‍ക്കു മുന്നില്‍ മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുമുണ്ട്. നീതിക്കുവേണ്ടി ജാഗ്രതയോടെ കാത്തിരിക്കാം. നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ രാഷ്ട്രീയ നേട്ടത്തിനപ്പുറം സമൂഹത്തിന്റെ നന്മയാണ് മുസ്‌ലിം ലീഗിന് പ്രധാനം. ലാഭം കൊയ്യുന്ന കുറുക്കു വഴികളിലൂടെ ലീഗ് സഞ്ചരിക്കാറില്ല. ഈ നിലപാടുകള്‍ക്ക് ഏഴര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. മാനവികതക്കപ്പുറം ഒരു രാഷ്ട്രീയമില്ല.

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

Trending