Connect with us

kerala

കേരളത്തിൽ ചൂട് കൂടുന്നു: വേണം ജാഗ്രത

സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.

Published

on

സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.

* 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക

* ജലം പാഴാക്കാതെ ഉപയോഗിക്കാനും പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.

* വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വേനൽക്കാലത്ത് മാർക്കെറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും , ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാര്‍ത്ഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗണ വാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

*മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് സുമനസ്കർ കുടിവെള്ളം നൽകി നിർജ്ജലീകരണം തടയുവാൻ സഹായിക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

*നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ,വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

 

kerala

മലയാളം പഠിക്കാനൊരുങ്ങി പ്രിയങ്കാ ഗാന്ധി

വയനാട്ടിലെത്തുമ്പോള്‍ ജോതി രാധിക വിജയകുമാര്‍ ആണ് രാഹുലിന്റെയും പ്രിയങ്കയുടെയും പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താറുള്ളത്.

Published

on

തകര്‍പ്പന്‍ വിജയം സമ്മാനിച്ച വയനാട്ടുകാരുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ മലയാളം പഠിക്കാനൊരുങ്ങി നിയുക്ത എം.പി പ്രിയങ്ക ഗാന്ധി. രാഹുലും പ്രിയങ്കയും പ്രസംഗിക്കുന്നത് എപ്പോഴും പരിഭാഷകരുടെ സഹായത്തോടെയാണ്. വയനാട്ടിലെത്തുമ്പോള്‍ ജോതി രാധിക വിജയകുമാര്‍ ആണ് രാഹുലിന്റെയും പ്രിയങ്കയുടെയും പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താറുള്ളത്.

മനസില്‍ ഉദ്ദേശിച്ചത് ഏതാണ്ട് അതേ പടി ജനങ്ങളിലേക്ക് എത്തിക്കാന്‍ പരിഭാഷകര്‍ക്ക് സാധിക്കുമെങ്കിലും ഒരിക്കലും ആളുകളോട് നേരിട്ട് സംവദിക്കുന്നതിന്റെ ഗുണം അതിനുണ്ടാവില്ല. പ്രചാരണങ്ങള്‍ക്കായി വയനാട്ടിലെത്തിയതു മുതല്‍ ചില മലയാളവാക്കുകള്‍ പ്രിയങ്കക്ക് പരിചിതമായിട്ടുണ്ട്. നേതാവിനെ മലയാളം പഠിപ്പിക്കാന്‍ ഒരു അധ്യാപികയെ നിയമിക്കണമെന്ന നിര്‍ദേശം മുതിര്‍ന്ന നേതാവ് തന്നെ മുന്നോട്ട് വെച്ചിരിക്കുകയാണ്.

ജനങ്ങളോട് നേരിട്ട് സംവദിക്കുന്നതിനൊപ്പം നിവേദനങ്ങള്‍ വായിക്കാനും മനസിലാക്കാനുമാണ് മലയാളം പഠനത്തിലൂടെ പ്രിയങ്ക ലക്ഷ്യമിടുന്നത്. ഏതു ഭാഷയും പ്രിയങ്കക്ക് എളുപ്പം വഴങ്ങുമെന്നാണ് പ്രിയങ്കയുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളാണ് പ്രിയങ്കക്ക് വശമുള്ളത്. വയനാട്ടിലെ പള്ളിക്കുന്ന് പള്ളി സന്ദര്‍ശിച്ചപ്പോള്‍ ഫ്രഞ്ചിലും ഇറ്റാലിയനിലുമായിരുന്നു ആശയ വിനിമയം. തമിഴും കുറച്ചൊക്കെ അറിയാം.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കന്നിയങ്കത്തിനിറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് മിന്നുംജയമാണ് വയനാട്ടിലെ വോട്ടര്‍മാര്‍ സമ്മാനിച്ചത്. 4.10 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്കക്ക് നല്‍കിയത്. ലോക്‌സഭ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുല്‍ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷവും മറികടക്കുന്ന ജയമാണിത്‌പോളിങ്ങിലെ കുറവ് പ്രിയങ്കയുടെ വിജയത്തിന്റെ തിളക്കം കുറച്ചില്ല. 410931 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രിയങ്ക നേടിയത്.

622338 വോട്ടുകള്‍ ലഭിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിക്ക് 211407 വോട്ടുകളും ബി.ജെ.പിയുടെ നവ്യഹരിദാസിന് 109939 വോട്ടുകളും മാത്രമാണ് നേടാനായത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ ഏറ്റവും മോശം പ്രകടനമാണിത്. ഇത്തവണ നില മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെട്ട എല്‍.ഡി.എഫ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തില്‍ ഒതുങ്ങി.

അതേസമയം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമായിരിക്കും പാര്‍ലമെന്റില്‍ പ്രിയങ്ക ഉന്നയിക്കാന്‍ പോകുന്ന വിഷയം.

Continue Reading

kerala

ഉപതിരഞ്ഞെടുപ്പ് പരാജയം; പരസ്യവിവാദവും പെട്ടിക്കഥയും തിരിച്ചടിയായെന്ന് സി.പി.എം

പാലക്കാട്ടെ പ്രചരണം നയിച്ചവരുടെ പക്വതക്കുറവും തിരിച്ചടിക്ക് ആക്കംകൂട്ടി എന്ന വാദവും പാര്‍ട്ടിയില്‍ ശക്തമാണ്.

Published

on

വന്‍ തിരിച്ചടിയായ ഉപതിരഞ്ഞെടുപ്പ് പരാജയം സിപിഎം പരിശോധിക്കും. പാലക്കാട്ടെ പ്രചരണ തന്ത്രങ്ങള്‍ പാളിയതും തിരിച്ചടിയായതും പാര്‍ട്ടി ആഴത്തില്‍ പരിശോധിക്കും. പെട്ടി വിവാദവും പരസ്യ വിവാദവും തിരിച്ചടിയായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പാലക്കാട്ടെ പ്രചരണം നയിച്ചവരുടെ പക്വതക്കുറവും തിരിച്ചടിക്ക് ആക്കംകൂട്ടി എന്ന വാദവും പാര്‍ട്ടിയില്‍ ശക്തമാണ്.

ഉപ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടി സിപിഎം നേതൃത്വം ആഴത്തില്‍ പരിശോധിക്കും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പാളിയതിനൊപ്പം ശക്തമായ സര്‍ക്കാര്‍ വിരുദ്ധ തരംഗവും തിരിച്ചടിക്ക് ആക്കംകൂട്ടി എന്ന പ്രാഥമിക വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. പി പി ദിവ്യാ വിവാദം ആളിക്കത്തി പാര്‍ട്ടിയും സര്‍ക്കാരും ഏറെ പ്രതിരോധത്തില്‍ നില്‍ക്കുന്ന വേളയില്‍ എത്തിയ ഉപതെരഞ്ഞെടുപ്പില്‍ പിന്നീടിങ്ങോട്ട് സിപിഎം ചുവടുകള്‍ ഒന്നൊന്നായി പിഴയ്ക്കുകയായിരുന്നു.

പാലക്കാട്ട് ശക്തനായ ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുവാന്‍ വട്ടം ചുറ്റുന്നതിനിടയില്‍ ഒരു രാത്രി കൊണ്ട് മലക്കം മറിഞ്ഞെത്തിയ സരിനെ സ്ഥാനാര്‍ത്ഥിയാക്കിയ നേതൃത്വത്തിന്റെ നിലപാട് തന്നെ പാര്‍ട്ടിയിലെ വലിയൊരു നിരയും അണികളും ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇങ്ങോട്ട് പ്രചരണ തന്ത്രങ്ങളിലും പാര്‍ട്ടിക്ക് അടി തെറ്റുകയായിരുന്നു. പെട്ടി വിവാദവും പരസ്യ വിവാദവും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ് പാര്‍ട്ടിയെ തിരിഞ്ഞുകുത്തി, പെട്ടി വിവാദത്തെ പരസ്യമായി തള്ളി എന്‍.എന്‍ കൃഷ്ണദാസ് രംഗത്ത് വന്നത് പാലക്കാട്ടെ സിപിഎമ്മിലെ വിഭാഗീയതയും ചേരിതിരിവും കൂടുതല്‍ പ്രകടമാക്കി.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും ദുര്‍വിനിയോഗം ചെയ്ത് മന്ത്രി എം ബി രാജേഷ് പാലക്കാട്ട് ക്യാമ്പ് ചെയ്തു നടത്തിയ എല്ലാ നീക്കങ്ങളും പാളിപ്പോകുകയായിരുന്നു. പാലക്കാട്ടെ പ്രചരണം നയിച്ചവരുടെ പക്വതക്കുറവും തിരിച്ചടിക്ക് ആക്കംകൂട്ടി എന്ന വാദമാണ് പാര്‍ട്ടിയില്‍ ശക്തമായിരിക്കുന്നത്. ചേലക്കരയിലെ നിറം മങ്ങിയ വിജയവും വയനാട്ടിലെ കനത്ത പരാജയവും പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആകുകയാണ്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ഉടന്‍ ചേരും.

Continue Reading

kerala

ഗസ്സയിൽ ഇസ്രാഈല്‍ ആക്രമണത്തിൽ വനിതാ ബന്ദി ​കൊല്ലപ്പെട്ടു

ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനാണ് ബന്ദി കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തമെന്നും ഹമാസ് വ്യക്തമാക്കി.

Published

on

ഒരു വനിതാ ബന്ദി ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ്. വടക്കന്‍ ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തിലാണ് വനിതാ ബന്ദി കൊല്ലപ്പെട്ടതെന്ന് ഹമാസ് വക്താവ് അബൂ ഉബൈദ പറഞ്ഞു. ബന്ദികളില്‍ ചിലരുടെ അവസ്ഥ എന്തെന്ന് ഒരു നിലക്കും അറിയാന്‍ കഴിയാത്ത സാഹചര്യമുള്ളതായും ഹമാസ് വക്താവ് അറിയിച്ചു. ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനാണ് ബന്ദി കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തമെന്നും ഹമാസ് വ്യക്തമാക്കി.

കൊല്ലപ്പെട്ട വനിതാ ബന്ദിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തിയതായി ഇസ്രാഈല്‍ സൈനിക വക്താവ് പ്രതികരിച്ചു. അതിനിടെ, സുരക്ഷാ മന്ത്രിസഭയുടെ യോഗ തീരുമാനങ്ങള്‍ ഉള്‍പ്പെടെ സുപ്രധാന വിവരങ്ങള്‍ ചിലര്‍ ചോര്‍ത്തിയെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ആരോപിച്ചു.

തന്നെ താറടിക്കാന്‍ നടന്ന ശ്രമങ്ങള്‍ ഇസ്രാഈലിന്റെ സുരക്ഷക്കാണ് ഭീഷണിയായതെന്നും നെതന്യാഹു പറയുന്നു. രഹസ്യ രേഖ ചോര്‍ത്തല്‍ സംഭവത്തില്‍ അറസ്റ്റിലായ തന്റെ സഹായി നിരപരാധിയാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. എന്നാല്‍, നെതന്യാഹുവിന്റെ വാദങ്ങള്‍ പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് പ്രതികരിച്ചു.

ബെയ്‌റൂത്തിലും മറ്റും ആക്രമണം തുടരുന്നതിനിടെ, ലബനാനില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ സുരക്ഷാ സമിതി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്ക സമര്‍പ്പിച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ ഇസ്രാഈല്‍ സൈനിക നേതൃത്വം പിന്തുണക്കുന്നുണ്ട്.

ഗസ്സയില്‍ രണ്ടു ദിവസത്തിനിടെ 128 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രാഈലിെന്റ ആസൂത്രിത വംശഹത്യ 414 ദിവസം പിന്നിടുേമ്പാള്‍ 44,176 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1,04,473 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വടക്കന്‍ ഗസ്സയില്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പട്ടിണി മരണം വ്യാപകമാകുമെന്ന് യു.എന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. യുദ്ധക്കുറ്റം ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് മറികടക്കാന്‍ അമേരിക്കയുമായി നെതന്യാഹു ആശയവിനിമയം തുടരുകയാണ്.

എന്നാല്‍, നെതന്യാഹു കടുംപിടിത്തം തുടരുകയാണ്. ആരോഗ്യ സംവിധാനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും ഇസ്രായേല്‍ ആസത്രിതമായി ലക്ഷ്യമിടുന്നതായി ലബനാന്‍ സര്‍ക്കാര്‍ ആരോപിച്ചു.

 

Continue Reading

Trending