Connect with us

kerala

സംസ്ഥാനത്ത് മൂന്ന് ഡിഗ്രി വരെ ചൂട് കൂടും; ഇന്നും നാളെയും താപനില ഉയരാൻ സാധ്യത

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചൂടുകൂടുന്നു. ഇന്നും നാളെയും കേന്ദ്രകാലാവസ്ഥാ വകുപ്പ് താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് ഡിഗ്രി മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11  മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം  തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

kerala

മലപ്പുറത്ത് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചേക്കും

കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി

Published

on

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചേക്കും. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ കാളികാവില്‍ എത്തിയേക്കും. കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി.

ഇന്ന് പുലര്‍ച്ചെയോടെ ടാപ്പിങ്ങിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. സ്ഥലത്തെത്തിയ ഡിഎഫ്ഒയെ നാട്ടുകാര്‍ തടഞ്ഞു.

Continue Reading

kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

Published

on

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിസാര കാരണങ്ങള്‍ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. കെ.സ്.ആര്‍.ടി സി തൊഴിലാളി യൂണിയന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പില്‍ നിന്ന് ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി ലഭിക്കുന്നില്ല.

14 വര്‍ഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാക്കാനുമാണ് ആവശ്യം.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകര്‍ക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സര്‍വീസ് നിര്‍ത്തി വെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷന്‍ നിര്‍ബന്ധിതമായത്.

മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്.

Published

on

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയ്‌ലിന്‍ ദാസ് അതിക്രൂരമായി മര്‍ദിച്ചത്. അഭിഭാഷകയുടെ ഇടതു കവിളില്‍ രണ്ടു തവണ പ്രതി അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചു. മോപ്സ്റ്റിക് കൊണ്ടും മര്‍ദിച്ചതായി അഭിഭാഷക പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ ബെയ്‌ലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

നടന്നത് അസാധാരണ സംഭവമെന്നും യോഗം വിലയിരുത്തി. അതേസമയം, ഒളിവില്‍ പോയ ബെയ്‌ലിന്‍ ദാസിനെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Continue Reading

Trending