കോഴിക്കോട്: കൗമാര ശാസ്‌ത്രോത്സവത്തില്‍ എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകള്‍ കിരീടത്തിലേക്ക്. മൂന്ന് ദിവസമായി കോഴിക്കോട് നടക്കുന്ന ശാസ്ത്രവും കൗതുകവും സംഗമിച്ച സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ഇന്ന് സമാപിക്കും. മത്സരങ്ങള്‍ അവസാന ദിവസത്തിലേക്കടുത്തതോടെ ജില്ലകള്‍ തമ്മിലുള്ള പോരാട്ടവും ഇഞ്ചോടിഞ്ചായി.
ശാസ്ത്ര മേളയില്‍ ആദ്യ ദിനങ്ങളില്‍ മുന്നിലെത്തിയ കണ്ണൂര്‍ ജില്ലയെ പിന്തള്ളി എറണാകുളം ജില്ല കിരീടം ചൂടി. 156 പോയിന്റാണ് എറണാകുളം ജില്ല നേടിയത്. ശക്തമായ പോരാട്ടത്തിനൊടുവിലാണ് എറണാകുളം കിരീടം ചൂടിയത്. രണ്ടാം സ്ഥാനത്തുള്ള കണ്ണൂരിന് 155 പോയിന്റും മൂന്നാമതുള്ള പാലക്കാടിന് 154 പോയിന്റുമാണുള്ളത്. ഐ.ടി മേളയില്‍കണ്ണൂര്‍ ജില്ലക്കാണ് കിരീടം. മുഴുവന്‍ മത്സരവും പൂര്‍ത്തിയായപ്പോള്‍ 113 പോയിന്റ് നേടിയാണ് കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 110 പോയിന്റുമായി മലപ്പുറവും 108 പോയിന്റുമായി കോഴിക്കോടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.
ഗണിത ശാസ്ത്ര മേളയിലും കിരീടത്തിലേക്കടുക്കുകയാണ് കണ്ണൂര്‍. ഒരു ഇനം മാത്രം പൂര്‍ത്തിയാകാനിരിക്കേ വ്യക്തമായ ലീഡ് നേടിയാണ് കണ്ണൂര്‍ കുതിക്കുന്നത്. 341 പോയിന്റ് നേടിയ കണ്ണൂരിന് പിന്നില്‍ 303 പോയിന്റുമായി ആതിഥേയരായ കോഴിക്കോടാണുള്ളത്. സാമൂഹ്യ ശാസ്ത്ര മേളയില്‍ കാസര്‍ക്കോട് ജില്ലയാണ് മുന്നില്‍. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകാനിരിക്കേ 149 പോയിന്റുമായാണ് കാസര്‍ക്കോട് മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്തിന് 144 പോയിന്റും മൂന്നാം സ്ഥാനത്തുള്ള തൃശൂരിന് 141 പോയിന്റുമാണുള്ളത്. പ്രവൃത്തി പരിചയമേളയില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. ഒന്നാം സ്ഥാനത്തുള്ള മലപ്പുറത്തിന് 35859 പോയിന്റും രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 35670 പോയിന്റുമാണ്. 35645 പോയിന്റുള്ള കണ്ണൂര്‍ ജില്ലയാണ് മൂന്നാമത്. ശാസ്‌ത്രോത്സവത്തില്‍ മലബാര്‍ ജില്ലകളുടെ സമ്പൂര്‍ണ ആധിപത്യമാണ് സാമൂതിരിയുടെ മണ്ണില്‍ കാണുന്നത്. മിക്ക വിഭാഗങ്ങളിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മലബാര്‍ ജില്ലകള്‍ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്.
കൃഷിയിടം സംരക്ഷിക്കാം ലോകത്തെവിടെനിന്നും
ആധുനിക സാങ്കേതികവിദ്യയെ കാര്‍ഷികരംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് കണ്ണൂര്‍ രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മാനസ് മനോഹറും ശ്രേയ മധുവും. ലോകത്തെവിടെയുമിരുന്ന് ഏത് സമയത്തും തങ്ങളുടെ കാര്‍ഷിക വിളകളെ സംരക്ഷിക്കാന്‍ കഴിയുന്നവിധത്തിലാണ് ഇവരുടെ പരീക്ഷണം.
ഹയര്‍സെക്കന്ററി വിഭാഗം വര്‍ക്കിങ് മോഡലില്‍ ഓട്ടോമാറ്റിക്ക് ആയി കൃഷിയെ നിയന്ത്രിക്കാന്‍ കഴിയുന്ന പ്രോജക്ടാണ് പരിചയപ്പെടുത്തുന്നത്. കൃഷിയിടത്തെ മൊത്തമായി സ്വന്തം കയ്യിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ മുഖേന നിയന്ത്രിക്കാനാവുമെന്ന് ഇരുവരും പറയുന്നു.
കൃഷിയിടത്തില്‍ വെള്ളം കുറഞ്ഞാലും താപനില കൂടിയാലും കുറഞ്ഞാലും എല്ലാം മൊബൈല്‍ ആപ്പ് വഴി അറിയാനാകും. ഇതുവഴി കൃഷിയിടത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാല്‍ പൊന്നുവിളയുമെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. കൃഷിസ്ഥലത്തെ വെള്ളവും സൂര്യതാപവുമെല്ലാം ഓഡിനോ മൈക്രോ കണ്‍ട്രോള്‍ മുഖേന ബന്ധിപ്പിച്ചാണ് ഓട്ടോ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്ന ബ്ലിങ്ക് എന്ന മൊബൈല്‍ ആപ്പ് വഴിയാണ് നിയന്ത്രിക്കുന്നത്. മൈക്രോ കണ്‍ട്രോളിന്റെ വിലയായ 2000 രൂപയാണ് നിര്‍മാണ ചെലവ്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കാനും മറ്റുമായി മോട്ടോറില്‍മാറ്റം വരുത്തണം.
വീട്ടില്‍ പരീക്ഷണത്തിനായി ഒരുമുറി തന്നെയാണ് മാനസ് ഒരുക്കിയിരിക്കുന്നത്. വീട്ട്‌വളപ്പിലെ കൃഷിയിടത്തില്‍ തന്റെ ഈ നൂതന പരീക്ഷണം നടത്താനുള്ള ശ്രമവും വിദ്യാര്‍ത്ഥി തുടങ്ങികഴിഞ്ഞു. കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്നതിനും മറ്റും വീട്ടുകാരുടെ ബുദ്ധിമുട്ട് നേരില്‍ കണ്ടതാണ് മാനസിനെ ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചത്.
കേള്‍വി ശക്തി ഇല്ലാത്തവര്‍ക്കായി മാജിക് തൊപ്പി
കേള്‍വിശക്തിയില്ലാത്തവര്‍ക്കായി വിദ്യാര്‍ത്ഥികളുടെ മാജിക്ക് തൊപ്പി കണ്ടുപിടുത്തം. ഗുരുവായൂര്‍ തൈക്കാട് പി.ആര്‍.എ.എം.എച്ച്.എസ്.എസ് പ്ലസ്ടുവിദ്യാര്‍ത്ഥികളായ നിവേദ് വില്‍സണ്‍, ഇ.ബി ആദിത്യന്‍ എന്നിവരാണ് ലുഡ്‌വിഗ്‌സ് എയ്ഡ് എന്ന ശ്രവണ സഹായി കണ്ടുപിടിച്ചത്.
സാധാരണഗതിയില്‍ ഹിയറിങ് എയ്ഡാണ് ഉപയോഗിച്ചുവരുന്നതെങ്കിലും ഈ സംവിധാനം ഏറെ ചെലവേറിയതാണ്. ചെവിയുടെ അകത്ത് വക്കുന്ന ശ്രവണ സഹായികള്‍ പ്രായമായവര്‍ക്ക് പലപ്പോഴും അനിയോജ്യമാകണമെന്നില്ല. എന്നാല്‍ ലുഡ്‌വിഗ്‌സ് എയ്ഡിലൂടെ ഘടിപ്പിക്കാന്‍ എളുപ്പമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ചെലവും താരതമ്യേനെ കുറവാണ്. തൊപ്പിയുടെ ഉള്ളിലായി ഘടിപ്പിക്കുന്നതിനാല്‍ സംരക്ഷിച്ചുനിര്‍ത്താനാകും. മറ്റുള്ളവര്‍ കാണുകയുമില്ല. 350 രൂപയ്ക്ക് ഇത്തരത്തിലൊരു തൊപ്പിതയാറാക്കാനാകുമെന്ന് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെട്ടു. മിനിമോട്ടോറാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. ആംപ്ലിഫയര്‍, മൈക്രോഫോണ്‍ എന്നിവയുമായി ഘടിപ്പിച്ചാണ് പ്രവര്‍ത്തനം. ഒന്‍പതാംക്ലാസില്‍ ആരംഭിച്ച റിസര്‍ച്ച് പരിഷ്‌കരിച്ചാണ് വിദ്യാര്‍ത്ഥികള്‍ തൊപ്പിയിലേക്ക് എത്തിയത്.
അതിജീവനമാണ്; ആറാട്ട് പുഴക്കാരികളുടെ ഈ കണ്ടല്‍ പരീക്ഷണം
2004ലെ സുനാമിയിലെ നടുക്കുന്ന ഓര്‍മകള്‍ ഇപ്പോഴും ഈ കുരുന്നുകളുടെ ഓര്‍മകളിലുണ്ട്. കേരളമുള്‍പ്പടെയുള്ള ദക്ഷിണന്ത്യന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച ദുരന്തത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറം അതിജീവനത്തിന്റെ സന്ദേശവുമായാണ് ആലപ്പുഴ ജില്ലയിലെ മംഗലം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ എന്‍.ആമിനമോളും ടി.എന്‍ ശ്രീകുട്ടിയും സംസ്ഥാന ശാസ്ത്രമേളയ്‌ക്കെത്തിയത്. കണ്ടല്‍വെച്ചുപിടിപ്പിച്ച് കടല്‍ക്ഷോഭത്തില്‍നിന്ന് രക്ഷനേടാമെന്ന് ആറാട്ടുപുഴയെന്ന തീരദേശഗ്രാമത്തിലെ വിദ്യാര്‍ത്ഥികള്‍ പറയുമ്പോള്‍ അതൊരു അനുഭവസാക്ഷ്യംകൂടിയാണ്.
തങ്ങളുടെ വീടിന് പരിസരത്തെ തീരങ്ങളില്‍ 350 കണ്ടല്‍ചെടികള്‍ നട്ടുവളര്‍ത്തുന്നതിനൊടൊപ്പം പ്രദേശത്തെ കുടുബശ്രീ പ്രവര്‍ത്തകര്‍ക്ക് ഇതിന്റെ ബോധവത്കരണവും ഈ കുട്ടികള്‍ നടത്തിയിട്ടുണ്ട്. കൊല്ലം ജില്ലയില്‍ കണ്ടല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ വിശദമായ റിപ്പോര്‍ട്ടാണ് ഇതുമായി ബന്ധപ്പെട്ട് തയാറാക്കിയത്.
കണ്ടല്‍ചെടികള്‍ക്ക് തിരകളെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് തമിഴ്‌നാട്ടിലെ അനുഭവം തെളിയിക്കുന്നതായി കുട്ടികളുടെ പഠനം ചൂണ്ടിക്കാട്ടുന്നു. ഒഡീഷയിലും തീരങ്ങളോട് ചേര്‍ന്ന് കണ്ടല്‍ചെടികളുണ്ട്. എന്നാല്‍ തീരദേശ ദൈര്‍ഘ്യത്തില്‍ ഏറെയുള്ള കേരളത്തില്‍ ഇതിന്റെ സാധ്യതകള്‍ ഇനിയും കണ്ടെത്തിയില്ല. ഇതാണ് ഇത്തരമൊരു പ്രോജക്ട് തെരഞ്ഞെടുക്കാന്‍ സ്‌കൂളിനെ പ്രേരിപ്പിച്ചത്. ജില്ലാ ശാസ്‌ത്രോത്സവത്തില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടിയ ഗവേഷണപ്രബന്ധം ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമക്ക് സമര്‍പ്പിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥികളായ ഇരുവരും ജൂണിലാണ് പ്രോജ്ക്ടിന് തുടക്കമിട്ടത്. കേവലമായി അറിവുകള്‍ക്കപ്പുറം സമൂഹത്തിനായി എന്തെങ്കിലും ചെയ്യാമെന്ന ചിന്തയാണ് വിദ്യാര്‍ത്ഥികളെ ഇത്തരമൊരു പ്രവൃത്തി നയിച്ചത്.
സുരക്ഷക്കായി റിമോട്ട് കണ്‍ട്രോള്‍ ലൈഫ് ജാക്കറ്റ്
ആഴക്കടലിലും ചുഴിയലും പെട്ടുണ്ടാകുന്ന അപകടങ്ങള്‍ക്ക് പ്രതിവിധിയായി റിമോട്ട് കണ്‍ട്രോള്‍ ലൈഫ് ജാക്കറ്റുമായി വിദ്യാര്‍ത്ഥികള്‍. തിരുവനന്തപുരം വെള്ളട എസ്‌വിപിഎം എച്ച്എസ്എസ് വിദ്യാര്‍ഥികളായ എസ്.ആര്‍. ശിവദത്ത്, ബിസ്മില്‍ സനം എന്നിവരാണ് ഇത്തരമൊരു ആശയം അവതരിപ്പിക്കുന്നത്. ജിപിഎസ് സഹായത്തോടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന രീതിയിലാണ് ലൈഫ് ജാക്കറ്റിന്റെ രൂപകല്‍പ്പന. അപകടം സ്ഥലം മനസിലാക്കുന്നതിനായി ക്യാമറകളും ലൈഫ് ജാക്കറ്റില്‍ തയ്യാറാക്കിയിട്ടുണ്ട്. കരയില്‍ നിന്ന് പൂര്‍ണ്ണമായും നിയന്ത്രിക്കാം എന്നതാണ് പ്രധാന പ്രത്യേകത.
നീന്തല്‍ അറിയാത്തവര്‍ക്ക് പോലും അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ സഹായിക്കാം. സംസ്ഥാന ശാസ്‌ത്രോത്സവത്തിന്റെ വര്‍ക്കിംഗ് മോഡല്‍ മത്സരത്തിനായി രൂപകല്‍പന ചെയ്ത ലൈഫ് ജാക്കറ്റ് മൊബൈല്‍ ബ്ലൂട്ടൂത്തിന്റെ സഹായത്തോടെയാണ് നിയന്ത്രിക്കുന്നത്.
വ്യാവസായിക അടിസ്ഥാനത്തില്‍ രൂപകല്‍പന ചെയ്യുമ്പോള്‍ ബ്ലൂട്ടുത്തിന് പകരം റോഡിയോ വെവ്‌സ് ഘടിപ്പിക്കുന്നതിലൂടെ എത്രദൂരെനിന്നുവേണമെങ്കിലും നിയന്ത്രിക്കാനാകും. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കും തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്കും റിമോര്‍ട്ട് കണ്‍ട്രോള്‍ ലൈഫ് ജാക്കറ്റ് ഉപകാരപെടുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിനും ഇത് ഉപയോഗിക്കാനാകുമെന്ന് ഇവര്‍ അവകാശപ്പെടുന്നു.