സൃഷ്ടികളില്‍ അത്യുന്നത പദവി അലങ്കരിക്കുന്നവനായിക്കൊണ്ടാണ് മനുഷ്യന്‍ ഭൂമുഖത്ത് പിറവി കൊണ്ടത്. അത് വരെ അഭൗമ സൃഷ്ടികളായിരുന്നു ഉന്നത പദവി അലങ്കരിച്ചിരുന്നത്. അങ്ങിനെയുള്ള ഉന്നത പദവി വഹിച്ചുകൊണ്ട് രംഗപ്രവേശം ചെയ്യുന്ന നേരം തൊട്ടു തന്നെ ഉന്നത പദവിക്ക് പൂരകമായ ഉത്തരവാദിത്തങ്ങളും അവനില്‍ അര്‍പ്പിതമായിട്ടുണ്ട്. ലോകത്തിന്റെ ഉത്തമമായ നിലനില്‍പിനും വളര്‍ച്ചക്കും ഉതകുന്ന നേര്‍വഴികളും ഉപാധികളുമെല്ലാം അവന് തുറന്ന് കാണിച്ചു കൊടുക്കപ്പെട്ടിട്ടുണ്ട്. അതിന് നേര്‍ വിപരീതമായി മനുഷ്യനെ ചീത്ത മാര്‍ഗത്തിലേക്ക് എത്തിക്കുന്ന പ്രവണതകളും അവന്റെ മുന്നില്‍ തുറന്ന് കിടപ്പുണ്ടല്ലോ. രണ്ട് വഴികള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കിടപ്പുണ്ട് നല്ലതും ചീത്തയും. നല്ല വഴികളും കര്‍മ്മങ്ങളും തെരഞ്ഞെടുത്ത് തദനുസൃതം ജീവിതം നയിക്കുന്നവന്‍ ആത്മീയ സുകൃതം പൂണ്ടവനും, ചീത്ത വഴികളും കര്‍മ്മങ്ങളും തെരഞ്ഞെടുത്തവന്‍ പൈശാചികത തെരഞ്ഞെടുത്തവനുമായിട്ടാണല്ലോ മനുഷ്യന് കിട്ടിയിരിക്കുന്ന പ്രഥമ മാര്‍ഗ ദര്‍ശനം മനുഷ്യജീവിതം എന്നാല്‍ ഒരു പ്രയാണമാണ്. ആ പ്രയാണത്തിന്റെ അന്ത്യം സുഖപര്യവസായിയാവണമെങ്കില്‍ അവന്‍ സുകൃതവാനായിരിക്കണം. അല്ലാത്ത പക്ഷം ജീവിതം പൂര്‍ണ്ണമായും ദുഃഖപര്യവസായിയായിരിക്കും. മനുഷ്യന് ഉല്‍പത്തിയില്‍ തന്നെ നല്‍കപ്പെട്ടിട്ടുള്ള മാര്‍ഗ ദര്‍ശനമാണിത്. നാളിതുവരെയും മനുഷ്യന്‍ പുലര്‍ത്തിപ്പോരുന്ന ജീവിതശൈലിയും അങ്ങിനെത്തന്നെയാണ്. നന്മകളില്‍ അടിയുറച്ച് കര്‍മ്മങ്ങള്‍ ക്രമപ്പെടുത്തി നല്ലവരായി കഴിയുന്നവരും അതിന് നേര്‍ വിപരീതമായി തന്നിഷ്ടവും ഹുങ്കും കൈമുതലായി ജീവിക്കുന്നവരും സമൂഹത്തിലുണ്ട്. നന്മകള്‍ പറഞ്ഞും, ചെയ്തു കാണിച്ചും ബോധ്യപ്പെടുത്തുകയും തിന്മകള്‍ തുറന്ന് പറഞ്ഞും, അതിന്റെ ഭവിഷ്യത്തുകള്‍ തെര്യപ്പെടുത്തിയും ജനങ്ങളെ ഉല്‍ബുദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാചകന്മാരെ സ്രഷ്ടാവ് മനുഷ്യ സമൂഹത്തിലേക്ക് അയച്ചിട്ടുള്ളത്. കാര്യങ്ങള്‍ വ്യക്തവും സുതാര്യവുമാക്കിക്കൊടുക്കുകയെന്നല്ലാതെ ആരെയും പ്രലോഭിപ്പിച്ച്, അഥവാ നിര്‍ബന്ധം ചെലുത്തി നന്മയിലെത്തിക്കാനുള്ള ഉത്തരവാദിത്തം ആര്‍ക്കും നല്‍കപ്പെട്ടിട്ടില്ല. സ്വന്തം ഭാഗധേയം സ്വന്തം ഉത്തരവാദിത്തത്തില്‍ എന്ന് സാരം. തന്റെ മുന്നില്‍ തുറന്ന് കിടപ്പുള്ള സുരക്ഷിത മാര്‍ഗം നിരാകരിച്ച് പിഴച്ച വഴിയെ സഞ്ചരിച്ച് നാശത്തിലെത്തിച്ചേര്‍ന്നാല്‍ മറ്റാരെ കുറ്റം പറയാനാവും?
മനുഷ്യനില്‍ നിക്ഷിപ്തമാക്കപ്പെട്ടിട്ടുള്ള സര്‍ഗ ശേഷികളെല്ലാം യഥാവിധി ഉപയോഗപ്പെടുത്തി നന്മ തെരഞ്ഞെടുത്ത് ശക്തനായിത്തീരാനുള്ള എല്ലാ ഉപാധികളും സഹിതമാണല്ലോ അവനിവിടെ കുടിയിരുത്തപ്പെട്ടിട്ടുള്ളത്. കാലമിന്നോളം മനുഷ്യന് നിലനിന്ന് പോരാന്‍ കഴിഞ്ഞതും യുക്തിപൂര്‍വ്വമായ അവന്റെ നിലപാട് മൂലമാണ്. മനുഷ്യന്‍ അവന്റെ നിലനില്‍പിനും മുന്നേറ്റത്തിനുമായി ഉപയോഗപ്പെടുത്തുന്ന നേട്ടങ്ങളെല്ലാം മനുഷ്യന്റെ തലമുറമാറ്റത്തിനനുസൃതമായി സ്വീകരിച്ചുപോന്ന പുരോഗമന നിലപാടുകള്‍ മൂലം ലഭ്യമായിട്ടുള്ളവയാണ്. പദാര്‍ത്ഥങ്ങളുടെ രൂപമാറ്റത്തിനല്ലാതെ സ്വയം സൃഷ്ടിക്കാനുള്ള കഴിവ് മനുഷ്യനില്‍ നിക്ഷിപ്തമല്ലെന്നുള്ളത് അടിസ്ഥാന യാഥാര്‍ത്ഥ്യമാണ്. അത്തരം രൂപാന്തരങ്ങളിലൂടെ മനുഷ്യന്‍ മുന്നേറുമ്പോള്‍ അവന്‍ ലക്ഷ്യമാക്കേണ്ടത് ആത്യന്തിക നന്മയും നേട്ടവും തന്നെയാണ്. അത്തരം കാഴ്ചപ്പാടിലൂടെയാണ് ഇന്ന്, നമ്മുടെ അനുഭവ സത്യങ്ങളായി നിലകൊള്ളുന്ന ആദര്‍ശ സംഹിതകളും, ശാസ്ത്രസാങ്കേതികവൈജ്ഞാനിക ഗവേഷണ നേട്ടങ്ങളുമെല്ലാം. മറിച്ച് ഇതൊന്നും അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ളവയല്ല. പ്രാപഞ്ചിക വിജ്ഞാനത്തെ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ മനുഷ്യന്‍ ആര്‍ജ്ജിക്കുന്ന വിജ്ഞാനം മഹാ സമുദ്രത്തില്‍ നിന്നും സൂചി മുനയില്‍ ലഭ്യമാവുന്നതിന് സമമാണെങ്കിലും, അത്രയും ലളിതമാണെങ്കിലും, അതുമതി മനുഷ്യന് അവന്റെ ആയുഷ്‌ക്കാലം മുഴുവന്‍ കഴിവിനും ഭാവനക്കും അനുസൃതമായി ഉപയോഗപ്പെടുത്താന്‍. എന്നാല്‍ അതേ സമയം, മനുഷ്യന് ധൃതിയും, ആര്‍ത്തിയും അഹങ്കാരവുമെന്നെല്ലാമുള്ള ഒരു പ്രകൃതം കൂടിയുണ്ടെന്നത് അവന്റെ നേട്ടങ്ങളുടെയെല്ലാം വിലയിടിക്കുന്നുണ്ട്.രൂപാന്തരവും, കണ്ടെത്തലും കുതിപ്പുമെല്ലാം മനുഷ്യന്റെ ആര്‍ജ്ജിത ജ്ഞാനത്തിന്റെ ഉല്‍പന്നമാണെങ്കില്‍ തന്നെയും അതിന് ഉപയോഗപ്പെടുത്തിയിട്ടുള്ള സിദ്ധികളുടെ അടിത്തറ അവന് ഒരുവിധ നിയന്ത്രണവും അധികാരവും ഇല്ലാത്ത സ്രോതസ്സില്‍ നിന്നാണെന്ന വസ്തുത അവന്‍ മറന്നു കളയുന്നു. ജനനം മുതല്‍ മരണം വരെ ഒരു വ്യക്തി ക്രിയാത്മകമായി ഇടപെടുന്ന ഏതൊരു വിഷയത്തിലും അതിന്റെ അദൃശ്യമായ സ്രോതസ്സിന്റെ അടിസ്ഥാനപരമായ പങ്ക് മനുഷ്യന്‍ അംഗീകരിച്ചേ മതിയാവൂ. താന്‍ പോരിമയെന്ന ഭാവം നേട്ടങ്ങളുടെ മഹത്വം ഇല്ലാതാക്കുമെന്നത് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ.
വിശാല അര്‍ത്ഥത്തില്‍ അറിവെന്നത് ഒരു ഒറ്റമൂലിയാണ്. ഏത് വിഷയത്തിലാണെങ്കിലും മനുഷ്യന്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഒരു കാര്യത്തില്‍ ബുദ്ധിപരമായോ, മാനസികമായോ, കാഴ്ചയിലൂടെയോ, കേള്‍വിയിലൂടെയോ, സ്പര്‍ശനത്തിലൂടെയോ, രുചിയിലൂടെയോ എത്തിച്ചേരുമ്പോള്‍ അതൊരു അറിവാണ.് പുതിയ അറിവ് ഏത് ചെറുതും വലുതുമായ പ്രാപഞ്ചിക കാര്യങ്ങളിലും അങ്ങനെ എത്തിച്ചേരുമ്പോള്‍ അതിന് കല്‍പിക്കേണ്ടുന്ന അര്‍ത്ഥം, ഒരു പുതിയ അറിവില്‍ എത്തിച്ചേര്‍ന്നുവെന്നുള്ളതാണ്. അങ്ങിനെ എത്തിച്ചേരുന്നതും പകര്‍ന്നു കിട്ടുന്നതുമായ അറിവ് ഉപയോഗപ്പെടുത്തിയാണ് വിശേഷ ബുദ്ധിയുള്ള മനുഷ്യന്‍ നേട്ടങ്ങളിലൂടെ മുന്നേറുന്നത്. അറിവില്‍ തന്നെ മനുഷ്യന് ഗുണകരമായ, പ്രയോജനപ്രദമായ അറിവാണ് പ്രധാനം. സമയം കൊല്ലിയും പ്രയോജനമില്ലാത്ത അറിവുകളും ഉണ്ട്. അത് തിരിച്ചറിയണം അവിടെയാണ് അറിവിലെ ധാര്‍മ്മികത മനുഷ്യന്‍ ഉള്‍ക്കൊള്ളേണ്ടത്. അറിവും പ്രവര്‍ത്തനശേഷിയും ഒപ്പത്തിനൊപ്പം കൊണ്ടുപോകേണ്ട കാര്യങ്ങളാണ്. അതും പ്രയോജനപ്രദമായ വിധം. ഖലീഫഹാറുല്‍ അല്‍ റഷീദിന്റെ രാജകൊട്ടാരത്തില്‍ ഒരു ജാലവിദ്യക്കാരന്‍ വന്നു. അയാള്‍ മേശപ്പുറത്ത് ഒരു സൂചി എറിഞ്ഞു പിടിപ്പിച്ചു കുത്തനെ നിര്‍ത്തിയശേഷം ആ സൂചിത്തുളയില്‍ മറ്റൊരു സൂചി അങ്ങിനെ തുടര്‍ന്ന് ഒട്ടനേകം സൂചികള്‍ എറിഞ്ഞ് പിടിപ്പിച്ച് രാജകൊട്ടാരത്തിന്റെ മാതൃക തീര്‍ത്തു. കൃത്യം കഴിഞ്ഞതിന് പിന്നാലെ, ഖലീഫ ജാലവിദ്യക്കാരന് കൈനിറയെ സമ്മാനങ്ങള്‍ നല്‍കി, പിന്നാലെ ശിക്ഷ നടപ്പാക്കുന്ന ആളെ വിളിച്ച് അമ്പത് ചാട്ടവാറടിയും നല്‍കി. സദസ്യര്‍ അമ്പരപ്പ് പ്രകടിപ്പിച്ചപ്പോള്‍ ഖലീഫ മറുപടിയായി പറഞ്ഞത് ‘അയാളുടെ കഴിവിനെ അഭിനന്ദിച്ചാണ് സമ്മാനങ്ങള്‍, ആ കഴിവ് ഉപയോഗിച്ചത് എന്തിന് വേണ്ടിയാണ്? അതുകൊണ്ടാര്‍ക്കെന്ത് പ്രയോജനം? അതിനാണ് ശിക്ഷ’.
ഏതൊരു സമ്പത്തും ചെലവഴിക്കുമ്പോള്‍ അതൊരു പ്രയോജനത്തിനായിരിക്കണം. പ്രയോജനപ്രദമല്ലാത്ത വിധം ഉപയോഗിക്കേണ്ടുന്ന ഒന്നല്ല ‘വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം’ എന്ന അമൂല്യ നിധി. അറിവിന്റെ പ്രയോജനവും അതിന്റെ പ്രയോഗത്തിന്റെ സ്ഥാനവും അസ്ഥാനവും തിരിച്ചറിയുകയെന്നത് കൂടി അറിവിന്റെ ഭാഗമാണെന്ന ബോധം ഉണ്ടായിരിക്കണം.
ഈ കാലഘട്ടത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കാണാനാവുക നേട്ടങ്ങള്‍ കൊയ്യാനുള്ള വ്യഗ്രതയില്‍ അതിവേഗം കുതിച്ചോടുന്ന ഒരു സമൂഹത്തെയാണ്. കുതിച്ചോട്ടം നടത്തി ദൈനം ദിനമെന്നോണം നേട്ടങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യുന്നു. മുതിര്‍ന്ന തമലുറ പുത്തന്‍ തലമുറയുടെ രീതികള്‍ കാണുമ്പോള്‍ അതിശയപ്പെടുന്നെങ്കില്‍ അതില്‍ അത്ഭുതമില്ല. കാരണം അവരുടെ മുന്നോട്ടുള്ള പ്രയാണം അത്യാശ്ചര്യകരമാണ്. മുതിര്‍ന്ന തലമുറക്ക് ഉള്‍ക്കൊള്ളാന്‍ ഏറെ പ്രയാസം അനുഭവപ്പെട്ടേക്കാം. സാമൂഹ്യ ജീവിതം എന്നത് അടുത്ത കാലം വരെ അങ്ങേയറ്റം ഹൃദ്യമായ അനുഭവമായിരുന്നെങ്കില്‍ ഇന്ന് ഹൃദ്യതക്കായി ഹൃദയം എന്നൊന്ന് വേണമോ എന്ന് വരെ ചിന്തിച്ചേക്കാം. കൂട്ടായ്മയും സൗഹൃദവുമൊക്കെയാണല്ലോ യഥാര്‍ത്ഥത്തില്‍ സമൂഹത്തിന്റെ ശാന്തമായ ഭദ്രതക്കടിസ്ഥാനം. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ കൂട്ടായ്മയും സൗഹൃദവുമൊക്കെ എവിടെയാണ് പ്രകടമാവുന്നത്? സമൂഹം എന്ന ആശയം (കോണ്‍സപ്റ്റ്) തന്നെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കയല്ലേ? എല്ലാവരിലേക്കും എന്നത് പോയിട്ട് ഒരു വീട്ടിലെ കുട്ടികള്‍ രക്ഷിതാക്കളെ കാണുന്നുണ്ടോ? ഒരേ വീടിന്റെ വിവിധ മൂലകളിലല്ലേ ഓരോരുത്തരും കഴിയുന്നത്? മുതിര്‍ന്നവരും അങ്ങിനെത്തന്നെ.
ഫേസ് ബുക്ക്, വാട്‌സ് ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഇവയ്‌ക്കെല്ലാം അന്തമില്ലാത്ത വിധം അടിമപ്പെട്ട്, പരസ്പരം കണ്ട് മുട്ടുന്ന ഏതെങ്കിലും നിമിഷമുണ്ടെങ്കില്‍ അപ്പോഴെങ്കിലും ഒന്നു ചുണ്ടു തുറക്കുന്ന ശീലം മറന്നു കഴിഞ്ഞില്ലേ! ആധുനിക സംവിധാനങ്ങളെല്ലാം മനുഷ്യ മുന്നേറ്റത്തിന് അത്യാവശ്യം തന്നെ. എന്നാല്‍ അതിന്റെ പ്രയോഗ ശൈലി, കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം, മറന്ന് പോയ്‌ക്കൊണ്ടിരിക്കുന്ന ധാര്‍മ്മിക മൂല്യങ്ങള്‍, സാമൂഹ്യ ബോധം, വ്യക്തിത്വ ബോധം എന്നിവയെല്ലാം എവിടെ? മുഖാമുഖമാണ് മനുഷ്യസമൂഹം അത് ഏത് തലത്തിലായാലും എന്ന അടിസ്ഥാന തത്വം പ്രാവര്‍ത്തികമാക്കിയേ പറ്റൂ. പുരോഗമനം മാനവികതയെ നിരാകരിക്കുന്നതാവരുത്.