പ്രസന്നന്‍ കെ.പി
14 വർഷങ്ങൾക്കു മുമ്പുള്ള കഥയാണ്.
അധ്യാപന ജീവിതത്തിലെ ആദ്യവർഷങ്ങൾ. പുതിയ പോളിടെക്‌നിക്. ക്‌ളാസ്സിലേക്ക് പോകും മുൻപേ മുന്നറിയിപ്പ് കിട്ടി. ഒന്ന് ശ്രദ്ദിച്ചോളൂ. കൈവിട്ടാൽ കുപ്പിയിലിറക്കുന്ന ജഗജില്ലികളാണ്. പഠനവും രാഷ്ട്രീയവും, തമാശയും, കുരുത്തക്കേടും……ഒക്കെ ഉണ്ടത്രേ.
എന്തായാലും പരീക്ഷണം തന്നെ. മറ്റൊരിടത്തു മറ്റൊരാളാവാനുള്ള ശ്രമം. വായന ഓർമ്മയിലെ ഒരു കഥ പരീക്ഷിക്കുന്നു. പല വഴികളിൽ നിന്നും പല ദൂരങ്ങളിൽ നിന്നും എത്തുന്ന കുട്ടികളല്ലേ?
“ഞാൻ ഒരു നേരെ പോ, നേരെ വാ ഗതിക്കാരനാണ്”
“ഒവ്വ ഒവ്വ ” ഒരു നേർത്തശബ്ദം മുഴങ്ങിയോ? പിൻ ബെഞ്ചിൽ നിന്നും?
“സത്യം പറയണം. ആരെങ്കിലും രാവിലെ ഭക്ഷണം കഴിക്കാതെ വന്നിട്ടുണ്ടോ”
ചെറിയ നിശബ്ദത
കുറച്ചു സമയത്തിനുശേഷം ഒരാൾ എഴുന്നേറ്റു നിന്നു.
“സാറെ അവൻ കള്ളം പറയുകയാണ്” എന്ന കമന്റ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല
അടുത്ത് പോയി, പോക്കറ്റിൽ നിന്ന് പത്തു രൂപ എടുത്തു, ക്യാന്റീനിൽ പോയി ചായ കുടിച്ചു പെട്ടെന്ന് വരാ ൻ പറഞ്ഞു. അവൻ മടിക്കാതെ വാങ്ങി പോവുകയും ചെയ്തു.
ക്‌ളാസ് ഒന്ന് തിരയടങ്ങി. പടച്ചോൻ കാത്തു. എന്തായാലും സംഭവം ഏറ്റു. ക്‌ളാസ് ഇനി എന്റെ വഴിക്കു വന്നേക്കാം എന്ന പ്രതീക്ഷ.
തിരിച്ചു വന്ന അവൻ നാലു രൂപ തിരിച്ചേൽപ്പിച്ചപ്പോഴും എന്റെയും അവന്റെയും കണ്ണുകൾ കത്തി.
ക്‌ളാസ്സിന്റെയും
എന്തായാലും ഞാൻ എന്ത് കൊണ്ടങ്ങിനെ ചോദിച്ചു എന്ന കഥയും, കുറച്ചു കമ്പ്യൂട്ടർ പഠനവും ഒക്കെ ആയി രണ്ടു പീരീഡ് തീർത്തു. അല്ലെങ്കിലും എന്നും കഥകളായിരുന്നു എന്നെ സഹായിച്ചിരുന്നത്, ക്ലാസ് മുറികളിൽ.
പ്രസന്നന്‍ കെ.പി
ക്‌ളാസ് തീരും മുൻപേ കലമുടച്ചു. സമയം തീരാൻ വേണ്ടി ചോദിച്ച ഒറ്റ ചോദ്യത്തിൽ
“ആരാണ് ഈ ക്ലാസ്സിലെ ബൈസിക്കിൾ തീവ്സ്” ? ( ക്ലാസ്സിലേക്ക് പോകുമ്പോൾ , ഓ ബൈസിക്കിൾ തീവ്സിന്റെ ക്ലാസ്സിലാക്കണല്ലേ എന്ന ഒരു സഹാധ്യാപകന്റെ ചോദ്യം ഞാൻ ശ്രദ്ദിച്ചിരുന്നു)
നിങ്ങളുടെ എല്ലാ കാര്യവും എനിക്കറിയാം എന്ന ഒരു ഗമയും എന്റെ ചോദ്യത്തിലുണ്ടായിരുന്നോ ആവൊ?
ഒരു വിഭാഗം ഡസ്കിലടിച്ചു ചിരിച്ചു. ചില മുഖങ്ങൾ ഇരുണ്ടു. ഇരുണ്ട മുഖങ്ങൾ പലയിടങ്ങളിലായിരുന്നു.
എന്തായാലും ക്‌ളാസ് കഴിഞ്ഞു സംഭവങ്ങൾ ഡിപ്പാർട്മെന്റിൽ പോയി ചികഞ്ഞെടുത്തു.
നാലു പെൺകുട്ടികൾ ആണ്, ബൈസിക്കിൾ തീവ്സ്, വല്ലാത്ത കൂട്ട്, വില്ലത്തരം വേണ്ടത്ര ഉണ്ട്, പഠനം മോശമല്ല എന്ന ഒറ്റ കാര്യത്തിലാണ് അവരുടെ വില്ലത്തരം സഹിക്കുന്നത്. പല ശിക്ഷാ നടപടികൾ എടുത്തു. ആദ്യബെഞ്ചിൽ തന്നെ ഒന്നിച്ചിരുന്നു അവരാണ് പലപ്പോഴും ക്‌ളാസ് നിയന്ത്രിച്ചിരുന്നതത്രെ. ഇപ്പോൾ പല ബെഞ്ചിലായി വിതറിയിട്ടു അകറ്റാൻ ശ്രമിക്കുകയാണ്. ക്‌ളാസ് നടന്നോണ്ടിരിക്കെ അതിൽ രണ്ടു പേര് ഒരു അധ്യാപകൻ നിർത്തിയിട്ട സൈക്കിളുമെടുത്തു കറങ്ങാൻ പോയിരുന്നു. സാറ് നോക്കിയപ്പോൾ സൈക്കിൾ ഇല്ല, തിരിച്ചു വന്നു സൈക്കിൾ വെക്കുമ്പോൾ തന്നെ പിള്ളേരെ പൊക്കി, പുതിയ പേരും വീണു, ഗ്രൂപ്പിന് “ബൈസിക്കിൾ തീവ്സ്”
വൈകീട്ട് വാടക വീട്ടിലേക്കു നടന്നു പോവുമ്പോൾ, പിന്നിൽ എട്ടു ചെരുപ്പുകൾ ചട പട ശബ്ദത്തിൽ ഓടിവരുന്നു.
“സാർ ” എന്നൊക്കെ വിളിച്ചാണ് ഓടി വന്നെങ്കിലും ചുറ്റും വട്ടം കൂടി നിന്നപ്പോൾ ചെറിയ ഭയം
പിള്ളേരെ അങ്ങിനെയല്ലേ എല്ലാവരും പരിചയപ്പെടുത്തിയത്
“സാറിനെ ഞങ്ങൾക്കിഷ്ടായി”
ഓ സമാധാനം
“അതുകൊണ്ടു മാത്രമാണ് ഇത് പറയുന്നത്, വേറെ ഒരു തെണ്ടികളോടും പറഞ്ഞിട്ടില്ല”
വീണ്ടും ആന്തൽ
അതിലെ ഒരു സിംഹിണി വാദം നിരത്തി.
“ഇവർ എന്തിനാണ് സൈക്കിൾ മോഷ്ടിച്ച് പോയത് എന്നറിയോ? എനിക്ക് പാഡ് വാങ്ങാനാണ്. ചുരിദാറിൽ ബ്ലഡ് ഒക്കെ ആയി നടന്നാൽ ജീവിതകാലം മുഴുവൻ വേറെന്തെങ്കിലും പേരിട്ടു വിളിക്കുന്ന കൂട്ടുകാരും, സാറമ്മാരും ഉള്ളപ്പോൾ ഇങ്ങിനെ സഹായിക്കാനാണ് അവർക്കു തോന്നിയത്”
അതും പറഞ്ഞു, റിഹേഴ്സൽ പറഞ്ഞു ഉറപ്പിച്ചപോലെ ഒറ്റ തിരിഞ്ഞു നടത്തം. എല്ലാരും ഒന്നിച്ച്
ഞാൻ അങ്ങട് ഇല്ലാണ്ടായി.
പെൺകുട്ടികൾക്ക് വേണ്ട സൗകര്യങ്ങൾ, അവരുടെ ആകുലതകൾ ഒന്നും വേണ്ട രീതിയിൽ അഡ്രസ് ചെയ്യാത്ത കാലത്തും ജീവിച്ച പെൺകുട്ടികൾ ആണല്ലോ അവർ.
“ഇപ്പോഴൊക്കെ ഫയങ്കര സൗകര്യങ്ങൾ ആവും, അല്ലേ ?”
പക്ഷെ അതോടെ ഞങ്ങൾ ടീമായി.
എന്റെ ക്‌ളാസിൽ അവർ ഒന്നിച്ചിരുന്നു. അവർ ഒന്നിച്ചപ്പോൾ എതിർപക്ഷം ശക്തമായി, അതിന്റെ ചുഴികളും അലകളും ആകെക്കൂടി ഡിപ്പാർട്ടമെന്റ് പ്രക്ഷുബ്ദം
ഒന്നിച്ചിരുത്തിയപ്പോൾ ഞാൻ ഒരു കണ്ടിഷൻ പറഞ്ഞു
ഒരു പാലമിട്ടാൽ, അങ്ങോട്ടും, ഇങ്ങോട്ടും വേണം
“പഠനം ഉഷാറിയ്ക്കോളണം ”
ബൈസിക്കിൾ തീവ്സ് കത്തി കയറിയില്ലേ . വല്ലാത്ത പെർഫോർമൻസ് . ആ ഒറ്റ കച്ചി തുരുമ്പിൽ ഞാനും പിടിച്ചു നിന്നു. ഡിപ്പാർട്മെന്റിലും എന്റെ അവിഹിതമായ സപ്പോർട്ട് പ്രശ്നമായി. എന്നെ പഠിപ്പിച്ച ഒരു ടീച്ചർ ആയിരുന്നു ഹെഡ് ഓഫ് ഡിപ്പാർട്മെന്റ് . ആ വാത്സല്യത്തിൽ ആണ് ഞാൻ പിടിച്ചു നിന്നത്.
ഫൈനൽ ഇയർ പ്രൊജക്റ്റ്, അവരെ പിരിക്കും എന്ന് ചിലർക്ക് വാശി. ഞങ്ങൾ ഒന്നിച്ചെ ചെയ്യൂ എന്നവരും
അത് ലോകമഹായുദ്ധമായി.
ചർച്ചകൾ
ഒന്നും വഴിതെളിഞ്ഞില്ല.
അവർ വീണ്ടും ഞെട്ടിച്ചു.
“എന്നാൽ ഞങ്ങൾ ഒറ്റയ്ക്ക് ചെയ്തോളാം.” അതിനു ആരുടെ സഹായവും വേണ്ടല്ലോ?
വീതിച്ചു കിട്ടുന്ന കമ്പ്യൂട്ടർ ലാബ് സമയം, ഞങ്ങൾ വീതിച്ചെടുത്തോളം.
അവർക്കു ചെയ്യാനാവില്ല എന്ന തോന്നലിൽ എതിർപക്ഷം സമ്മതിച്ചു.
പക്ഷെ അവർ തന്നെയായിരുന്നു ജേതാക്കൾ, നാലും പേരും കൂടി തന്നെ ചെയ്തു. നാലു പ്രോജക്ടുകൾ. അതും പരസഹായം ഇല്ലാതെ. ഞാൻ അവരിൽ നിന്നും പഠിച്ചു . എല്ലാത്തിനും ഞാൻ തന്നെ ഗൈഡ്. അതും അവരുടെ വാശി
പലതും കുറിക്കാനുണ്ട്, വിസ്താരഭയത്താൽ ഒഴിവാക്കുന്നു.
കോഴ്സ് കഴിഞ്ഞു അവർ പിരിഞ്ഞു പോയി . ഏതാണ്ട് 8 വർഷം എനിക്ക് അധ്യാപക ദിനത്തിൽ ഒരു ആശംസ എത്തും. ഒരാൾ മാത്രം. ബൈസിക്കിൾ തീവ്സിലെ ഓരോരാളും മാറി മാറി അങ്ങിനെ
അതും അവരുടെ പ്ലാനിംഗ് ആയിരിക്കണം.
പിന്നീടതങ്ങു നിന്നു.
കേൾക്കാത്ത, വരാത്ത ആശംസകളും മധുരതരം അല്ലേ?
ജീവിതത്തിന്റെ പടവുകൾ അവർ കുതിച്ചു കയറുകയായിരിക്കും. അല്ലെങ്കിൽ മറ്റേതെങ്കിലും ബൈസിക്കിൾ തീവ്സിന്റെ ആശംസകൾ കിട്ടുവോളം അവർ വളർന്നിരിക്കാം.
ഈ ദിനത്തിൽ അവർ എന്നെ ഓർക്കുന്നുണ്ടാവും എന്നെനിക്കുറപ്പ്.
ഞാൻ അവരെയും
ഞങ്ങൾ പരസ്പരം പഠിപ്പിച്ചവർ അല്ലോ!
എല്ലാ ആശംസകളും, നന്മകളും പ്രിയപ്പെട്ട ബൈസിക്കിൾ തീവ്സ് !