ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ശക്തമായ പ്രതിഷേധം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരാണ് ഷാക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. തിരുമലൈയില്‍ അമിത് ഷായുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാര്‍ വാഹനവ്യൂഹത്തിലെ കാറിന്റെ ചില്ലുകള്‍ തകര്‍ത്തു.
കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കു ശേഷം തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനായാണ് അമിത് ഷാ ആന്ധ്രയിലെത്തിയത്.
ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ തന്നെ ഷാക്കു നേരെ ടിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. പിന്നീട് ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞ ശേഷം കല്ലെറിയുകയായിരുന്നു. ആന്ധ്രയില്‍ മറ്റു പരിപാടികളിലൊന്നും പങ്കെടുക്കാനാവാതെ ഷാക്കു കാറില്‍ തിരിച്ചുപോകേണ്ടി വന്നു.
കറുത്ത ബാഡ്ജ് ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ അമിത് ഷാ ഗോ ബാക്ക്, വീ വാണ്ട് ജസ്റ്റിസ് (ഞങ്ങള്‍ക്ക് നീതി വേണം), ഞങ്ങള്‍ക്ക് പ്രത്യേക പദവി തരൂ എന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റം നടക്കുന്നതിനിടെ പ്രവര്‍ത്തകരിലൊരാള്‍ വാഹനവ്യൂഹത്തിനു നേരെ കല്ലെറിയുകയായിരുന്നു.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ സഖ്യം വിട്ടിരുന്നു.