X

അലപ്പോയില്‍ സമാധാനം അകലെയെന്ന് യു.എന്‍

ദമസ്‌ക്കസ്: സിറിയയിലെ അലപ്പോയില്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇനി സ്ഥാനമില്ലെന്ന് യുഎന്‍. കഴിഞ്ഞ ദിവസവും യുഎന്‍ സ്ഥാനപതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും ഷെല്ലാക്രമണവും സമാധാന ശ്രമങ്ങള്‍ക്ക് വിലങ്ങു തടിയാകുന്നതായി യു.എന്‍ സ്ഥാനപതി സ്റ്റാഫന്‍ ഡി മിസ്തുര സിറിയന്‍ വിദേശകാര്യ മന്ത്രി വാലിദ് മുല്ലേമുമായി നടത്തിയ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. ദമസ്‌ക്കസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

അലപ്പോയില്‍ നടക്കുന്ന അക്രമങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. അലപ്പോയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള യുഎന്നിന്റെ ശ്രമങ്ങള്‍ക്ക് ഫലമായില്ല എന്നാണ് സൂചന. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അലപ്പോയില്‍ കനത്ത വ്യോമാക്രമണമാണ് നടക്കുന്നത്. ബാരലല്‍ ബോംബാക്രമണവും രൂക്ഷമാണ്. കുട്ടികള്‍ വ്യാപകമായി കൊല്ലപ്പെടുന്നതും യുഎന്‍ പ്രതിനിധി ചര്‍ച്ച ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എണ്ണിയാല്‍ ഒതുങ്ങാത്ത കുട്ടികളാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. സ്‌കൂളുകള്‍ അടക്കമുള്ളിടത്ത് ബോംബാക്രമണങ്ങള്‍ നടക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ജീവനുവേണ്ടി പായുന്ന രംഗങ്ങള്‍ സ്വകാര്യ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബോംബാക്രമണത്തില്‍ തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു പിഞ്ചു കുരുന്നിനെ രക്ഷപ്പെടുത്തുന്ന രംഗങ്ങളും സോഷ്യല്‍ മീഡിയയിലും സ്വകാര്യ ചാനലുകളിലും പ്രചരിച്ചിരുന്നു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിയൊളിക്കുന്ന കുരുന്നുകളുടെ രംഗങ്ങള്‍ കരളലിയിപ്പിക്കുന്നതാണെന്നു യുഎന്‍ സ്ഥാനപതി ചൂണ്ടിക്കാട്ടി. അലപ്പോ നഗരം മരുഭൂമിക്കു തുല്യമാണെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പോരാളികള്‍ മാത്രമാണ് നഗരങ്ങളില്‍ അവശേഷിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 54 പേര്‍ കൊല്ലപ്പെട്ടു- ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ് എന്ന സംഘടന അറിയിച്ചു. മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ 103 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 17 കുട്ടികളും ഉള്‍പ്പെടുന്നു.

chandrika: