Connect with us

kerala

സൈദ് മുഹമ്മദ് നിസാമി:സമന്വയത്തിന്റെ സൗന്ദര്യം പ്രസരിപ്പിച്ച ധിഷണാശാലി

ദുല്‍ഹിജ്ജ -2:നിസാമി ഉസ്താദിന്റെ ഓര്‍മ്മകള്‍ക്ക് നാലാണ്ട്

Published

on

ഡോ. അലി ഹുസൈന്‍ വാഫി

വിശ്വാസപരമായും സാമൂഹികമായും ഉത്കൃഷ്ടമായ സ്വയം ശാക്തികരിക്കപ്പെട്ടൊരു സമൂഹം പിറവി കൊള്ളണമെങ്കില്‍ പിന്നാക്ക ജനതകള്‍ ആചരിച്ച് വരുന്ന അനഭിലഷണീയമായ ചില സമ്പ്രദായങ്ങള്‍ ഉപേക്ഷിക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യേണ്ടി വരും.സമൂഹം അത് എളുപ്പത്തില്‍ ഉള്‍ക്കൊള്ളില്ല.ശീലിച്ചു പോരുന്ന ചില സമ്പ്രദായങ്ങള്‍ക്ക് യുക്തിയുടേയോ പ്രത്യയ ശാസ്ത്രത്തിന്റേയോ പിന്‍ബലം ഇല്ലെങ്കില്‍ പോലും അത് പരിപാലിക്കാനും ശക്തിപ്പെടുത്താനുമാണ് സാധാരണ വ്യക്തികളും അവരുടെ നേതാക്കളും ഇഷ്ടപ്പെടുക. സമൂഹത്തിന്റെ അനിഷ്ടം നേരിടേണ്ടി വരുമോ എന്ന ഭീതിയില്‍ പരിഷ്‌കരണങ്ങള്‍ക്ക് മുതിരാതെ ജീവിതം ജീവിച്ച് തീര്‍ക്കുന്നവരാണധികവും.അത്തരം നേതാക്കളെ അവര്‍ ജീവിക്കുന്ന സമൂഹങ്ങള്‍ ആഘോഷിച്ചേക്കും,ജനപ്രിയ സംഘടനകള്‍ ഏറ്റെടുക്കും. പക്ഷേ,ദീര്‍ഘ വീക്ഷണമില്ലാത്ത നയങ്ങള്‍ നടപ്പിലാക്കുന്ന നേതാക്കളെ ശേഷം വരുന്ന തലമുറകള്‍ നിശിതമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കും.

അതേസമയം,പ്രലോഭനങ്ങളില്‍ വീണ് പോകാതെ ജനതകള്‍ക്ക് ദിശ നിര്‍ണ്ണയിച്ച് നല്‍കാന്‍ ജീവിതം മാറ്റിവെക്കുന്ന ചില വ്യക്തിത്വങ്ങളുണ്ടാകാറുണ്ട്.തങ്ങളുടെ സമൂഹം കാലത്തിനൊപ്പം സഞ്ചരിക്കാന്‍ അവര്‍ കാലത്തിന് മുമ്പേ നടക്കും.എളുപ്പത്തില്‍ ദഹിക്കാത്ത ആശയങ്ങള്‍ പറയുന്നതിനാല്‍ അവര്‍ നിരന്തരം ക്രൂഷിക്കപ്പെടും. ആവേശക്കമ്മറ്റിക്കാരുടെ കഥയറിയത്ത തെറി വിളികള്‍ക്ക് പാത്രമാകും. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ധിഷണാശാലികളെ അവര്‍ തിരിച്ചറിഞ്ഞ് അവരുമായി കൂട്ട് കൂടും. കാലം അപൂര്‍വമായി മാത്രം സമ്മാനിക്കുന്ന അത്തരം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു സൈദ് മുഹമ്മദ് നാസാമി.

പാരമ്പര്യത്തെ പാടേ തള്ളിപ്പറഞ്ഞ് പൊള്ളയായ അവകാശവാദങ്ങള്‍ സ്ഥാപിക്കലല്ല നവോത്ഥാനം. പഴമയും പുതുമയും സമന്വയിപ്പിക്കലാണ്. ആ ദിശയില്‍ നോക്കുമ്പോള്‍ , പാരമ്പര്യ മൂല്യങ്ങള്‍ മുറുകെപിടിച്ച് മുഖ്യധാരാ മുസ്ലിം സമുദായത്തെ ആധുനിക കാലത്തിനൊപ്പം നടത്താന്‍ ശ്രമിച്ച പണ്ഡിതാനായിരുന്നു സൈദ് മുഹമ്മദ് നിസാമി ഉസ്താദ് എന്ന് പറയാന്‍ സാധിക്കും.

പ്രഭാഷകന്‍, എഴുത്തുകാരന്‍, പണ്ഡിതന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിസാമിയുടെ ജീവിതം സാംസ്‌കാരിക സമ്പന്നവും കൂലിനവുമായിരുന്നു. പുതിയ അറിവുകളും ചിന്തയും പ്രദാനം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രഭാഷണ ശൈലി സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവര്‍ക്ക് സ്വീകാര്യമായിരുന്നു.പ്രഭാഷണത്തെ കേവലം ആസ്വാദനം എന്നതിനപ്പുറം ചിന്താപരമായും സാംസ്‌കാരികമായും ഔന്നത്യം സൂക്ഷിക്കുന്ന ഒരു ജനതയുടെ സൃഷ്ടിപ്പിനുള്ള ചാലകശക്തിയായി അദ്ദേഹം വിനിയോഗിച്ചു.
ഇസ്ലാമിന്റെ പ്രതാപ കാലത്തിന്റെ കഥകള്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഹൃദ്യമായ ശൈലിയില്‍ അദ്ദേഹം പകര്‍ന്നു നല്‍കി. ചരിത്രം, വിദ്യാഭ്യാസം, കല, ഇസ്ലാമിക സംസ്‌കാരം,ആത്മീയത തുടങ്ങിയവയില്‍ അദ്ദേഹം കൈമാറിയ അറിവും കാഴ്ചപ്പാടും ഹൃദ്യവും ആഴമേറിയതുമായിരുന്നു.

ഇസ്ലാമിന്റെ സുതാര്യതയും ബഹുസ്വര സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ എങ്ങനെ പ്രബോധനം ചെയ്യണമെന്നും അദ്ദേഹം വരച്ച് കാണിച്ചു. പ്രഭാഷണം അദ്ദേഹത്തിനൊരു തൊഴിലായിരുന്നില്ല. താന്‍ പഠിച്ച വിഷയങ്ങള്‍ക്ക് മാര്‍ക്കറ്റുണ്ടാക്കാന്‍ വിവാദവും ഭീതിയും അദ്ദേഹം പരത്തിയില്ല.ഇസ്ലാമിക ചരിത്രത്തിലെ വിജയ കഥകള്‍ മാത്രമല്ല; ഭരണാധികാരികളും നേതൃത്വവും ഉപജാപക സംഘത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ തകര്‍ന്നു പോയ സാമ്രാജ്യങ്ങളെയും സമൂഹങ്ങളേയും അദ്ദേഹം പരിചയപ്പെടുത്തി.

ഇതര പ്രത്യയശാസ്ത്രങ്ങളെ പഠിച്ചറിഞ്ഞ്,താരതമ്യ വിശകലനങ്ങള്‍ നടത്തിയാണ് ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചിരുന്നത്. മതവും മാര്‍ക്സിസവും തമ്മിലുള്ള ചിന്താപരമായ വൈരുദ്ധ്യങ്ങള്‍ നിസാമിയെ പോലെ ആഴത്തിലറിഞ്ഞ പണ്ഡിതര്‍ വിരളമായിരുന്നു.സമസ്തയുടെ വേദികളിലെന്നപോലെ സാമുദായിക രാഷ്ട്രീയ പഠന ക്ലാസുകളിലും അദ്ദേഹം നിറഞ്ഞു നിന്നു.

വിദ്യാഭ്യാസ രംഗത്തും അദ്ദേഹം ഇടപെട്ടു. ലക്ഷ്യബോധമില്ലാതെ ബദലൊരുക്കാനോ രംഗബോധമില്ലാതെ ആളാവാനോ അദ്ദേഹം ശ്രമിച്ചില്ല.രണ്ടായിരത്തിന്റെ ആദ്യത്തില്‍ ആരംഭിച്ച വാഫി വിദ്യാഭ്യാസ ചിന്തയെ ജനകീയവല്‍ക്കരിക്കുന്നതില്‍ അദ്ദേഹം മുന്നില്‍ നിന്നു.മത ഭൗതിക സമന്വയ വിദ്യാഭ്യാസം ഇന്നത്തെപ്പോലെ സാര്‍വത്രികമാവാത്ത കാലമായിരുന്നുവത്. സ്ഥാപന മേധാവികളിലും അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും സമന്വയ ചിന്ത രൂപപ്പെടുത്താന്‍ അബ്ദുല്‍ ഹകീം ഫൈസി ഉസ്താദിനൊപ്പം അദ്ദേഹം കേരളത്തിലെ പല ഭാഗത്തും സഞ്ചരിച്ചു. ഇന്ന് അന്താരാഷ്ട്ര ഇസ്ലാമിക് യുണിവേഴ്സിറ്റിസ് ലീഗ് നിര്‍വാഹക സമിതി അംഗത്വമുള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി. ഐ. സി) അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാലം നന്ദിയോടെ സ്മരിക്കും.സമന്വയ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് അസ്തിവാരമിട്ട പല നിര്‍ണ്ണായക തീരുമാനങ്ങളും പിറവി കൊണ്ടത് ചേളാരിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു. മരണപ്പെടും വരെ സി.ഐ.സിയുടെ അക്കാദമിക് കൗണ്‍സില്‍ മീറ്റിംഗുകള്‍ നടന്നത് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് തന്നെയായിരുന്നു.

ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീ സാന്നിധ്യം സമൂഹത്തിന് പരിചയപ്പെടുത്തിയ അദ്ദേഹം വഫിയ്യ കോഴ്സിലൂടെ ഒരു വനിതാ വിദ്യാഭ്യാസ വിപ്ലവം സാധിച്ചെടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു. സ്ത്രീയുടെ പ്രവര്‍ത്തന ഇടം അടുക്കള മാത്രമാണെന്ന് സിദ്ധാന്തിക്കുന്ന വികലമായ സമീപനങ്ങളെ അദ്ദേഹം തുറന്ന് കാട്ടി.

പാരമ്പര്യ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് കൊണ്ട് സമൂഹത്തെ ആധുനികമായി ചിന്തിക്കാനും അത്തരം ചിന്താ പ്രസ്ഥാനങ്ങളെ ജനകീയവല്‍ക്കരിക്കാനും മുന്നില്‍ നിന്ന അദ്ദേഹത്തെ മലയാളക്കര എന്നും പ്രാര്‍ത്ഥനാപൂര്‍വം ഓര്‍ക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുഖ്യമന്ത്രിക്ക് ചെയ്യാന്‍ കഴിയാത്തത് സാദിഖലി തങ്ങള്‍ ചെയ്യുന്നു അതിലുള്ള അസൂയ ആണ് മുഖ്യമന്ത്രിക്ക്: പി.കെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങൾ ഉൾക്കൊള്ളില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദൗർഭാഗ്യകരമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങന്മാർക്ക് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങൾ ഉൾക്കൊള്ളില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സിപിഎം തറപറ്റാൻ പോകുന്നത് കൊണ്ടാണ് പാണക്കാട് തങ്ങൾക്കെതിരെ പോലും വിമർശനം ഉന്നയിക്കുന്നത്. ഗതികേടിന്റെ അറ്റമാണിത്.

മുനമ്പം വിഷയത്തിലടക്കം അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിക്കും സിപിഎമ്മിനും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് സാദിഖലി തങ്ങൾ ചെയ്യുന്നത്. കേരളം മണിപ്പൂരാകാൻ അനുവദിക്കാത്തത് തങ്ങളാണ്. ഇത് മുഖ്യമന്ത്രിയിൽ അങ്കലാപ്പുണ്ടാക്കുന്നു.

സന്ദീപ് വാര്യർ പാണക്കാട് വന്നതിൽ ഇത്ര വലിയ കൂട്ടക്കരച്ചിലിന്റെ ആവശ്യമില്ല. സന്ദീപ് വാര്യർ പാണക്കാട് വന്നുപോയാൽ അത് വലിയ സംഭവം തന്നെയാണ്. വളരെ നല്ല സന്ദേശമാണ് നൽകുന്നത്. അതിന് സൗഹൃദത്തിൻ്റെ ഇംപാക്ട് ഉണ്ടാക്കാൻ കഴിയുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭൂരിപക്ഷ വോട്ട് ലഭിക്കുന്നതിന് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയെയാണ് ഉപയോഗിക്കുന്നത്. സിപിഎമ്മുമായി സഹകരിക്കുമ്പോൾ അവർ ക്രിസ്റ്റൽ ക്ലിയറായിരുന്നു. ഇപ്പോൾ മാറ്റിപ്പറയുകയാണ്. ഓരോ തെരഞ്ഞെടുപ്പിലും വോട്ട് ലഭിക്കാൻ ഓരോന്നു പറയുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നേരത്തേയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

Continue Reading

kerala

പനി ബാധിച്ച് പന്ത്രണ്ട് വയസ്സുകാരൻ മരിച്ചു

പനി ബാധിച്ച് കഴിഞ്ഞ തിങ്കളാഴ്ച ചിലങ്ക സെന്‍ററിന് പടിഞ്ഞാറുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

Published

on

പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വാടാനപ്പള്ളി ബീച്ച് ശാന്തി റോഡ് തൗഫീഖിയ മദ്റസക്ക് സമീപം താമസിക്കുന്ന അയ്യാണ്ടി ജിതിൻലാലിന്‍റെ മകൻ സഹസ്രനാഥ് (12) ആണ് മരിച്ചത്.

പനി ബാധിച്ച് കഴിഞ്ഞ തിങ്കളാഴ്ച ചിലങ്ക സെന്‍ററിന് പടിഞ്ഞാറുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി ഗുരുതരമായതോടെ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം.

വാടാനപ്പള്ളി ജി.എഫ് യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ്: ഹരി.

Continue Reading

kerala

കണ്ണൂരില്‍ ആര്‍.എസ്.എസ് നേതാവിനെ മാലയിട്ട് സ്വീകരിച്ചപ്പോള്‍ ആദര്‍ശം എവിടെപ്പോയി; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

ഒരു കാരണവശാലും കേരളത്തില്‍ മതപരമായി ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെ ഐക്യജനാധിപത്യ മുന്നണി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

മുഖ്യമന്ത്രി പിണറായി വിജയനും സി.പി..എമ്മിനുമെതിരെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബി.ജെ.പിയില്‍ നിന്ന് ആരും മറ്റൊരു പാര്‍ട്ടിയിലേക്കും പോകരുതെന്ന നിലപാടാണോ മുഖ്യമന്ത്രിക്കെന്ന് വി.ഡി. സതീശന്‍ ചോദിച്ചു. പറവൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.

കണ്ണൂരില്‍ ആര്‍.എസ്.എസ് നേതാവിനെ മാലയിട്ട് സ്വീകരിച്ചപ്പോള്‍ ആദര്‍ശം എവിടെപ്പോയെന്നും വി.ഡി. സതീശന്‍ ചോദിച്ചു. ഒരു കാരണവശാലും കേരളത്തില്‍ മതപരമായി ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെ ഐക്യജനാധിപത്യ മുന്നണി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ ബി.ജെ.പിയിലേക്ക് പോകുമ്പോള്‍ പരിഹസിക്കുന്നവര്‍ക്ക്, എന്തിനാണ് വര്‍ഗീയതുടെ രാഷ്ട്രീയം വെടിഞ്ഞ് ഒരാള്‍ തങ്ങളോടപ്പം ചേരുമ്പോള്‍ അതൃപ്തി ഉണ്ടാകുന്നതെന്നും വി.ഡി. സതീശന്‍ ചോദിച്ചു. കഴിഞ്ഞ ദിവസം വരെ സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ആണെന്നും വെറുപ്പിന്റെ രാഷ്ട്രീയം വിട്ടാല്‍ കൈനീട്ടി സ്വീകരിക്കുമെന്നും പറഞ്ഞവരാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപ് വാര്യര്‍ സി.പി.എമ്മിലേക്കാണ് പോയിരുന്നതെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നു. അവരുടെ മുഴുവന്‍ നേതാക്കള്‍ക്കും സന്ദീപിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാം, അപ്പോള്‍ ബാബരി മസ്ജിദ് ഒന്നും ഒരു വിഷയമല്ല എന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് ഇനിയും ആളുകള്‍ കോണ്‍ഗ്രസിലേക്ക് വരും. മാധ്യമങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പത്മജ വേണുഗോപാലിനോടും അനില്‍ ആന്റണിയോടും ചോദിക്കാതിരുന്നത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എം.ബി. രാജേഷ് കപടതയുടെ വക്താവാണെന്നും സി.പി.എമ്മിന്റെ നാണംകെട്ട രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending