ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മോഷണക്കേസിലെ പ്രതിയുടെ കുത്തേറ്റ് പോലീസുകാരന്‍ മരിച്ചു. ഡല്‍ഹി പോലീസിലെ എ.എസ്.ഐ. ശംഭു ദയാല്‍(57) ആണ് ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ പ്രതിയായ അനീഷ് രാജിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കത്തിയെടുത്ത് എ.എസ്.ഐ.യെ കുത്തിപരിക്കേല്‍പ്പിച്ചത്. പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കേയാണ് പ്രതി പോലീസുകാരനെ ക്രൂരമായി ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ശംഭു ദയാലിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ നാലുദിവസത്തിന് ശേഷം മരണം സംഭവിക്കുകയായിരുന്നു. കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഒരുകോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.
ഭര്‍ത്താവിന്റെ മൊബൈല്‍ഫോണ്‍ അനീഷ് രാജ് മോഷ്ടിച്ചതായി നേരത്തെ ഒരു യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് തിരച്ചലില്‍ ഡല്‍ഹിയിലെ മായാപുരിയിലെ ചേരിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയുമായി തിരികെവരുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്.
ആദ്യം പിറകിലും പിന്നീട് കഴുത്തിലും നെഞ്ചിലും കുത്തിപരിക്കേല്‍പ്പിച്ചു. നിരവധിപേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും പോലീസിനെ രക്ഷിക്കാനായില്ല. നാട്ടുകാരെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്നു. ഒടുവില്‍ സമീപത്തുണ്ടായിരുന്ന മറ്റൊരു പോലീസുകാരനാണ് പ്രതിയെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തത്.