ചണ്ഡീഗഢ്: സുരേഷ് റെയ്‌നയുടെ ബന്ധുവീടിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു. ഷാരൂഖ് ഖാന്‍, സാവന്‍, മുഹോബത്ത് എന്നിവരാണ് അറസ്റ്റിലായത്. പഞ്ചാബിലെ പത്താന്‍കോട്ടിലുള്ള റെയ്‌നയുടെ ബന്ധു വീട്ടില്‍ കവര്‍ച്ചാ സംഘം നടത്തിയ ആക്രമണത്തില്‍ അമ്മാവന്‍ അശോക് കുമാറും മകനും കൊല്ലപ്പെട്ടിരുന്നു. റെയ്‌നയുടെ അമ്മായിക്കും ബന്ധുക്കള്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.
അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തിലെ മൂന്ന് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. അതേസമയം, പതിനൊന്ന് പേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്ന് ഡിജിപി ദിന്‍കര്‍ ഗുപ്ത അറിയിച്ചു.
ഓഗസ്റ്റ് 19ന് അര്‍ധരാത്രിയായിരുന്നു ആക്രമണമുണ്ടായത്. റെയ്‌നയുടെ പിതൃസഹോദരി ആശാ ദേവിയുടെ കുടുംബമാണ് പത്താന്‍കോട്ടില്‍ താമസിക്കുന്നത്. കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് റെയ്‌ന ഐപിഎല്‍ ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തിയത്.
ആക്രമണത്തിന് പിന്നാലെ, കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ പഞ്ചാബ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. നൂറിലധികം പേരെയാണ് അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്. സെപ്റ്റംബര്‍ 15നാണ് അക്രമി സംഘത്തിലെ മൂന്ന് പേരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുന്നത്. പത്താന്‍കോട്ട് റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും പിടികൂടിയ സംഘത്തില്‍ നിന്നും എകെ എന്നെഴുതിയ സ്വര്‍ണ മോതിരം, സ്വര്‍ണമാല, 1530 രൂപ, അടിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് വടികള്‍ എന്നിവയും ഇവര്‍ താമസിച്ച സ്ഥലത്തു നിന്നും കണ്ടെത്തിയിരുന്നു.
അറസ്റ്റിലായ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് സൂചന. ഉത്തര്‍പ്രദേശിലും ജമ്മു കശ്മീരിലും പഞ്ചാബിലുമായി സമാനമായ നിരവധി കവര്‍ച്ചകള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശികളാണ് മൂന്നു പേരും. കവര്‍ച്ചയ്ക്ക് ശേഷം മൂന്ന് പേരടങ്ങുന്ന ചെറു സംഘമായി പിരിഞ്ഞ് റെയില്‍വേ സ്റ്റേഷനിലെത്തി. കവര്‍ച്ചയില്‍ ലഭിച്ച സ്വര്‍ണവും പണവും വീതം വെച്ച് സംഘം പലവഴിക്ക് പരിയുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പതിനൊന്ന് പേരെ കൂടി അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന് ഡിജിപി പറയുന്നു. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.