Connect with us

kerala

സുരേഷ് ഗോപിയുടെ ‘കടക്ക് പുറത്ത്’

Published

on

തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തിനിടെയുള്ള ആംബുന്‍സ് യാത്രയെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടുള്ള ‘മൂവ് ഔട്ട്’ പ്രയോഗത്തിലൂടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വിണ്ടും വിവാദത്തിലേക്ക് എടുത്തു ചാടിയിരിക്കുകയാണ്. എറണാകുളം രാജാജി റോഡ് ഗംഗാത്രി ഹാളില്‍ നടന്ന റോസ്ഗാര്‍ മേളയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയോട് ആംബുലന്‍സിലല്ല, കാറിലാണു താന്‍ വന്നതെന്നു താങ്കള്‍ പറഞ്ഞല്ലോ എന്നുചോദിച്ചപ്പോഴായിരുന്നു ഈ പ്രതികരണം. ചടങ്ങുകഴിഞ്ഞു പുറത്തുവരുമ്പോഴുള്ള ചോദ്യങ്ങള്‍ക്ക് ‘നിങ്ങളോടു പറയാന്‍ എനിക്കു മനസ്സില്ല. ഞാന്‍ സി.ബി.ഐയോടു പറഞ്ഞോളാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചേലക്കര നിയോജകമണ്ഡലത്തില്‍ നടന്ന ബി.ജെ.പി പൊതുയോഗത്തിനിടെ പൂരസ്ഥലത്തേക്കുള്ള സുരേഷ്ഗോപിയുടെ വരവുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സുരേഷ് ഗോപി എം.പിയും നടത്തിയ പരസ്പര വിരുദ്ധ സംസാരത്തെത്തുടര്‍ന്നാണ് പുതിയ വിവാദം ഉടലെടുത്തത്.

പൊലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പൂരച്ചടങ്ങുകള്‍ നിര്‍ത്തിവെച്ച സന്ദര്‍ഭത്തില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ ഓഫീസിലേക്ക് സുരേഷ് ഗോപി വന്നതിനെ ന്യായീകരിച്ച് സംസാരിച്ച സുരേന്ദ്രനെ അതേ വേദിയില്‍ വെച്ച് തന്നെ സുരേഷ് ഗോപി തിരുത്തുകയായിരുന്നു. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ താന്‍ അവിടേക്ക് പോയിട്ടില്ലെന്നും ജില്ലാ പ്രസിഡന്റിന്റെ കാറി ലായിരുന്നു സഞ്ചരിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ സുരേഷ് ഗോപി ആംബുലന്‍സില്‍ തന്നെയാണ് പോയതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കൂടി വിശദീകരിച്ചുവെങ്കിലും തന്റെ നിലപാട് വീണ്ടും ആവര്‍ത്തിക്കുകയാണ് സുരേഷ് ഗോപി ചെയ്തത്. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ എറണാകുളത്ത് വെച്ച് തല്‍സംബന്ധമായ ചോദ്യങ്ങളുന്നയിച്ചത്. ചടങ്ങിന് മുമ്പും ശേഷവും മാധ്യമപ്രവര്‍ത്തകരോട് ഒരേ രീതിയിലുള്ള സമീപനം സ്വീകരിച്ചതിലൂടെ തന്റെ ധിക്കാരപരമായ നലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം പ്രഖ്യാപിക്കുകയാണ് ചെയ്തിരിക്കുന്നത്.

മാധ്യമങ്ങളോട് മാത്രമല്ല, സ്വന്തം പാര്‍ട്ടിനേതാക്കളോടും പ്രവര്‍ത്തകരോടും വരെ സുരേഷ്ഗോപി സ്വീകരിക്കുന്ന ധിക്കാരപരമായ സമീപനം കേരളീയരെ അസ്വസ്തമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഒരു ജനപ്രതിനിധിക്കുണ്ടാവേണ്ട മര്യാദകളൊന്നും തനിക്ക് ബാധകമല്ലെന്ന് പെരുമാറ്റത്തിലൂടെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്കാകെ അപമാനം വരുത്തിവെച്ച് കൊണ്ടിരിക്കുകയാണ്. വെള്ളിത്തിരയിലെ താരപദവി ജനസേവന രംഗത്തും ലഭിച്ചേ തീരുവെന്ന അഹംഭവമാണ് അദ്ദേഹത്തെ നയിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യത്യസ്ത സംഭവങ്ങളിലൂടെ സുരേഷ് ഗോപി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ജനപ്രതിനിധികളോട് മാധ്യമങ്ങള്‍ ചോദ്യ ങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങള്‍ക്കുവേണ്ടിയാണ്.

തങ്ങള്‍ തിരഞ്ഞെടുത്തയച്ചവര്‍ നാടിനുവേണ്ടി എന്തു ചെയ്തുവെന്നും പൊതു വിഷയങ്ങളില്‍ അവര്‍ എന്തു നിലപാടെടുക്കുന്നുവെന്നുമറിയാനുള്ള അവകാശം ജനാധിപത്യ സംവിധാനത്തില്‍ ഓരോ പൗരനുമുണ്ട്. ആ അവകാശങ്ങള്‍ മാധ്യമങ്ങള്‍ വിനിയോഗിക്കുമ്പോള്‍ സംയമനത്തോടെ പ്രതികരിക്കാനും സഹിഷ്ണുതയോടെ പെരുമാറാനും ജനപ്രതിനിധികള്‍ തയാറാവുകയെന്നത് സാമന്യ മര്യാദയില്‍പെട്ടതാണ്. എന്നാല്‍ ആ മര്യാദ നിരന്തരമായി ലംഘിക്കുന്നതിലൂടെ താനൊരു ജനപ്രതിനിധിയാവാന്‍ യോഗ്യനല്ലെന്നാണ് സുരേഷ് ഗോപി വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. സിനിമാ നടനെന്ന നിലയില്‍ തനിക്കു ലഭിച്ചുകൊണ്ടിരുന്ന പദവിയും പത്രാസും ഈ ഘട്ടത്തിലും മാധ്യമങ്ങളില്‍ നിന്ന് ലഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെങ്കില്‍ ഒരു ജനാധിപത്യവല്‍കത സമൂഹമെന്ന നിലയില്‍ കേരളത്തില്‍ നിന്ന് അതു പ്രതീക്ഷിക്കരുതെന്നു മാത്രമേ സ്വന്തം വിനയ പുരസ്സരം അദ്ദേഹത്തെ ഓര്‍മിപ്പിക്കാനുള്ളു.

പാര്‍ട്ടിക്കുപോലും നിരന്തരം തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതിലൂടെ രാഷ്ട്രീയ പ്രവേശനംവഴി ആഗ്രഹിച്ചതെന്തോ ലഭിക്കാത്തതിന്റെ നിരാശ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ടെന്ന് മലയാളികള്‍ ന്യായമായും സംശയിച്ചു പോവുകയാണ്. ബി.ജെ.പിയുടെ സംസ്ഥാന നേത്യ ത്വത്തിനുമാത്രമല്ല, കേന്ദ്ര നേതൃത്വത്തിനുപോലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പരാമര്‍ശങ്ങളും നിരവധി തവണ അലോസരം സൃഷ്ടിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. സിനിമാ അഭിനയത്തിനുള്ള അനുമതിയുമായി ബന്ധപ്പെട്ട പരാമര്‍ശം ഒരുവേള മന്ത്രിസ്ഥാനം തിരിച്ചെടുക്കപ്പെടാന്‍ കാര ണമായേക്കുമെന്നുള്ള സൂചനകള്‍ വരെ പുറത്തുവന്നിരുന്നു. ഏതായാലും പാര്‍ലമെന്റ് അംഗമെന്ന നിലയിലും കേന്ദ്രമന്ത്രിയെന്ന നിലയിലും തന്റെ ഉത്തരവാദിത്തബോധം തിരിച്ചറിയാനും ചുമതലാബോധം പ്രകടിപ്പിക്കാനും അതിനനു സ്യതമായ പെരുമാറ്റം രൂപപ്പെടുത്തിയെടുക്കാനും സുരേഷ് ഗോപിക്ക് സാധിക്കേണ്ടതുണ്ട്.

 

kerala

‘കര്‍ഷകനും തൊഴിലാളിയും പ്രതിസന്ധിയില്‍’: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

കൂലിനൽകേണ്ട കർഷകനും കൂലിവാങ്ങുന്ന തൊഴിലാളിയും ഒരുപോലെ പ്രതിസന്ധിയിലാണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്വതന്ത്ര കർഷക സംഘം സുവർണ്ണ ജൂബിലി ആഘോഷ പ്രഖ്യാപന സമ്മേളനം കോഴിക്കോട് ലീഗ് ഹൗസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകനും കർഷക തൊഴിലാളികളും വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. ഇരു സർക്കാരുകളും ഇരുവിഭാഗത്തെയും സംരക്ഷിക്കാതെ പിന്നിട്ട് നിൽക്കുന്നു. നാളികേര കൃഷി കേരളത്തിന്റെ മുഖമുദ്രയായപ്പോഴും പലഘട്ടങ്ങളിലും നാളികേര കൃഷി പ്രതിസന്ധിയിലായിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ പാമോയിൽ കൃഷിയെല്ലാം സർക്കാരിന്റെ പ്രോത്സാഹനത്തിൽ വല്ലാതെ മുന്നിട്ടു നിൽക്കുന്ന വ്യവസായങ്ങളായിട്ടുണ്ട. വിവിധ രാജ്യങ്ങളിൽ ഒരു പാട് കാർഷിക ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാൻ സാധിച്ചിട്ടും ഇന്ത്യയിലും കേരളത്തിലും സർക്കാരുകൾ പിന്നിട്ടു നിൽക്കുകയാണ്. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തന്നെ വിവിധ രാജ്യങ്ങൾ നല്ല ഉൽപന്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കൃഷിക്കാർക്ക് രാജ്യത്ത് ഒരു സ്ഥാനവുമില്ലാത്ത അവസ്ഥയാവുകയാണ്. കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാടിന് തെളിവാണ് കർഷക സമരമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര കർഷക സംഘം സുവർണ്ണജൂബി ആഘോഷ സമാപന സമ്മേളനം 2025 ഏപ്രിൽ 4,5,6 തീയ്യതികളിലായി നടക്കുമെന്ന് സാദിഖലി തങ്ങൾ പ്രഖ്യാപിച്ചു.

സ്വതന്ത്ര കർഷക സംഘം പത്താം വാർഷിക പതിപ്പ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലി കുട്ടി പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഏറ്റുവാങ്ങി. പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുള്ള സ്വാഗതം പറഞ്ഞു. കെ.കെ അബ്ദുറഹിമാൻ മാസ്റ്റർ, ഡോ. സജ്ജാദ് അലി പാലക്കാട് , പി ടി ജോൺ, പാറക്കൽ അബ്ദുള്ള, അഹമ്മദ് കുട്ടി ഉണ്ണിക്കുളം, പി. കുൽസു ടീച്ചർ, മൺവിള സൈനുദ്ദീൻ, പി.പി മുഹമ്മദ് കുട്ടി,ശ്യാം സുന്ദർ, അഡ്വ. അഹമ്മദ് മാണിയൂർ, സി. മുഹമ്മദ് കുഞ്ഞ്, അഡ്വ. ഖാലിദ് രാജ, ഒ.പി മൊയ്തു, നസീർ വളയം, ഇ. അബൂബക്കർ ഹാജി, പി.കെ അബ്ദുൽ അസീസ്, പി.പി യൂസഫലി, പി.കെ അബ്ദുറഹിമാൻ,മാഹിൻ അബൂബക്കർ, എം.പി.എ റഹീം സംസാരിച്ചു.

Continue Reading

kerala

108 ആംബുലന്‍സ് ജീവനക്കാര്‍ സമരത്തിൽ; സര്‍ക്കാര്‍ കുടിശിക നൽകാനുള്ളത് 90 കോടി

ഈ ആംബുലന്‍സുകള്‍ സമരത്തിലായതോടെ രോഗികള്‍ക്കു സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്

Published

on

തിരുവനന്തപുരം: 2 മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സമരം ആരംഭിച്ച 108 ആംബുലന്‍സ് ജീവനക്കാര്‍ സെക്രട്ടേറിയറ്റിലേക്കു പ്രതിഷേധമാര്‍ച്ച് നടത്തി. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനവുമായുള്ള നടത്തിപ്പു കരാര്‍ റദ്ദാക്കണമെന്നു ജീവനക്കാര്‍ ആവശ്യപ്പെട്ടു. പല കാരണങ്ങള്‍ പറഞ്ഞു കമ്പനി ശമ്പളം മുടക്കുന്നതു പതിവാണെന്നും ജീവനക്കാര്‍ പറയുന്നു. സര്‍ക്കാര്‍ 90 കോടി രൂപയിലേറെ കുടിശിക കൊടുക്കാനുണ്ടെന്നാണ് ഇപ്പോള്‍ കമ്പനി പറയുന്നത്. സംസ്ഥാനത്താകെ 325 എണ്ണം 108 ആംബുലന്‍സുകളും 1400 ജീവനക്കാരും ആണുള്ളത്.

ഈ ആംബുലന്‍സുകള്‍ സമരത്തിലായതോടെ രോഗികള്‍ക്കു സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഒക്ടോബര്‍ അവസാനമായിട്ടും സെപ്റ്റംബറിലെ ശമ്പളം കിട്ടാതായതോടെയാണു ജീവനക്കാര്‍ സര്‍വീസ് നിര്‍ത്തിവച്ച് പ്രതിഷേധം ആരംഭിച്ചത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണു ശമ്പളം മുടങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

Continue Reading

kerala

എഡിജിപി എം ആർ അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലില്ല

നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ വിതരണം ചെയ്യുന്നത്

Published

on

തിരുവനന്തപുരം: എഡിജിപി എം. ആർ. അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ തത്കാലം വിതരണം ചെയ്യേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണവും സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണവും നിലനിൽക്കുന്നതിനാലാണ് നടപടി. ‍പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ മെഡൽ വിതരണം ചെയ്യേണ്ടെന്ന് എഐജി പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.

രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 267 പേർക്കാണ് ഇത്തവണ പൊലീസ് മെഡൽ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ, സൈബർ ഡിവിഷൻ എസ്.പി. ഹരിശങ്കർ എന്നിവരായിരുന്നു പൊലീസ് മെഡലിന് അര്‍ഹരായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍.

നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ വിതരണം ചെയ്യുന്നത്. അജിത് കുമാറിനെ കൂടാതെ മെഡലിന് അര്‍ഹനായിട്ടുള്ള ഡിവൈഎസ്പി അനീഷ് കെ.ജി യ്ക്ക് 2018ലും 2024ലും മെഡല്‍ ലഭിച്ചതിനാല്‍, പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ മെഡൽ വിതരണം ചെയ്യേണ്ടെന്നും ഉത്തരവിൽ പറഞ്ഞു.

 

Continue Reading

Trending