ന്യൂഡല്‍ഹി: കര്‍ണാടകയിലെ കേസ് പരിഗണിക്കുന്നതിനിടെ ട്രോള്‍ വായിച്ച് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സിക്രി. വാദം കേള്‍ക്കുന്നതിനിടെയാണ് വാട്‌സ്അപ്പില്‍ വന്ന ഒരു സന്ദേശം ജഡ്ജി വായിച്ചത്. ഇത് കോടതി മുറിയില്‍ കൂട്ടച്ചിരിക്ക് വഴിവെക്കുകയായിരുന്നു.
ഏറ്റവും കൂടുതല്‍ എം.എല്‍.എമാര്‍ ഉള്ളവര്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നിരിക്കെ എം.എല്‍.എമാര്‍ താമസിച്ചിരുന്ന ബംഗളൂരുവിലെ റിസോര്‍ട്ട് മുതലാളി അവകാശ വാദവുമായി വരുന്ന ട്രോള്‍ ആണ് ജഡ്ജി ഫോണില്‍ നോക്കി വായിച്ചത്. ‘ ഈഗിള്‍ടണ്‍ റിസോര്‍ട്ട് ഉടമക്ക് 117പേരുടെ പിന്തുണയുണ്ടെന്നും അത് പറഞ്ഞ് ഉടമ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുമെന്നുമായിരുന്നു ട്രോള്‍. ഇതോടെ തിങ്ങി നിറഞ്ഞ കോടതി മുറിയിലാകെ പൊട്ടിച്ചിരി ഉയരുകയായിരുന്നു.
ബംഗളൂരുവിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന എം.എല്‍എമാരെ ഇന്നലെ രാത്രി കേരളത്തിലെത്തിക്കാന്‍ നീക്കം നടത്തിയിരുന്നുവെങ്കിലും വിമാനസൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു.
രണ്ടാം ദിവസം പുനരാരംഭിച്ച വാദത്തില്‍ ബി.ജെ.പിയുടെ വാദങ്ങള്‍ പൊളിയുന്ന കാഴ്ചയാണ് കണ്ടത്. നിയമസഭയില്‍ നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്.
നാളെ വൈകി നാലു മണിക്ക് മുമ്പായി കേവല ഭൂരിപക്ഷം തെളിയിക്കാനാണ് മുഖ്യമന്ത്രി യെദ്യൂരപ്പയോട് പരമോന്നത കോടതി ആവശ്യപ്പെട്ടത്. ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെയാണോ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.
സുപ്രീംകോടതിയില്‍ അസാധാരണമായ സംഭവ വികാസങ്ങളാണ് നടന്നത്. വാദങ്ങള്‍ കേട്ട കോടതി എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ തീരുമാനമെടുത്തതെന്ന് ചോദിച്ചു. ഭരണാഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് വിവേചനാധികാരം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കപില്‍ സിംബല്‍ സുപ്രീംകോടിതിയില്‍ വാദിച്ചു. എന്നാല്‍ ഗവര്‍ണര്‍ യെദ്യൂരപ്പയെ ക്ഷണിച്ചതിന്റെ ശരി തെറ്റുകളെക്കുറിച്ച് വാദം തുടര്‍ന്നാല്‍ നീതി വൈകുമെന്നും അതിനാല്‍ യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കട്ടെയെന്നുമായിരുന്നു സുപീം കോടതി വിധി.
അതേസമയം, യെദ്യൂരപ്പയുടെ കത്തില്‍ എം.എല്‍.എമാരുടെ പേരില്ലെന്നും കോണ്‍ഗ്രസ്‌ജെഡിഎസ് നേതൃത്വം സമര്‍പ്പിച്ച കത്തില്‍ എം.എല്‍.എമാരുടെ പേരും ഒപ്പുമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെ. മറ്റു കാര്യങ്ങള്‍ പിന്നീട് തീരുമാനിച്ചാല്‍ പോരേയെന്നും നാളെ വോട്ടെടുപ്പ് നടത്തിക്കൂടെയെന്നുമായിരുന്നു കോടതിയ ചോദ്യം. കോണ്‍ഗ്രസും ജെഡിഎസും കോടതിയുടെ വാദത്തോട് യോജിക്കുകയായിരുന്നു. എന്നാല്‍ ബിജെപി അതിനെതിരെ കോടതിയില്‍ വാദം തുടര്‍ന്നു. കോണ്‍ഗ്രസും ജെഡിഎസും എംഎല്‍എമാരെ പൂട്ടിയിട്ടിരിക്കുകയാണെന്നും എംഎല്‍എമാരെ കിട്ടാനുണ്ടെന്നും അവര്‍ കൊച്ചിയിലാണെന്നും ബിജെപി കോടതിയില്‍ വാദിച്ചു. എന്നാല്‍ ബിജെപിയുടെ ഈ വാദം കോടതിയില്‍ ചിരി പടര്‍ത്തി.
തിങ്കളാഴ്ച്ചവരെ സമയം നല്‍കണമെന്ന ബിജെപി അഭിഭാഷകന്‍ മുഗള്‍ റോത്തഗിയുടെ വാദവും സുപ്രീം കോടതി അംഗീകരിച്ചില്ല. നാളെ നാല് മണിക്ക് മുമ്പ് യെദ്യൂരപ്പ കര്‍ണ്ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി വിധിക്കുകയായിരുന്നു. കൂടതെ ഭൂരിപക്ഷം തെളിയിക്കുമുന്നേ ആംഗ്ലോ ഇന്ത്യന്‍ എംഎല്‍എയെ നാമനിര്‍ദ്ദേശം ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. കൂടാതെ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും മുഖ്യമന്ത്രി യെദ്യൂരപ്പയെ കോടതി വിലക്കി. നേരത്തെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റല്‍ തുടങ്ങിയ നീക്കങ്ങള്‍ അധികാരത്തിലെത്തിയ ഉടനെ യെദ്യൂരപ്പ എടുത്തിരുന്നു.
നാളെത്തെ വോട്ടെടുപ്പില്‍ വെച്ച നിബന്ധനകളും ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്. പ്രോ ടൈം സ്പീക്കറെ നിയമിച്ച കോടതി ബിജെപി ആവശ്യപ്പെച്ച രഹസ്യ വോട്ടെടുപ്പ് അനുവദിച്ചില്ല . എല്ലാ എംഎല്‍എമാരും പരസ്യമായി തങ്ങളുടെ നിലപാട് അറിയിക്കേണ്ട വരും. എന്നീകാര്യങ്ങള്‍ പ്രത്യേകമായി സുപ്രീംകോടതി എടുത്തു പറഞ്ഞു. ഇതോടെ കുതിരകച്ചവടത്തിനുള്ള എല്ലാ സാധ്യതകള്‍ക്കുമാണ് കോടതി വിലക്കിട്ടത്.
കര്‍ണാടക സര്‍ക്കാര്‍ രൂപീകരണക്കേസില്‍ ഇന്ന് രാവിലെ 10നാണ് സുപ്രീം കോടതിയില്‍ വാദം തുടങ്ങിയത്. സര്‍ക്കാരുണ്ടാക്കാന്‍ അവകാശ വാദം ഉന്നയിച്ച് ബി എസ് യെദിയൂരപ്പ ഗവര്‍ണര്‍ക്കയച്ച രണ്ട് കത്തുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. കത്ത് ഹാജരാക്കാമെന്ന് അറിയിച്ച ബി.ജെ.പി അഭിഭാഷകന്‍ മുകുള്‍ റോത്തംഗി കത്തുകള്‍ കോടതിക്ക് കൈമാറി. മെയ് 15 നും മെയ് 16 നും നല്‍കിയ കത്തുകളാണ് ഹാജരാക്കിയത്.
കത്തുകള്‍ വായിച്ച റോത്തഗി സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് വാദിച്ചു. കണക്കിലെ കളികളാണെന്ന് ജസ്റ്റിസ് സിക്രി പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ യെദിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ വിളിച്ചത്. നാളെ സഭയില്‍ വിശ്വാസവോട്ടടെുപ്പ് നടത്താന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. ഗവര്‍ണര്‍ ആരെ വിളിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണ്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയാണ് നല്ലത്. തെരഞ്ഞെടുപ്പിന് മുമ്പും പിമ്പുമുള്ള സഖ്യം വ്യത്യസ്ഥമാണെന്നും കോടതി പറഞ്ഞു.
വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് ആദ്യത്തെ കത്ത്. മറ്റുള്ളവരുടെ പിന്തുണയുണ്ടെന്നും ഭൂരിപക്ഷം തെളിയിക്കാമെന്നും മെയ് 16 ലെ കത്തില്‍ പറയുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാമെന്നും യെദിയൂരപ്പ കത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും ഹര്‍ജി പരിഗണിച്ചാണ് വാദം നടക്കുന്നത്.