Connect with us

Article

അന്ധവിശ്വാസവും സി.പി.എമ്മിന്റെ കാപട്യവും

ഒരു കാലത്ത് മതവിശ്വാസത്തെ എത്രമാത്രം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. ഹിന്ദു മത വിശ്വാസത്തെയും ഇസ്‌ലാംെ്രെകസ്തവ വിശ്വാസത്തെയുമെല്ലാം അവര്‍ അന്ധവിശ്വാസമാക്കി. ‘ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു’ എന്ന സി. കേശവന്റെ വാക്യത്തെ ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ചത് കമ്യൂണിസ്റ്റുകളായിരുന്നു. കാലം കുറെ കഴിഞ്ഞപ്പോള്‍ വോട്ടു ലഭിക്കാന്‍ വേണ്ടി ‘അംഗങ്ങള്‍ക്ക് മതവിശ്വാസമാവാം’ എന്ന നിലയിലേക്ക് അവര്‍ നയം മാറ്റി. പിന്നീട് ബലിയിടല്‍ കര്‍മം വരെ പാര്‍ട്ടി ആഭിമുഖ്യത്തില്‍ നടത്തുന്നതിന് കേരളം സാക്ഷ്യം വഹിച്ചു. ഒന്നാം പിണറായി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ വരെ ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനവും പൂജയും പുഷ്പാഞ്ജലിയും നടത്തി.

Published

on

റസാഖ് ആദൃശ്ശേരി

2013ല്‍ പാലക്കാട് നടന്ന സി.പി.എം പ്ലീനത്തില്‍ അംഗീകരിച്ച പ്രധാന പ്രമേയങ്ങളിലൊന്ന് ‘വിശ്വാസവും അന്ധവിശ്വാസവും’ സംബന്ധിച്ചുള്ളതായിരുന്നു. ‘സമൂഹത്തെ പിറകോട്ടടിപ്പിക്കുംവിധത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വ്യാപകമാകുകയാണ്. ആള്‍ദൈവങ്ങള്‍ വ്യാപകമാകുന്നു. ഇതെല്ലാം കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് തളര്‍ത്താനും അരാഷ്ട്രീയത വളര്‍ത്താനും ഉദ്ദേശിച്ചുള്ളതാണ്. ഇതുകണ്ടുകൊണ്ട് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നിലപാട് സ്വീകരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കാകണം. ഒരു പാര്‍ട്ടിയംഗവും അന്ധവിശ്വാസത്തിനും അനാചാരത്തിനും വിധേയരാകരുത’. ഈ പ്രമേയം അംഗീകരിച്ചതിനുശേഷം അന്ധവിശ്വാസത്തിനെതിരെ അംഗങ്ങളെ പഠിപ്പിക്കാന്‍ പാര്‍ട്ടി കഠിനമായി യത്‌നിച്ചുവെന്നു കരുതാം. വര്‍ഷം 9 കഴിഞ്ഞു. കേരള സമൂഹത്തെയാകെ നാണിപ്പിക്കുംവിധം പാര്‍ട്ടിക്കാര്‍ നടത്തുന്ന നരബലിയിലെത്തി കാര്യങ്ങള്‍.

പത്തനംതിട്ട ഇലന്തൂരില്‍ ആഭിചാരത്തിനിടെ രണ്ട് സ്ത്രീകളെ നരബലി നടത്തിയ കേസിലെ പ്രതി ഭഗവല്‍ സിംഗ് സി. പി.എം നേതാവാണ്. ആദ്യം ബ്രാഞ്ച് കമ്മിറ്റിയംഗമെന്നാണ് സി.പി.എം നേതാക്കള്‍ പറഞ്ഞത്. പിന്നീട് അനുഭാവിയും സഹയാത്രികനുമായി. ശേഷം കര്‍ഷക സംഘം ഏരിയാ കമ്മിറ്റി അംഗമാണെന്നെങ്കിലും പതിവിനു വിപരീതമായി നേതൃത്വം സമ്മതിച്ചു. സാധാരണ നിലയില്‍ ഇത്തരം കേസുകളില്‍പെട്ടവരെ പാര്‍ട്ടി തള്ളിപ്പറയലാണ് ചെയ്യാറ്. ഇയാളുടെ ഭാര്യ ലൈലയും പാര്‍ട്ടിക്കാരിയാണ്. ഒരു സി. പി.എം അംഗം ഇത്തരത്തില്‍ തരംതാഴുമ്പോള്‍ അത് പാര്‍ട്ടിയുടെ അപചയം കൂടിയാണ് സൂചിപ്പിക്കുന്നത്. പുരോഗമന പ്രസ്ഥാനമെന്നു എപ്പോഴും അവകാശപ്പെടുന്ന പാര്‍ട്ടിയുടെ അംഗം, അയാള്‍ സാധാരണക്കാരനൊന്നുമല്ല. പാര്‍ട്ടി പരിപാടികളില്‍ പ്രസംഗിക്കുകയും ഫെയ്‌സ്ബുക്കില്‍ ഹൈക്കു സ്‌പെഷലിസ്റ്റ് എന്നു പറഞ്ഞു ചെറു കവിതകള്‍ എഴുതുകയും പാര്‍ട്ടിക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ്. എന്നിട്ടും ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി അയാളുടെ മുന്നില്‍വെച്ചു ഭാര്യ ലൈലയുമായി വ്യാജ സിദ്ധന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു. പിന്നീട് ഐശ്വര്യം കൈവരുന്നതിനുവേണ്ടി പാവപ്പെട്ട രണ്ടു സ്ത്രീകളെ ചതിയില്‍ തട്ടികൊണ്ടു വന്നു ക്രൂരമായി കൊലപ്പെടുത്തുന്നു. ആ സ്ത്രീകളുടെ മാംസം വരെ അവര്‍ കാര്യസിദ്ധിക്ക് വേണ്ടിയെന്നു കരുതി ഭക്ഷിക്കുന്നു. ഇതെല്ലാം കണ്ടു പ്രബുദ്ധ കേരളം നാണത്താല്‍ തല താഴ്ത്തുമ്പോള്‍ ഭഗവല്‍ സിംഗുമാരെ പടച്ചുവിട്ടതില്‍ സി.പി.എമ്മിനുള്ള പങ്ക് വിലയിരുത്തേണ്ടതല്ലേ.

ധനശേഖരണമായിരുന്നു ഈ കൊലകളുടെ ലക്ഷ്യം. ഏത് മാര്‍ഗത്തിലൂടെയും പണം സമ്പാദിക്കാമെന്നു പഠിപ്പിച്ച കൊടുക്കുന്ന രീതിയിലേക്ക് ഇപ്പോള്‍ സി.പി. എം എത്തിയിട്ടുണ്ട്. സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയിരുന്ന പാര്‍ട്ടി ബി. ജെ.പി ചങ്ങാത്തം സ്വീകരിച്ചപ്പോള്‍ കോര്‍പറേറ്റുകളുടെ വിനീതദാസന്മാരായി മാറി. പട്ടിണി പാവങ്ങളുടെയും മര്‍ദ്ദിതരുടെയും പാര്‍ട്ടി, ഇന്നു സാധാരണക്കാരെ ദ്രോഹിക്കുന്ന കക്ഷിയായി മാറി. ജനങ്ങള്‍ക്കാവശ്യമില്ലാത്ത കെ റെയില്‍ പോലെയുള്ള പദ്ധതികള്‍ കൊണ്ടുവരാന്‍ എന്തൊരു ഉല്‍സാഹമാണ് പാര്‍ട്ടിക്ക്. കമ്മീഷന്‍ മുഖേന കോടികള്‍ അടിച്ചെടുക്കാമെന്ന മോഹം മാത്രമാണ് അതിനു പിന്നിലുള്ളത്. കേരളത്തില്‍ മാത്രമാണ് സി.പി. എമ്മിനു ഭരണമുള്ളത്. പക്ഷേ, പാര്‍ട്ടിയുടെ സ്വത്ത് ദേശീയ കക്ഷികളെ പോലും അമ്പരപ്പിക്കുന്നതാണ്. എങ്ങനെയാണിതുണ്ടായത്? നേതൃത്വം വഴിവിട്ട മാര്‍ഗത്തിലൂടെ സമ്പാദിക്കുമ്പോള്‍ അണികളും കാശുണ്ടാക്കാന്‍ അവിഹിതമാര്‍ഗം സ്വീകരിക്കുന്നുവെന്നാണ് നരബലി സംഭവത്തിലൂടെ മനസ്സിലാക്കേണ്ടത്. പ്രശ്‌നത്തെ രാഷ്ട്രീയമായി പരിശോധിക്കാന്‍ പോലും സി.പി. എം തയ്യാറായിട്ടില്ല. അതിന്റെ ഉത്തരവാദിത്തം മുഴുവനും മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനാണ് ഡി.വൈ.എഫ്.ഐ ശ്രമിക്കുന്നത്. ‘സാമൂഹിക വിദ്യാഭ്യാസത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍നിന്ന് വാര്‍ത്തകളില്‍മാത്രം കേട്ടുശീലിച്ച ഇത്തരം കൃത്യങ്ങള്‍ കേരളത്തിലെ മണ്ണില്‍ എങ്ങനെ നടന്നു എന്നത് സാംസ്‌കാരിക കേരളം ഗൗരവത്തിലെടുക്കേണ്ടതാണ്. കേരളത്തില്‍ വലതുപക്ഷവത്കരണത്തിനുവേണ്ടി നടത്തപ്പെടുന്ന ആശയപ്രചാരണമാണ് ഇത്തരം പിന്തിരിപ്പന്‍ ശക്തികള്‍ക്ക് വളമാകുന്നത്’. ഡി.വൈ.എഫ്.ഐയുടെ പ്രസ്താവന പോലും യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും ഓടിയൊളിക്കാന്‍ വേണ്ടിയുള്ളതാണ്. വലതുപക്ഷ ആശയ പ്രചാരണം മാത്രമാണോ ഇതിനു കാരണം? മനുഷ്യന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ഓടിയൊളിച്ച കമ്യൂണിസം ഇതിനു കാരണമല്ലെ. മനുഷ്യന്റെ പ്രശ്‌നങ്ങള്‍ വര്‍ഗസമരത്തില്‍ മാത്രം ഒതുക്കിയ കമ്യൂണിസ്റ്റുകള്‍ക്ക് മനുഷ്യന് നേര്‍വഴി കാണിച്ചുകൊടുത്ത മതം അന്ധവിശ്വാസമായിരുന്നു. ജനങ്ങളെ ചൂഷണംചെയ്യുന്ന മതപുരോഹിതന്മാരെയും ആള്‍ദൈവങ്ങളെയും മാത്രമാണ് മാര്‍ക്‌സിസം കണ്ടത്. എല്ലാവിധ ചൂഷണങ്ങളില്‍നിന്നും മനുഷ്യനെ മോചിപ്പിക്കുന്ന ഇസ്‌ലാം മതത്തെ മാര്‍ക്‌സ് കണ്ടതേയില്ല. മനുഷ്യന്റെ ആന്തരിക സംഘര്‍ഷങ്ങളാണ് സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കുള്ള പ്രധാന കാരണമെന്നു മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്. പക്ഷേ, കേരളത്തിലെ ഇടതുപക്ഷം അത് അംഗീകരിച്ചിട്ടില്ല. അവര്‍ എന്നും പ്രചരിപ്പിച്ചത് സാമ്രാജ്യത്വത്തിന്റെ കറുത്ത കൈകളാണ് ലോകത്തുള്ള മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ്.

ഒരു കാലത്ത് മതവിശ്വാസത്തെ എത്രമാത്രം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. ഹിന്ദു മത വിശ്വാസത്തെയും ഇസ്‌ലാം-ക്രൈസ്തവ വിശ്വാസത്തെയുമെല്ലാം അവര്‍ അന്ധവിശ്വാസമാക്കി. ‘ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു’ എന്ന സി. കേശവന്റെ വാക്യത്തെ ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ചത് കമ്യൂണിസ്റ്റുകളായിരുന്നു. കാലം കുറെ കഴിഞ്ഞപ്പോള്‍ വോട്ടു ലഭിക്കാന്‍ വേണ്ടി ‘അംഗങ്ങള്‍ക്ക് മതവിശ്വാസമാവാം’ എന്ന നിലയിലേക്ക് അവര്‍ നയം മാറ്റി. അപ്പോള്‍ അണികളില്‍ ഭൂരിഭാഗവും ചെന്നെത്തിയത് മതത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുസംഘങ്ങളിലും കൂടോത്ര സംഘങ്ങളിലും കപടഭക്തിപ്രസ്ഥാനങ്ങളിലുമൊക്കെയായിരുന്നു. പിന്നീട് ബലിയിടല്‍ കര്‍മം വരെ പാര്‍ട്ടി ആഭിമുഖ്യത്തില്‍ നടത്തുന്നതിന് കേരളം സാക്ഷ്യം വഹിച്ചു. ഒന്നാം പിണറായി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ വരെ ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനവും പൂജയും പുഷ്പാഞ്ജലിയും നടത്തി. എല്ലാ മുതലാളിത്ത വ്യവസ്ഥയും തകര്‍ത്ത് ഭൂമിയില്‍ സ്വര്‍ഗം പണിയാന്‍ വന്ന കമ്യൂണിസ്റ്റുകള്‍, മരണശേഷം പരലോകത്തുള്ള സ്വര്‍ഗത്തെകുറിച്ചു മതം പറഞ്ഞപ്പോള്‍ അതിനെ പരിഹസിച്ചു. യുക്തിവാദികള്‍ മുടന്തന്‍ വാദങ്ങളുമായിവന്നു. അവരുടെ ആശയ നിലപാടുകളെ എല്ലാ നിലയിലും മാര്‍ക്‌സിസ്റ്റുകള്‍ പിന്തുണച്ചു. അവസാനം കേരളത്തിലെ യുക്തിവാദികള്‍ സംഘ്പരിവാറിനു ആളെ കൂട്ടികൊടുക്കുന്നവരായി മാറിയിരിക്കുന്നു. കേരള യുക്തിവാദി നേതാവ് രവിചന്ദ്രനെ പോലെയുള്ളവര്‍ മുസ്‌ലിം വിരുദ്ധത പ്രസംഗിക്കുകയും അനുയായികളെ ആര്‍.എസ്.എസിലേക്ക് ആനയിക്കുന്നതും കാഴ്ചക്കാരനെ പോലെ നോക്കി നില്‍ക്കാന്‍ മാത്രമേ സി.പി.എമ്മിനു കഴിയുന്നുള്ളു. ഒപ്പം തങ്ങളുടെ പ്രവര്‍ത്തകര്‍ അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും മുഴുകുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാനും.

മാര്‍ക്‌സിസ്റ്റുകളും യുക്തിവാദികളും ഒരു സി.പി.എം കുടുംബം നരബലി പോലെയുള്ള ക്രൂരകൃത്യം ചെയ്തിട്ടും അതില്‍ നിരാശപ്പെടാതെ, ഇസ്‌ലാം മതത്തില്‍ നരഹത്യയുണ്ടെന്നും ബലിപെരുന്നാള്‍ അത്തരത്തിലുള്ള നരഹത്യയുടെ ഓര്‍മപെരുന്നാളാണെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം ജാള്യത മറച്ചുവെക്കാനുള്ള ശ്രമമാണിത്. അല്ലാഹുവിന്റെ കല്‍പനപ്രകാരം പ്രിയപ്പെട്ട മകനെ ബലി അര്‍പ്പിക്കാന്‍ ഇബ്രാഹിം നബി തയ്യാറായതിലൂടെ ദൈവത്തിന്റെ കല്‍പന അനുസരിക്കാന്‍ അത് എത്ര പ്രയാസമേറിയതാണെങ്കിലും ഒരു മടിയുമില്ലാത്ത ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ഉത്തമ മാതൃക കാണിച്ചു തരുകയായിരുന്നു അല്ലാഹു. ഇതൊരു പരീക്ഷണം മാത്രമായിരുന്നുവെന്നും മനുഷ്യനെ അറുക്കാനല്ല മറിച്ച് നിങ്ങളുടെ ത്യാഗസന്നദ്ധത പരീക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നുമാണ് അല്ലാഹു ഇബ്രാഹിം പ്രവാചകനോടു പറയുന്നത്. ഈ ചരിത്രം ഖുര്‍ആനിലും ബൈബിളിലുമെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. ഇതില്‍ എവിടെയാണ് നരബലിയെ പ്രോല്‍സാഹിപ്പിക്കുന്നത്?

കേരളത്തില്‍ മയക്കുമരുന്നുകള്‍ പോലെ അന്ധവിശ്വാസവും ലഹരിയായി പടര്‍ന്നുകഴിഞ്ഞിട്ടുണ്ട്. മനുഷ്യത്വഹീനവും മാനവിക സംസ്‌കാരത്തിനു നിരക്കാത്തതുമായ ദുരാചാരങ്ങള്‍ കര്‍ശനമായി തടയുന്നതിനു നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നുവരുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അന്ധവിശ്വാസം എന്താണെന്നു വ്യക്തമായി നിര്‍വചിക്കണം. നിരീശ്വരവാദികള്‍ക്ക് ദൈവവിശ്വാസവും മതവിശ്വാസികള്‍ക്ക് പ്രകൃതി വാദികളുടെവാദവും അന്ധവിശ്വാസമാണ്. അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും നിരോധിക്കണമെന്നാവശ്യപ്പെട്ടു 2019 നവംബര്‍ 15 നു പി.ടി തോമസ് സ്വകാര്യ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ഈ ബില്‍ സര്‍ക്കാര്‍ ഔദ്യോഗിക ബില്ലായി പരിഗണിക്കുന്നത് ആലോചിക്കണമെന്ന് അന്നത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സര്‍ക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വകാര്യ ബില്ലായതിനാല്‍ പരിഗണിക്കേണ്ടതില്ലെന്നാണ് അന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്. പിന്നീട് ഇതിനുള്ള നിയമനിര്‍മാണത്തിന് കരടുബില്‍ തയ്യാറാക്കാന്‍ ജസ്റ്റിസ് കെ.ടി തോമസ് ചെയര്‍മാനായ നിയമ പരിഷ്‌കരണ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. 2021 ഒക്ടോബറില്‍ കമ്മീഷന്‍ കരട്ബില്‍ സര്‍ക്കാരിനു സമര്‍പ്പിച്ചുവെങ്കിലും ഇതുവരെ സര്‍ക്കാര്‍ അത് നിയമമാക്കിയിട്ടില്ല.

അന്ധവിശ്വാസങ്ങളും അനാചാരവും പ്രചരിപ്പിക്കുകയും കൈകാര്യംചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ഉറപ്പാക്കുന്നതാണ് കരട് നിയമം. മന്ത്രവാദം, കൂടോത്രം, നഗ്‌നരാക്കി നടത്തിക്കല്‍, പ്രേതബാധ ഒഴിപ്പിക്കല്‍, നിധി തേടിയുള്ള ഉപദ്രവം തുടങ്ങിയവ നിയമമനുസരിച്ചു ശിക്ഷാര്‍ഹമാണ്. മന്ത്രവാദത്തിന്റെ പേരില്‍ ലൈംഗികമായി പീഢിപ്പിക്കലും കടുത്ത കുറ്റമാണ്. നിയമവും നിയമപാലകരും മാത്രം വിചാരിച്ചാല്‍ തീരാവുന്ന സാമൂഹിക പ്രശ്‌നമല്ല അന്ധവിശ്വാസങ്ങളുടെ പേരിലുള്ള ചെയ്തികള്‍. ഇതിന്റെ ദോഷവശങ്ങളെ പറ്റി ശക്തമായ ബോധവത്കരണമാണ് ആവശ്യം.

 

Article

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാറിന്റെ നിഴല്‍ യുദ്ധം

EDITORIAL

Published

on

സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്നു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്‍ വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്‍കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.

പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്‍ തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.

Continue Reading

Article

ഭീകരവാദത്തിന് മാപ്പില്ല

EDITORIAL

Published

on

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും രാജ്യത്തെ ഒന്നടങ്കം കനത്ത ദുഖത്തിലേക്ക് തള്ളിവിടുന്നതുമാണ്. ഒരു ഇടവേളക്കുശേഷം ഭൂമിയിലെ സ്വര്‍ഗത്തില്‍ അശാന്തിയും അക്രമവും വിതക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കുകയെന്നതാണ് നമ്മുടെ മുമ്പിലുള്ള അടിയന്തിര നടപടി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കു മെതിരായ നീക്കത്തെ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന സന്ദേശം ഭീകരര്‍ക്ക് എത്രയും പെട്ടെന്ന് കൈമാറിയേ മതിയാകൂ.

27 പേര്‍ കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് രാത്രി വൈകി പുറത്തുവന്നിരിക്കുന്നത്. ട്രക്കിങ് മേഖലയിലേക്കു പോയ രാജസ്ഥാനില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരിക്കേറ്റത്. ജമ്മുകശ്മീരില്‍ 2019 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. റിസോര്‍ട്ട് പട്ടണമെന്ന് അറിയപ്പെടുന്ന പഹല്‍ഗാമില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ അകലെയുള്ള ബൈസാരനിലാണ് ആക്രണമുണ്ടായത്. ഇടതൂര്‍ന്ന പൈന്‍ വനങ്ങളാലും പര്‍വതങ്ങളാലും ചുറ്റപ്പെട്ട വിശാലമായ ഒരു പുല്‍മേടാണീ പ്രദേശം.

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമാണിവിടം. മിനി സിറ്റ്‌സര്‍ലാന്റ് എന്നറിയപ്പെടുന്ന ഈ പുല്‍മേട്ടിലേക്ക് കടന്നുവന്ന ആയുധ ധാരികളായ ഭീകരര്‍ ഭക്ഷണശാലക്ക് ചുറ്റും കൂടിനിന്ന വരും കുതിരസവാരി നടത്തിക്കൊണ്ടിരുന്നവരുമായ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇത്വയ്ബയുടെ നിഴല്‍ സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് പ്രദേശത്ത് വീണ്ടും തലപൊക്കുന്ന ഭീകരത പ്രവര്‍ത്തനങ്ങളിലേക്കുള്ള സൂചനയാണ്. സഊദി സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര മന്ത്രി അമിത്ഷാ സംഭവ സ്ഥലത്ത് കുതിച്ചെത്തുകയും സുരക്ഷാ ഏജന്‍സികളുടെ അടിയന്തിര യോഗം ചേരുകയും ചെയ്തിരിക്കുകയാണ്.

ആക്രമികളെ വെറുതെ വിടുകയില്ലെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുകള്‍ ഇരുവരും നല്‍കുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങളില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവരുടെയും ദൃക്സാക്ഷികളുടെയും വാക്കുകള്‍
സംഭവത്തിനുപിന്നിലെ ക്രൂരത അക്കമിട്ടു നിരത്തുന്നുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള മഞ്ജുനാഥ് കൊല്ലപ്പെടുന്നത് ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍ വെച്ചാണ്. ‘എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ എന്നെയും കൊല്ലൂ’ എന്ന് പറഞ്ഞ് ആ സ്ത്രീ അലമുറയിടുമ്പോള്‍ നിന്നെ കൊല്ലില്ല, നീ മോദിയോട് ചെന്നു പറയൂ എന്നായിരുന്നുവത്രെ ഭീകരരുടെ പ്രതികരണം. കളിചിരികള്‍ക്കിടയിലുണ്ടായ അപ്രതീക്ഷിതവും നടുക്കുന്നതുമായ സംഭവ വികാസങ്ങള്‍ പലരും ഒരു ദുസ്വപ്‌നം പോലെയാണ് അനുഭവിച്ചത്.

നിരവധി പേര്‍ പ്രദേശത്ത് ഒരു വിവരവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സൈനികരെയും തദ്ദേശികളെയുമായിരുന്നു കശ്മീരില്‍ ഭീകരവാദികള്‍ ലക്ഷ്യം വെച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് വിനോദ സഞ്ചാരികളിലേക്കും എത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും ഗൗരവതരം. പ്രദേശത്തിന്റെ ഭരണപരമായ അസ്ഥിരതയെ ലക്ഷ്യംവെച്ചായിരുന്നു മുന്‍കാലങ്ങളിലെ നീക്കങ്ങളെങ്കില്‍ സാമ്പത്തികമുള്‍പ്പെടെയുള്ള കൂടുതല്‍ മേഖലകളിലേക്ക് ഇത് വ്യാപിച്ചിരിക്കുന്നു എന്നതാണ് ഇന്നലത്തെ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത്. 2019നു ശേഷമുണ്ടായ ഇടവേള ഭീകരരുടെ പിന്‍വാങ്ങലോ, നിര്‍മാര്‍ജ്ജനമോ ആയിരുന്നില്ല, പുതിയ തലങ്ങളിലേക്കുള്ള വ്യാപനത്തിന്റെ ഭാഗംകൂടിയായിരുന്നു എന്നുകൂടി ഈ സംഭവം സൂചന നല്‍കുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലുള്ള രാജ്യത്തിന്റെ ആശങ്കയും ഇവിടെ ശരിവെക്കപ്പെടുകയാണ്. 370-ാം വകുപ്പിന്റെ നിര്‍മാര്‍ജ്ജനം സംസ്ഥാനത്ത് ആക്രമണങ്ങള്‍ക്ക് തടയിട്ടു വെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം ശരിയല്ലെന്നുള്ളതിനു കൂടി ഈ സംഭവം അടിവരയിടുന്നുണ്ട്. പ്രദേശത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള സംസ്ഥാനത്തുതന്നെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പോലും മുന്നറിയിപ്പുകളും അഭ്യര്‍ത്ഥനകളും മറി കടന്നുകൊണ്ടായിരുന്നു മോദി സര്‍ക്കാറിന്റെ പ്രസ്തുത വിഷയത്തിലുള്ള നീക്കം.

ശാശ്വത സമാധാനത്തിനു പകരം അവസാനിക്കാത്ത അക്രമങ്ങള്‍ക്കായിരിക്കും ഈ നീക്കം വഴിമരുന്നിടുകയെന്നായിരുന്നു അവരുടെ നിരീക്ഷണങ്ങള്‍. 2019 ലെ പുല്‍വാമ ആക്രമണത്തിന്‍ന്റെയും 2016 ലെ ഉറിഭീകാരാക്രമണത്തിന്റെയുമെല്ലാം നടുക്കുന്ന ഓര്‍മകളെ തൊട്ടുണര്‍ത്തി മറ്റൊരു ഭീകരാക്രമണത്തിന് കശ്മീര്‍ വേദിയാകുമ്പോള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ സ്ഥാനമില്ലെന്ന് ബോധ്യപ്പെടുത്തുന്ന ശക്തമായ നടപടികള്‍ ഭരണകൂടത്തിന്റ ഭാഗത്തു നിന്നുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Continue Reading

Article

അറുതിവേണം ഈ അഴിഞ്ഞാട്ടത്തിന്

EDITORIAL

Published

on

അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കൊലപാതകങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 – 17 വര്‍ഷങ്ങളില്‍ 305 കൊലപാതകങ്ങളായിരുന്നു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷമായപ്പോഴേക്കും അത് 350 ല്‍ എത്തിയിരിക്കുകയാണ്. ലഹരിയും അക്രമവാസനകള്‍ പ്രോത്സാഹിപ്പിക്കുന്ന സിനിമകളുമാണ് കൊലപാതകങ്ങളുടെ പെരുംവര്‍ധനവിന് ഇടയാക്കിയിരിക്കുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ സിനിമയും ലഹരിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ തുറന്നുകാണിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവവികാസങ്ങള്‍. നടന്‍ ഷൈന്‍ടോം ചാക്കോ ലഹരിക്കേ സില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സിനിമാ മേഖലയില്‍ അരങ്ങുവാണുകൊണ്ടിരിക്കുന്ന ലഹരിയുടെ മായാലോകത്തിലോക്കുള്ള വിരല്‍ചൂണ്ടലായി അത് മാറിയിരിക്കുകയാണ്. സമൂഹത്തെ, പ്രത്യേകിച്ച് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ആഴത്തില്‍ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ക ലാരൂപമാണ് സിനിമ.

സിനിമാ താരങ്ങള്‍ക്കു സമൂഹത്തിലുള്ള അംഗീകാരവും ആരാധനയും ഈ യാഥാര്‍ത്ഥ്യത്തിനുള്ള തെളിവാണ്. സമീപകാലത്തുണ്ടായ ദൗര്‍ഭാഗ്യകരമായ പല സംഭവങ്ങള്‍ക്കും പിന്നില്‍ സിനിമ പ്രസരിപ്പിക്കുന്ന സന്ദേശങ്ങള്‍ വഹിക്കുന്ന പങ്ക് ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്, കഥയേക്കാള്‍ വലിയ സ്വാധീനശക്തിയായ കഥാപാത്രങ്ങളില്‍ നിന്നും ഇത്തരം തിക്താനുഭവങ്ങള്‍ പുറത്തുവരുന്നത്.

സംസ്ഥാനത്ത് ലഹരി വ്യാപകമായിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ സങ്കേതങ്ങളിലൊന്നായി സിനിമാ മേഖല മാറിക്കഴിഞ്ഞിട്ടുണ്ട്. ലോകത്ത് ലഭ്യമാവുന്ന എല്ലാത്തരം ലഹരികളും ഏറിയും കുറഞ്ഞും മലയാള സിനിമ മേഖലയിലും ലഭിക്കുമെന്നത് ഇന്ന് പരസ്യമായ രഹസ്യമാണ്. മദ്യത്തിന്റെയും കഞ്ചാവിന്റെയുമെല്ലാം ഉപയോഗം സര്‍വസാധാരണമായിരുന്ന ഷൂട്ടിങ് സെറ്റുകളില്‍ രാസല ഹരിയുടെ കടന്നുവരവോടെ കാര്യങ്ങള്‍ അപ്പാടെ മാറിമറിഞ്ഞതായാണ് പുതിയ വെളിപ്പെടുത്തലുകള്‍.

ആരൊക്കെ എന്തോക്കെ ലഹരികള്‍ ഉപയോഗിക്കുന്നുവെന്നത് എല്ലാവര്‍ക്കും പരസ്പരം അറിയാവുന്ന സ്ഥിതി വിശേഷം വരെ നിലനില്‍ക്കുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ വ്യ ത്യാസമില്ലാതെ ലഹരിയുടെ ഉപയോഗവും വിപണനവുമെല്ലാം തകൃതിയായി നടക്കുമ്പോള്‍ അതിനെ നിര്‍ലജ്ജം ന്യായീകരിക്കാനും ആളുകളുണ്ടെന്നത് ഏറെ ഗൗരവതര വും, ലഹരി ഈ മേഖലയിലുണ്ടാക്കിയിരിക്കുന്ന സ്വാധീ നത്തിന്റെ തെളിവുമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ പിന്നെ ഈ വ്യവസായത്തില്‍ തന്നെ ഇടമില്ല എന്നതാണ് അവസ്ഥ. അവസരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയും ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കുന്നതിനുവേണ്ടിയും എല്ലാ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടിവരുന്ന സ്ഥിതിയാണ് പല നടീനടന്‍മാര്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈ ദുഷ്പ്രവണതക്കെതിരെ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തവരുടെ അനുഭവങ്ങള്‍ ഇരകളാക്കപ്പെട്ടവരെ നിശബ്ദരും നിഷ്‌ക്രിയരുമാക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഷൈന്‍ ടോം ചാക്കോക്കെതിരായ ആരോപണത്തില്‍പോലും ഈ പിന്‍വലിയല്‍ പ്രകടമാണ്. അതുപോലെ ഇത്തരം കൃത്യങ്ങള്‍ക്കെതിരെ ന്യായീകരണവുമായെത്തുന്നവരുടെയും ലക്ഷ്യം അവസരവും അം ഗീകാരവും തന്നെയാണ്.

ലഹരിയുടെ ഉപയോഗം ഷൂട്ടിങ്ങ് സെറ്റുകളില്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നതായുള്ള പരാതികള്‍ വര്‍ഷങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും പ്രസ്താവനകളും പ്രഖ്യാപനങ്ങളുമല്ലാതെ ഈ പ്രവണതക്കെതിരെ ഒരുനടപടിയു മുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഷൂട്ടിങ് സെറ്റുകളില്‍ ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിക്കുകയും അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയതിരുന്നു.

സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ നിയമിക്കുന്നതിനെയും സംഘടന അംഗീകരിച്ചിരുന്നു. സെറ്റുകളിലെ ലഹരിയുടെ വ്യാപനത്തിനെതിരെ തങ്ങള്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു അനുകൂല സമീപനവും ഉണ്ടാവുന്നില്ലെന്നാണ് ഇവരുടെ പരാതി.

സിനിമാ രംഗത്തുമാത്രമല്ല, കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ തന്നെ വലിയകോളിളക്കങ്ങള്‍ സൃഷ്ടിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലും സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വന്‍പരാമര്‍ശങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പോലും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആലില അനങ്ങിയില്ലെന്നുള്ളതാണ് പിന്നീടുണ്ടായ യാഥാര്‍ത്ഥ്യം. സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന മേഖലയെന്ന നിലയില്‍ സിനിമയും സിനിമാ മേഖലയും ശുദ്ധീകരിക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

എന്നാല്‍ ലഹരിയുടെ വ്യാപനത്തിന് എല്ലാം അനുകൂല സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന ഒരുഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. പുതിയ സാഹചര്യങ്ങള്‍ വിഷയത്തിന്റെ രൗദ്രത വരച്ചുകാണിക്കുമ്പോള്‍ ഇനിയെങ്കിലും ഇടപെടാന്‍ ഭരണകൂടത്തിന് കഴിയേണ്ടതുണ്ട്.

Continue Reading

Trending