Connect with us

Football

സൂപ്പര്‍ താരം അനസ് എടത്തൊടിക ഗോകുലത്തില്‍

2021-22ല്‍ ഐ.എസ്.എല്‍ ക്ലബായ ജംഷഡ്പൂര്‍ എഫ്‌സിക്ക് വേണ്ടിയാണ് സൂപ്പര്‍ താരം അനസ് ഒടുവില്‍ കളിച്ചത്

Published

on

ഏറെ നാളുകള്‍ക്ക് ശേഷം ബൂട്ടുകെട്ടാന്‍ ഒരുങ്ങി മലയാളി ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക. ഐ ലീഗ് മുന്‍ ചാമ്പ്യന്മാരായ ഗോകുലം കേരളയിലൂടെയാണ് അനസിന്റെ തിരിച്ചുവരവ്. 2021-22ല്‍ ഐ.എസ്.എല്‍ ക്ലബായ ജംഷഡ്പൂര്‍ എഫ്‌സിക്ക് വേണ്ടിയാണ് സൂപ്പര്‍ താരം അനസ് ഒടുവില്‍ കളിച്ചത്. എന്നാല്‍ 4 മത്സരങ്ങളില്‍ നിന്നായി 33 മിനിറ്റ് മാത്രമാണ് താരം കളത്തിലിറങ്ങിയത്. 2019ല്‍ ഇന്ത്യന്‍ ടീമില്‍ നിന്നും കൊണ്ടോട്ടി താരം വിരമിച്ചിരുന്നു.

കാണാന്‍ കൊതിച്ച തിരിച്ചുവരവെന്നാണ് ഗോകുലം എഫ്‌സി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. 2021-22ല്‍ ഐഎസ്എല്ലില്‍ കളിക്കുന്നതിനിടെ പരിക്കിന്റെ പിടിയിലായ അനസ് കളത്തില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഈ സമയത്ത് കേരളാ പൊലീസില്‍ ജോലിക്ക് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ജോലി വാഗ്ദാനം ചെയ്തുള്ള ഉദ്യോഗസ്ഥ വഞ്ചനയെന്ന് താരം ആരോപിച്ചിരുന്നു.

അനസിന്റെ സാന്നിധ്യം ക്ലബിന് മുതല്‍കൂട്ടാകുമെന്ന് അധികൃതര്‍ പ്രതികരിച്ചു. ഇന്ത്യന്‍ ഫുട്‌ബോളില്‍ അനസിന്റെ അനുഭവ സമ്പത്ത് ഏറെ വലുതാണ്. ഗോകുലം കേരളയിലെ പ്രതിരോധ ലൈനിലെ അനസിന്റെ സാന്നിധ്യം എതിരാളികള്‍ക്ക് ഭീഷണിയാകുമെന്നും ക്ലബ് അധികൃതര്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

വീണ്ടും വില്ലനായി പരിക്ക്; നെയ്മര്‍ ബ്രസീല്‍ ടീമില്‍ നിന്ന് പുറത്ത്, പകരം എന്‍ഡ്രിക്ക്‌

പേശി പരിക്കിനെ തുടര്‍ന്ന് താരത്തെ കൊളംബിയക്കും അര്‍ജന്റീനക്കുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ നിന്ന് ഒഴിവാക്കി.

Published

on

ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ബ്രസീല്‍ ദേശീയ ടീം ജഴ്‌സിയില്‍ കളിക്കാമെന്ന സൂപ്പര്‍താരം നെയ്മറിന്റെ മോഹങ്ങള്‍ക്ക് വന്‍തിരിച്ചടി. പേശി പരിക്കിനെ തുടര്‍ന്ന് താരത്തെ കൊളംബിയക്കും അര്‍ജന്റീനക്കുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ നിന്ന് ഒഴിവാക്കി.

കരിയറിലുടനീളം താരത്തെ പരിക്ക് വിടാതെ പിന്തുടരുകയാണ്. 2023 ഒക്ടോബറില്‍ ഉറുഗ്വായിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റതോടെയാണ് താരം ടീമിന് പുറത്തായത്. കഴിഞ്ഞ ദിവസം പരിശീലകന്‍ ഡൊറിവാള്‍ ജൂനിയര്‍ പ്രഖ്യാപിച്ച 23 അംഗ ടീമില്‍ നെയ്മറും ഇടംപിടിച്ചിരുന്നു. മാര്‍ച്ച് 21ന് ബ്രസീലിയയില്‍ കൊളംബിയയെ നേരിടുന്ന ബ്രസീല്‍, 25ന് ബ്യൂണസ് ഐറിസില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയുമായി ഏറ്റുമുട്ടും.

‘തിരിച്ചുവരവിന്റെ പടിവാതില്‍ക്കലായിരുന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍ ലോകത്തിന്റെ പ്രിയപ്പട്ടെ ടീമിന്റെ ജഴ്‌സി ധരിക്കാന്‍ ഇനിയും കാത്തിരിക്കണം. ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു, തിരിച്ചുവരാനുള്ള എന്റെ ആഗ്രഹത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം, പക്ഷേ, നിലവില്‍ റിസ്‌കും എടുക്കേണ്ടെന്നും പരിക്ക് പൂര്‍ണമായും ഭേദപ്പെട്ടശേഷം മതിയെന്ന് തീരുമാനിക്കുകയുമായിരുന്നു’ നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജനുവരിയില്‍ തന്റെ ബാല്യകാല ക്ലബായ സാന്റോസില്‍ നെയ്മര്‍ തിരിച്ചെത്തിയെങ്കിലും പരിക്ക് വീണ്ടും വില്ലനായി. മാര്‍ച്ച് രണ്ടിനാണ് അവസാനമായി നെയ്മര്‍ സാന്റോസിനായി കളിച്ചത്.

ഫ്രഞ്ച് ക്ലബ് പി.എസ്.ജിയില്‍നിന്ന് സഊദിയിലെ അല്‍ഹിലാല്‍ ക്ലബിലെത്തിയെങ്കിലും പരിക്കുകാരണം വെറും ഏഴ് മത്സരങ്ങള്‍ മാത്രമാണ് അവിടെ കളിക്കാനായത്. പരസ്പര സമ്മതത്തോടെ കരാര്‍ അവസാനിപ്പിച്ചാണ് സാന്റോസിലേക്ക് നെയ്മര്‍ തിരിച്ചുപോയത്. നെയ്മര്‍ പരിക്കേറ്റ് പുറത്തുപോയതിനുശേഷം ദേശീയ ടീമിന്റെ പ്രകടനം ശരാശരിക്കും താഴെയാണ്.

സൂപ്പര്‍താരത്തിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. താരത്തിന്റെ അഭാവത്തില്‍ റയല്‍ മഡ്രിഡിന്റെ കൗമാരതാരം എന്‍ഡ്രിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഗോള്‍ കീപ്പര്‍ എഡേഴ്‌സണ് പകരം ലിയോണിന്റെ ലൂക്കാസ് പെറിയെയും ഡിഫന്‍ഡര്‍ ഡാനിലോക്കു പകരം ഫ്‌ലെമിംഗോയുടെ അലക്‌സ് സാന്‍ഡ്രോയും ടീമിലെത്തി.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തപ്പിത്തടയുകയാണ് ടീം. നിലവില്‍ 12 മത്സരങ്ങളില്‍നിന്ന് 18 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്. ആദ്യ ആറു സ്ഥാനക്കാരാണ് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുന്നത്.

Continue Reading

Football

യൂറോപ്പ ലീഗ്‌: ബ്രൂണോയുടെ ഹാട്രിക്ക് മികവില്‍ മാഞ്ചസ്റ്ററിന് വിജയം

വിജയത്തോടെ യുനൈറ്റഡ് ക്വാര്‍ട്ടറിലേക്ക് മുന്നേറി.

Published

on

യൂറോപ്പ ലീഗില്‍ റയല്‍ സോസിഡാഡിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഹാട്രിക് ഗോളുകളുടെ മികവില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് യുനൈറ്റഡിന്റെ വിജയം. ഇതോടെ ഇരുപാദങ്ങളിലുമായി സ്‌കോര്‍ 5-2 ആയി. വിജയത്തോടെ യുനൈറ്റഡ് ക്വാര്‍ട്ടറിലേക്ക് മുന്നേറി.

മത്സരത്തില്‍ മൈക്കല്‍ ഒയര്‍ബസല്‍ നേടിയ പെനല്‍റ്റി ഗോളിലൂടെ സോസിഡാഡാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ 16ാം മിനുറ്റിലും 50ാം മിനുറ്റിലും ലഭിച്ച പെനല്‍റ്റികള്‍ ഗോളാക്കി മാറ്റി ബ്രൂണോ ഫെര്‍ണാണ്ടസ് യുനൈറ്റഡിനെ മുന്നിലെത്തിച്ചു. 63ാം മിനുറ്റില്‍ ജോണ്‍ ആരംബുരു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയ സോസിഡാഡിന് മത്സത്തിലേക്ക് തിരിച്ചുവരാനായില്ല. 87ാം മിനുറ്റില്‍ ബ്രൂണോ ഹാട്രിക് പൂര്‍ത്തിയാക്കിയപ്പോള്‍ ഇഞ്ച്വറി ടൈമില്‍ ഡിയഗോ ഡാലോ ഗോള്‍പട്ടിക നിറച്ചു.

മത്സരത്തിലുലടനീളം യുനൈറ്റഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബ്രൂണോ ഫെര്‍ണാണ്ടസ്, ഡോര്‍ഗു, സിര്‍ക്‌സീ, കസെമിറോ എന്നിവരെല്ലാം നിറഞ്ഞുകളിച്ചു.

Continue Reading

Football

തലയുയര്‍ത്തി മടക്കം; അവസാന ഹോം മത്സരത്തില്‍ മുംബൈയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ്

മത്സരത്തിന്റെ 52ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് കേരളത്തിനായി ഗോള്‍ നേടിയത്.

Published

on

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിത ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 52ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് കേരളത്തിനായി ഗോള്‍ നേടിയത്.

ഈ സീസണിലെ കേരളത്തിന്റെ അവസാന ഹോം ഗ്രൗണ്ട് മത്സരം കൂടിയായിരുന്നു കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സുള്ളത്.

അവസാന മിനിറ്റുകളിലെ മുംബൈ ആക്രമണങ്ങളെ പ്രതിരോധിച്ചാണ് സീസണിലെ അവസാന ഹോം മത്സരം ജയിച്ച് കൊച്ചിയില്‍നിന്ന് ബ്ലാസ്റ്റേഴ്‌സ് തലയുയര്‍ത്തി മടങ്ങുന്നത്.

ആദ്യ പകുതിയില്‍ ആവേശമുയര്‍ത്തുന്ന പ്രകടനങ്ങളൊന്നും ഇരുടീമുകളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. ഇടവേളക്കു ശേഷമാണ് കളിയുടെ ഗതി മാറിയത്.

മാര്‍ച്ച് ഒന്നിന് കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഐഎസ്എല്ലില്‍ കേരളം പ്ലേ ഓഫ് കാണാതെ പുറത്തു പോകുന്ന നിലയുണ്ടായിരുന്നു. ജംഷഡ്പൂരുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് കേരളത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചത്. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേഓഫ് കളിച്ച ബ്ലാസ്റ്റേഴ്സിന് ഇത്തവണ ആദ്യ ആറില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടില്ല. അവസാന അഞ്ച് മത്സരങ്ങളില്‍ രണ്ട് മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാന്‍ സാധിച്ചത്.

നിലവിലെ ഷീല്‍ഡ് ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയോട് സീസണിലെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ബ്ലാസ്റ്റേഴ്സിന്. മാര്‍ച്ച് 12ന് ഹൈദാരാബാദ് എഫ്സിക്കെതിരെ ഒരു എവേ മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇനി അവശേഷിക്കുന്നത്.

 

 

Continue Reading

Trending