Video Stories
കനല്‍പഥങ്ങളില്‍ പ്രത്യാശകള്‍

ലുഖ്മാന്‍ മമ്പാട്
ജാര്‍ഖണ്ഡില്‍ നിന്ന് ഈയടുത്ത് കേട്ട രണ്ട് വര്‍ത്തമാനങ്ങളും രാജ്യത്തിന്റെ ഹൃദയത്തെ മുറിപ്പെടുത്തുന്നതായിരുന്നു. ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് അലീമുദ്ദിന്‍ അന്‍സാരിയെന്ന 55-കാരനെ തല്ലിക്കൊന്നവര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയതാണ് ഒന്ന്. ഭൂരിപക്ഷ മനുഷ്യരുടെ ആയിരത്താണ്ടായുള്ള ഭക്ഷണമായ ബീഫ് നിരോധിക്കുന്നതിലെ യുക്തിയില്‍ സംശയം പ്രകടിപ്പിച്ച വിശ്വോത്തര ആര്യസമാജ പണ്ഡിതന്‍ സ്വാമി അഗ്‌നിവേശ് എന്ന 73-കാരനെ പട്ടാപകല്‍ നടുറോഡില്‍ സംഘ്പരിവാര്‍ ചവിട്ടിവീഴ്ത്തിയതാണ് മറ്റൊന്ന്. ഹൃദയഭേദകമായ ഇരു സംഭവങ്ങള്‍ക്കും മധ്യേ ജാര്‍ഖണ്ഡിലെ സന്ദര്‍ശനശേഷം പാണക്കാട്ട് മടങ്ങിയെത്തിയതാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വിഭജനകാരണക്കാരെന്ന കുത്തുവാക്കു മുതല്‍ ദേശക്കൂറില്ലാത്തവരെന്ന കത്തിവാക്കുവരെ എഴുപതാണ്ടിലേറെ വളര്‍ന്ന് മെലിഞ്ഞ അപകര്‍ഷതയുടെ ആള്‍രൂപങ്ങളെ മഴ നനഞ്ഞ വിത്തുപോലെ മന്ദസ്മിതത്താല്‍ തൊട്ടുണര്‍ത്തിയപ്പോള്‍, കല്‍ക്കരിപ്പാടങ്ങളുടെ നെരിപ്പോടില്‍ പ്രത്യാശയുടെ ഹര്‍ഷാരവം മുഴങ്ങി. അസഹിഷ്ണുത വിതച്ച് രാഷ്ട്രീയ ലാഭം കൊയ്യപ്പെടുന്ന ഹിംസാത്മകതയുടെ ആധിപൂണ്ട ദേശങ്ങളുടെയും കിനാവുകള്‍ കരിഞ്ഞുണങ്ങിയ ജീവിതങ്ങളുടെയും വര്‍ത്തമാനം പറഞ്ഞു തുടങ്ങുമ്പോള്‍ പുറത്ത് ഇടമുറിയാതെ പെരുമഴ. വേഴാമ്പലിനെ പോലെ ഒരു മഴമേഘക്കീറിനായി കേഴുന്ന ജനപഥം മുന്‍പില്‍ തെളിയുന്നു; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉത്തരേന്ത്യന്‍ പര്യടന അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
സിസായ്‌യിലെ പാഠം
ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് ഗുംലയിലെത്താന്‍ നൂറ് കിലോമീറ്ററോളം നാഷണല്‍ ഹൈവേയിലൂടെ സഞ്ചരിക്കണം. ചത്തീസ്ഗഡുമായി അടുത്ത് നില്‍ക്കുന്ന അവിടം മാവോയിസ്റ്റ് ഭീഷണി മേഖലയായതിനാല്‍ അകമ്പടിക്ക് പൊലീസിന് പുറമെ തണ്ടര്‍ബോള്‍ട്ടുമുണ്ട്. വെള്ളിയാഴ്ച ളുഹര്‍ ബാങ്കുയരുമ്പോള്‍ സിസായ്‌യിലെ പള്ളിക്ക് മുന്‍പിലിറങ്ങി. മൂന്നു നിലകളുള്ള വിശാലമായ പള്ളിയില്‍ ആയിരങ്ങള്‍ക്കൊപ്പം ജുമുഅ കഴിഞ്ഞിറങ്ങുമ്പോള്‍ ആരോ പറഞ്ഞു കേരളത്തില്‍ നിന്നുള്ള സയ്യിദുമാര്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിംലീഗ് നേതാക്കളാണവര്‍. ചുണ്ടുകളില്‍ നിന്ന് ചുണ്ടുകളിലേക്കും കാതുകളിലേക്കും ഒഴുകിയ സന്ദേശം നിമിഷനേരം കൊണ്ട് ചുറ്റും ജനസഞ്ചയമായി. രണ്ടു കിലോമീറ്ററിലേറെ ദൂരം ട്രാഫിക് ബ്ലോക്ക്. നാട്ടു മുഖ്യനും പള്ളി ഖത്തീബും ഓടിയെത്തി. അവരുടെ സല്‍ക്കാരം സ്വീകരിക്കണമെന്നും പ്രാര്‍ത്ഥന നിര്‍വ്വഹിക്കണമെന്നും വലിയ നിര്‍ബന്ധം. ഗുംലയില്‍ ‘ഭക്ഷണമൊക്കെയൊരുക്കി കാത്തിരിക്കുകയാണെന്നു പറഞ്ഞപ്പോള്‍, മടങ്ങുമ്പോള്‍ വരണമെന്നായി. ഗുംല ഹുസൈന്‍ നഗറില്‍ മസ്ജിദുല്‍ ഹുദക്കു ശിലാസ്ഥാപനം നിര്‍വ്വഹിച്ച് ജാമിഅ ഇസ്‌ലാമിയ മദീനത്തുല്‍ ഉലൂം മദ്രസ്സ പുനരുദ്ധാരണം ഉദ്ഘാടനം ചെയ്ത് തിരിക്കുമ്പോള്‍ വൈകുന്നേരമായി. പക്ഷേ, സിസായ്‌യിലെത്തിയപ്പോള്‍ ഗ്രാമമുഖ്യനും ഖത്തീബും പണ്ഡിതരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ കാത്തിരിക്കുന്നു.
ചായസല്‍ക്കാരവും പ്രാര്‍ത്ഥനയും കഴിഞ്ഞ് മടങ്ങുമ്പോള്‍ മനസ്സ് വല്ലാതെ വിങ്ങിപ്പൊട്ടി. വലിയ കിനാവുകളൊന്നുമില്ലാത്ത ചരിത്രത്തിന്റെ ഏതോ ദശാസന്ധിയില്‍ പിന്നാക്കത്തിന്റെ വറച്ചട്ടിയിലേക്ക് എടുത്തെറിയപ്പെട്ടവര്‍. വല്ലാത്ത കടപ്പാടും അത്ഭുതവുമാണ് ഞങ്ങളില്‍ നിറച്ചത്. ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത അവര്‍ കേരളത്തിലെ മുസ്‌ലിം നേതാക്കളെ എത്രമേല്‍ കൊതിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുവെന്ന് ഓര്‍ത്ത് രോമാഞ്ചമുണ്ടായി. മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി ജാര്‍ഖണ്ഡിലും ബീഹാറിലും ബംഗാളിലും യു.പിയിലുമെല്ലാം നടത്തുന്ന നവജാഗരണ പരിപാടികള്‍ കൂടുതല്‍ ശാസ്ത്രീയവും വ്യാപകവുമാക്കേണ്ടതിന്റെ ആവശ്യകതയാണ് മനസ്സില്‍ മിന്നിമറഞ്ഞത്. മുസ്‌ലിംലീഗ് പദ്ധതി ഗ്രാമങ്ങളിലെത്തി മേല്‍നോട്ടം വഹിക്കുന്ന ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിന്റെ മുഖത്തേക്ക് നോക്കി. ആരോരുമില്ലാത്തവരുടെ അത്താണിയാവാന്‍ പ്രതിദിനം ഇരുനൂറും മുന്നൂറും കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന അദ്ദേഹം പിന്നെ എങ്ങനെ തളരാന്‍.
അലീമുദ്ദീന്റെ വിധവ
രാംഗഡില്‍ മസ്ജിദുല്‍ അയിശ ഉദ്ഘാടന ചടങ്ങില്‍ ഒരു നാട് ഒന്നാകെ ആഘോഷത്തോടെയാണ് പങ്കെടുത്തത്. കൂട്ടത്തില്‍ ഒരു സ്ത്രീയെ സംഘാടകര്‍ കൊണ്ടുവന്നു. ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് കൊന്നുതള്ളിയ അലീമുദ്ദീന്‍ അന്‍സാരിയുടെ വിധവയാണവര്‍. കുടുംബ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ഒരു പാവം. മുസ്‌ലിംലീഗിന്റെ കാരുണ്യസ്പര്‍ശത്തെ കുറിച്ച് അവര്‍ നന്ദിയോടെ സ്മരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പാണ് അലീമുദ്ദീന്റെ ഘാതകരായ സംഘ്പരിവാറുകാര്‍ക്ക് കോടതി ജാമ്യം നല്‍കിയത്. കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ മാലയിട്ട് സ്വീകരിച്ച വാര്‍ത്തയൊക്കെ വായിച്ചിരുന്നതിനാല്‍ പള്ളി ഉദ്ഘാടന ആഘോഷ ചടങ്ങിലും ഹൃദയത്തില്‍ സങ്കടം നിറഞ്ഞു. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയല്ലാതെ എന്തുചെയ്യാനാവും നമുക്ക്. പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായ കുഴല്‍കിണര്‍ ഉദ്ഘാടനശേഷം മുസ്‌ലിംലീഗ് സമ്മേളനം. സാമാന്യം നല്ല പങ്കാളിത്തത്തിന് പുറമെ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, കേരള സംസ്ഥാന ഭാരവാഹികളായ എം.സി. മായിന്‍ഹാജി, സി.പി. ബാവഹാജി തുടങ്ങി നേതാക്കളുടെ ഒരു നിരതന്നെയായപ്പോള്‍ മലപ്പുറത്തെ ഒരു ഗ്രാമത്തിലെ സമ്മേളനം എന്നാണ് തോന്നിയത്.
മകാന്‍ മരാമത്ത് യോജന
മഹേഷ് മുണ്ടയിലെ കോളനി
പള്ളിയും മദ്രസ്സയും കുഴല്‍കിണറും ഒരു ഗ്രാമത്തിന്റെ നവോത്ഥാനമാകുന്നത് കാണാന്‍ ജാര്‍ഖണ്ഡിലെയോ ബീഹാറിലെയോ ബംഗാളിലെയോ ഗ്രാമങ്ങളിലെത്തിയാല്‍ മതി. പള്ളിയും പള്ളിക്കൂടവും ആത്മദാഹം തീര്‍ക്കുന്നതും കുടിവെള്ളം നല്‍കി ദാഹം ശമിപ്പിക്കുന്നതും ഒരുപോലെ പ്രധാനമാണ്. അവിടെയും പ്രദേശത്ത് എത്തിപ്പെടാവുന്ന ദൂരത്ത് പള്ളിക്കൂടങ്ങളൊക്കെയുണ്ട്. സര്‍ക്കാര്‍ മേഖലയിലേത് നിലവാരം കുറവാണെന്നാണ് പറയുന്നത്. സ്വകാര്യ മേഖലയില്‍ പ്രതിമാസം ഇരുനൂറോ മുന്നൂറോ രൂപ കൊടുത്താല്‍ നല്ല സ്‌കൂളിലയച്ച് പഠിപ്പിക്കാം. പക്ഷേ, മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷവും മദ്രസ്സകളില്‍ മാത്രമെ വിടൂ. മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തെ കുറിച്ചാണ് ഏറെയും പ്രസംഗിച്ചത്. മാറ്റമുണ്ടാകാന്‍ എത്ര കാലമെടുക്കുമോ ആവോ. മദ്രസ്സക്ക് അപ്പുറം വിദ്യയുണ്ടെന്ന് ചിന്തിക്കാത്ത സമുദായത്തെ മെച്ചപ്പെടുത്താന്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടായിരുന്നു.
മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി ശിഹാബ് തങ്ങളുടെ പേരില്‍ നടത്തുന്ന സ്‌റ്റെപ്പ് പദ്ധതിയുടെ പ്രാധാന്യം കേരളത്തില്‍ ഇരുന്ന് ചിന്തിച്ചാല്‍ മനസ്സിലായിക്കൊള്ളണമെന്നില്ല. മദ്രസ്സകളില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ ഭൗതിക വിദ്യാഭ്യാസം നല്‍കുന്ന സ്‌റ്റെപ്പ് പദ്ധതി ഡല്‍ഹിയില്‍ മുസ്‌ലിംലീഗ് നടത്തുന്നുണ്ട്. ഡല്‍ഹിയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും വാഫികളെയും മറ്റുമാണ് മുസ്‌ലിംലീഗ് ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തുന്നത്. മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കി പത്താംതരം ഉറപ്പാക്കുന്ന ഇതിന്റെ ഭാഗമായുള്ള പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം 16 പേരാണ് വിജയിച്ചത്. പൊതുവെ വിദ്യാഭ്യാസമില്ലാത്ത രക്ഷിതാക്കളുടെ മക്കള്‍ക്ക് കടുകട്ടിയുള്ള സിലബസൊക്കെ മറികടന്ന് മുന്നേറുന്നത് ശ്രമകരമാണ്. മുസ്‌ലിം ദളിത് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പ്രൈമറി സ്‌കൂളില്‍ പഠനം നിര്‍ത്താന്‍ പട്ടിണിയോടൊപ്പം ഇതുമൊരു കാരണമാണ്. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച മിടുക്കരെ കണ്ടെത്തി തിരിച്ചുകൊണ്ടുവരുന്ന പദ്ധതി മുസ്‌ലിംലീഗ് ബംഗാളിലാണ് ആദ്യം തുടങ്ങിയത്. എം.എസ്.എഫ്. ദേശീയ കമ്മിറ്റിയുടെ നയി ദിശ നയാ രാസ്താ വൈജ്ഞാനിക വിപ്ലവത്തിനാണ് തിരികൊളുത്തുക.
ഗുംലയില്‍ ആ മേഖലയുടെ ഒരേയൊരു വിജ്ഞാന പ്രസരണ കേന്ദ്രമായ അന്‍പതോളം കുട്ടികള്‍ പഠിക്കുന്ന മദ്രസ്സയുടെ തൊഴുത്തിന് സമാനമായ കെട്ടിടം കണ്ടപ്പോള്‍ വേദനതോന്നി. അതു നവീകരിക്കാന്‍ അപ്പോള്‍ തന്നെ തീരുമാനിച്ചു. കേരളത്തില്‍ മുവായിരത്തോളം ബൈത്തുറഹ്്മ നിര്‍മ്മിച്ച് കൈമാറിയ നമ്മുടെ ഭവനപദ്ധതികള്‍ ഉത്തരേന്ത്യയിലും എത്രയോ ഉണ്ട്. കൂടാതെ കുടിവെള്ള പദ്ധതികളും. ആര്യസമാജം നേതാവ് സ്വാമി അഗ്‌നിവേശിനെ സംഘ്പരിവാര്‍ ആക്രമിച്ച പാക്കൂറിലും മഹേഷ്മുണ്ട ആദിവാസി കോളനിയില്‍ മുസ്‌ലിംലീഗിന്റെ കുടിവെള്ള പൈപ്പുകളാണ് ജീവജലം എത്തിക്കുന്നത്. ശുദ്ധജലം പോലും അന്യംനില്‍ക്കുന്ന പാവങ്ങളെ കുറിച്ച് പറയുകയല്ല, പ്രവര്‍ത്തിക്കുകയാണ് നമ്മള്‍. ആയിരം കുഴല്‍കിണറുകള്‍ നിര്‍മ്മിച്ച് കൈമാറുകയെന്നാല്‍ ആയിരം ഗ്രാമങ്ങളില്‍ കുടിവെള്ളമെത്തിക്കുക എന്നതാണ്. ഉത്തരേന്ത്യയില്‍ നടപ്പാക്കുന്ന ശിഹാബ് തങ്ങള്‍ മകാന്‍ മരാമത്ത് യോജനയില്‍ തകര്‍ന്ന് തുടങ്ങിയ വീടുകള്‍ താമസയോഗ്യമാക്കുന്ന പദ്ധതിയും എടുത്തുപറയേണ്ടതാണ്.
അച്ഛാദിന്‍ ഒരു ട്രോള്‍
ഉത്തരേന്ത്യയിലെ പൊതുവെയുള്ള അവസ്ഥ നാഷണല്‍ ഹൈവേകളും നഗരങ്ങളും വിട്ടാല്‍ വികസനം തൊട്ടുതീണ്ടിയിട്ടില്ലെന്നതാണ്. പളപളപ്പുള്ള സുന്ദമായ നാഷണല്‍ ഹൈവേയില്‍ നിന്ന് ഏതെങ്കിലും പോക്കറ്റ് റോഡിലൂടെ രണ്ടോ മൂന്നൂ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അച്ഛാദിന്‍ വെറുമൊരു ട്രോളാണെന്ന് ആര്‍ക്കും ബോധ്യപ്പെടും. ഭക്ഷണവും വെള്ളവും വസ്ത്രവും പാര്‍പ്പിടവും വിദ്യാഭ്യാസവും ഗതാഗതവും എല്ലാം ദയനീയം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അന്‍പത് കൊല്ലം മുന്‍പത്തെ കേരളം. പക്ഷേ, അന്‍പത് കൊല്ലം മുന്‍പ് പട്ടിണിയും പരിവട്ടവുമുണ്ടായിരുന്നെങ്കിലും മനുഷ്യന്‍ പരസ്പരം സ്‌നേഹിച്ചിരുന്നു. ജാര്‍ഖണ്ഡ് ഉള്‍പ്പെടെ സംഘ്പരിവാര്‍ ഭരണമേഖലയില്‍ ഭൗതിക സ്ഥിതി ദയനീയമായപ്പോള്‍ അതു മറച്ചുപിടിക്കാന്‍ വിദ്വേഷവും വെറുപ്പുമാണ് ആയുധം. അരപട്ടിണിക്കാരനെ മുഴുപട്ടിണിക്കാരനാക്കിയ ഭരണകൂടം അപരന്‍ ബീഫ് കഴിക്കുന്നുണ്ടോയെന്ന് നോക്കി വയറ്റില്‍ കഠാര കയറ്റാന്‍ പ്രേരിപ്പിക്കുന്നത് കൗതുകകരമാണ്. ജനത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്നവരാണ് വര്‍ഗീയത ഒരു ഉപകരണമാക്കി ലക്ഷ്യം കാണുന്നത്.
ജാര്‍ഖണ്ഡില്‍ അന്‍പത് ലക്ഷത്തോളം മുസ്‌ലിംകളുണ്ട്. ജനസംഖ്യയുടെ 15 ശതമാനം വരും ഇത്. ഭൂരിപക്ഷ ഹിന്ദു സമൂഹത്തില്‍ ശരിക്കു പറഞ്ഞാല്‍ ആദിവാസി വിഭാഗങ്ങളാണ് കൂടുതല്‍. പക്ഷേ, അവരെ തെറ്റിദ്ധരിപ്പിച്ച് വൈകാരികത സൃഷ്ടിച്ച് ദുരുപയോഗപ്പെടുത്തിയാണ് ബി.ജെ.പി. ജാര്‍ഖണ്ഡിലെ ഭരണം പിടിച്ചത്. ചരിത്രവും സ്വത്വവും പരിശോധിച്ചാല്‍ മുസ്‌ലിംകളാണ് ദളിത്ആദിവാസി സമൂഹത്തിന്റെ സഹോദരന്മാരെന്നത് ബോധ്യപ്പെടും. സമീപകാലത്ത് ഗുജറാത്തില്‍ ഉള്‍പ്പെടെ ആ തിരിച്ചറിവ് പ്രകടമാണ്. ജാര്‍ഖണ്ഡിലും സ്ഥിതി മറിച്ചല്ല. സാഹിബ് ഗഞ്ചില്‍ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ ദളിതന്‍ കൃഷ്ണ സിംഗാണ് മുസ്‌ലിംലീഗിന്റെ സമുന്നത നേതാവ്. ദളിത് മുസ്‌ലിം ആദിവാസി സമൂഹങ്ങള്‍ ഒന്നിച്ചു നില്‍ക്കുകയെന്നതാണ് എല്ലാവരുടെയും നിലനില്‍പ്പ് സാധ്യമാക്കാന്‍ കരണീയം. രാജ്യം കൊതിക്കുന്നതും അതാണ്.
ചൈനയില്‍ പോയെങ്കിലും വിദ്യ അഭ്യസിക്കുക; നിങ്ങള്‍ ഭിന്നിക്കരുത് എന്ന പ്രവാചകന്‍ മുഹമ്മദ് നബിയുടെയും ആധുനിക വിദ്യാഭ്യാസവും ആധുനിക രാഷ്ട്രീയവുമാണ് മോചനമാര്‍ഗമെന്ന സര്‍ സയ്യിദ് അഹമ്മദ്ഖാന്റെയും വിദ്യകൊണ്ട് പ്രബുദ്ധരാവുക; സംഘടനകൊണ്ട് ശക്തരാകുക എന്ന ശ്രീനാരായണ ഗുരുവിന്റെയും വാക്കുകള്‍ ഒരേ കാര്യമാണ് ബോധ്യപ്പെടുത്തുന്നത്. ജനാധിപത്യ ഇന്ത്യയില്‍ എല്ലാം രാഷ്ട്രീയത്താല്‍ ചുറ്റപ്പെട്ടതാണെന്നും സ്വത്വബോധത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ ശാക്തീകരണവും വൈജ്ഞാനിക മുന്നേറ്റവുമാണ് അനിവാര്യമെന്നും കേരളം റോള്‍മോഡലായി മുന്‍പിലുണ്ട്. ഹരിത രാഷ്ട്രീയത്തിന്റെ തണലും തണുപ്പും കൊതിക്കുന്ന ജനകോടികളേ നിങ്ങളുടെതാണ് പ്രഭാതം…
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
News3 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി