ഷാര്‍ജ: മരുഭൂമിയില്‍ നെല്ല് കൊയ്തും മെതിച്ചും ഉരലില്‍ കുത്തിയും കുത്തരി പായസം വെച്ചും കൊയ്ത്തുത്സവത്തില്‍ പുതുമ സൃഷ്ടിക്കുകയാണ് സുധീഷ് ഗുരുവായൂര്‍. കൂടാതെ നാടന്‍പാട്ടും കൊയ്ത്തുപാട്ടും പാടി ഷാര്‍ജയിലെ കൊയ്ത്തുത്സവം കുട്ടികളടക്കമുള്ളവര്‍ക്ക് പുതിയ അനുഭവമായി. പ്രവാസനാട്ടിലെ യുവകര്‍ഷകന്‍ സുധീഷ് ഗുരുവായൂര്‍ ഒരുക്കിയ കൊയ്ത്തുത്സവത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. അമ്പതോളം കുട്ടികള്‍ പങ്കെടുത്ത കൊയ്ത്തുത്സവം അല്‍ നബൂദ മാനേജ്‌മെന്റ് മേധാവിയും ഷാര്‍ജ കണ്‍സള്‍ട്ടന്‍സി കോണ്‍സലുമായ അലി മുഹമ്മദ് ഉദ്ഘാടനംചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി. ജോണ്‍സണ്‍, ഷാര്‍ജ ടീം ഇന്ത്യ ഭാരവാഹികള്‍ എന്നിവരും പങ്കെടുത്തു.
കൊയ്ത്തും മെതിയും കാണാന്‍ ഒട്ടേറെയാളുകളാണ് സുധീഷിന്റെ വില്ലയിലെത്തിയത്. അഞ്ചുമാസം മുമ്പ് ഭിന്നശേഷി കുട്ടികളാണ് ‘ഉമ’ എന്ന നാടന്‍വിത്ത് സുധീഷിന്റെ വീടിനോട് ചേര്‍ന്ന ഒഴിഞ്ഞസ്ഥലത്ത് വിതച്ചത്. അവയാണ് വെള്ളിയാഴ്ച കുട്ടികള്‍ കൊയ്തും മെതിച്ചും ഉരലിലിട്ട് കുത്തിയും അരിയാക്കി പായസംവെച്ചത്.
ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ സുധീഷ് കൃഷിയോടുള്ള താത്പര്യത്തില്‍ ജോലി മതിയാക്കി മുഴുവന്‍സമയ കൃഷിയിലേക്ക് തിരിയുകയായിരുന്നു. കുടുംബത്തിന്റെ പിന്തുണയോടെയാണ് കാര്‍ഷിക സ്വപ്നം പൂവണിയുന്നതെന്ന് സുധീഷ് പറഞ്ഞു. നാലായിരത്തിലധികം കറിവേപ്പില തൈകള്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണംചെയ്തുകൊണ്ട് ഗിന്നസ് ബുക്കില്‍ അടുത്തിടെ സുധീഷ് ഇടംപിടിച്ചിരുന്നു. അഞ്ചുതവണ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ് നേടിയിട്ടുണ്ട്.