Connect with us

News

സുഗന്ധഗിരി മരംമുറിക്കേസ്‌: ഡി.എഫ്.ഒയുടെ സസ്പെൻഷൻ മരവിപ്പിച്ച് മന്ത്രി

വനംവകുപ്പ് എടുത്ത കേസിൽ നിലവിൽ 9 പ്രതികളാണ് ഉള്ളത്.

Published

on

സുഗന്ധഗിരി ആദിവാസി പുനരധിവാസ മേഖലയിലെ മരംമുറിക്കേസിൽ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ എ.സജ്നയുടെ സസ്പെൻഷൻ മരവിപ്പിക്കാൻ വനംമന്ത്രി നിർദേശം നൽകി. വിശദീകരണം തേടിയിട്ട് മതി തുടർ നടപടിയെന്നാണ് മന്ത്രി എ.കെ.ശശീന്ദ്രന്റെ നിർദേശം.

സംഭവത്തിൽ ഡി.എഫ്.ഒക്ക് ജാഗ്രത കുറവുണ്ടായെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. അതിനെ തുടർന്നായിരുന്നു നടപടി. ഫ്ലൈയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബീരാൻകുട്ടി, റേഞ്ച് ഓഫീസർ കെ നീതു എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.

വനംവകുപ്പ് എടുത്ത കേസിൽ നിലവിൽ 9 പ്രതികളാണ് ഉള്ളത്. ഈ പ്രതിപ്പട്ടികയിലേക്ക് വനംവാച്ചർ ജോൺസണെ കൂടി ചേർക്കാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. അനധികൃതമായി മരംമുറിക്കാൻ ജോൺസന്റെ ഒത്താശയുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് ശുപാർശ.

സംഭവത്തിൽ സസ്പെൻഷനിലായ കൽപ്പറ്റ ഫോറസ്റ്റ് സെഷൻ ഓഫീസർ ചന്ദ്രനെ പ്രതിചേർക്കുന്നത് പരിശോധിക്കണമെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കൽപ്പറ്റ റേഞ്ചിലെ ആറ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരേയും അഞ്ച് വനംവാച്ചർമാരേയും വൈകാതെ സ്ഥലം മാറ്റിയേക്കും.

വീടിന് ഭീഷണിയായ 20 മരം മുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ 102 മരങ്ങൾ ആകെ മുറിച്ചെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മരങ്ങൾ മുറിച്ച് കടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

india

യു.പിയിലെ തീപിടിത്തത്തില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവം; യോഗി സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഉണ്ടായതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Published

on

ഉത്തര്‍പ്രദേശില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഉണ്ടായതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തത്തില്‍ പത്ത് നവജാത ശിശുക്കളാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ യോഗി സര്‍ക്കാരിന് കത്തയക്കുകയായിരുന്നു.

അപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാരും ആരോഗ്യ വകുപ്പും എന്ത് നടപടി സ്വീകരിച്ചുവെന്നാണ് കമ്മീഷന്‍ ചോദിച്ചത്. പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം അടക്കമുള്ള വിഷയങ്ങളില്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരും സംസ്ഥാന പൊലീസും വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് കമ്മീഷന്‍ അറിയിച്ചത്. വെള്ളിയാഴ്ച (15/11/24) രാത്രി 10.35 ഓടെ നടന്ന തീപിടിത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ മരിക്കുകയും 17 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

തീപിടുത്തം ഉണ്ടായ സമയത്ത് 47 കുട്ടികളെ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ കുട്ടികളില്‍ 10 കുട്ടികള്‍ മരിക്കുകയും 37 കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നെന്നും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അലോക് സിങ് പറഞ്ഞിരുന്നു.

തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഝാന്‍സി ഡിവിഷണല്‍ കമ്മീഷണര്‍ക്കും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസിനും നിര്‍ദേശം നല്‍കിയിരുന്നു.

12 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു യോഗിയുടെ ഉത്തരവ്. കൂടാതെ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അപകടത്തിന് പിന്നാലെ മെഡിക്കല്‍ കോളേജിലെ രോഗികളെ ഒഴിപ്പിക്കുന്നതിന്റെയും ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് ജനലുകള്‍ തകര്‍ത്ത് രോഗികളെ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അപകടവിവരം പുറത്തറിഞ്ഞത്.

Continue Reading

kerala

‘സീ പ്ലെയിൻ പദ്ധതി താത്കാലികമായി നിർത്തിവയ്ക്കണം’; മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി

പദ്ധതി കായലിലേക്ക് കൊണ്ടുവരുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെടുമെന്നാണ് തൊഴിലാളി സംഘടനകൾ ആശങ്കയായി മുന്നോട്ടുവെക്കുന്നത്.

Published

on

സീ പ്ലെയിൻ പദ്ധതി താൽകാലികമായി നിർത്തിവെക്കണമെന്ന് മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി. സീ പ്ലെയിൻ വിഷയം മത്സ്യ തൊഴിലാളി സംഘടനകളുമായി സർക്കാർ ചർച്ച ചെയുന്നത് വരെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

മത്സ്യ തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പദ്ധതി കായലിലേക്ക് കൊണ്ടുവരുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെടുമെന്നാണ് തൊഴിലാളി സംഘടനകൾ ആശങ്കയായി മുന്നോട്ടുവെക്കുന്നത്.

സീപ്ലെയിൻ മത്സ്യമേഖലയെ ബാധിച്ചാൽ എതിർക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ, പി.പി ചിത്തരഞ്ജൻ എംഎൽഎ അടക്കമുള്ള നേതാക്കൾ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു.

ഇടുക്കിയിൽ സീ പ്ലെയിൻ പദ്ധതിക്കെതിരെ വനം വകുപ്പും രംഗത്തുവന്നിട്ടുണ്ട്. മനുഷ്യ വന്യജീവി സംഘർഷങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കലക്ടർക്ക് വനം വകുപ്പ് റിപ്പോർട്ട് നൽകി. മാട്ടുപ്പെട്ടി അതീവ പരിസ്ഥിതിലോല മേഖലയാണ്. വിമാനത്തിന്റെ ലാൻഡിങ് സോൺ ആനത്താരയാണെന്നും ദേശീയോദ്യാനങ്ങൾക്ക് സമീപത്താണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയോടെ മറ്റു മാർഗങ്ങൾ തേടണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. മൂന്നാർ ഡിഎഫ്ഒയാണ് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്.

സീ പ്ലെയിനിന്റെ പരീക്ഷണപ്പറക്കലിന് മുന്നോടിയായി ചേർന്ന യോഗത്തിലും വനംവകുപ്പ് തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചിരുന്നു. പാമ്പാടുംചോല, ആനമുടിച്ചോല, കുറിഞ്ഞിമല സങ്കേതം തുടങ്ങിയ നിരവധി ഉദ്യാനങ്ങളുള്ള പ്രദേശമാണിത്. പരിസ്ഥിതിലോല മേഖലയിൽ പദ്ധതി കൊണ്ടുവരുന്നതിനെതിരെ പരിസ്ഥിതി സംഘടനകൾ പ്രതിഷേധിക്കുമെന്നും നിഗമനമുണ്ട്

.ദിവസങ്ങൾക്ക് മുമ്പാണ് സീപ്ലെയിന്റെ പരീക്ഷണപ്പറക്കൽ നടന്നത്. കൊച്ചി ബോൾഗാട്ടിയിൽനിന്ന് പുറപ്പെട്ട വിമാനം മാട്ടുപ്പെട്ടി അണക്കെട്ടിൽ പറന്നിറങ്ങുകയായിരുന്നു. കേരളത്തിലെ നാല് വിമാനത്താവളങ്ങളെയും വിവിധ ജലാശയങ്ങളെയും ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

Continue Reading

kerala

മുഖ്യമന്ത്രിക്ക് ചെയ്യാന്‍ കഴിയാത്തത് സാദിഖലി തങ്ങള്‍ ചെയ്യുന്നു അതിലുള്ള അസൂയ ആണ് മുഖ്യമന്ത്രിക്ക്: പി.കെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങൾ ഉൾക്കൊള്ളില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദൗർഭാഗ്യകരമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങന്മാർക്ക് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങൾ ഉൾക്കൊള്ളില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സിപിഎം തറപറ്റാൻ പോകുന്നത് കൊണ്ടാണ് പാണക്കാട് തങ്ങൾക്കെതിരെ പോലും വിമർശനം ഉന്നയിക്കുന്നത്. ഗതികേടിന്റെ അറ്റമാണിത്.

മുനമ്പം വിഷയത്തിലടക്കം അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിക്കും സിപിഎമ്മിനും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് സാദിഖലി തങ്ങൾ ചെയ്യുന്നത്. കേരളം മണിപ്പൂരാകാൻ അനുവദിക്കാത്തത് തങ്ങളാണ്. ഇത് മുഖ്യമന്ത്രിയിൽ അങ്കലാപ്പുണ്ടാക്കുന്നു.

സന്ദീപ് വാര്യർ പാണക്കാട് വന്നതിൽ ഇത്ര വലിയ കൂട്ടക്കരച്ചിലിന്റെ ആവശ്യമില്ല. സന്ദീപ് വാര്യർ പാണക്കാട് വന്നുപോയാൽ അത് വലിയ സംഭവം തന്നെയാണ്. വളരെ നല്ല സന്ദേശമാണ് നൽകുന്നത്. അതിന് സൗഹൃദത്തിൻ്റെ ഇംപാക്ട് ഉണ്ടാക്കാൻ കഴിയുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭൂരിപക്ഷ വോട്ട് ലഭിക്കുന്നതിന് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയെയാണ് ഉപയോഗിക്കുന്നത്. സിപിഎമ്മുമായി സഹകരിക്കുമ്പോൾ അവർ ക്രിസ്റ്റൽ ക്ലിയറായിരുന്നു. ഇപ്പോൾ മാറ്റിപ്പറയുകയാണ്. ഓരോ തെരഞ്ഞെടുപ്പിലും വോട്ട് ലഭിക്കാൻ ഓരോന്നു പറയുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നേരത്തേയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

Continue Reading

Trending